രക്തത്തിൽ കുളിച്ചുകിടന്ന ശ്രീക്കുട്ടിയുടെ രക്ഷയ്ക്കെത്തിയത് ‘മെമു’; ലോക്കോപൈലറ്റ് മഹേഷിനു അഭിനന്ദന പ്രവാഹം, പരിശോധന ശക്തമാക്കി റെയിൽവേ
ട്രെയിനിൽ നിന്നുവീണ ശ്രീക്കുട്ടിയെ കണ്ടെത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്ത ലോക്കോപൈലറ്റ് എൻ.വി. മഹേഷിന് അഭിനന്ദനപ്രവാഹം. വർക്കലയ്ക്കടുത്ത് ശ്രീക്കുട്ടിയെ തള്ളിയിട്ട സമയം എതിർദിശയിൽ വന്ന കന്യാകുമാരി– കൊല്ലം മെമുവിലെ ലോക്കോ പൈലറ്റാണു മഹേഷ്. കടയ്ക്കാവൂർ എത്തിയപ്പോഴാണു യാത്രക്കാരി വീണെന്ന സന്ദേശം ലഭിച്ചത്.
വര്‍ക്കല റയില്‍വെ സ്റ്റേഷന് 1.5 കിലോമീറ്റര്‍ അകലെ അയന്തി മേല്‍പാലത്തിന് സമീപമാണ് പെണ്‍കുട്ടി വീണത്. തുടർന്ന് ട്രെയിൻ വേഗം കുറച്ചാണു പോയത്. വർക്കലയ്ക്കു സമീപം 2 ട്രാക്കുകൾക്കും ഇടയിലായി കമഴ്ന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി.
പൊലീസും നാട്ടുകാരും ആ സമയം സ്ഥലത്തെത്തി. ട്രാക്കില്‍വീണ പെണ്‍കുട്ടിയെ രക്ഷപെടുത്തി വര്‍ക്കലയില്‍ എത്തിച്ചത് മെമുവിലാണ്. ആംബുലന്‍സിന് എത്താന്‍ കഴിയാത്ത സ്ഥലമായിരുന്നു. എല്ലാവരും ചേർന്നു പെൺകുട്ടിയെ ട്രെയിനിന്റെ ആദ്യ കോച്ചിൽ കിടത്തി വർക്കല സ്റ്റേഷനിൽ എത്തിച്ചു. അവിടെനിന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ട്രെയിനുകളിൽ പരിശോധന ശക്തമാക്കി: റെയിൽവേ
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന ശക്തമാക്കാൻ റെയിൽവേ സുരക്ഷാസേനയും കേരള റെയിൽവേ പൊലീസും ചേർന്ന് നടപടികൾ തുടങ്ങിയതായി തിരുവനന്തപുരം ഡിവിഷൻ അധികൃതർ. ഓരോ ട്രെയിനിലെയും സാഹചര്യം വിലയിരുത്തി സുരക്ഷ കൂട്ടും. എസ്കോർട്ട് ഡ്യൂട്ടി കാര്യക്ഷമമാണോയെന്ന് ആർപിഎഫ് ഇൻസ്പെക്ടർമാർ പരിശോധിക്കും. ഇൻസ്പെക്ടർമാരും ട്രെയിനിൽ എസ്കോർട്ട് ഡ്യൂട്ടി ചെയ്യും. ആർപിഎഫ് ഇന്റലിജൻസ് വിഭാഗം മറ്റ് ഇന്റലിജൻസ് ഏജൻസികളുമായി സഹകരിച്ചു കുറ്റകൃത്യങ്ങൾ തടയും.
വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരുള്ള ‘മേരി സഹേലി ടീം’ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുമായി സംസാരിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ആർപിഎഫ് കൺട്രോൾ രാത്രികാല ട്രെയിൻ സർവീസുകളിൽ കൂടുതൽ ശ്രദ്ധിക്കുകയും കേരള റെയിൽവേ പൊലീസും ഫീൽഡ് യൂണിറ്റുകളുമായി ചേർന്നു സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
അനധികൃത യാത്രക്കാർക്കെതിരെയും വാതിൽപ്പടിയിൽ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കും ദിവസവും 105 ആർപിഎഫ് ഉദ്യോഗസ്ഥരും 57 റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും ഡിവിഷനിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. 315 കോച്ചുകളിൽ സിസി ടിവി ക്യാമറകളുണ്ട്.യാത്രയ്ക്കിടയിൽ അസ്വാഭാവികമായി ആളുകൾ പെരുമാറുന്നതു ശ്രദ്ധയിൽപ്പെട്ടാൽ 139ൽ വിവരം നൽകാം.