കാതൽക്കനം കൂടിയ തേക്കുകളുടെ നാടാണു നിലമ്പൂ ർ. വേരോട്ടം തുടങ്ങിയാൽ പിടിവിടാതെ മുറുകെ പിടിച്ചു നിർത്തുന്ന മണ്ണുള്ള നാട്. ആ മണ്ണു പോലെയാണ് അവിടത്തെ ജനങ്ങളുടെ മനസ്സും. മനസ്സിലൊന്നു വേരോടാൻ അവസരം കിട്ടിയാൽ മതി. പിന്നെ, കലർപ്പില്ലാത്ത സ്നേഹവും വിശ്വാസവും ആവോളം നുകർന്നു വളർന്നു പന്തലിച്ച് ആകാശത്തോളം ഉയരാം.

ഈ രാഷ്ട്രീയ രഹസ്യം ആര്യാടൻ ഷൗക്കത്തിന്റെ മനസ്സിലുണ്ട്. ആരും പറഞ്ഞു കൊടുത്തതല്ല, കുട്ടിക്കാലം മുതൽക്കേ കണ്ടു വളർന്നതു ജനങ്ങൾക്കിടയിൽ നിൽക്കുന്ന ഉപ്പ ആര്യാടൻ മുഹമ്മദിനെയാണ്. 34 വർഷമാണു തുടർച്ചയായി അദ്ദേഹം ജനപ്രതിനിധിയായത്. ഉപ്പയാണ് ഷൗക്കത്തിന്റെ രാഷ്ട്രീയ പാഠശാല. അവിടെ നിന്നാണു കുട്ടിക്കാലം മുതൽക്കേ ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നും എങ്ങനെ നയിക്കാമെന്നും കണ്ടു പഠിച്ചത്.

ADVERTISEMENT

രാവിലെ ഏഴു മണി. ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിലേക്ക് എ ത്തിയപ്പോൾ തന്നെ ചെറിയൊരു ആൾക്കൂട്ടമുണ്ട്. അപകടത്തിൽ കാലിനു പരുക്കേറ്റു ജോലിക്കു പോകാനാവാതെ സഹായം തേടി വന്ന പാണ്ടിക്കാട് സ്വദേശി, ഡയാലിസിസിന് പണമില്ലാതെ ചികിത്സ മുടങ്ങുമോ എന്ന ആധിയിലിരിക്കുന്ന ആയിഷാ ബീവി.

അങ്ങനെയങ്ങനെ ഒാരോരുത്തരും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടവും മനസ്സിൽ കൊളുത്തിയാണ് ഇരിക്കുന്നത്.

ADVERTISEMENT

ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അലകൾ അടങ്ങിയിട്ടില്ല. പാർട്ടി പ്രവർത്തകരുടെ ആവേശവും ആകാശം മുട്ടി നിൽക്കുന്നു. അവരിലൊരാൾ സിനിമയിലേതു പോലെ ഒരു ഡയലോഗ് പറഞ്ഞു, ‘‘ഒരു മഴയത്തു മുളയ്ക്കുന്ന തകരകളുണ്ടാകാം. അടുത്ത മഴയിൽ അതു പൊയ്ക്കോളും. പക്ഷേ, ജനങ്ങളുടെ വിശ്വാസത്തിന്റെ കാതൽക്കനത്തിന് അത്രവേഗം ചിതലരിക്കില്ല.’’ അതിനൊരു കയ്യടി കൊടുത്തപ്പോഴേക്കും ആര്യാടൻ ഷൗക്കത്ത് എത്തി. ഒപ്പം ഭാര്യ മുംതാസ് ബീഗവും. വീടിന്റെ വരാന്തയിലും ഹാളിലും ഡൈനിങ് ഹാളിലുമൊക്കെ നിൽക്കുന്ന ജനങ്ങളെ കണ്ടപ്പോൾ മുംതാസിനോടാണ് ആദ്യം ചോദിച്ചത്.


