ദേശീയ കാൻ‌സർ അവബോധ ദിനമാണ് വെള്ളിയാഴ്ച. കരളുരുക്കുന്ന കാൻസർ വേദനയിലും കരുത്തോടെ നിൽ‌ക്കുന്നവർക്ക് പിന്തുണ നൽ‌കുന്ന ദിനം. കാൻസറിന്റെ വേരുകൾ ഉള്ളിൽ മൊട്ടിട്ട നാള്‍ മുതൽ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചും ജീവിത പ്രതിസന്ധികളെ കുറിച്ചും തുറന്നെഴുതുകയാണ് ലിജി പന്തലാനി.

സ്തനാർബുദം വേരാഴ്ത്തിയ നിമിഷം തൊട്ട് ജീവിതം തിരിച്ചു പിടിക്കാൻ താൻ പെട്ട പെടാപ്പാടിനെ കുറിച്ചാണ് ലിജിയുടെ അനുഭവ കുറിപ്പ്. സ്കാനിങ്ങുകളുടെയും ടെസ്റ്റുകളുടെയും ഘോഷയാത്രയിലൂടെ കാൻസറിനെ തോൽപ്പിക്കിനിറങ്ങിയ തന്നിലെ പോരാളിയെ കുറിച്ച് ലിജി വികാരനിർഭരമായി പങ്കുവയ്ക്കുന്നു. വേദനയുടെ നിമിഷങ്ങളിൽ കണ്ണീരൊപ്പിയ കുടുംബത്തെ കുറിച്ചും ലിജി കുറിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് ലിജിയുടെ കുറിപ്പ്.

ADVERTISEMENT

ലിജി വനിത ഓൺലൈനോട് പങ്കുവച്ച കുറിപ്പ് ചുവടെ:

കാൻസറിന്റെ ചിരിചിന്തകൾ

ADVERTISEMENT

.....................................................

പഠിക്കാതെ പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ ലാഘവത്തോടെയാണ് ഞാൻ ബയോപ്സി റിസൾട്ടിന് ഡോക്ടറെ സമീപിച്ചത്. കാൻസർ ആയിരിക്കും എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും ഡോക്ടർ സ്തനാർബുദം സ്ഥിരീകരിച്ചപ്പോൾ ഏതൊരാളെയും പോലെ ഞാനും പകച്ചു പോയി കേട്ടോ .

ADVERTISEMENT

രണ്ട് സ്തനങ്ങളും എടുത്ത് കളയണം എന്നൊക്കെ കേൾക്കുമ്പോൾ ഏത് പെണ്ണിനാണ് സങ്കടം തോന്നാത്തത് ഇല്ലേ?

എനിക്ക് കരയാൻ മുട്ടീട്ട് വയ്യാരുന്നു. എങ്കിലും
വീട്ടിൽ ചെന്നിട്ട് കരയാം എന്ന് കരുതി ഓടിക്കിതച്ചെത്തിയ കരച്ചിലിനെ അറിയാവുന്ന ചീത്ത എല്ലാം വിളിച്ച് ഞാനങ്ങടക്കി.

അപ്പോളാണ് എന്നോട് അനുകമ്പ തോന്നിയ ഒരു നഴ്സ് എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞത് "മക്കളൊക്കെ ചെറുതാണല്ലേ ....സാരമില്ല, പ്രാർത്ഥിക്കാം കേട്ടോ"

മക്കളെ അനാവശ്യമായി തൊട്ടു കളിച്ചതും ഞാനടക്കിനിർത്തിയ കണ്ണീർ സർവ്വായുധങ്ങളുമായി അവരെ ആക്രമിക്കാൻ തുടങ്ങി. അതോടെ ആശ്വസിപ്പിച്ച് കരയിച്ച നഴ്സ് മുങ്ങി.

ഭർത്താവ് എല്ലാം വിശദമായി ഡോക്ടറോട് ചോദിക്കുന്നതിനിടയിൽ നിഷ്കളങ്കമായ ഒരു ചോദ്യം എറിഞ്ഞു. "എന്തുകൊണ്ടാണ് സ്തനാർബുദം വന്നത്."

