‘അവനെന്റെ ജീവനല്ലേ...’ : ഇരു വൃക്കകളും തകരാറിലായി പ്രിയപ്പെട്ടവൻ, വേണം 20 ലക്ഷം: പ്രീതുവിനൊപ്പം കൈകോർത്ത് നാടും Kidney failure treatment for Vishnu
പ്രണയ സന്തോഷത്തിനിടെ വിളിക്കാതെ വന്ന രോഗം അതിജീവിക്കാനുള്ള കഠിന പ്രയത്നത്തിലാണ് വിഷ്ണുവും പ്രീതുവും. ഇവർക്ക് പിന്തുണയുമായി ഒരു നാട് ഒന്നിക്കുകയാണ്. പ്രണയത്തിന്റെ സുഖവും വിരഹത്തിന്റെ നൊമ്പരവും അറിഞ്ഞവർ അടക്കം ഇക്കൂട്ടത്തിലുണ്ട്. ഇരു വൃക്കകളും തകരാറിലായ വിഷ്ണുവിനെ പൂർണ ആരോഗ്യത്തോടെ അവന്റെ പ്രീതുവിന് നൽകാനാണ് കാവുംമന്ദത്തെ നാട്ടുകാരുടെ ഒത്തു ചേരൽ. 20 ലക്ഷത്തോളം രൂപ ശേഖരിക്കുക എന്നതാണ് മുന്നിലുള്ള വലിയ കടമ്പ എങ്കിലും ഇവർക്കു വേണ്ടി അരയും തലയും മുറുക്കി ഇറങ്ങുകയാണ് നാട്ടുകാർ.
പ്രീതുവിന്റെ സ്നേഹത്തിനു മുൻപിൽ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ എന്ത് എന്നതാണ് നാട്ടുകാരുടെ ചോദ്യം. പഠന കാലത്താണ് വിഷ്ണുവിനെ പ്രീതു പരിചയപ്പെടുന്നത്. അത് പ്രണയമായി വളർന്നു. ഏറെ സന്തോഷത്തോടെ സ്വപ്നങ്ങൾ കണ്ടു നടന്ന ഇരുവർക്കും ഇടയിലേക്ക് ഇടിത്തീ പോലെ വിഷ്ണുവിന്റെ രോഗം കടന്നു വന്നു. ഇരു വൃക്കകളും തകരാറിലെന്ന് ഡോക്ടർ അറിയിച്ചതോടെ ഇരുവരും തളർന്നു. എന്നാൽ വിഷ്ണുവിനെ വിട്ടിട്ടു പോകാൻ പ്രീതു തയാറായില്ല. വിഷ്ണുവിനെ പരിചരിക്കാൻ അവൾ കണ്ട മാർഗം വിവാഹമായിരുന്നു. രോഗിയായ വിഷ്ണുവിനെ വിവാഹം ചെയ്യാൻ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല.
എന്നാൽ പ്രീതു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ വീട്ടുകാർ അവളുടെ ആഗ്രഹം സാധിച്ചു നൽകി. 4 വർഷമായി വിഷ്ണുവിന്റെ പരിചരണവുമായി പ്രീതു കഴിയുന്നു. എന്നാൽ വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് വിഷ്ണുവിന്റെ ജീവിതത്തിലേക്കുള്ള ഏക മാർഗം എന്ന് ഡോക്ടർ അറിയിച്ചതോടെ പിന്നീട് അതിനുള്ള നെട്ടോട്ടമായി. വിഷ്ണുവിന്റെ അമ്മ ബിന്ദു വൃക്ക നൽകാൻ തയാറായെങ്കിലും അത് സ്വീകാര്യമല്ലായിരുന്നു. തുടർന്ന് അച്ഛനും തരിയോട് പഞ്ചായത്ത് അംഗവുമായ ചന്ദ്രൻ തന്റെ വൃക്ക മകന് നൽകാൻ തീരുമാനിച്ചു. എന്നാൽ ചികിത്സയ്ക്കും തുടർ ചെലവുകൾക്കും ആവശ്യമായ പണം ഇല്ലാത്തത് ഇവരെ കുഴക്കി. അതോടെയാണ് നാട്ടുകാർ ദൗത്യം ഏറ്റെടുത്തത്.
വിഷ്ണു ചന്ദ്രൻ മഠത്തുവയൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് അവർ ഫണ്ട് ശേഖരണം ആരംഭിച്ചു. ടി. സിദ്ദിഖ് എംഎൽഎ രക്ഷാധികാരി, പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചെയർമാൻ, എം.എ. ജോസഫ് കൺവീനർ, പഞ്ചായത്തംഗം കെ.വി. ഉണ്ണിക്കൃഷ്ണൻ ട്രഷറർ എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നത്.
സംഭാവനകൾ സ്വീകരിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് കാവുംമന്ദം ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40123101051180. IFSC Code: KLGB0040123. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാൻ തയാറായ പ്രീതുവിന്റെ നിഷ്കളങ്ക സ്നേഹത്തിനു പകരമായി വിഷ്ണുവിനെ നൽകാൻ സുമനസ്സുകൾ വരും എന്ന പ്രതീക്ഷയിലാണ് കമ്മിറ്റി പ്രവർത്തകരും നാട്ടുകാരും. ഫോൺ: 6238587231 (വിഷ്ണു)