ആഗ്രഹിച്ച രൂപത്തിലേക്കും ഫിറ്റ്നസിലേക്കും എഐയുടെയും ജെമിനിയുടേയും ചിറകിലേറി പോകുന്നവരുടെ കാലമാണ്. എഐ നൽകിയ രൂപമാറ്റം കണ്ട് അന്തംവിട്ട് പലരും പറയാറുണ്ട്.

‘എഐയുടെ സഹായമില്ലാതെ ശരിക്കും ഇങ്ങനെ മെലിഞ്ഞ് ഫിറ്റായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...’

ADVERTISEMENT

ബോർഡർ ലൈൻ കഴിഞ്ഞ് കുതിക്കുന്നു ബിപി–കൊളസ്ട്രോൾ–ഷുഗറുകളും തടിച്ചു പോയി എന്ന ഒറ്റക്കാരണത്താൽ ചേർച്ചയില്ലാതെ വാഡ്രോബിൽ പൊടിയടിച്ചിരിക്കുന്ന വസ്ത്രങ്ങളും നമ്മോട് പറയും.

‘നന്നായിക്കൂടെ ഇനിയെങ്കിലും...’

ADVERTISEMENT

ഇനി എഐ അല്ലാത്തൊരു റിയാലിറ്റി പറയാം. തടിയുടെ പേരിലുള്ള ബോഡി ഷെയ്മിങ്ങും കെട്ടുപൊട്ടിയ പട്ടംപോലെ പാഞ്ഞ പൊണ്ണത്തടിയും താണ്ടി അമ്പരപ്പിക്കുന്ന ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയ ഒരു ഡോക്ടറുടെ അനുഭവ കഥ. സോഷ്യൽ മീഡിയക്ക് സുപരിചിതയായ ഡോ. സൗമ്യ സരിന്റെ മാറ്റമാണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്. ബബ്ലി ലുക്കിൽ നിന്നും സ്വിച്ചിട്ട പോലെ മെലിഞ്ഞ ശരീരത്തിലേക്ക് മടങ്ങിയ മാറ്റത്തിന്റെ രഹസ്യം ആരായുമ്പോൾ ഡോ. സൗമ്യയുടെ മറുപടി ഉടനെത്തും.

‘ഫിറ്റ്നസിലേക്കുള്ള എന്റെ യാത്രാ ദൈർഘ്യം ചെറുതല്ല, അതുപോല പൊണ്ണത്തടി കുറയ്ക്കാൻ എളുപ്പവഴികളുമില്ല...’

ADVERTISEMENT

തപസുപോലെ നിശ്ചയ ദാർഢ്യമുള്ള ആ മനോഹര ഫിറ്റ്നസ് സ്റ്റോറിയുടെ കഥ ഡോ. സൗമ്യ പറഞ്ഞു തുടങ്ങുകയാണ്. പ്രസവശേഷം കൈവിട്ടു പോയ ശരീരഭാരത്തെ വരുതിയിലാക്കിയ, പാരമ്പര്യമായി കൈവന്ന ബബ്ലി ലുക്ക് ഇമേജിനെ ‘സ്പെഷൽ ട്രീറ്റ്മെന്റിലൂടെ’ മാറ്റിമറിച്ച നിശ്ചയദാർഢ്യത്തിന്റെ കഥ. 76 കിലോയില്‍ നിന്നും 56ലേക്കുള്ള ഫിറ്റ്നസ് യാത്രയുടെ ഫ്ലാഷ് ബാക്ക് ഇങ്ങനെ...

