സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. സിംജ ഫോഗിങ് മെഷീനും മാസ്‌കുമായി പറമ്പിലേക്കു നടന്നു. അനിയത്തി സുജയും ഒപ്പമുണ്ട്. തേനീച്ചക്കൂടുകളാണു ലക്ഷ്യം. 30 പെട്ടി വന്‍തേനീച്ചക്കൂടും അഞ്ചു പെട്ടി ചെറുതേനീച്ചക്കൂടുമുണ്ട്.
പുകയടിച്ചു തേനീച്ചകള്‍ പോലുമറിയാതെ സിംജ കൂ ട്ടില്‍ നിന്ന് അട വേര്‍പ്പെടുത്തിയെടുത്തു. ട്രെന്‍ഡുകൾക്കു മുന്നേ സഞ്ചരിച്ച സഹോദരിമാരാണു തിരുവനന്തപുരം വര്‍ക്കല ചെമ്മരുത്തി സ്വദേശികളായ സുജയും സിംജയും.  ഈ ചിന്തയാണു രസിക എന്ന ഭക്ഷ്യോൽപന്ന സംരംഭത്തിന്റെ വിജയവും.

‘‘കൃഷിയോടു ചെറുപ്പം മുതല്‍ താൽപര്യമുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണു തേനീച്ചവളർത്തലിലേക്ക് എത്തിച്ചത്. 10-15 കിലോഗ്രാം തേൻ വരെ ഒരു വന്‍തേനീച്ചപ്പെട്ടിയില്‍ നിന്നു ലഭിക്കും. ചെറുതേന്‍കൂട്ടില്‍ നിന്നു പരമാവധി 500 ഗ്രാം തേനേ കിട്ടുകയുള്ളൂ.’’ സിംജ പറഞ്ഞു.

ADVERTISEMENT

പൊന്നു വിളയും ചക്ക

‘‘സ്വയവരുമാനം വേണമെന്നായപ്പോൾ ഞങ്ങള്‍ക്കു തോന്നി സംരംഭമാകും ഉത്തമമെന്ന്. ആശയം മുന്നോട്ടു വച്ചപ്പോള്‍ മാതാപിതാക്കളും പങ്കാളികൾ ഷിബുവും വിനിയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.’’ സുജ തുടർന്നു. ‘‘2017ല്‍ ആ ദ്യ സംരംഭമായ കേക്ക് നിര്‍മാണം ആരംഭിച്ചു. വീട്ടിലുണ്ടായിരുന്ന ഒരു കുഞ്ഞന്‍ അവനില്‍ ആദ്യത്തെ കേക്കുണ്ടാക്കി. സിംജയുടെ മക്കളായ കൃഷ്ണനുണ്ണിയും അതിഥിയുമാണ് ഒഫിഷൽ ടേസ്റ്റേഴ്സ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ വന്നു. പതുക്കെ വീടിനോടു ചേർന്നു സംഭരണശാല ആരംഭിച്ചു. കുഞ്ഞന്‍ അവ്നില്‍ നിന്ന് ആരംഭിച്ച ഞങ്ങള്‍ക്കിപ്പോള്‍ ഡബിള്‍ഡെക്ക് അവ്നുണ്ട്. ഓര്‍ഡര്‍ അനുസരിച്ചു കട്‌ലറ്റ്, ബർഗർ, ക്രീം ബൺ തുടങ്ങിയ പലഹാരങ്ങള്‍ ചെയ്തു കൊടുക്കും. പറമ്പിലെ പൈനാപ്പിളും പാഷന്‍ഫ്രൂട്ടും കൂവയും വാഴപ്പഴവുമെല്ലാം ഞങ്ങൾ സിറപ്പും സ്‌ക്വാഷും ജാമുമാക്കി മാറ്റും. എള്ളുണ്ടയ്ക്കും കൂവപ്പൊടിക്കും ഏത്തയ്ക്കാപ്പൊടിക്കുമെല്ലാം ആവശ്യക്കാര്‍ ഏറെയാണ്.

ADVERTISEMENT

ഹോര്‍ട്ടികോര്‍പ്, കൃഷിഭവന്‍, തിരുവനന്തപുരം മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ വ ഴി ശാസ്ത്രീയമായി പഠിച്ചതിനു ശേഷമാണ് ഓരോ സംരംഭവും ആരംഭിച്ചിട്ടുള്ളത്. ബീവാക്‌സ് കൊണ്ടു നിര്‍മിക്കുന്ന ലിപ്ബാം, ഹീല്‍ ബാം, ഫെയ്സ് മാസ്‌ക് എന്നിവയ്ക്കും ആവശ്യക്കാര്‍ ഉണ്ട്.’’ സുജ പറഞ്ഞു.

പറമ്പിലെ വരിക്കപ്ലാവില്‍ ചക്ക കായ്ച്ചാല്‍പ്പിന്നെ സിംജയ്ക്കും സുജയ്ക്കും തിരക്കാകും. ഇവരുടെ ചക്കപ്പായസത്തിനും ചക്ക കേക്കിനും നല്ല ഡിമാന്‍ഡാണ്. ‘‘ചക്ക വൃത്തിയാക്കി ചുളകള്‍ പ്രത്യേകം സിപ് ലോക്കുകളിലാക്കി ഫ്രീസറില്‍ സൂക്ഷിക്കും. ആവശ്യനുസരണം  കേക്ക് നിര്‍മാണത്തിനായി എടുക്കും. ഒരു ചക്കയില്‍ നിന്ന് 4-5 കിലോഗ്രാം വരെയുള്ള കേക്ക് ചെയ്യാം. പായസമാണെങ്കില്‍ 6-7 ലീറ്റര്‍ വരെ.

ADVERTISEMENT

ഓണ്‍ലൈനായും പ്രാദേശിക, ജില്ലാതല വിപണന മേളകളിലും ഞങ്ങളുടെ ഉൽപന്നങ്ങള്‍ വിറ്റഴിയുന്നു. വിവിധ സംരംഭങ്ങളിൽ നിന്നായി ഒരു ലക്ഷം രൂപയോളം പ്രതിമാസം വരുമാനം ലഭിക്കും. സീസണ്‍ അനുസരിച്ചു വിറ്റുവരവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

സംശയിച്ചു നിന്നാൽ നമ്മൾ എവിടെയും എത്തില്ല. ബിസിനസ് ആദ്യം ചെറിയ രീതിയിൽ പരീക്ഷിക്കുക. വിജയിച്ചാൽ സംരംഭമാക്കാം.’’