‘‘അവൾ ഞങ്ങൾക്കൊപ്പം എൻ.എസ്.എസ്സിൽ പ്രവർത്തിച്ചിരുന്ന കുട്ടിയാണെങ്കിലും അവളുടെ അവസ്ഥയെ കുറിച്ചൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. എൻഎസ്എസ്സിന്റെ ഓൾ ഇന്ത്യ സെക്രട്ടറിയായിരുന്ന ആ കുട്ടി മറ്റുള്ളവരെ സഹായിക്കാൻ  എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. രണ്ട് വർഷത്തോളം സംഘടനയെ മുന്നോട്ട് നയിച്ച് ബെസ്റ്റ് വോളന്റിയർ പദവിയും കിട്ടിയിരുന്നു.’ അനഘയെ കുറിച്ച് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അബ്ദുള്ള ഷാ.

തിരൂർ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് അനഘ എസ്.എൽ. ചരിത്രത്തിൽ ബിരുദാനന്തരബിരുദം പാസൗട്ട് ആയത്. എൻഎസ്എസിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ‘സ്നേഹ ഭവനം’ പദ്ധതിയിൽ വീടു വച്ചു കൊടുക്കുന്ന ചർച്ചയ്ക്കിടയിലാണ് അനഘ തന്നെ ‘പറ്റുമെങ്കിൽ എനിക്കൊരു വീട് വച്ച് തരാമോ?’ എന്ന് ചോദിക്കുന്നത്. രണ്ട് മാതാപിതാക്കളേയും നഷ്ടപ്പെട്ട അനഘയ്ക്ക് അവരിൽ നിന്നും ലഭിച്ച അഞ്ചു സെന്റ് ഭൂമി സ്വന്തമായി കിട്ടിയിരുന്നു. കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തുള്ള കായെണ്ണ ഗ്രാമ പഞ്ചായത്തിലെ കുറ്റിവയലിലാണ് അനഘയ്ക്കായി സഹപാഠികൾ ചേർന്ന് പതിനൊന്നര ലക്ഷത്തിന്റെ വീട് പണിതു നൽകുന്നത്.

ADVERTISEMENT

വോളന്റിയേഴ്സായ സഹപാഠികൾ തന്നെയാണ് വീടിനാവശ്യമായ എല്ലാ തുകയും കണ്ടെത്തിയതും പിരിച്ചതും. അതിൽ സ്വന്തം മക്കളുടെ കല്യാണ ചിലവിനു വച്ച പൈസയിൽ നിന്ന് ഒരു ലക്ഷ്യം തന്നൊരാൾ മുതൽ അധ്യാപകരും സ്കൂളിലെ മറ്റ് ജോലിക്കാരും സമൂഹത്തിലെ പല തുറകളിലുള്ളവരുമൊക്കെയുണ്ട്.

മെയ് 4ാം തീയതി പ്രഫസർ ഗീതാകുമാരിയുടെ മേൽനോട്ടത്തിലാണ് വീടുപണി തുടങ്ങുന്നത്. ഈ വരുന്ന നവംബർ 9ാം തീയതിയാണ് വീട് കൈമാറുന്ന ചടങ്ങ്. കുട്ടിയുടെ വീടിന്റെ തൊട്ടടുത്ത് തന്ന ബന്ധുക്കളും താമസിക്കുന്നുണ്ട്, എന്നാൽ അവരൊന്നും സാമ്പത്തികമായി അത്ര മുന്നാക്കം നിൽക്കുന്നവരല്ല.

ADVERTISEMENT

എല്ലാവർക്കും വേണ്ടി നിന്നവൾക്ക്...

800 സ്ക്വയർഫീറ്റുള്ള വീട്ടിൽ രണ്ടു മുറികൾ, ഹാൾ, അടുക്കള, വർക്ക് ഏരിയ, രണ്ട് കുളിമുറികൾ, ഒരു സിറ്റ്ഔട്ട് എന്നിവയടങ്ങിയതാണ് വീട്. ഒപ്പം പഴയ കിണർ നവീകരിക്കുകയും വഴി വെട്ടി വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കറന്റിനും വെള്ളത്തിനുമുള്ള സംവിധാനങ്ങൾ കൃത്യമായി ഒരുക്കിയിട്ടുണ്ട്. വീട് കൂടാതെ അത്യാവശ്യം വേണ്ട കുറച്ച് ഫർണീച്ചറും കുട്ടികൾ തന്നെ വീട്ടിലെത്തിച്ചിട്ടുണ്ട്.

ADVERTISEMENT

വീടുപണിയുടെ കാര്യങ്ങൾ ഏകോപിപ്പിച്ചത് എൻഎസ്എസ് വോളന്റീർ സെക്രട്ടറിമാരായ നാജിഫ് നൂർ, പി. അഖിൽ, നാദിർ മുഹമ്മദ് എന്നിവരാണ്. സെന്റർ ഡിറക്ടർ ഡോ. എം. മൂസ, പ്രോഗ്രാം ഓഫീസർമാരായ ഡോ. അബ്ദുള്ള ഷാ, ഡോ. ഷംസാദ് ഹുസൈൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. ലോക്കൽ വാർഡ് മെമ്പർ ഹാരിസ് പറമ്പിലും എല്ലാ പിന്തുണയുമായി ഒപ്പം നിന്നു.

ചുറ്റുമുള്ള മനുഷ്യരുടെ വേദനയിലും ആവശ്യങ്ങളിലും ഒപ്പം നിന്ന അനഘയ്ക്ക് സമാധാനത്തോടെ കയറിക്കിടക്കാനൊരു ഇടം ഒരുക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് കുട്ടികളും അധ്യാപകരുമെല്ലാം.