ഓഹരിയിലൂടെ ഇരട്ടി ലാഭം കിട്ടും ! വാഗ്ദാനത്തിൽ മയങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞു വച്ചോളൂ How Online Investment Scams Work: A Step-by-Step Guide
ലക്ഷങ്ങൾ ലാഭം കിട്ടിയ മെസേജുകൾ കാണുമ്പോൾ ആരായാലും വിശ്വസിച്ചു പോകും. കിട്ടിയ ലാഭം കൊണ്ടു മകളുടെ വിവാഹം കെങ്കേമമായി നടത്തി എന്നൊക്കെ പറഞ്ഞു ഫോട്ടോ വരെ ചിലർ പങ്കുവയ്ക്കും.
ലക്ഷങ്ങൾ ലാഭം കിട്ടിയ മെസേജുകൾ കാണുമ്പോൾ ആരായാലും വിശ്വസിച്ചു പോകും. കിട്ടിയ ലാഭം കൊണ്ടു മകളുടെ വിവാഹം കെങ്കേമമായി നടത്തി എന്നൊക്കെ പറഞ്ഞു ഫോട്ടോ വരെ ചിലർ പങ്കുവയ്ക്കും.
ലക്ഷങ്ങൾ ലാഭം കിട്ടിയ മെസേജുകൾ കാണുമ്പോൾ ആരായാലും വിശ്വസിച്ചു പോകും. കിട്ടിയ ലാഭം കൊണ്ടു മകളുടെ വിവാഹം കെങ്കേമമായി നടത്തി എന്നൊക്കെ പറഞ്ഞു ഫോട്ടോ വരെ ചിലർ പങ്കുവയ്ക്കും.
പുതിയ കേന്ദ്രബജറ്റിനെ കുറിച്ചു ധനമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന ഒരു വിഡിയോ കണ്ടതാണു കോഴിക്കോട് സ്വദേശിയായ 48കാരൻ. അതിനു പിന്നാലെ ഫെയ്സ്ബുക് തുറക്കുമ്പോഴൊക്കെ സാമ്പത്തിക, ഇൻവെസ്റ്റ്മെന്റ് വിഡിയോകളുടെ സജഷൻസ് വരാൻ തുടങ്ങി.
പ്രമുഖനായൊരു സാമ്പത്തിക വിദഗ്ധൻ ഓഹരി നിക്ഷേപത്തെ കുറിച്ചു സംസാരിക്കുന്ന വിഡിയോ ആയാളുടെ കണ്ണിലുടക്കി. അദ്ദേഹം പരാമർശിച്ച ഓഹരിയിൽ നിന്ന് ഇരട്ടിയിലേറെ റിട്ടേൺ കിട്ടും എന്നു കൂടി കേട്ടതോടെ ചിന്ത അതേകുറിച്ചു തന്നെയായി. കൂടുതലറിയാനായി ഗൂഗിളിൽ പരതുകയും മികച്ച ഓഹരി കണ്ടെത്തി അതിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന പേജ് തിരിച്ചറിയുകയും ചെയ്തു.
അതിലുള്ള ലിങ്കിൽ ക്ലിക് ചെയ്ത പിറകേ എത്തിയത് ഒരു വാട്സാപ് ചാനലിലേക്കാണ്. അവിടെ നൂറുകണക്കിനു പേർ മെസേജ് ഇട്ടുകൊണ്ടിരിക്കുന്നു. ഇത്ര രൂപ നിക്ഷേപിച്ചു, ഇരട്ടി ലാഭം കിട്ടി, താങ്ക്സ് എന്നൊക്കെയാണ് ആ മെസേജുകൾ. ചിലർ അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ സ്ക്രീൻഷോട് ഇടുന്നു.