"പെണ്ണായതുകൊണ്ട് " എന്ന ഡോക്ടറുടെ മറുപടി കേട്ട് എന്നിട്ടെന്താ എല്ലാ പെണ്ണുങ്ങൾക്കും വരാത്തത് എന്ന തികട്ടിവന്ന മറുചോദ്യം വിഴുങ്ങി ഞാൻ ഭർത്താവിനെ നോക്കി പൊട്ടിച്ചിരിച്ചു.

എന്നെ സ്നേഹിക്കുന്നവർ ഇത്രയധികം ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് വീട്ടിലെത്തിയപ്പോഴാണ് . സ്നേഹവും ധൈര്യവും പകരാൻ ഒരു പാട് പേർ....

പെങ്ങളെ കാണാൻ ചങ്ങനാശേരിക്ക് ഒന്നു വാ.. തേങ്ങാപ്പാൽ ഒഴിച്ച് വച്ച നല്ല നാടൻ താറാവ് കറിയും പാലപ്പവും കപ്പയും ബീഫും ഒക്കെ ഉണ്ടാക്കി തരാം എന്ന് കൊതിപ്പിച്ച് വിളിച്ചാലുഠ ജോലി തിരക്കും പിന്നെ പശുവിന്റെയും ആടിന്റെയും ഒക്കെ നോട്ട കണക്കും പറഞ്ഞ് ഒഴിവായി നിൽക്കുന്ന ആങ്ങളമാർ ഇതാ പറന്നെത്തിയിരിക്കുന്നു.

ഓ! പെങ്ങളെ അവസാനമായി കാണാൻ വന്നതാവും എന്ന മട്ടിൽ കെറുവ് കാണിച്ച് മഞ്ജു വാര്യർ സ്റ്റൈലിൽ കിറിയൊന്ന് കോട്ടി കൊഞ്ഞനം കാണിച്ച് ആരേയും മൈൻഡ് ചെയ്യാതെ ഞാൻ അകത്തേക്ക് കയറി പോയി.

ന്നെ ഇനി ഞങ്ങൾ വിടില്ല ടീ എന്ന ഭാവത്തിൽ അവർ എന്റെ പിന്നാലെകൂടി സംസാരിച്ച് കോമ്പ്രമൈസിലെത്തി.

അധികം സംസാരിച്ചില്ലെങ്കിലും പെരുത്ത സ്നേഹമാണ് കേട്ടോ പഹയന്മാർക്ക്സ ആ സ്നേഹമഴയിൽ കുളിച്ച് തോർത്തി ഞാനങ്ങ് ഉഷാറായിട്ടോ...

അടുത്ത ഊഴം പരിചയമുള്ള ഒരു ചേച്ചിയുടേതായിരുന്നു . "മോളേ ലിജി, പേടിക്കാനൊന്നുമില്ല കേട്ടോ . ചികിത്സിച്ചാൽ മതി മാറിക്കോളും ... എന്റെ ഒരു കൂട്ടുകാരിക്ക് ഇതുപോലെ സ്തനാർബുദമായിരുന്നേ.."

"എന്നിട്ട് എല്ലാം മാറിയോ ചേച്ചി " ആകാംക്ഷയോടെ ഞാൻ തിരക്കി.

"ങ് ഹാ... കുറെ ചികിത്സിച്ചേ .. പൈസയും കുറെ ആയി ... "

"എന്നാലെന്താ ആൾക്ക് എല്ലാം ഭേദമായില്ലേ."

"ഓ . എവിടുന്ന് . ആള് മരിച്ചു പോയി ... ഞാൻ പ്രാർത്ഥിക്കാം കേട്ടോ "

ഒരു നിമിഷം കണ്ണ് മിഴിച്ച് ഞാൻ നിന്നു പോയി. ചേച്ചി ഒന്നും സംഭവിക്കാത്തതു പോലെ ബൈ പറഞ്ഞിറങ്ങി.

എന്തൊരു മോട്ടിവേഷൻ അല്ലേ!

ആ ചേച്ചിയുടെ നിഷ്കളങ്കത കൊണ്ട് പറഞ്ഞു പോയതാണ് കേട്ടോ . പാവം .

