തണുപ്പ് മൈനസ് 40 ഡിഗ്രി, റോഡിൽ ഉരുകിയുറഞ്ഞ ബ്ലാക് ഐസ്: ഹിമാലയൻ സ്നോ ഡ്രൈവിന്റെ ത്രിൽ ട്രെക്കിങ്ങിനും മേലേ Henna Jayanth's Snow Expedition to Spiti Valley
ജലോരി പാസ് പിന്നിട്ടത് ത്രില്ലടിപ്പിക്കുന്ന ഓർമയാണ്. ഇറക്കത്തിലേക്കാണു റോഡ് പോകുന്നത്. ഉരുകി കട്ടയായ ഐസിനു മുകളിലൂടെ ഇറക്കമിറങ്ങിയതു സാഹസികമായാണ്. ബ്രേക്ക് ചവിട്ടിയാൽ ചുറ്റിക്കറങ്ങിയാകും വണ്ടി നിൽക്കുക.
ജലോരി പാസ് പിന്നിട്ടത് ത്രില്ലടിപ്പിക്കുന്ന ഓർമയാണ്. ഇറക്കത്തിലേക്കാണു റോഡ് പോകുന്നത്. ഉരുകി കട്ടയായ ഐസിനു മുകളിലൂടെ ഇറക്കമിറങ്ങിയതു സാഹസികമായാണ്. ബ്രേക്ക് ചവിട്ടിയാൽ ചുറ്റിക്കറങ്ങിയാകും വണ്ടി നിൽക്കുക.
ജലോരി പാസ് പിന്നിട്ടത് ത്രില്ലടിപ്പിക്കുന്ന ഓർമയാണ്. ഇറക്കത്തിലേക്കാണു റോഡ് പോകുന്നത്. ഉരുകി കട്ടയായ ഐസിനു മുകളിലൂടെ ഇറക്കമിറങ്ങിയതു സാഹസികമായാണ്. ബ്രേക്ക് ചവിട്ടിയാൽ ചുറ്റിക്കറങ്ങിയാകും വണ്ടി നിൽക്കുക.
കഴിഞ്ഞ ഫെബ്രുവരി 16. മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കാനായി വയനാട്ടിൽ നിന്നു ഹെന്ന ജയന്ത് കാറോടിച്ചു പോയത് 9000 കിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരെ, സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ മലനിരകളുടെ താഴെ ജിംനി പാർക് ചെയ്തു ഹെന്ന ആവേശത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു, ഹാപ്പി ബർത്ഡേ ടു മീ...
മഞ്ഞിലൂടെയുള്ള അതിസാഹസിക സവാരിയായ മൗണ്ടൻ ഗോട് സ്നോ എക്സ്പെഡിഷനാണു ഹെന്ന തനിക്കു നൽകിയ ജന്മദിന സമ്മാനം. സ്നോ എക്സ്പെഡിഷന്റെ കഴിഞ്ഞ പതിപ്പിൽ പങ്കെടുത്ത ഏക മലയാളി വനിതയാണു ഹെന്ന. ഇക്കുറി ഔദ്യോഗിക പാനലിലും ഹെന്നയുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിൽ സ്ത്രീയാണെന്നു കണ്ടാൽ ‘ഈഗോ അടിക്കുന്ന ആണുങ്ങളെ’ പിന്നിലാക്കി ഡ്രൈവിങ്ങിന്റെ ‘ഹൈ മൊമന്റ്സ്’ ആഘോഷമാക്കുകയാണു ഹെന്ന.
ബാസ്കറ്റ് ബോൾ ടു ക്രിക്കറ്റ്
കോഴിക്കോട് മൂന്നാലിങ്കലാണു ഹെന്നയുടെ വീട്. ബിസിനസുകാരനും സാമൂഹ്യപ്രവർത്തകനുമായ ജയന്ത് കുമാറും അധ്യാപികയായ ഹൻസ ജയന്തും മക്കളായ റോണക്കി നെയും ഹെന്നയെയും പഠനത്തിനൊപ്പം സ്പോർട്സിലും പ്രോത്സാഹിപ്പിച്ചു. സ്കൂൾ കാലത്തു ക്രിക്കറ്റ് താരമായിരുന്ന അമ്മയാണു തന്റെ തലവര മാറ്റിയതെന്നു ഹെന്ന ചിരിയോടെ പറയുന്നു.