ഇതൊക്കെ കണ്ടപ്പോഴേക്കും എത്രയും വേഗം പണം നിക്ഷേപിച്ചു ലാഭം നേടാനുള്ള ത്വരയായി മനസ്സിൽ. ഇത്രയും പേർ പണം നിക്ഷേപിച്ചു ലാഭം നേടുമ്പോൾ ഞാൻ എന്തിനു വിട്ടുനിൽക്കണം എന്നുള്ള ചിന്തയാണ് അയാളെ അബദ്ധത്തിലേക്കു ചാടിച്ചത്. ‘ഹായ്, ഇതിൽ പണം നിക്ഷേപിക്കാൻ ഞാൻ തയാറാണ്...’ എന്ന മെസേജാണ് അയാൾ ഗ്രൂപ്പിൽ ആദ്യം ഇട്ടത്. തൊട്ടുപിറകേ നിക്ഷേപത്തിനു വിദഗ്ധോപദേശം നൽകാനെന്ന മട്ടിൽ എക്സ്പർട്ടിന്റെ പേഴ്സനൽ ചാറ്റുകൾ വന്നു തുടങ്ങി.
ലാഭം കൂടുതൽ ലഭിക്കുന്ന ഷെയറുകൾ, ലാഭവിഹിതത്തിന്റെ ചാർട്ട് എന്നിങ്ങനെയും നൽകി. അതിൽ മയങ്ങിയാണ് ആദ്യവിഹിതം നിക്ഷേപിച്ചത്.
കെണി ഇങ്ങനെയും
ദിവസം ഒരു മണിക്കൂർ ചെലവഴിച്ചാൽ നാലിരട്ടി ലാഭം നേടാം എന്ന മെസേജ് കണ്ടാണ് കോട്ടയത്തെ 22കാരൻ ലിങ്കിൽ ക്ലിക് ചെയ്തത്. ചാറ്റ് തുടരുന്നതിനിടെ ആദ്യ ഡെമോ പരീക്ഷിക്കാനായി 10000 രൂപ നിക്ഷേപിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ല എന്ന മറുപടി കൊടുത്തെങ്കിലും വിട്ടില്ല. നമുക്കു വേണ്ടി അവർ നടത്തിയ 2000 രൂപ നിക്ഷേപത്തിന്റെ സ്ക്രീൻഷോട്ട് അയച്ചുനൽകി. മണിക്കൂറുകൾക്കു ശേഷം 3000 രൂപ ലാഭം കിട്ടിയതിന്റെ സ്ക്രീൻഷോട്ടും അയയ്ക്കുക.
അതായതു നിക്ഷേപിച്ച 2000 രൂപയ്ക്കൊപ്പം ലാഭമായി 3000 രൂപ കൂടിച്ചേർത്ത് 5000 രൂപ ലഭിച്ച സ്ക്രീൻഷോട്ട്.
നമ്മുടെ പേരിൽ ഇൻവസ്റ്റ് ചെയ്ത തുകയ്ക്കു ലഭിച്ച ലാഭം നൽകാൻ യുപിഐ വിവരങ്ങൾ ചോദിച്ചാണ് അടുത്ത മെസേജ് വന്നത്. അപ്പോൾ തന്നെ 3000 രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു, അതോടെ അവൻ ഫ്ലാറ്റ്.
ഓഹരിയിലും മറ്റും നിക്ഷേപം നടത്തി ലക്ഷങ്ങൾ ലാഭം നേടാമെന്ന മട്ടിൽ നടക്കുന്ന രണ്ടു തട്ടിപ്പുകളുടെ കാര്യമാണ് ആദ്യം പറഞ്ഞത്. രണ്ടിലും കൂടുതൽ വിശ്വാസം ഉറപ്പിക്കാനെന്ന മട്ടിൽ സീനിയറിനോടു സംസാരിക്കാനുള്ള അവസരം നൽകും. പിന്നെ ഗ്രൂപ് ചാറ്റിലേക്കു ചേർക്കും.
രണ്ടുലക്ഷം രൂപ മുതൽ 90 ലക്ഷം വരെ ലാഭം കിട്ടിയതിനു നന്ദി പറഞ്ഞുള്ള മെസേജുകൾ അതിൽ തുരുതുരാ വരുന്നതു കാണുമ്പോൾ ആരായാലും വിശ്വസിച്ചു പോകും. കിട്ടിയ ലാഭം കൊണ്ടു മകളുടെ വിവാഹം കെങ്കേമമായി നടത്തി എന്നൊക്കെ പറഞ്ഞു ഫോട്ടോ വരെ ചിലർ അയയ്ക്കും.