അല്ലേലും മരണത്തെ എന്തിന് ഭയക്കണം. ഈ ഭൂമിയിലേക്ക് പിറന്ന് വീഴുമ്പോൾ നമ്മൾ ഒറ്റക്കാവരുതല്ലോ എന്ന് കരുതി ഈശ്വരൻ കൂടെ പറഞ്ഞു വിടുന്ന സുഹൃത്താണ് മരണം. അവനെ വല്ലാണ്ടങ്ങ് സ്നേഹിക്കരുതെന്ന് മാത്രം. അല്ലെങ്കിൽ ജീവിക്കാൻ സമയം ഉണ്ടാവില്ല.

ഞാൻ വേദനിക്കരുതല്ലോന്ന് കരുതി ഇങ്ങനുള്ള കൂടിക്കാഴ്ച കളും ഫോൺ വിളികളും ഒഴിവാക്കാൻ ഭർത്താവ് നിർദ്ദേശിച്ചു.

എന്നാൽ ഞാൻ എല്ലാം ആസ്വദിക്കുകയായിരുന്നു.

പണ്ടൊരിക്കൽ ഒരു അയൽവാസിയെ കാണാൻ കാരിത്താസ് ആശുപത്രിയിൽ എത്തിയപ്പോൾ വണ്ടി പാർക്ക് ചെയ്തിട്ട് വരാന്ന് പറഞ്ഞ് ഭർത്താവ് എന്നെ ഇറക്കിവിട്ടത് ഓങ്കോളജി ഡിപ്പാർട്ട്മെന്റിന്റെ മുന്നിൽ ! അന്ന് മുടിയൊന്നുമില്ലാതെ ഇറങ്ങി വരുന്ന മനുഷ്യ കോലങ്ങളെ കണ്ട് നിൽക്കാൻ മനസിന് ശേഷിയില്ലാതെ ഞാൻ കണ്ണടച്ചു നിന്നിടത്തേക്കാണ് വർഷങ്ങൾക്ക്‌ ശേഷം ഈശ്വരൻ എന്നെ ഇറക്കിവിട്ടത്... ഈശ്വരന്റെ ഒരു തമാശ കണ്ടോ . ചിരിപ്പിച്ച് കരയിപ്പിച്ച് കളയും ...കള്ളൻ !

സ്കാനിങ്ങുകളുടെയും ടെസ്റ്റുകളുടെയും ഘോഷയാത്രയിലൂടെയാണല്ലോ കാൻസറിനെ തോല്പിക്കാനുള്ള നമ്മുടെ അങ്കപുറപ്പാട്. MRI ഒരു ട്രെയിൻ പോകുന്ന ശബ്ദ കോലാഹലങ്ങളെ ഓർമ്മിപ്പിക്കുമെങ്കിൽ PET scan തൂക്കാൻ വിധിച്ചവനെ condemned cell ൽ അടച്ച പോലത്തെ അവസ്ഥ. ഒറ്റക്ക് ഒരു കുഞ്ഞു മുറിയിൽ വയറ് നിറച്ച് കുടിക്കാൻ വെള്ളവും ഇടക്കിടക്ക് ഇൻജക്ഷനും തന്ന് നിശബ്ദതയുടെ മതിൽക്കെട്ടിനുള്ളിൽ മണിക്കൂറുകളോളം ഇരിക്കുമ്പോൾ അപ്പുറത്തെ മുറികളിൽ നിന്നും പ്രായമായ അച്ചായന്മാർ എനിക്ക് പേടിയാവുന്നേ ... എനിക്ക് മുള്ളാൻ മുട്ടുന്നേ എന്നൊക്കെ വിളിച്ചു പറയുമ്പോൾ അല്പം തമാശൊക്കെ ആദ്യം തോന്നിയാലും അതുക്കും മേലെ സങ്കടം തന്നെയായിരുന്നു.

