‘ഞാന്‍ റൂമിലേക്ക് വരരുതായിരുന്നു, അവിടെവന്നു ഇരുന്നതാണ് തെറ്റുപറ്റാന്‍ കാരണം, കാലുപിടിക്കാം, നാറ്റിക്കരുത്’: രതീഷ്കുമാറിന്റെ ശബ്ദരേഖ പുറത്ത്!
വയനാട് വനിതാ ബിഎഫ്ഒ പീഡനശ്രമക്കേസില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ്കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നു. ശബ്ദരേഖയില്‍ തനിക്ക് തെറ്റുപറ്റിപ്പോയെന്നും സാറന്‍മാര്‍ അറിഞ്ഞാല്‍ പണിയാകുമെന്നും ഇയാള്‍ പറയുന്നുണ്ട്.
‘‘ഞാനപ്പോള്‍ റൂമിലേക്ക് വരരുതായിരുന്നു. അവിടെ വന്നു ഇരുന്നതാണ് തെറ്റുപറ്റിപ്പോകുന്ന സാഹചര്യത്തിലേക്ക് എന്നെ നയിച്ചത്. ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് പറയണം.. രാത്രി ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ഞാന്‍ കാലുപിടിക്കാം, ഇതെങ്ങനെയെങ്കിലും തീര്‍ക്കണം, നാറ്റിക്കരുത്. എനിക്ക് നിന്റെ മുഖത്ത് നോക്കാന്‍ സാധിക്കുന്നില്ല. വേറെ ഒരിടത്തേക്ക് മാറിയാലും അത് എനിക്ക് പ്രശ്നമാണ്.’’- രതീഷ്കുമാര്‍ ശബ്ദരേഖയില്‍ വനിതാ ഓഫിസറോട് പറയുന്നു.
അതേസമയം തനിക്കുണ്ടായ മാനസിക പ്രശ്നത്തെക്കുറിച്ചും ഇത്തരമൊരു കാര്യം സാറില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വനിതാ ബിഎഫ്ഒ മറുപടി നല്‍കുന്നു. പുതുതായി വരുന്ന ആള്‍ നല്ലൊരു സാര്‍ ആകുമല്ലോ എന്നാണ് വിചാരിച്ചതെന്നും രാത്രി ഡ്യൂട്ടി ചെയ്യുന്ന തനിക്ക് ഇതേവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വനിതാ ബിഎഫ്ഒ ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. എന്തു സംഭവിച്ചാലും കുഴപ്പമില്ലെന്നും ഉറപ്പായും താന്‍ പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു.
വനംവകുപ്പിലെ തന്നെ രണ്ട് ലൈംഗികാതിക്രമ പരാതികളില്‍ ആരോപണവിധേയനാണ് രതീഷ് കുമാര്‍. സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം വച്ച് പുറത്തിറങ്ങിയതോടെയാണ് ഇവര്‍ രക്ഷപെട്ടത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രതീഷിനെ കല്‍പ്പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് രതീഷ് അത് ഒതുക്കിയെന്നാണ് ആരോപണം.