കാലപ്രവാഹത്തിനൊപ്പം മലയാളികളുടെ കാതോരം മോഡേൺ മ്യൂസിക് താളമിട്ടതറിഞ്ഞ് ആ പെൺകുട്ടി ഇമ്പമാർന്നൊരു പാട്ടുപാടി, ഉറക്കെ. queen of the night എന്നു തുടങ്ങുന്ന ഗാനം ‘ലോക’ എന്ന സിനിമയിലൂടെ മലയാളികൾ ഏറ്റുപാടിയതു ബാക്കി കഥ. ഒടുവിൽ, മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സേബയെ തേടി എത്തിയിരിക്കുന്നു.

സേബ എന്ന ഗായിക ആദ്യമായി പാടിയ സിനിമ ലോകയല്ല. കഴിഞ്ഞ പത്തുവർഷത്തോളമായി പിന്നണി ഗാന രംഗത്തുണ്ട് ഈ കോട്ടയം സ്വദേശി. അതേതൊക്കെ സിനിമകളെന്നു ചോദിച്ചാൽ ലിസ്റ്റ് ഇങ്ങനെ: ഇരുൾ എന്ന ചിത്രത്തിലെ ഷി ഇസ് എ സോങ്, ഫിലിപ്സ് എന്ന സിനിമയിലെ സദാ ഇനി ഇതാ, ഗരുഡനിലെ കൂരമ്പായ് പായുന്നോ, അം അ: എന്ന ചിത്രത്തിലെ ആരോരും എന്നു തുടങ്ങുന്ന പാട്ട്. സേബയെ സംബന്ധിച്ച് ലോകയിലെ ഗാനം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കാരണം, ആ പാട്ടിന്റെ വരികളെഴുതിയതും സേബയാണ്. ക്യൂൻ ഓഫ് ദ് നൈറ്റ് അഥവാ രാവിന്റെ റാണീ എന്നൊരു വിളിയോടെ തുടങ്ങുന്ന ഇംഗ്ലിഷ് ഗാനം – റിട്ടൻ ആൻഡ് സങ് ബൈ സേബ.

ADVERTISEMENT

ബിസിനസ് നെറ്റ്‌വർക്കിങ് ഇന്റർനാഷനലിന്റെ (ബിഎൻഐ) കോട്ടയം എക്സിക്യൂട്ടിവ് ഡയറക്ടർ ടോമി ജോസഫിന്റെയും റെനിയുടേയും മകളാണു സേബ. എറണാകുളത്തു രാജഗിരി സ്കൂളിലും തേവര സേക്രഡ് ഹാർട്ട് കോളജിലുമായി പഠനം പൂർത്തിയാക്കി. പിന്നീട് മുംബൈ ടാഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെസ്റ്റേൺ മ്യൂസിക് പരിശീലിച്ചു. ഒപ്പം, പാട്ടിനു വരികൾ എഴുതിത്തുടങ്ങി.

ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. മുംബൈയിലേക്കു മാറിയിട്ടു നാലഞ്ചു വർഷമേ ആയിട്ടുള്ളൂ – ടോമിയാണു മറുപടി പറഞ്ഞത്. യങ് സിങ്ങറുടെ അച്ഛൻ മാത്രമല്ല മെന്ററും റോൾ മോഡലുമാണു വലിയ പറമ്പിൽ ടോമി ജോസഫ്. പത്തിരുപതു വർഷം മുൻപ് മസിനഗുഡിയിലേക്ക് ടൂർ പോയപ്പോൾ കാറിലിരുന്ന് ‘ആടി വാ കാറ്റേ’ പാടിയ അഞ്ചു വയസ്സുകാരിയെ പാട്ടിന്റെ പാതയിലേക്കു വഴിനടത്തിയതു ടോമിയാണ്. കുരിശുവരച്ചു കിടന്നുറങ്ങും മുൻപ് ക്രിസ്തുവിനെ സ്തുതിച്ചു പ്രാർഥന ചൊല്ലിയ ഭാര്യ റെനിയോട് അക്കാലത്തു തന്നെ ടോമി പറഞ്ഞിരുന്നു; ഇവളൊരു പാട്ടുകാരിയാകും.

ADVERTISEMENT

മകൾ അച്ഛന്റെ പ്രതീക്ഷ തെറ്റിച്ചില്ല. സ്കൂൾ പഠനത്തിനൊപ്പം കർണാടിക് സംഗീതം പരിശീലിച്ചു. ഒപ്പം മോഡേൺ മ്യൂസിക്കിലും പരീക്ഷണം തുടങ്ങി. സ്വന്തം ഈണത്തിന് ഇഴചേരുന്ന ട്രാക്കുകൾ ഇംഗ്ലിഷ് സംഗീതവുമായാണു ചേർന്നു നിൽക്കുന്നതെന്ന് അവൾ കണ്ടെത്തി. അങ്ങനെയാണ് ‘സേബ ടോമി ലൈവ്’ എന്ന പേരിൽ യു ട്യൂബ് ചാനൽ ഉണ്ടായത്. പാട്ടുകാരി പെൺകുട്ടി പതിനേഴാം വയസ്സിൽ പൊടുന്നനെയൊരു ചാനലുമായി രംഗത്തു വരുകയായിരുന്നില്ല. പതിനഞ്ചു കൊല്ലം പാട്ടിനോടു കൂട്ടുകൂടിയ സഞ്ചാരം ഒടുവിലൊരു മ്യൂസിക് ബാൻഡായി രൂപപ്പെടുകയായിരുന്നു. അക്ഷരാർഥം അതൊരു പ്രയാണമായിത്തീർന്നു; ഒരു പെൺകുട്ടി പാട്ടിന്റെ പാലാഴി കടഞ്ഞുതിർത്ത സംഗീത പ്രവാഹം.

ADVERTISEMENT
ADVERTISEMENT