കുത്തിവയ്പും സൂചിയും ഒക്കെ കണ്ട് പേടിച്ചോടുന്നവരുടെ സകല പേടിയും മാറിക്കിട്ടും ഈ ചികിത്സ കഴിയുമ്പം.. ഞരമ്പ് കിട്ടാതെ നേഴ്സുമാർ കാട്ടുന്ന പരാക്രമം കാണുമ്പോൾ ഓർക്കും നമ്മൾ ഇനി വല്ല മോർച്ചറിയിലും ആണോ കിടക്കുന്നേ എന്ന്. അല്ലാന്ന് ഓർമ്മിപ്പിക്കാൻ എല്ലാം കഴിയുമ്പോൾ ഒരു ചോദ്യമുണ്ട് - വേദനിച്ചില്ലല്ലോ എന്ന് . ചിരിക്കുകയല്ലാതെ എന്താ ചെയ്ക...

നല്ല സുഹൃത്തുക്കളും സൗഹൃദങ്ങളും വലിയൊരു അസ്സെറ്റായിരുന്നു എന്നും എനിക്ക് . പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളിലൂടെ ലഭിച്ച കുറെ നല്ല സൗഹൃദങ്ങളുണ്ടായിരുന്നു.കുറച്ചു ദിവസമായി അവരുടെ കോളുകൾ മനപൂർവ്വം ഒഴിവാക്കി... മനസ്സൊന്ന് ശാന്തമായിട്ട് സംസാരിക്കാം എന്നേ കരുതിയുള്ളു.

ഫോൺ എടുക്കാതായപ്പോൾ വാട്സാപിൽ മെസ്സേജുകൾ എത്തി.

"എന്നാടീ തെണ്ടീ നിനക്ക് ഫോൺ എടുത്താൽ ... നീയെന്നാ പെറ്റു കിടക്കുവാണോ ...." .

തെളിഞ്ഞ സൗഹൃദത്തിന്റെ നിഷ്കളങ്കമായ പ്രകടനം . ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ ആത്മാർത്ഥ സുഹൃത്തുക്കൾക്കല്ലാതെ ആർക്കാ കഴിയുക.

മറുപടി കൊടുക്കും മുൻപേ അവർ വീട്ടിലെത്തി. പിന്നെ ചീത്തവിളികളുടെ തൃശൂർ പൂരമായിരുന്നു. അതിന്റെ ശബ്ദമനോഹാരിതയിൽ പാതി ചത്ത എന്റെ മനസ്സ് പുനർജീവിച്ചു.

നീണ്ട മുടി കൊഴിഞ്ഞ് പോകുന്നത് വലിയൊരു സങ്കടം തന്നെയായിരുന്നു. അതറിഞ്ഞ കൂട്ടുകാരികൾ ഒരേ സ്വരത്തിൽ പറഞ്ഞു " നിന്റെ മുടി കൊഴിഞ് തുടങ്ങുമ്പോൾ നമുക്ക് ഒരുമിച്ച് മൊട്ടയടിക്കാം ... "

അവർക്ക് മുന്നിൽ ഞാനിപ്പോൾ നേഴ്സറി കുട്ടിയായല്ലോ ഈശ്വരാ

തലയിൽ നിന്ന് ഒരു മുടി കൊഴിയുമ്പഴേ എന്റെ കെട്ട്യോനോട് വഴക്കായിരുന്നു.." ഇങ്ങനെ പോയാൽ മുടിയെല്ലാം പോയി മൊട്ടത്തലച്ചിയാകുമേ.. മരുന്ന് വാങ്ങി തായോ .."

കെട്ട്യോൻ അല്ല ഈശ്വരനാണ് പരിഹാരം ഉണ്ടാക്കിതന്നത് എന്ന് മാത്രം.

മുടി ഊർന്നിറങ്ങി ജട പിടിച്ച് പോകാൻ ഞാനും സമ്മതിച്ചില്ല. കൊഴിയുന്നതിനുമുമ്പേ മുടി മുറിച്ച് കാൻസർ രോഗികൾക്ക് ഫ്രീയായി വിഗ്ഗ് ഉണ്ടാക്കി കൊടുക്കുന്ന സർഗ്ഗ ക്ഷേത്രയിൽ ഏല്പിച്ചു.എന്നിട്ട് തല ഷേവ് ചെയ്ത് ക്ലീനാക്കി. എന്നോടാ കളി

6 വയസ്സുള്ള എന്റെ വാവച്ചി എന്റെ മിനുസമുള്ള തലയിലൂടെ കൈയോടിച്ചിട്ട് ഒരു മനശാസ്ത്രജ്ഞയെ പോലെ പറഞ്ഞു.

