അഭിപ്രായങ്ങളും ഇഷ്ടങ്ങളും തുറന്നു പറയാൻ ഭയം, നീളുന്ന വഴക്കുകളും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും: നിങ്ങൾ ട്രോമാ ബോണ്ടിങ്ങിന് ഇര
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്ന അന്തരീക്ഷത്തിലാണോ നിങ്ങൾ ജീവിക്കുന്നത്? സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും പങ്കാളിയോടു പ്രകടിപ്പിക്കാൻ ഭയമാണോ?
നീളുന്ന വഴക്കുകൾ. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും നിങ്ങളെ അസ്വസ്ഥരാക്കുന്നില്ലേ? ‘എനിക്കു നീ മാത്രമല്ലേയുള്ളൂ’ എന്നു പറഞ്ഞും സമ്മാനങ്ങൾ നൽകിയുമാണോ പങ്കാളി പിണക്കം മാറ്റുന്നത്? ഇടവേളകളിൽ കിട്ടുന്ന ഈ വൈകാരിക സ്നേഹത്തിനായി നിങ്ങൾ കൊതിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. ട്രോമാ ബോണ്ടിങ്ങിന് ഇരയാണ് നിങ്ങൾ
എന്താണ് ട്രോമാ ബോണ്ടിങ്ങ്?
ഏതൊരു ബന്ധത്തിലും ഉടലെടുത്തേക്കാവുന്ന വളരെ ആഴത്തിലുള്ള അടുപ്പമാണ്. ആവർത്തന സ്വഭാവമുള്ള മാനസിക പീഡനമാണു ട്രോമാ ബോണ്ടിങ്ങിൽ പൊതുവേ കണ്ടുവരുന്നത്. സ്നേഹിക്കപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹത്തെയാണ് പങ്കാളി ഇവിടെ ചൂഷണം ചെയ്യുന്നത്. പീഡനങ്ങൾക്കുശേഷം മുറിവേറ്റ വ്യക്തിയെ എങ്ങനെ സ്വന്തം വരുതിയിൽ നിർത്തണമെന്ന് ഇവർക്കു നന്നായി അറിയാം. വാക്കുകളിലൂടെയും ക്ഷമാപണങ്ങളിലൂടെയും സമ്മാനങ്ങളിലൂടെയും ‘എനിക്കു നീ മാത്രമല്ലേയുള്ളൂ’, ‘നിന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടല്ലേ ഞാനിങ്ങനെ ചെയ്യുന്നത്’ തുടങ്ങിയ വാചകങ്ങളിലൂടെയും ഇവർ മനസ്സിലിടം നേടിയെടുക്കും. ഇങ്ങനെ ഇടവേളകളിൽ കിട്ടുന്ന വൈകാരിക സ്നേഹത്തിനായി ഒരാൾ മറ്റൊരാളിൽ കുടുങ്ങിക്കിടക്കും. കണക്കുകൾ പ്രകാരം സ്ത്രീകളാണ് എപ്പോഴും ട്രോമാ ബോണ്ടിൽ ഇരകളാകുന്നത്.
ആരോഗ്യകരമായ ബന്ധങ്ങൾ എപ്പോഴും രണ്ടു പേരുടേയും വളർച്ചയ്ക്കും പുരോഗതിക്കും വഴിയൊരുക്കും. എന്നാൽ ട്രോമാ ബോണ്ടിൽ പങ്കാളിയെ ന ന്നാക്കിയെടുക്കാമെന്ന പ്രതീക്ഷയിൽ നിങ്ങൾ സ്വയം മറന്നു ഹോമിച്ചും സേവനം ചെയ്തുമിരിക്കും.