വിവാഹം കഴിഞ്ഞു വന്ന സമയത്ത് ഈ തിരക്കും ആൾക്കൂട്ടവുമൊക്കെയായി എങ്ങനെ പൊരുത്തപ്പെട്ടു?


മുംതാസ് ബീഗം: വല്ലപ്പോഴും മാത്രം വിരുന്നുകാർ എത്തുന്ന വീട്ടിൽ നിന്നാണു ഞാൻ വരുന്നത്. ഇവിടെ വന്നപ്പോൾ എല്ലാ ദിവസവും ജനത്തിരക്ക്. സങ്കടങ്ങളും പരാതികളും പറയാനെത്തുന്നവരാണ് അധികവും. അതൊക്കെ കേൾക്കുമ്പോൾ നമുക്കു തന്നെ സങ്കടമാകും. ഈ വീട്ടിലെത്തുന്ന എല്ലാവരും അതിഥികൾ തന്നെയാണെന്ന് ഉമ്മ പറഞ്ഞു തന്നു. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് ഉമ്മയാണു പഠിപ്പിച്ചു തന്നത്. ഇപ്പോൾ ജനത്തിരക്കു ശീലമായി.

ADVERTISEMENT

ആര്യാടൻ ഷൗക്കത്ത്: മുംതാസ് അവളുടെ ഉപ്പയുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിട്ടാണു വളർന്നത്. വിവാഹം കഴിയുമ്പോൾ ഞാൻ പറഞ്ഞു, നമ്മൾ സാധാരണ വീട്ടിലേക്കല്ല വരുന്നത്. ഇത് മറ്റൊരു ലോകമാണ്.

ജനങ്ങളുടെ ആവേശം കുറഞ്ഞിട്ടില്ലല്ലോ?

ആര്യാടൻ ഷൗക്കത്ത് : നിലമ്പൂരിലെ ജനങ്ങൾക്കു ഞാൻ പുറമേ നിന്നു വന്ന ആളല്ല. അവരുടെ വീട്ടിലെ ഒരംഗം ത ന്നെയാണ്. ഇലക്ഷൻ സമയത്തു വീടുകളിൽ ചെന്നപ്പോ ൾ അതു വോട്ടു ചോദിക്കാൻ മാത്രം എത്തിയതാണെന്ന് അവർക്കു തോന്നിയില്ല.

അതിനു കാരണമുണ്ട്. ഏതു പാതിരായ്ക്കും ആർക്കും പരാതി പറയാനുള്ള സ്ഥലമാണു ഞങ്ങളുെട വീട്. ഈ വീട്ടിലേക്ക് എപ്പോൾ വേണമെങ്കിലും കയറിവരാനുള്ള സ്വാതന്ത്യ്രം നിലമ്പൂരുകാർക്കുണ്ട്. പണിതു കഴിഞ്ഞു വീടിന്റെ ഗെയ്റ്റ് ഇതുവരെ അടച്ചിട്ടില്ല. ആളുകളൊക്കെ ഇറങ്ങി പാതിരാ കഴിയുമ്പോഴാണ് ഉമ്മറവാതിൽ അടയ്ക്കാറുള്ളത്. ഇവിടെ വരുന്ന നൂറു കണക്കിനാളുകൾക്ക് ഉമ്മ ഭക്ഷണമുണ്ടാക്കുന്നതു കണ്ടാണു ഞാൻ വളർന്നത്.

മൂന്നു പതിറ്റാണ്ടാണ് ഉപ്പ ജനപ്രതിനിധിയായിരുന്നത്. നിലമ്പൂരിലെ ജനങ്ങളിൽ നല്ലൊരു ശതമാനവും ഉപ്പയെ കാണാൻ വീട്ടിൽ വന്നിട്ടുണ്ട്. എന്റെ കുട്ടിക്കാലവും കൗമാരവും ഒക്കെ കണ്ടവരാണ് ഇവർ. പിന്നീടു ഞാൻ പഞ്ചായത്തു പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമൊക്കെയായപ്പോൾ ഒരുപാടു പദ്ധതികൾക്കു രൂപം നൽകി. അതിൽ ഏ തിന്റെയെങ്കിലും ഗുണഭോക്താക്കളായിരുന്നു എല്ലാവരും.

