‘മാറിനിന്നില്ലെങ്കിൽ പരാതിപ്പെടും’; പുകവലി ചോദ്യം ചെയ്തതിന്റെ വൈരാഗ്യം, സുരേഷ് പെണ്‍കുട്ടികളെ ആക്രമിച്ചതിന് പിന്നില്‍... റിമാൻഡ് റിപ്പോര്‍ട്ട്
കേരളാ എക്‌സ്പ്രസിൽ നിന്നു പെൺകുട്ടിയെ പുറത്തേക്കു ചവിട്ടിവീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിന്റെ പേരിലെന്നു റിമാൻഡ് റിപ്പോർട്ട്. വർക്കലയ്ക്കടുത്തുവച്ച് പുകവലിച്ചു കൊണ്ട് അടുത്തേക്കെത്തിയ ഇയാളോട് ‘മാറി നിന്നില്ലെങ്കിൽ പരാതിപ്പെടും’ എന്നു ശ്രീക്കുട്ടിയും കൂട്ടുകാരി അർച്ചനയും പറഞ്ഞു. പ്രകോപിതനായ സുരേഷ് ശ്രീക്കുട്ടിയെ (19) ആക്രമിച്ചു. ഇതുകണ്ടു നിലവിളിച്ച അർച്ചനയെയും ചവിട്ടിയെങ്കിലും സുരേഷിന്റെ കാലിലും ഡോറിലും പിടിച്ചു തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെട്ടു.
വധശ്രമം അടക്കം 6 വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിർണായക സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തെയും 2 ബാറുകളിൽ മദ്യപിച്ച ശേഷമാണ് സുരേഷ് സുഹൃത്തിനൊപ്പം കേരള എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചിൽ കയറിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്രീക്കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അണുബാധയോ മറ്റു പ്രശ്നങ്ങളോ ഇല്ല. മരുന്നുകൾ വേഗത്തിൽ ഫലിക്കുമെന്നാണു വിലയിരുത്തൽ.
പ്രതി കയറിയത് കോട്ടയത്തു നിന്ന്
കേരള എക്സ്പ്രസിൽനിന്നു തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടിയെ (19) ചവിട്ടി പുറത്തേക്കിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി സുരേഷ് കുമാർ ട്രെയിനിൽ കയറിയതു കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നാണെന്നു കണ്ടെത്തി. കോട്ടയം സ്റ്റേഷനിൽനിന്ന് എടുത്ത ലോക്കൽ ടിക്കറ്റ് പ്രതിയുടെ കൈയിൽനിന്നു ലഭിച്ചെന്നാണു വിവരം.
ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിൽ നിന്നാണു പ്രതി ശ്രീക്കുട്ടിയെ തള്ളിയിട്ടത്. കോട്ടയം സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ എത്തുന്നത്. പ്ലാറ്റ്ഫോമിന്റെ അവസാന ഭാഗത്താണു ജനറൽ കോച്ച് നിൽക്കുന്നത്. ഈ ഭാഗത്തുനിന്നു ട്രെയിനിൽ കയറുന്നവരെ നിരീക്ഷിക്കാൻ ഒരു സിസിടിവി ക്യാമറ മാത്രമാണുള്ളത്. ഇതിൽ സുരേഷിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.
പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണു വിവരം. പ്രതി എന്തിനു കോട്ടയത്തെത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയം സ്റ്റേഷനിൽ നിന്നാണു താൻ കയറിയതെന്നു പ്രതി മൊഴി നൽകിയിരുന്നു.