ഫൂഡി അല്ല മടി

‘ഒന്നുകിൽ ഫൂഡി... അല്ലെങ്കിൽ വര്‍ക് ഔട്ട് ചെയ്യാനുള്ള മടി. ഇവയിലേതാണ് നിങ്ങളുടെ വില്ലൻ? എന്റെ കാര്യത്തിൽ ഭക്ഷണം ഇഷ്ടമാണെങ്കിലും ഞാനത്ര ഫൂഡിയൊന്നുമല്ല. പക്ഷേ കയ്യെത്തും ദൂരത്ത് ജിം ഉണ്ടായിട്ടു പോലും അങ്ങോട്ടു എത്തിനോക്കാത്തത്ര മടി. അതാണ് എന്റെ കഥയിലെ പ്രധാന വില്ലൻ. അമ്മമ്മയിലും അമ്മയിലും തുടങ്ങി പാരമ്പര്യമായി കിട്ടിയ ഛബ്ബി ലുക്ക്. ഗർഭകാലം കടന്ന് വീട്ടുകാർ നൽകിയ നെയ്യിലും വെണ്ണയിലും പഞ്ചസാരയിലും കുഴഞ്ഞു മറിഞ്ഞ പ്രസവരക്ഷ. തിരിച്ചറിയാൻ പോലും കഴിയാത്ത വിധം  ഒരാളെ മാറ്റാൻ ഇതൊക്കെ തന്നെ മതി. അതില്‍ നിന്നുള്ളൊരു തിരിച്ചു വരവ്, ആ കഥയാണ് ഇനി പറയാൻ‌ പോകുന്നത്.’– സൗമ്യ സരിൻ പറഞ്ഞു തുടങ്ങുകയാണ്.

പാരമ്പര്യമയി കിട്ടിയതാണ് ഈ പറഞ്ഞ ‘ഗുണ്ടുമണി ലുക്ക്’. പക്ഷേ അതിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞത് പത്തു വയസ് കഴിഞ്ഞപ്പോഴാണ്. ടീനേജിലേക്ക് അടുത്തപ്പോൾ ശരീരം നൽകിയ മാറ്റങ്ങളെ, പ്രത്യേകിച്ച് നമ്മൾ ഓമനപ്പേരിട്ടു വിളിക്കുന്ന ‘ഛബ്ബി ലുക്കിനെ’ കൂട്ടുകാരും കുടുംബക്കാരും സ്വീകരിച്ചത് കളിയാക്കലുകളോടെയാണ്. ‘എവിടുന്നാ റേഷൻ, ഏത് അരിയാ കഴിക്കുന്നേ, തടിവച്ച് തടിവച്ച് ഇതെങ്ങോട്ടാ എന്നുതുടങ്ങി’ മനസു തളർത്തുന്ന പരിഹാസങ്ങൾ. അതിൽ കൂട്ടുകാർ മുതൽ ടീച്ചർമാർ വരെയുണ്ട്. ഭക്ഷണം വലിച്ചു വാരി തിന്നിട്ടല്ല ഒരു പെൺകുട്ടി തടി വയ്ക്കുന്നതെന്ന് ഇവരോടൊക്കെ എങ്ങനെ പറയാനാണ്?

കോളജും പഠനകാലവും കടന്ന് തൊഴിൽ മേഖലയിലേക്ക് കടന്നിട്ടു കൂടിയും കളിയാക്കലുകൾ അവസാനിച്ചില്ല. പക്ഷേ പൊണ്ണത്തടിക്ക് വെള്ളവും വളവും നൽകുന്ന വലിയൊരു കടമ്പ ഏതൊരു പെണ്ണിനേയും കാത്തിരിപ്പുണ്ടായിരുന്നു. പ്രസവകാലം! ‘ആരാ... മനസിലായില്ലല്ലോ എന്ന് ചോദിക്കുന്ന വിധം’ എന്നെ മാറ്റിയ, പൊണ്ണത്തടിയിലേക്ക് കൊണ്ടെത്തിച്ച പ്രസവകാലവും പ്രസവരക്ഷയും ഇന്നും മറക്കില്ല.

പ്രസവ രക്ഷയല്ല... ശിക്ഷ

നമ്മളോടുള്ള സ്നേഹം കൊണ്ടൊക്കെ തന്നെയാണ്. ശരീരം നന്നാകാൻ നമുക്ക് കലക്കിയും കുഴച്ചുമൊക്കെ തരുന്ന പ്രസവ രക്ഷാവിഭവങ്ങൾ, ലേഹ്യങ്ങൾ അരിഷ്ടങ്ങൾ. അതാണ് സ്വന്തം കുടുംബക്കാർക്കു പോലും തിരിച്ചറിയാത്ത വിധം നമ്മളെ മാറ്റുന്നത്. എനിക്കും കിട്ടി ഈ പറയുന്ന പരിചരണം വേണ്ടുവോളം. നെയ്യും മധുരവും എണ്ണയും  പലവിധ രൂപത്തിൽ ശരീരത്തിലെത്തി. ആ കാലയളവിൽ ഒന്നും രണ്ടുമല്ല, 20 കിലോയോളമാണ് ശരീര ഭാരം കൂടിയത്. എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ഭർത്താവ് സരിൻ ഒഴിച്ച് ബാക്കിയെല്ലാവരും നമ്മളെ ജഡ്ജ് ചെയ്യാൻ കാത്തിരിപ്പുണ്ടായിരുന്നു. നേരത്തെപറഞ്ഞ ബോഡി ഷെയ്മിങ്ങ് അതിന്റെ പരിധി വിടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