മാന്യതയുടെ മുഖംമൂടിയണിഞ്ഞവർ
ട്രോമാ ബോണ്ടിങ്ങിൽ വില്ലനാകുന്ന വ്യക്തിയുടെ അടിസ്ഥാന സ്വഭാവം എപ്പോഴും നാർസിസിസ്റ്റിന്റേതാകും. ചൂഷണങ്ങളിലേക്കു കടക്കുന്നതിനു മുൻപ് പ ങ്കാളിക്ക് ടെസ്റ്റ് ഡോസുകൾ നൽകുന്നതാണ് ഇവരുടെ രീതി. ഇതിനവർക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. ചെറിയ പിണക്കങ്ങൾ, പിടിവാശികൾ, പങ്കാളിയോടുള്ള സ്വാർഥത എന്നിങ്ങനെയാകും തുടക്കം. പങ്കാളി ഇതിനോടു അനുഭാവപൂർവം പ്രതികരിക്കുന്നുവെന്നു കാണുമ്പോൾ ഇവർ മനപ്പൂർവം കാഠിന്യം കൂട്ടും.പ്രശ്നങ്ങൾ പിടിവിട്ടു തുടങ്ങുന്ന പോയിന്റ് വരെ താനൊരു അബ്യൂസീവ് ബന്ധത്തിലാണെന്ന് ഇര തിരിച്ചറിയുകയേയില്ല. കാര്യങ്ങൾ മനസ്സിലാക്കി താൻ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ചു മറ്റൊരാളോടു പറഞ്ഞാൽ അവർക്കതു വിശ്വസിക്കാൻ പ്രയാസമായിരിക്കും. കാരണം, മാന്യതയുടെ മുഖം മൂടി ധരിച്ചുമാത്രമേ ട്രോമാ ബോണ്ടുകളിലെ വില്ലന്മാർ പുറത്തിറങ്ങുകയുള്ളൂ. സ്വന്തം വിജയത്തിനായി എന്തും പറയാനുള്ള മനസ്സ് ഇവർക്കുണ്ട്. ഉദാഹരണത്തിന് ഭർത്താവിൽ നിന്നു നിരന്തരമായി പീഡനം നേരിടുന്ന പെൺകുട്ടി അയാൾക്കെതിരെ പ്രതികരിച്ചാൽ അയാൾ പുറത്തെടുക്കുന്ന ആദ്യ ആയുധം അവളെ സമൂഹത്തിൽ മോശക്കാരിയായി ചിത്രീകരിക്കുകയാകും. സ്വയം സംരക്ഷിക്കാൻ പാകത്തിനുള്ള പഴുതുകളെല്ലാം ഒരുക്കിവയ്ക്കാൻ അവർക്കറിയാം.
ലക്ഷണങ്ങൾ
ട്രോമാ ബോണ്ടിങ്ങ് ഒരു അസുഖമല്ല. ട്രോമാ ബോണ്ടിലെ വില്ലന്മാരുടെയെല്ലാം പ്രവൃത്തികളിൽ ‘മനപ്പൂർവം’ എന്ന ഘടകമുണ്ട്. ട്രോമാ ബോണ്ടിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
∙ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്ന തരത്തിൽ അരക്ഷിതാവസ്ഥ നിറയുന്ന അന്തരീക്ഷം.
∙ നിങ്ങൾക്ക് ഒന്നിനെക്കുറിച്ചും തുറന്നു സംസാരിക്കാൻ സാധിക്കാതെ വരിക.
∙ സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും പ്രകടിപ്പിക്കാൻ ഭയക്കുക.
∙ നീളുന്ന വഴക്കുകൾ. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ.
ട്രോമാ ബോണ്ടിങ്ങിന്റെ ഏഴു ഘട്ടങ്ങൾ
1. ലൗ ബോംബിങ്ങ് – അയാൾ നിങ്ങളെ മനോഹരമായ വാക്കുകൾകൊണ്ടു വർണിക്കുകയും വാനോളം പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യും.
2. വിശ്വാസ്യത നേടിയെടുക്കൽ – എപ്പോഴും ഒപ്പമുണ്ടെന്നും ഏതു സാഹചര്യത്തിലും താങ്ങാകുമെന്നും തോന്നിപ്പിക്കും.
3. വിമർശനം – നിങ്ങൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോ ലും അയാൾ അറിയണം എന്നു വാശിപിടിക്കും. എന്തെങ്കിലും പറയാൻ മറന്നു പോയാലോ, ‘നിനക്ക് ഞാനാരുമല്ല, അല്ലേ?’ എന്ന സിംപതി കാർഡിറക്കി നിങ്ങളെ കുറ്റബോധത്തിലാഴ്ത്തും.
4. ഗ്യാസ് ലൈറ്റിങ്ങ് – മാനസികമായി പീഡിപ്പിച്ചശേഷം എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദി നിങ്ങളാണെന്ന് ധരിപ്പിക്കും. ‘ഞാനാണോ പ്രശ്നം?’ എന്ന തോന്നൽ നിങ്ങൾ പോലുമറിയാതെ നിങ്ങളുടെയുള്ളിൽ കുത്തിവയ്ക്കപ്പെടുന്നു.
5. സ്നേഹിക്കപ്പെടാനുള്ള കാത്തിരിപ്പ് – പങ്കാളിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാം എന്ന ചിന്തയിലേക്ക് അവർ നിങ്ങളെ എത്തിക്കുന്നത് ഈ ഘട്ടത്തിലാണ്. പ്രശ്നങ്ങൾ ഒഴിവാക്കുകയാണു നിങ്ങളുടെ ഉദ്ദേശം.