‘‘സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ബാസ്കറ്റ് ബോൾ ടീമിൽ ആക്ടീവായിരുന്ന എന്നോട് അമ്മ ഒരു ചോദ്യം, ഇനി ക്രിക്കറ്റിൽ ഒരുകൈ നോക്കിയാലോ ?
ഇന്റർ സ്കൂൾ മത്സരങ്ങളിൽ തിളങ്ങിയപ്പോൾ ജില്ലാ ടീമിലേക്കു സെലക്‌ഷൻ കിട്ടി. അവിടെ നിന്നു സ്റ്റേറ്റ് ക്യാംപിലേക്കും പിന്നാലെ സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലുമെത്തി. ടീമിലെ ഓപ്പണിങ് ബാറ്ററായിരുന്നു. ജയവും തോൽവിയും ആലോചിച്ചു പരിഭ്രമിക്കാതെ മത്സരിക്കണമെന്നും അപ്പോഴേ നിരാശ ഇല്ലാതെ നിൽക്കാനാകൂ എന്നും പഠിച്ചതു സ്പോർട്സിലൂടെയാണ്.
ബെംഗളൂരുവിലെ ജെയ്ൻ യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്കു ചേർന്ന കാലത്തു മറ്റൊരു ഹരം മനസ്സിൽ കയറി, ഡ്രൈവിങ്. അമ്മ നന്നായി വണ്ടിയോടിക്കും. ആത്മവിശ്വാസത്തോടെ സ്റ്റിയറിങ് പിടിച്ചിരിക്കുന്ന ആ മുഖം കാണുന്നതു തന്നെ ത്രില്ലാണ്.
18 വയസ്സിൽ ഞാനും ലൈസൻസ് എടുത്തു. അന്നു വൈകിട്ടു കാറിന്റെ താക്കോൽ കയ്യിൽ തന്നിട്ട് അമ്മ പറഞ്ഞു, ‘ആരെയും ഇടിക്കരുത്, മറ്റു വണ്ടികളിലും തട്ടരുത്. പതിയെ ഓടിച്ചു സുരക്ഷിതമായി തിരികെ വീട്ടിലെത്തുക...’ ആ വിശ്വാസം ഇന്നുവരെ പാലിച്ചു.
സ്വപ്നത്തിനു പിറകേ
മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിൽ നിന്നു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പിജി പാസ്സായി രണ്ടു വർഷം ജോലി ചെയ്തപ്പോഴാണ് ആ കാര്യം മനസ്സിലായത്, രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയുള്ള ഓഫിസ് ജോലിയിൽ സന്തോഷമില്ല.
ആയിടയ്ക്കു ഫെയ്സ്ബുക്കിൽ റൈസിങ് ടാലന്റ് ഹണ്ടിന്റെ പരസ്യം കണ്ടു. കാർ റേസിങ് ഉണ്ടെന്നറിഞ്ഞപാടേ അപേക്ഷിച്ചു. കോയമ്പത്തൂരിലെ സ്പീഡ് വേയിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 16 പെൺകുട്ടികളി ൽ ഏക മലയാളി ഞാനായിരുന്നു.
നേവിസ് കപ് ചാംപ്യൻഷിപ്പിൽ പുരുഷതാരങ്ങൾക്കൊപ്പം മത്സരിച്ചു പതിനൊന്നാമതായി ഫിനിഷ് ചെയ്തു. 2018ൽ നടന്ന റൂക്കി ചാംപ്യൻഷിപ് കൂടി കഴിഞ്ഞതോടെ ദേശീയതാരമായി. ഫോർമുല 4 കാർ റേസിൽ ആ നേട്ടമെത്തിയപ്പോഴേക്കും വേഗത്തിലല്ല, റിസ്കിലാണു ത്രില്ലെന്നു മനസ്സു പറയാൻ തുടങ്ങി. അങ്ങനെ ഓഫ് റോഡ് റേസിങ്ങിലേക്കു തിരിഞ്ഞു.