പിന്നീടങ്ങോട്ട് ഭക്ഷണ നിയന്ത്രണത്തിൽ ആയിരുന്നെങ്കിലും വർക് ഔട്ട് ചെയ്യാനുള്ള മടി എന്നെ നന്നേ വലച്ചു. ഇടയ്ക്കൊക്കെ ജിമ്മും വർക് ഔട്ടും പരീക്ഷിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും വണ്ണം കുറയാതെ നിൽക്കുന്നത് കാണുമ്പോൾ പിന്നെയും മടിക്കും. അപ്പോഴും ചിട്ടയായൊരു ഡയറ്റ് എനിക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്നില്ല. പക്ഷേ ജീവിതത്തിലെ ചില ട്വിസ്റ്റുകൾ, നമ്മളെ മോട്ടിവേറ്റ് ചെയ്യുന്ന കുറേ മനുഷ്യർ നമ്മളെ മാറ്റും അങ്ങനെയൊരു ട്വിസ്റ്റ് എന്റെ ജീവിതത്തിലും സംഭവിച്ചു.

പാഠം ഒന്ന്... പട്ടിണി കിടക്കലല്ല വെയിറ്റ് ലോസ്

50 കിലോയാണോ, 56 കിലോയാണോ നല്ലതെന്നു ചോദിച്ചാൽ പലരുംപറയും 50 കിലോയാണെന്ന്. തടി കുറഞ്ഞിരിക്കുന്നതു കൊണ്ട് എല്ലാമായി എന്നാണ് പലരുടെയും ധാരണ. പക്ഷേ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഫിറ്റായിരിക്കുന്ന 56 കിലോയുള്ള വ്യക്തിയാണ് എന്റെ കണ്ണിൽ ഏറ്റവും ഫിറ്റ്.

പട്ടിണി കിടന്ന് ഭാരം കുറച്ചിട്ട് അനാരോഗ്യത്തോടെ ഇരിക്കുന്നതിൽ കാര്യമുണ്ടോ? ഫിറ്റ്നസിലേക്കുള്ള യാത്രയിൽ മസിലിന്റെ സ്ട്രെങ്ത്, ടോൺ‌ ആരോഗ്യാവസ്ഥ എല്ലാം നിർണായകമാണ്. അത് പ്രോപ്പർ ആകണമെങ്കിൽ വെയിറ്റ് മാത്രം നോക്കീട്ട് കാര്യമില്ല. അതായത് പട്ടിണി കിടന്നാൽ മസിൽ ലോസ് ആകും സംഭവിക്കുക. ഹെൽതി ആണെന്ന് പറയാനാകില്ല. വെയിറ്റ് ലോസ് അല്ല ഫിറ്റ്നസ് ആണ് ലക്ഷ്യം.

മസിലിലെ അമിതമായി അടിഞ്ഞ കൊഴുപ്പിനെ നീക്കം ചെയ്ത് അവിടെ ദൃഢമായ ടോൺഡ് ആയ പേശികൾ വരുമ്പോഴാണ് യഥാർഥ വെയിറ്റ് ലോസ് സംഭവിക്കുന്നത്. ആ കാര്യത്തിൽ അശ്രദ്ധ സംഭവിക്കുമ്പോഴാണ് സ്ത്രീകൾ അടക്കമുള്ളവരുടെ ശരീര പേശികൾ തൂങ്ങുന്നത്. ചുരുക്കത്തിൽ പേശികളിൽ നിന്നും കൊഴുപ്പുരുക്കി ഫിറ്റായി നിലനിർത്തുന്നതിലാണ് കാര്യം.