2016 നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ നിലമ്പൂരിൽ ഒരു പരീക്ഷണം നടന്നു. ആ ഒൻപതു വർഷം പരാജയമാണെന്ന് എല്ലാവർക്കും മനസ്സിലായി. ജനങ്ങൾക്ക് അവരുടെ പരാതി പറയാനായി രാപകലില്ലാതെ കയറി വരാനുള്ള ഇടമായിരുന്നു ഇത്. എന്നാൽ, പരീക്ഷണത്തെ തുടർന്നു മറ്റൊരാൾ ജനപ്രതിനിധിയായപ്പോൾ അവരുടെ പരാതി പറയാൻ ചെല്ലാൻ പോലും ഒരിടമില്ലാതായെന്നു തിരിച്ചറിഞ്ഞു. മാറ്റം വരണം എന്നവർ ആഗ്രഹിച്ചു.

ഉപ്പയുടെ രാഷ്ട്രീയം കണ്ടു വളർന്ന ആൾ. കുട്ടിക്കാലത്തെ ഒ രോർമ പറയാമോ?

കുഞ്ഞാലി വധക്കേസ് ആരോപണവുമായി ബന്ധപ്പെട്ട് ഉപ്പ ജയിലിൽ ആയ സമയം. അദ്ദേഹത്തിനെതിരെ തീക്ഷ്ണമായ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നതു കേട്ടിട്ടുണ്ട്. നാലു വയസ്സുള്ളപ്പോൾ അതിന്റെ അർഥം മനസിലാകാത്തതുകൊണ്ടു ഭയം തോന്നിയില്ല. ഉപ്പയെ കോഴിക്കോട് ജയിലിൽ പോയി കണ്ടത് ഒാർമയുണ്ട്. അന്നൊരു അംബാ സഡർ കാറാണ് ഉള്ളത്. കുറേ ദൂരം ഒാടിക്കഴിഞ്ഞാൽ നിർത്തണം. എന്നിട്ട് റേഡിയേറ്ററിൽ വെള്ളം ഒഴിക്കണം. അങ്ങനെ ഇടയ്ക്കിടെ നിർത്തി കോഴിക്കോടെത്തി. മുൻമേയർ എം. കമലം ഉൾപ്പെടെയുള്ളവർ ഞങ്ങളെ ജയിലിലേക്കു കൊണ്ടു പോയി.

ഉപ്പ ഇറങ്ങി വന്നു. എനിക്കും ഉമ്മയ്ക്കും സങ്കടം സഹിക്കാനായില്ല. ഞങ്ങൾ കരയാൻ തുടങ്ങി. പക്ഷേ, ഉപ്പ എ ന്നെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു. ജീവിതത്തിലെ ഏ തു പ്രതിസന്ധിയിലും ഉറച്ചു നിൽക്കുന്ന ഉപ്പയെ കണ്ടാണു ഞാൻ വളർന്നത്. മറ്റുള്ളവർക്കു വേദനിക്കാതിരിക്കാൻ സ്വന്തം സങ്കടങ്ങളെ ഉള്ളിലൊതുക്കി നടക്കുന്ന ആളാണ്.

‘രാഷ്ട്രീയത്തിൽ ഷൗക്കത്തിനെ ഒരിക്കലും പ്രമോട്ട് ചെയ്യില്ല’ ഇതായിരുന്നില്ലേ ആര്യാടൻ മുഹമ്മദിന്റെ നിലപാട്?

അതദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുന്ന കാലം. നമുക്കു ഷൗക്കത്തിനെ സജീവമായി ജനങ്ങൾക്കിടയിലേക്ക് ഇറക്കണം എന്ന് അദ്ദേഹം ഉപ്പയോടു പറഞ്ഞു. ‘അവന്‍ എന്റെ കൈ പിടിച്ചു രാഷ്ട്രീയ പ്രവർത്തകനാകണ്ട, സ്വയം വന്നോട്ടെ’ ഇതായിരുന്നു മറുപടി.