" ഇപ്പഴാ അമ്മയെ കാണാൻ സുന്ദരി "

എന്റെ മൊട്ടത്തലയെ ഒരുപാട് സ്നേഹിച്ച മറ്റൊരു കൂട്ടരുണ്ടായിരുന്നു - കൊതുകുകൾ അവറ്റകൾ സുഖമായി എന്റെ തലയിലിരുന്ന് താണ്ഡവനൃത്തമാടി. അവസാനം തൊപ്പി വച്ച് ഞാനവയെ പ്രതിരോധിക്കുകയായിരുന്നു.

ആദ്യത്തെ കീമോതെറാപിക്കായി ഞാനും അനുജത്തിയും സുഹൃത്തും കൂടി കീമോ എടുക്കുന്ന റൂമിന്റെ വെളിയിൽ കാത്തിരിക്കുമ്പോൾ ഒരു നേഴ്സ് വന്ന് കീമോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലീഫ്‌ലെറ്റ് തന്നു . അതിൽ ടോയിലറ്റിൽ പോയിട്ട് കൈ ആന്റി സെപ്റ്റിക് ലോഷൻ ഉപയോഗിച്ച് നല്ലതുപോലെ കഴുകണം എന്ന് ഭാഗം അനിയത്തി വായിച്ചപ്പഴേ സുഹൃത്തിന്റെ കമന്റ് വന്നു

" ഇത്ര കൃത്യമായിട്ട് ഇത് അവരെങ്ങനെ അറിഞ്ഞു "

ഇത് കേട്ട് പൊട്ടിച്ചിരിച്ചിരിക്കുമ്പോൾ മറ്റൊരു നേഴ്സ് വന്ന് ചോദിച്ചു

" ആരാ പേഷ്യന്റ്

ഛർദ്ദിക്കാതിരിക്കാനുള്ള ഒരു ടാബ്ലറ്റ്‌ കൊടുക്കാനാ "

എന്നെ കളിയാക്കിയതല്ലേ ,. എന്നാൽ ഒരു പണി കൊടുത്ത് കളയാം എന്ന് കരുതി കേട്ടപാടേ സുഹൃത്തിനെ ചൂണ്ടി ഞാൻ പറഞ്ഞു.

" ഇതാ ഇവൾക്കാ എപ്പോഴും ഛർദ്ദിക്കാൻ മുട്ടൽ. അവിടെ കൊടുത്തേക്ക് "

നേഴ്സ് ഗുളിക അവളെ ഏല്പിച്ചിട്ട് പോയി.. ഞാൻ രോഗിയാണെന്ന ചിന്ത എന്നിൽ നിന്ന് വിട്ടു പോയിരിക്കുന്നു കാഴ്ചക്കാർക്കും അത് അനുഭവവേദ്യമായിരിക്കുന്നു.

റേഡിയേഷന്റെ സമയത്ത് അർദ്ധ നഗ്നയായി ടേബിളിൽ കണ്ണടച്ച് കിടക്കുമ്പോൾ ഡിഗ്രി ക്ലാസ്സിലെ ഇംഗ്ലീഷ് പ്രൊഫസർ ആനി മിസ്സിന്റെ വാക്കുകൾ ഓർമ്മകളിലൂടെ മിന്നി മറഞ്ഞു.

" ഒരു പ്രസവം കഴിയുമ്പോൾ പെണ്ണിന്റെ നാണമൊക്കെ പമ്പ കടക്കും "

ആ നാണം ഉണ്ടാകാതിരിക്കാനല്ലേ ഞാൻ കണ്ണടച്ച് കിടന്നേ

മനുഷ്യന്റെ കോലം കെടുത്തുന്ന വർഗ ശത്രുവിനു മുന്നിൽ എന്ത് നാണം , എന്ത് നാണക്കേട്... ജീവൻ നിലനിർത്താനുള്ള തത്രപ്പാട് മാത്രം

ലിജി പന്തലാനി

English Summary:

Cancer awareness day focuses on supporting those bravely facing cancer. Liji Panthalani shares her experience of battling breast cancer and finding strength through family and friends.