ജന്മം നൽകിയ അച്ഛനേയും അമ്മയേയും കൺനിറയം കാണണം, കൂടപ്പിറപ്പിനോട് സ്നേഹം പങ്കിടണം. വിധി കാതങ്ങൾക്കകലേക്ക് കൊണ്ടു പോയപ്പോഴും തന്റെ ബന്ധങ്ങൾ വേരറ്റു പോകരുതെന്ന് കൊതിക്കുന്നൊരു മനുഷ്യന്റെ അപേക്ഷയാണിത്. തന്റെ കുടുംബാഗങ്ങളെ തേടിയുള്ള ആ അപേക്ഷ എത്തുന്നത് സ്വീഡ‍നിൽ നിന്നാണ്. പ്രിയപ്പെട്ടവരെ ഒരുനോക്കു കാണാൻ കൊതിച്ചെത്തുന്ന ആ മനുഷ്യന്റെ പേര് തോമസ് ആൻഡേഴ്സൻ. കേരളത്തിൽ വേരുകളുള്ള സ്വീഡ‍ിഷ് പൗരൻ.

40 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ പാറ്റൂരിലെ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിൽ നിന്ന് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തതാണ് തോമസിനെ. മാതാപിതാക്കളേയും സഹോദരിയേയും ഒരു നോക്കു കാണണമെന്ന ആഗ്രഹത്തില്‍ ഇന്ത്യയിൽ തുടരുന്ന തോമസ് ഇപ്പോഴും അന്വേഷണത്തിലാണ്. സുഹൃത്ത് സ്റ്റീഫനുമൊത്താണ് സ്വന്തം വേരുകള്‍ തേടിയിറങ്ങിയിരിക്കുന്നത്.

ADVERTISEMENT

1983 ഒാഗസ്റ്റ് 25 ആണ് ഒൗദ്യോഗിക രേഖകളിലെ തോമസിന്റെ ജനനതീയതി. 1984ൽ അച്ഛനമ്മമാർ വീട്ടിലെ കഷ്‌ടപ്പാടുകൾ നിമിത്തം കോൺവെന്റിലെ അനാഥാലയത്തിൽ ഏൽപ്പിച്ചു. 84 ല്‍ കോണ്‍വെന്‍റിലെത്തിയ കുട്ടിയെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തുവെന്നാണ് വിവരം. 1985ൽ ബംഗളൂരുവിലുള്ള സ്ഥാപനത്തിലേക്ക്‌ കൊണ്ടുപോയി. അവിടെ വച്ച്‌ സ്വീഡിഷ്‌ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു.

അനാരോഗ്യമുളള കുഞ്ഞിനെ പാവപ്പെട്ടവരായ മാതാപിതാക്കള്‍ കന്യാസ്ത്രീ മഠത്തില്‍ വളര്‍ത്താനേല്‍പിച്ചെന്ന വിവരം മാത്രമാണ് തോമസിനുളളത്. പീന്നീടൊരിക്കല്‍ അതേ മഠത്തിലെ സിസ്റ്റര്‍മാര്‍ തോമസിന് ഒരു സഹോദരിയുണ്ടെന്നും ഒാര്‍ത്തെടുത്തു. അന്നു മുതല്‍ അവരെ തേടുകയാണ് തോമസ്.

ADVERTISEMENT

സ്വീഡനിൽ സ്‌നേഹനിധിയായ ഒരു അമ്മയുണ്ടെങ്കിലും സ്വന്തം വീടും അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാണാമറയത്തായതിന്റെ നൊമ്പരം എപ്പോഴും അലട്ടാറുണ്ടെന്ന്‌ തോമസ്‌ പറഞ്ഞു. ആഗ്രഹിച്ചതെല്ലാം തോമസിന് കാലവും സ്വീഡ‍നിലെ മണ്ണും നൽകി. ഇന്ന് സ്വീഡനിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റാണ്. സ്നേഹനിധിയായ ഒരമ്മയെ സ്വീഡനിൽ തോമസിന് കിട്ടി. പക്ഷേ അതിരുകൾക്കിപ്പുറം എവിടെയോ തന്റെ സ്വന്തങ്ങളുണ്ടെന്ന ബോധ്യം അയാളെ ഇന്ത്യയുടെ മണ്ണിൽ എത്തിക്കുകയായിരുന്നു.

ഉറ്റവരെ തേടിയുള്ള പ്രയാണത്തിൽ സ്വന്തമെന്നു പറയാൻ ചിതലരിക്കാത്ത കുറച്ചു ചിത്രങ്ങൾ മാത്രമേ തോമസിന്റെ പക്കലുള്ളൂ. കന്യാസ്ത്രീ മഠത്തില്‍ നിന്ന് എടുത്തതും സ്വീഡനില്‍ എത്തിയ ഉടനെയുമുളള കുറച്ച് ഫോട്ടോകളാണ് ആകെയുളള പിടിവളളി. ബന്ധുക്കളെ കണ്‍ നിറയെ ഒന്ന്  കാണണം, ഒന്ന് കെട്ടിപ്പിടിക്കണം അതിൽപരം മോഹങ്ങളൊന്നും തോമസിനില്ല.

ADVERTISEMENT

ഉറ്റവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ +460768881086 എന്ന വാട്‌സാപ്പ് നമ്പരിൽ അറിയിക്കണം എന്നാണ് തോമസിന്റെ അപേക്ഷ.

ലോകകേരള സഭാ അംഗമായ, സ്വീഡനിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജിനു സാമുവേൽ അടക്കം ഒട്ടേറെ മലയാളി സുഹൃത്തുക്കൾ തോമസിന്റെ ഈ ലക്ഷ്യത്തിൽ ഒപ്പമുണ്ട്. തോമസിന്റെ ആവശ്യം വാട്സാപ്പ് കൂട്ടായ്മകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും സജീവമായി പ്രചരിക്കുന്നുണ്ട്.

English Summary:

Family search begins with Thomas Anderson, a Swedish citizen with roots in Kerala, who was adopted from Holy Angels Convent in Thiruvananthapuram. He is searching for his biological parents and sister, hoping to reconnect with his family after 40 years.

ADVERTISEMENT