ഡ്രൈവിങ്ങിലുള്ള താത്പര്യം നന്നായറിയുന്ന അച്ഛനാണ് ട്രാവൽ ബിസിനസ് രംഗത്തിറങ്ങാൻ പ്രോത്സാഹിപ്പിച്ചത്. വയനാട്ടിൽ സ്ഥലം വാങ്ങി ഹിപ്നോടിക് സ്റ്റേയ്സ് എന്ന ട്രാവൽ ഡെസ്റ്റിനേഷൻ തുടങ്ങി.
അവിടെ എനിക്കൊരു കൂട്ടുകാരിയെ കിട്ടി, മായ എന്ന നായ്ക്കുട്ടി. വയനാട്ടിൽ നിന്നു കോഴിക്കോടേക്കു തനിച്ചു ഡ്രൈവ് ചെയ്യുന്നതിന്റെ ബോറടി മാറ്റിയത് അവളാണ്. മൂന്നാറിലും ബെംഗളൂരുവിലും ഗോവയിലുമൊക്കെ ഞങ്ങൾ ഒന്നിച്ചു പോയിട്ടുണ്ട്.
റേസിങ്ങും മലകയറ്റവും
ഓഫ് റോഡ് ഡ്രൈവിങ്ങിന്റെ ഏറ്റവും സാഹസിക വെർഷനാണ് സ്നോ എക്സ്പെഡിഷൻ. ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയിൽ നടക്കുന്ന ഈ സാഹസിക സ്പോർട്സ് ആഘോഷത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണു പങ്കെടുക്കുക.
അപേക്ഷിക്കുമ്പോൾ തന്നെ മനസ്സിനോട് ഉറപ്പു പറഞ്ഞിരുന്നു, ഇതാകും ജന്മദിന സമ്മാനം. പല ഘട്ടങ്ങൾ കഴിഞ്ഞ് ഒടുവിൽ ആ അറിയിപ്പെത്തി, യൂ ആർ സെലക്ടഡ്. ഓഫ് റോഡ് യാത്രകൾക്കായി വാങ്ങിയ സ്വന്തം ജിംനിയിലായിരുന്നു സ്പിറ്റി വാലിയിലേക്കുള്ള യാത്ര. ഫെബ്രുവരി 16നു ഷിംലയിലെത്തി. ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേ ദിവസം സ്നോ എക്സ്പെഡിഷൻ തുടങ്ങി.
പങ്കെടുക്കുന്ന കാറുകളെല്ലാം കോൺവോയ് (വാഹനവ്യൂഹം) ആയാകും സഞ്ചരിക്കുക. ഏറ്റവും മുന്നിലും പിന്നിലും സംഘാടകരുടെ വണ്ടികളാകും. ബാക്കിയുള്ളവയെ 15 കാറുകൾ വീതമുള്ള ഗ്രൂപ്പുകളാക്കും. ഓരോന്നിലും മുന്നിലും പിന്നിലും ലീഡ് കാറും സ്വീപ് കാറുമുണ്ടാകും.
ലീഡ് കാറിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാകും നീങ്ങുക. ട്രക്കുകളോ മറ്റോ എതിരേ വരുന്നു, ഓവർടേക് ചെയ്യരുത്, സിവിലിയൻ വാഹനങ്ങളെ കടത്തി വിടുക, ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്നു, ജാഗ്രത പാലിക്കുക എന്നിങ്ങനെ അവർ മെസേജുകൾ തന്നുകൊണ്ടിരിക്കും. എല്ലാവരും തടസ്സമില്ലാതെ കടന്നുപോയി എന്നുറപ്പിക്കുന്നതു പിന്നിലുള്ള സ്വീപ് കാറാണ്.