ഉപ്പ എന്നെയൊരു സാമൂഹിക പ്രവർത്തകനായി അംഗീകരിക്കുന്നതു തന്നെ ഞാൻ പഞ്ചായത്തു പ്രസിഡന്റായി കഴിഞ്ഞാണ്. ജ്യോതിർഗമയ ഉൾപ്പെടെയുള്ള പദ്ധതികൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അന്ന് ഇടതുപക്ഷ സർക്കാരാണു ഭരിക്കുന്നത്. നിലമ്പൂർ ഭരിക്കുന്നത് കോൺഗ്രസാണെങ്കിലും പാർട്ടി നോക്കാതെ എം.എ. േബബിയും എ. കെ. ബാലനുമെല്ലാം ആ പദ്ധതികൾ മികച്ചതാണെന്ന് ഉപ്പയോടു പറഞ്ഞു. ജനങ്ങൾക്കിടയിൽ ഞാൻ സജീവമാവുമെന്ന് അങ്ങനെയാകാം അദ്ദേഹം തിരിച്ചറിഞ്ഞത്.

പാഠം ഒന്ന് ഒരു വിലാപം. ആ സിനിമയിൽ പറയുന്ന ജീവിതങ്ങ ളിൽ നിന്ന് എത്ര ദൂരെയാണ് ഇന്നത്തെ നിലമ്പൂർ?

വലിയ വ്യത്യാസമുണ്ട്. ഞാൻ എസ്എസ്എൽസി പരീക്ഷ എഴുതുന്ന സമയത്ത് എന്റെ കൂടെ ഗർഭിണികളായ പെൺകുട്ടികൾ പരീക്ഷ എഴുതിയിരുന്നു. എട്ടിലും ഒൻപതിലും പഠിക്കുമ്പോഴേ പല പെൺകുട്ടികളുടെയും വിവാഹം കഴിയും. ആ കാഴ്ചകളിൽ നിന്നാണ് ‘പാഠം ഒന്ന് ഒരു വിലാപത്തി’ന്റെ കഥയും തിരക്കഥയും ഞാൻ എഴുതിയത്.

2002 ലാണ് ആ സിനിമ പുറത്തിറങ്ങിയത്. 23 വർഷം കഴിഞ്ഞപ്പോൾ നാട് ഒരുപാടു പുരോഗമിച്ചു. ‘പാഠം ഒന്ന് ഒരു വിലാപത്തി’ൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കാൻ കൊതിക്കുന്ന പെൺകുട്ടിയാണ് നായിക. അവളെ നിർബന്ധപൂർവം വിവാഹം ചെയ്തു കൊടുക്കുന്നതാണ് കഥ.

2021 ൽ ‘വർത്തമാനം’ എന്ന സിനിമയ്ക്കായി കഥ എഴുതുമ്പോൾ പിജി കഴിഞ്ഞ് ജെഎൻയുവിലേക്കു ഹിസ്റ്ററിയിൽ റിസർച്ച് ചെയ്യാനായി പോകുന്ന കഥാപാത്രമായി നായിക. സിനിമയിൽ മാത്രമല്ല. സമൂഹത്തിലും ഈ മാറ്റം കാണാം. ഒരുകാലത്ത് ഇവിടുത്തെ പെൺകുട്ടികൾ എസ്എസ്എൽസി പഠനം പൂർത്തിയാക്കാൻ വലിയ സാഹസമാണ് ചെയ്തിരുന്നത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന, മത്സരപരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങുന്ന മിടുക്കികളാണ് ഇന്ന് ഇവിടെയുള്ളത്.

ആ സിനിമയിലെ സാമൂഹിക വിമർശനങ്ങൾ വിവാദങ്ങളുമുണ്ടാക്കി. രണ്ടു രാഷ്ട്രീയക്കാരുള്ള വീട് ഈ വിവാദങ്ങളെ എങ്ങനെ നേരിട്ടു?

