‘പിങ്കി പ്രോമിസി’നു പിന്നിൽ ഇങ്ങനൊരു കഥയുണ്ടെന്ന് അറിയാമോ? ജപാനിൽ നിന്നും ലോകമാകെ വ്യാപിച്ച ചേഷ്ഠ The Origin of Pinky Promise: A Japanese Ritual
നമ്മളിൽ പലരും പണ്ടും മുതിർന്നിട്ട് ഇപ്പോഴും പിങ്കി പ്രോമിസ് ചെയ്യാറുണ്ട്. രണ്ടു പേരുടെ ചെറുവിരലുകൾ തമ്മിൽ പിണച്ച് പരസ്പരം വാഗ്ദാനം നൽകുന്ന രീതിക്കാണ് പിങ്കി പ്രോമിസ് എന്ന് പറയുന്നത്. ഇന്നിപ്പോൾ ഒരു രസത്തിനോ കൗതുകത്തിനോ വേണ്ടി മാത്രം ചെയ്യുന്ന പിങ്കി പ്രോമിസിന് പിന്നിൽ പക്ഷേ, ആത്മാർഥതയുടെ ആഴം പറയുന്നൊരു ചരിത്രമുണ്ട്....
വാക് തെറ്റിയാൽ വിരലുണ്ടാവില്ല
1600–1803 കാലഘട്ടത്തിൽ ജപാനിൽ ഉത്ഭവിച്ച ‘യുബിക്കിരി’ എന്നൊരാചാരത്തിൽ നിന്നാണ് പിങ്കി പ്രോമിസിന്റെ തുടക്കം. യുബിക്കിരി എന്നാൽ ‘വിരൽ മുറിക്കുക’ എന്നാണർഥം. രണ്ടു പേർ തമ്മിലൊരു വാഗ്ദാനം നടത്തുന്നു. എന്നാൽ വാഗ്ദാനം പാലിക്കാൻ സാധിച്ചില്ലെങ്കിൽ അതു പറ്റാത്തയാളുടെ വിരൽ അറുത്തു കളയുക എന്ന അതി തീവ്രമായൊരു ശിക്ഷ നിങ്ങൾ സ്വയം നടത്തണം എന്നതായിരുന്നു രീതി. മറ്റുചില കഥകൾ പ്രകാരം വാഗ്ദാനം തെറ്റിച്ചാൽ തെറ്റിക്കുന്നയാളിന്റെ വിരൽ മറ്റേയാൾക്ക് മുറിച്ചു കളയാം എന്നും പറയപ്പെടുന്നു.
ചില വാഗ്ദാനങ്ങളുടെ ഭാഗമായി ഇതോടൊപ്പം ആയിരം സൂചികൾ വിഴുങ്ങുക എന്നൊരു രീതി കൂടി നില നിന്നിരുന്നത്രേ.
ചില ജാപനീസ് മാഫിയകളാണ് ‘യുബിക്കിരി’ക്ക് പ്രചാരം കൊടുത്തതെന്നും പറയപ്പെടുന്നു. അത്രയും ആത്മാർഥതയോടെ രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള തന്ത്രമായിരുന്നു ഇത്.
ഇന്നാകട്ടേ വളരെ ലഘുവായി ആളുകൾ തമ്മിൽ സൗഹൃദത്തിന്റെ ഭാക്ഷയിൽ നടത്തുന്നൊരു ചേഷ്ഠമാത്രമാണ് പിങ്കി പ്രോമിസ്. പ്രത്യേകിച്ചും കുട്ടികൾ തമ്മിൽ കൊച്ച് കൊച്ച് രഹസ്യങ്ങൾ സൂക്ഷിക്കാനും മറ്റും ഇത് ഉപയോഗിക്കുന്നു. കാലം കടന്നു പോകെ അക്രമവാസനയൊക്കെ അലിഞ്ഞില്ലാതായി പകരം സ്നേഹത്തിന്റെ ഭാഷ പറയുന്ന പരിണാമത്തിന്റെ പേരാണ് ‘പിങ്കി പ്രോമിസ്’.