നെന്മാറ നൽകിയ നല്ല മാറ്റം

76 കിലോയിൽ‌ വട്ടം തിരിഞ്ഞ കാലം. വർഷം 2018. അൽപംനടക്കുമ്പോൾ തന്നെ കിതയ്ക്കും അതായിരുന്നു അവസ്ഥ. ഷുഗറും കൊളസ്ട്രോളും ബോർഡർ ലൈൻ കടക്കാൻ റെഡ്യായി നിൽക്കുന്നു. അന്ന് വയസ് 34.

അങ്ങനെയിരിക്കേയാണ് നെന്മാറയിലെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലി കിട്ടിയത്. അതുവരെ സ്വകാര്യ പ്രാക്ടീസും തിരക്കുമായി നടന്ന ഞാൻ ശരിക്കും റിലാക്സ് ആയ സമയമായിരുന്നു. സ്വകാര്യ പ്രാക്ടീസ് നിർത്തിയപ്പോൾ തന്നെ ഞാൻ ശരിക്കും ഫ്രീയായി. ആശുപത്രിക്കടുത്തുള്ള ഫ്ലക്സ് എന്ന ജിംനേഷ്യത്തിൽ പോയതും ഒരു പരീക്ഷണാർഥമാണ്. പക്ഷേ അവിടെയുള്ള ട്രെയിനർ ഉൾപ്പെടെയുള്ള കുറേപേർ ഫിറ്റ്നസിന്റെ കാര്യത്തിൽ എന്നെ ശരിക്കും നല്ല കുട്ടിയാക്കി. ഒരു മാസം കഴിഞ്ഞിട്ടും അനങ്ങാപ്പാറ പോലെ നിന്ന ശരീരഭാരത്തെ നോക്കി നെടുവീർപ്പിട്ടില്ല. പകരും അതൊന്നും ശ്രദ്ധിക്കാതെ വര്‍ക് ഔട്ട് ചെയ്യാൻ ജിമ്മിലെ ഷാജു, സുർജിത്ത്, രഞ്ജിൽ, സുരേഷ്, ആതിര എന്നിവർ ഉപദേശിച്ചു. അതായിരുന്നു ആദ്യമെടുത്ത നല്ല തീരുമാനവും.

ചിട്ടയായി ജിമ്മിലെത്താനും അവരായിരുന്നു പ്രചോദനം. ഒരു ദിവസം വന്നില്ലെങ്കിലോ വൈകിയാലോ ഡോക്ടറേ... കാണാനില്ലല്ലോ എന്നു പറഞ്ഞു വിളിക്കും. ആദ്യത്തെ മൂന്നു മാസം വെയിറ്റ് നോക്കിയിട്ടേ ഇല്ല. നാലു മാസം കഴി്ഞപ്പോ 4 കിലോ കുറഞ്ഞു. അതായിരുന്നു ആദ്യത്തെ നല്ല മാറ്റം.

ഫൂഡ് കൺട്രോൾ മുഖ്യം ബിഗിലേ

വർക്ഔട്ട് മാത്രം പോരല്ലോ... ഭക്ഷണ നിയന്ത്രണവും പ്രധാനമാണ്. വ്യായാമം കൃത്യമായതിനൊപ്പം ഭക്ഷണ കാര്യത്തിലും കുറേയേറെ ശ്രദ്ധപാലിച്ചു. കാർബ് കുറച്ച് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി. പഞ്ചസാരയെ ആദ്യമേ നിയന്ത്രിച്ചു, പതിയെ പതിയെ ഗെറ്റ് ഔട്ട് അടിച്ചു. റെഡ് മീറ്റ് ഒഴിവാക്കി ചീര, ചെറുപയർ, കടല, പരിപ്പ് എന്നിവ മെനുവിൽ ഉൾപ്പെടുത്തി. ശരീരം ക്ഷീണിക്കുന്നുവെന്ന് കണ്ടാൽ പ്രോട്ടീൻ നൽകി സമധാനിപ്പിക്കും. ചോറോ മൈദയോ വേണ്ട, രണ്ടോ മൂന്നോ എഗ് വൈറ്റ് ഉണ്ടെങ്കിൽ സംഗതി ഈസി. കൂട്ടിന് ഗ്രീൻ ലീഫോ സാലഡോ ഉണ്ടാകും. ബുഫേകളിലും വിരുന്നുകളിലും ബിരിയാണിയോ ചോറോ ചപ്പാത്തിയോ കൂടുതൽ കഴിക്കുന്നതാണ് പൊതുവിലുള്ള രീതി. കാർബ് കൂടുതലുള്ള അത്തരം ഭക്ഷണങ്ങളെ നന്നേ നിയന്ത്രിക്കാൻ ശ്രമിച്ചു. പകരം സൈഡ് കറികൾ കൂട്ടി. ചിക്കന്‍, എഗ്ഗ്, പനീർ എന്നിങ്ങനെയുള്ള പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കൂട്ടി. എടുക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ ഉണ്ടാകണം എന്ന് സാരം. റെഡ്മീറ്റും നിലയ്ക്ക് നിർത്തണം.