സാമൂഹികമാറ്റത്തെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും ഉപ്പയാണ് എന്നെ പഠിപ്പിച്ചത്. കറ തീർന്ന വിശ്വാസിയും ധീരനായ ഒരു വിപ്ലവകാരിയും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. കൂട്ടുകുടുംബത്തിലാണ് അദ്ദേഹം വളർന്നത്. അന്നു കുടുംബത്തിലെ എല്ലാ കുട്ടികളും മൊട്ടയടിക്കണമെന്ന കാരണവരുടെ തീരുമാനത്തിനെതിരെ അ ഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉറച്ച നിലപാടെടുത്ത ആ ളാണ് അദ്ദേഹം. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചിലർക്ക് അപ്രിയമാണെങ്കിലും ഉറച്ച നിലപാടെടുക്കും.

സിനിമയ്ക്കു കഥയെഴുതിയതിൽ അദ്ദേഹത്തിനു കുഴപ്പമില്ലായിരുന്നു. പക്ഷേ, ആ സിനിമ ഞാൻ നിർമിക്കുന്നതിനോടു താൽപര്യം ഉണ്ടായിരുന്നില്ല. അറിയാത്ത ബിസിനസ് ചെയ്ത് പാതിയിൽ നിന്നു പോയാലോ എന്നായിരുന്നു ടെൻഷൻ. സംവിധാനം ചെയ്യുന്നത് ടി. വി. ചന്ദ്രനാണെന്നും ലോ ബജറ്റ് ചിത്രമാണെന്നുമൊക്കെ പറഞ്ഞെങ്കിലും പേടിയുണ്ടായിരുന്നു.

ഒടുവിൽ നിർമാതാവു കൂടിയായ പി. വി. ഗംഗാധരേട്ടൻ ഉപ്പയോടു പറഞ്ഞു,‘‘പേടിക്കണ്ട, അവനെ കൊണ്ട് സിനിമ മുഴുമിപ്പിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ ഏറ്റെടുത്തോളാം.’’ അതോടെ സമാധാനമായി. പ്രിവ്യൂ ഷോ കഴിഞ്ഞ് എന്റെയും ടി. വി. ചന്ദ്രന്റെയും അടുത്തേക്ക് ഉപ്പ വന്നു. എന്നിട്ട് കെട്ടിപ്പിടിച്ചു പറഞ്ഞു, ‘ ബോൾഡ് അറ്റംപ്റ്റ്’’

രാഷ്ട്രീയവും കുടുംബവും തമ്മിലുള്ള ബാലൻസ് എങ്ങനെ നിലനിർത്തുന്നു?

ഉപ്പയുടെ ബെഡ്റൂമിലിരുന്നാണ് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്. ഇവിടെ വച്ചായിരുന്നു പണ്ട് അദ്ദേഹം ആളു കളെ കണ്ടിരുന്നത്. അന്നു പലപ്പോഴും നാട്ടുകാരാണ് എ ന്നെയും സഹോദരിയേയുമൊക്കെ വിളിച്ചുണർത്തുക. ഏ ഴു മണി കഴിഞ്ഞാൽ ജനങ്ങളുടെ ‘അധികാര പരിധിയിൽ’ പെട്ട സ്ഥലമായി ഈ മുറി മാറും. പിന്നെ ആളുകൾ ഇറങ്ങിപ്പോകാൻ പാതിരാ കഴിയും.

ഉപ്പയോട് ഞങ്ങൾക്കു കാര്യങ്ങളൊന്നും സംസാരിക്കാ ൻ പറ്റിയിരുന്നില്ല. ഉമ്മയായിരുന്നു ആഭ്യന്തരമന്ത്രി. ഉമ്മയോട് പറയും, അത് ഉപ്പയിലേക്ക് എത്തും. ഞാൻ നാലിലും സഹോദരി ആറിലും പഠിക്കുമ്പോൾ ഞങ്ങൾക്ക് വാച്ചു വേണം എന്നു മോഹം തോന്നി. അത് ഉപ്പയോട് അവതരിപ്പിക്കണം. ഞങ്ങൾ ആദ്യം ഉമ്മയുടെ മുന്നിൽ എത്തി.