ജാഗ്രത പ്രധാനം
ഇതൊക്കെ കണ്ടു വിശ്വസിച്ചു നിക്ഷേപം നടത്തി എന്നിരിക്കട്ടെ. അതു സംബന്ധിച്ചും ഗ്രൂപ്പിൽ മെസേജ് അയക്കണമെന്ന് അവർ ആവശ്യപ്പെടും. നിക്ഷേപിച്ച തുക 10000 രൂപയാണെന്ന് ഇരിക്കട്ടെ. അന്നു വൈകിട്ട് ക്ലോസിങ് ബാലൻസ് 15,000 ആണെന്നു കാണിച്ച് 5000 രൂപ ലാഭം നിങ്ങളുടെ അക്കൗണ്ടിലേക്കു നൽകും. ആദ്യപരീക്ഷണം വിജയിച്ച സ്ഥിതിക്ക് അടുത്ത ദിവസം 25,000 രൂപയാകും നിങ്ങൾ നിക്ഷേപിക്കുക. അന്നു മാർക്കറ്റ് കുറച്ചു ‘ഡൾ’ ആണെന്നു പറഞ്ഞ് 33,000 രൂപയാകും ക്ലോസിങ് ബാലൻസ് കാണിക്കുക. അതിനു പിന്നാലെ 8000 രൂപ ലാഭം അക്കൗണ്ടിലേക്കു നൽകും.
ആദ്യം നിക്ഷേപിച്ച പതിനായിരവും പിന്നെ നിക്ഷേപിച്ച 25,000 ഉം അവരുടെ കയ്യിലാണെന്ന് ഓർക്കാതെ അടുത്ത ദിവസം ഒരു ലക്ഷം രൂപയാകും നിങ്ങൾ നിക്ഷേപിക്കുക. അതിനൊപ്പം ഒരു കാര്യം കൂടി നിങ്ങളെക്കൊണ്ട് അവർ സമ്മതിപ്പിക്കും, ലാഭം ദിവസേന അക്കൗണ്ടിലേക്കു നൽകേണ്ട, അതു കൂടി നിക്ഷേപമാക്കാം.
അപായം തിരിച്ചറിയാം
അതിനുശേഷം വർധിച്ചുവരുന്ന ബാലൻസ് കണക്കാകും നിങ്ങളെ കാണിക്കുക. ഒരു ലക്ഷം നാലാകുന്നതും പത്താകുന്നതും നാൽപതാകുന്നതും അറുപതാകുന്നതുമൊക്കെ കണ്ടു നമ്മൾ സന്തോഷിക്കും. ഇതിനിടെ അമിതലാഭം പ്രതീക്ഷിച്ചു സ്വർണം വിറ്റും ഫിക്സഡ് സെപ്പോസിറ്റ് പിൻവലിച്ചും ലക്ഷങ്ങൾ നിക്ഷേപിച്ചു കൊണ്ടിരിക്കും. അതൊക്കെ ഇരട്ടിയായും മൂന്നിരട്ടിയായും വർധിക്കുന്ന കണക്കുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയും ചെയ്യും.
ഇതിനിടെ എന്തെങ്കിലുമാവശ്യത്തിനു പണം വേണ്ടിവന്നാൽ ലാഭത്തിൽ നിന്നു കുറച്ചു തുക പിൻവലിക്കണമെന്ന ആവശ്യം നിങ്ങൾ അവരോടു പറയും. അവിടെയാണു പ്രശ്നങ്ങൾ തുടങ്ങുക. ഓഹരി നിക്ഷേപത്തിലൂടെ ഇരട്ടിലാഭമെന്നു കേട്ടു പണം നൽകും മുൻപ് അറിയേണ്ട കാര്യങ്ങളെ കുറിച്ച് സൈബർ ക്രൈം കുറ്റാന്വേഷക പി. ധന്യ മേനോൻ പറയുന്നതു വായിക്കാം, പുതിയ ലക്കം (ഫെബ്രുവരി 14– 27) വനിതയിലെ സൈബർ സേഫ്റ്റി പംക്തിയിൽ.