6. ലോസ് ഓഫ് സെൽഫ് – നിങ്ങൾ ആരാണ്, നിങ്ങളുടെ കഴിവുകൾ എന്തൊക്കെയാണ് എന്നു മെല്ലെ മറക്കും. സ്വയം ഒറ്റപ്പെട്ടു മാറി നിൽക്കുന്ന അവസ്ഥയിലേക്കു നിങ്ങളെത്തും. ഇവിടെ നിങ്ങളുടെ വ്യക്തിത്വവും വൈകാരികതയുമെല്ലാം പങ്കാളിക്കായി സമർപ്പിക്കും.
7. അഡിക്ഷൻ – വഴക്കുകൾക്കും സ്വസ്തതക്കുറവിനുമൊടുവിൽ ഇടയ്ക്കുകിട്ടുന്ന സ്നേഹത്തിനായി നിങ്ങ ൾ കാത്തിരിക്കും.
പുറത്തു കടക്കാം; ഉയർന്നു പറക്കാം.
പിരിമുറുക്കങ്ങൾ നിറയുന്ന സാഹചര്യങ്ങളിലെ ജീവിതം തീർച്ചയായും ശാരീരിക, മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠ, കോർട്ടിസോളിന്റെ അളവ് ക്രമാതീതമായി ഉയരുക, പാനിക് അറ്റാക്, ഓട്ടോ ഇമ്മ്യൂണോ രോഗങ്ങൾ തുടങ്ങിയവയിലേക്ക് ട്രോമാ ബോണ്ടിങ്ങ് നിങ്ങളെ എത്തിച്ചേക്കാം. വികാരങ്ങൾ ഉ ള്ളിലൊതുക്കാതെ പ്രതികരിക്കാൻ പഠിക്കണം.
ജീവിക്കുന്ന ഇടം തനിക്കു സുരക്ഷിതമല്ലാതെയാകുന്നുവെന്നു മകളോ മകനോ പരാതിപ്പെടുമ്പോൾ ധൈര്യമായി ഇറങ്ങി വരൂ, ഞങ്ങളുണ്ട് എന്നു മാതാപിതാക്കൾ ഉറപ്പു നൽകണം. സ്നേഹിക്കുന്നവരുടെ പിന്തുണ ന ഷ്ടപ്പെടുന്നിടത്താണു പലരും ജീവിതം അവസാനിപ്പിക്കുന്നതിനേക്കുറിച്ചു ചിന്തിക്കുന്നത്. ട്രോമാ ബോണ്ടിങ്ങിൽ അകപ്പെടുന്ന എല്ലാവരും ഉറ്റുനോക്കുന്നതു പിന്തുണയാണ്.
സ്വയം മുന്നോട്ടു വരാൻ ചില വഴികളിതാ
∙ മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെ യാഥാർഥ്യത്തെ രൂപീകരിക്കുന്നില്ല എന്ന തിരിച്ചറിവാണു പ്രധാനം
∙ പങ്കാളിയുമായി കൃത്യമായ അതിർത്തി വയ്ക്കാം.
∙ കാര്യങ്ങളെ ശരിയായി വിലയിരുത്താൻ സ്വയം ശ്രമിക്കുക.
∙ സ്വന്തം ഇഷ്ടങ്ങൾക്കു മുൻഗണന നൽകാം. ഉദാഹരണത്തിന്, നിങ്ങൾക്കിഷ്ടം അവിയലും പങ്കാളിക്കിഷ്ടം സാമ്പറുമാണെന്നു കരുതുക. ധൈര്യമായി അവിയൽ ഉണ്ടാക്കിക്കഴിക്കൂ.
∙ പങ്കാളി വഴക്കിനുള്ള വട്ടം കൂട്ടുമ്പോൾ പ്രതികരിക്കാതിരിക്കാം.
∙ നിശബ്ദതയാണെന്റെ ആയുധമെന്ന് ഉറപ്പിക്കുക.
∙ മൗലികാവകാശങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകണം.
∙ കാര്യങ്ങൾ ശരിയായ സമയത്തു ശരിയായ രീതിയിൽ അവതരിപ്പിക്കുക.
∙ പങ്കാളി ചൊടിപ്പിക്കാൻ പറയുന്ന വാക്കുകൾ മനസ്സിലേക്കെടുക്കാതെ അയാളുടെ പ്രവർത്തികൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക.
∙ സാമ്പത്തിക സ്വാതന്ത്ര്യം നിർബന്ധമായും നേടണം.
വിവരങ്ങൾക്കു കടപ്പാട്- ഡോ. സൈലേഷ്യ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മിത്ര ക്ലിനിക്ക്, കൊച്ചി