കുഞ്ഞാക്ക എന്നാണ് ഉപ്പയെ എല്ലാവരും വിളിച്ചിരുന്നത്. ഉമ്മ പറഞ്ഞു,‘‘ഇത് ഇങ്ങള് തന്നെ കുഞ്ഞാക്കയോട് പറയണതാണു നല്ലത്’’. അതുവരെ അങ്ങനൊന്നും ഉ പ്പയോടു പറഞ്ഞിട്ടില്ല. അതുകൊണ്ടു നല്ല പേടിയുണ്ട്. ഞാനും സഹോദരിയും എന്തു പറയണം എങ്ങനെ പറയണം എന്നു റിഹേഴ്സൽ ചെയ്ത് ഉപ്പയെ കാത്തിരുന്നു.

അന്ന് അദ്ദേഹം എത്തിയപ്പോഴേക്കും ഒരു മണി കഴിഞ്ഞു. ഞങ്ങൾ ഉറങ്ങിപ്പോയിരുന്നു. നേരം വെളുത്തപ്പോൾ‌ പതിവുപോലെ ആൾക്കൂട്ടത്തിനു നടുവിലാണ് ഉപ്പ. ആൾക്കൂട്ടം കണ്ടപ്പോൾ തന്നെ ഞങ്ങളുടെ സ്ക്രിപ്റ്റെല്ലാം കൈവിട്ടു പോയി. പതുക്കെ കാര്യം അവതരിപ്പിച്ചു. മൂളിക്കേട്ടിട്ട് ഉപ്പ പറഞ്ഞു.‘‘എളാപ്പയോട് (ഉപ്പയുടെ അനുജൻ അബു, അദ്ദേഹമാണ് കൃഷി നോക്കി നടത്തുന്നതും വീട്ടിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും) പറഞ്ഞാൽ മതി, ഒാനോടു ഞാൻ പറഞ്ഞോളാം.’’

അങ്ങനെ നിവേദനം എളാപ്പയുടെ മുന്നിലെത്തി. വിളവെടുപ്പ് കഴിയട്ടെ പരിഗണിക്കാം എന്ന ഉറപ്പും കിട്ടി. ആ വർഷം കൊയ്ത്തു കഴിഞ്ഞപ്പോൾ വാക്കു പാലിച്ചു. എനിക്ക് ‘എനികറിന്റെ’ വാച്ചും സഹോദരിക്ക് ‘ഫെവർല്യൂബ’യുടെ വാച്ചും കിട്ടി. പക്ഷേ, എനിക്കു മക്കളായപ്പോ ൾ ഉപ്പയുടെ രീതിയെല്ലാം മാറി. ഒരു ദിവസം വീട്ടിലെത്തിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. മോൾടെ കൂടെയിരുന്ന് മൂപ്പര് പാട്ടുപാടുന്നു. പണ്ട് ഉപ്പയെ ഒന്നടുത്തു കിട്ടാൻ ഞാൻ എത്ര മോഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ തിരക്ക് ഇന്നു ഞാൻ തിരിച്ചറിയുന്നു. എങ്കിലും മക്കളെ കേൾക്കാൻ സമയം കണ്ടെത്താറുണ്ട്. ഭാര്യയോടും ഞാൻ അതു പറഞ്ഞിട്ടുണ്ട്. അവരെ കേൾക്കാൻ പഠിക്കണം. നല്ല കേൾവിക്കാരായാലേ അപ്പുറത്ത് ഇരിക്കുന്നവർ‌ക്കു നമ്മളൊടു സംസാരിക്കാൻ തോന്നു.

