‘വേടന്റെ വരികളോട് എതിർപ്പില്ല, പക്ഷേ അവാർഡ് വേണ്ടിയിരുന്നില്ല’: വൈരമുത്തു–ചിന്മയി സംഭവം ഓർമിപ്പിച്ച് കുറിപ്പ് Controversy Surrounding Vedan's Best Lyricist Award
സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. മികച്ച ഗാനരചയിതാവായി റാപ്പർ വേടനെ തിരഞ്ഞെടുത്തതിലെ അനൗചിത്ര്യം ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ ചൂടുപിടിച്ചത്. വേടൻ അഭിമുഖീകരിക്കുന്ന സ്ത്രീപീഡന കേസുകളുടെ പശ്ചാത്തലത്തിൽ അവാർഡ് വേണ്ടിയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഡോ. മനോജ് വെള്ളനാട്. വേടന്റെ വരികൾ മികച്ചതാണ് എന്നതിൽ തർക്കമില്ല. പക്ഷേ അയാൾ അവാർഡിന് അർഹനാണെന്ന് വ്യക്തിപരമായി അഭിപ്രായമില്ലെന്ന് ഡോ. മനോജ് കുറിക്കുന്നു. എത്ര മഹത്തായതാണെങ്കിലും കലയ്ക്കും സാഹിത്യത്തിനും മുകളിലാണ് മാനവികതയെന്നും സമീപകാല വാർത്തകളെ മുൻനിർത്തി ഡോ. മനോജ് ഓർമിപ്പിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വേടന്റെ വരികൾ മികച്ചതാണ് എന്നതിൽ തർക്കമില്ല. അല്ലെങ്കിൽ തർക്കത്തിനില്ല. പക്ഷെ അയാൾ അവാർഡിന് അർഹനാണെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. അതും അയാൾ നിരവധി പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന കേസുകൾ നിലവിലുളളപ്പോൾ.
അയാൾക്കോ മറ്റാർക്കെങ്കിലുമോ ആവട്ടെ, ഒന്നല്ല നൂറ് പേരുമായി ബന്ധം ഉണ്ടെങ്കിലും അത് എന്നെയോ മറ്റുള്ളവരെയോ ബാധിക്കേണ്ടതോ ചർച്ച ചെയ്യേണ്ടതോ ആയ കാര്യമല്ല. അവ പരസ്പര സമ്മതത്തോടെ ആണെങ്കിൽ നമ്മളൊന്നും മൈൻഡ് ചെയ്യേണ്ട വിഷയമേ അല്ല.
പക്ഷെ, ഒരാൾ കലാകാരനെന്നോ സിനിമാക്കാരനെന്നോ സാഹിത്യകാരനെന്നോ രാഷ്‌ട്രീയക്കാരനെന്നോ ഒക്കെ സമൂഹം അയാൾക്ക് കൽപ്പിച്ചു നൽകുന്ന പ്രിവിലേജുകൾ മിസ് യൂസ് ചെയ്തിട്ടാണ് അത്തരം ബന്ധങ്ങൾ സ്‌ഥാപിക്കുന്നതെങ്കിൽ, ആ പ്രിവിലേജാണ് അയാളുടെ അബ്യൂസിനുള്ള മൂലധനമെങ്കിൽ അത് ക്രൈമാണ്. അവിടെ ആ പ്രിവിലേജുകൾ നൽകിയ സമൂഹത്തിനത് ചോദ്യം ചെയ്യാം. അവിടെ ഇരയാക്കപ്പെട്ടവരോട് ഐക്യപ്പെടലാണ് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പ്രയോറിറ്റി ആവേണ്ടത്. അയാളിലെ കലയെ ഉദ്ധരിക്കുക അല്ല.
എത്ര മഹത്തായതാണെങ്കിലും കലയ്ക്കും സാഹിത്യത്തിനും മുകളിലാണ് മാനവികത. അതില്ലാതെ കല മാത്രം പരിപോഷിപ്പിക്കാനാണെങ്കിൽ കല കൊണ്ടെന്തർത്ഥം?
മുൻപ് വൈരമുത്തുവിന് ഓ എൻ വി പുരസ്കാരം കൊടുക്കാൻ തീരുമാനിച്ചപ്പോൾ കേരളത്തിലെ സാംസ്‌കാരിക സമൂഹത്തിലെ ഭൂരിഭാഗം പേരും അതിനെ എതിർത്തു. അയാൾ വർഷങ്ങൾക്ക് മുൻപ് തന്റെ പ്രിവിലേജുകൾ ചിൻമയി എന്ന ഗായികയെ അബ്യൂസ് ചെയ്യാൻ ഉപയോഗിച്ചു എന്നതായിരുന്നു കാരണം. അയാളുടെ പാട്ടുകളാണ് തമിഴിലെ ഏറ്റവും മികച്ചവ എന്ന് ആർക്കും തർക്കമില്ലാത്തപ്പോൾ തന്നെ. ഒടുവിൽ ആ അവാർഡ് പിൻവലിച്ചു.
വേടന്റെ വരികളോട് ഒരെതിർപ്പുമില്ല. അതിൻ്റെ ക്വാളിറ്റിയിലും തർക്കമില്ല. പക്ഷെ അവാർഡ് വേണ്ടിയിരുന്നില്ല. 🤷🏽
മനോജ് വെള്ളനാട്