ഒരു തിയറി പറയാം, 56 കിലോയാണ് ഭാരമെങ്കിൽ 56 ഗ്രാം പ്രോട്ടീൻ നമ്മൾ കഴിച്ചിരിക്കണമെന്നാണ്. ആ പാഠങ്ങളെല്ലാം ഈ ഫിറ്റ്നസ് യാത്രയിൽ നിർണായകമായി.

ഇന്ന് 56 കിലോയാണ് എന്റെ ഭാരം. ഒരു ശരാശരി മലയാളി സ്ത്രീയെ പോലെ അരിഷ്ടവം ലേഹ്യവും സുഖ ചികിത്സയും നിറഞ്ഞ ആ പഴയ പ്രസവ രക്ഷാ കാലവും, രണ്ടടി വച്ചാൽ കിതയ്ക്കുന്ന തടിയുമെല്ലാം എങ്ങോ പോയിരിക്കുന്നു. ആഗ്രഹിച്ച ഡ്രസ് ധരിച്ച് വീർപ്പുമുട്ടലുകളില്ലാതെ നടക്കാനാകുന്നത് ഈ ഫിറ്റ്നസ് യാത്ര നൽകിയ മാറ്റമാണ്. കൃത്യമായി പറഞ്ഞാൽ 7 കൊല്ലം. നാളിതുവരെ തുടർന്നു പോന്നിരുന്ന ചിട്ടയായ ഡയറ്റും വർക് ഔട്ടുമാണ് എന്റെ ഫിറ്റ്സ് മന്ത്ര. കീറ്റോപോലുള്ള ക്രാഷ് ഡയറ്റുകൾ നിങ്ങളെ മാറ്റിയേക്കാം. പക്ഷേ ഫിറ്റ്നസിൽ സ്ഥിരതയാണ് പ്രധാനം.

നന്ദി പറയേണ്ട മറ്റു രണ്ടു പേർ കൂടിയുണ്ട് വണ്ണത്തിന്റെ പേരിൽ എന്നെ ജഡ്ജ് ചെയ്യാത്ത എന്റെപങ്കാളി ഡോ. സരിൻ. വെയിറ്റൊക്കെ കുറച്ച് ആഗ്രഹിച്ച ഡ്രസ് ഇട്ടു വന്നപ്പോഴൊക്കെ ‘ആള് അടിപൊളിയായല്ലോ...’ എന്നൊക്കെ പറഞ്ഞ് കക്ഷി എന്നെ നന്നായി മോട്ടിവേറ്റ് ചെയ്തു. ജങ്ക് ഫുഡ് കഴിച്ചാലോ വർക് ഔട്ട് ചെയ്യാൻ മടിച്ചാലോ എന്നെ വഴക്കു പറയുന്ന എന്റെ ക്രിട്ടിക് മകൾ പാപ്പു. ഈ രണ്ടുപേരുമാണ് എന്റെ എനർജി ബൂസ്റ്റേഴ്സ്.– സൗമ്യ പറഞ്ഞു നിർത്തി.  

English Summary:

Dr soumya sarin Fitness transformation journey is a testament to dedication and consistency. Focusing on fitness over mere weight loss, the doctor shares her experiences and insights on achieving a healthy and sustainable lifestyle.

ADVERTISEMENT