മക്കൾ പുതിയ തലമുറയിൽപ്പെട്ടവരല്ലേ? രാഷ്ട്രീയത്തെക്കുറി ച്ച് അവരുടെ കാഴ്ചപ്പാട് എന്താണ്?

മക്കൾക്കു വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്. അവർ പറയുന്ന ചില തിരുത്തലുകൾ ഞാൻ സ്വീകരിക്കാറുമുണ്ട്. പുതിയ കാലം റീൽസിന്റേതാണ്. നീണ്ട പ്രസംഗങ്ങളൊന്നും കേട്ടിരിക്കാനുള്ള ക്ഷമ പുതിയ തലമുറയ്ക്കില്ല. രാഷ്ട്രീയക്കാർ പോലും റീൽസിനു വേണ്ടിയുള്ള കാര്യങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിത്തുടങ്ങി. ഇത് അവർ പറഞ്ഞപ്പോഴാണു ഞാൻ തിരിച്ചറിഞ്ഞത്.

മക്കളുടെ പേരുകളിൽ കൗതുകമുണ്ടല്ലോ? ആ പേരുകൾ എ ങ്ങനെയാണ് തിരഞ്ഞെടുത്തത്?

മൂന്നു പെൺമക്കളാണ്. ഡോ.ഒഷിൻ സാഗ, ഒലിൻ സാഗ, ഒവിൻ സാഗ. കോളജിൽ പഠിക്കുന്ന കാലത്ത് ഒരു ജാപ്പനീസ് സീരിയൽ ഞാൻ കണ്ടു. ദൂരദർശനിൽ ആണെന്നാണ് ഒാർമ. ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളെ മറികടന്നു വിജയിക്കുന്ന പെൺകുട്ടിയുെട കഥ. ഒഷീനി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ആ പേര് അന്നേ എ നിക്കിഷ്ടമായി.

ഈ പേരിനെക്കുറിച്ചും കഥാപാത്രത്തിനെക്കുറിച്ചും ഞാൻ ഭാര്യയോടു പറഞ്ഞു. കുഞ്ഞുണ്ടായപ്പോൾ ആ പേരിൽ‌ ഞങ്ങൾ ചെറിയ മാറ്റം വരുത്തി. ഒഷീനി എന്ന പേര് ഒഷിൻ എന്നാക്കി ചുരുക്കി. അതിനൊപ്പം സാഗ എന്ന വാക്കും ചേർത്തു. ‘വീരകഥ’ ,‘തലമുറകളുടെ കഥ’ എന്നൊക്കെയല്ലേ ആ വാക്കിന്റെ അർഥം. അങ്ങനെ ഒഷിൻ സാഗ എന്ന പേരുകിട്ടി. പിന്നീടുണ്ടായത് ഇരട്ടക്കുട്ടികളാണ്. മൂത്തയാളുടെ പേരു പിന്തുടർന്ന് അവരുടെ പേരുകൾ ഒലിൻ സാഗയും ഒവിൻ സാഗയും ആയി മാറി. മൂത്തയാൾ എംബി ബിഎസിനു ശേഷം ഗൈനക്കോളജിയിൽ ഉപരിപഠനം ക ഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. ബാക്കി രണ്ടു പേരും എംബിബിഎസ് അവസാന വർഷ വിദ്യാർഥികളാണ്.

വേറിട്ട പേരുകളിടു‌മ്പോൾ രക്ഷിതാക്കൾക്കു കൗതുകമുണ്ടാകും. അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണു പേരു കുഞ്ഞുങ്ങൾക്കു ചാർത്തിക്കിട്ടുന്നത്. ചിലപ്പോൾ അവർക്കതു ഭാരമായി മാറും. ഭാഗ്യത്തിന് ഈ പേരുകൾ മക്കൾക്കും ഇഷ്ടപ്പെട്ടു എന്നാണു പറയുന്നത്. ജാതിയും മതവും ജെൻഡറും ഒന്നും തിരിച്ചറിയാത്ത േപരുകളാണല്ലോ.

ADVERTISEMENT