ഡ്രൈവിങ്ങിലെ ഹൈ
ഡ്രൈവിങ്ങിൽ ഏറ്റവും മികവു പുലർത്തുന്ന 15 പേരുടെ ടീമാകും ലീഡ് കോൺവോയിൽ ഉണ്ടാകുക. അതിൽ ഞാനും ഉൾപ്പെട്ടു. ഫെബ്രുവരി 17 നു ഷിംലയിൽ നിന്നാരംഭിച്ച് 23 നു മണാലിയിൽ അവസാനിക്കുന്നതാണു സ്നോ എക്സ്പെഡിഷന്റെ ചാർട്ട്. ദിവസവും 200 കിലോമീറ്റർ മഞ്ഞിലൂടെ വണ്ടിയോടിക്കണം.
ചിലയിടങ്ങളിൽ റോഡു കാണാനാകില്ല. പല സ്ഥലത്തും മഞ്ഞ് ഉരുകിയുറഞ്ഞ് കട്ടയായിട്ടുണ്ടാകും (ബ്ലാക് ഐസ്). ശ്രദ്ധിച്ചു ഡ്രൈവ് ചെയ്തില്ലെങ്കിൽ തെന്നിനീങ്ങി അപകടമുണ്ടാകാം. ഓരോ 200 കിലോമീറ്റർ പൂർത്തിയാകുമ്പോഴും ആവേശം കൂടിക്കൂടി വരും.
ജലോരി പാസിലെ ഏറ്റവും അപകടം നിറഞ്ഞ അഞ്ചു കിലോമീറ്റർ പിന്നിട്ടത് ഇപ്പോഴും ത്രില്ലടിപ്പിക്കുന്ന ഓർമയാണ്. ഇറക്കത്തിലേക്കാണു റോഡ് പോകുന്നത്. ഉരുകി കട്ടയായ ഐസിനു മുകളിലൂടെ ഇറക്കമിറങ്ങുന്നതു സാഹസികമായാണ്. ബ്രേക്ക് ചവിട്ടിയാൽ ചുറ്റിക്കറങ്ങിയാകും വണ്ടി നിൽക്കുക. ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും സന്തോഷം കൊടുമുടി കയറുകയായിരുന്നു.
സ്പിറ്റി വാലിയിൽ ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന സ്ഥലമാണു മലിങ്‌ല പാസ്. അതുവഴി കടന്നു പോയപ്പോൾ പെട്ടെന്നു ലീഡ് കാറിന്റെ നിർദേശം വന്നു, പ്ലീസ് സ്റ്റോപ്. ദൂരേക്കു നോക്കുമ്പോൾ പാറകൾ ഉരുണ്ടുരുണ്ടു റോഡിലേക്കു വീഴുന്നു. മണിക്കൂറുകളെടുത്ത് അവ നീക്കം ചെയ്യുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. മറ്റൊരിക്കൽ റോഡിൽ വീണ പാറകൾ നീക്കാൻ വൈകിയതു കൊണ്ടു യാത്രയുടെ റൂട്ട് മാറ്റി.
മഞ്ഞിനെ തൊട്ടപ്പോൾ
മൈനസ് 40 ഡിഗ്രിയാണ് കാസയിലെ താപനില. ഓക്സിജനും വളരെ കുറവ്. ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെടുന്ന, 16,000 അടി ഉയരത്തിലൂടെ കാറോടിക്കുമ്പോൾ ‘തിരികെ പോയാലോ’ എന്നു തോന്നും. അപ്പോൾ ഓരോ നിമിഷവും മനസ്സിനോടു പറഞ്ഞുകൊണ്ടിരിക്കും, ‘ഒന്നും പറ്റില്ല. യാത്ര നന്നായി പൂർത്തിയാക്കും.’
പത്തു ദിവസത്തിനൊടുവിൽ മണാലിയിൽ യാത്ര അവസാനിച്ചു. ഡ്രൈവർമാരെല്ലാം പരസ്പരം അഭിനന്ദിച്ച ആ നിമിഷത്തിൽ ജീവിതം വീണ്ടും തുടങ്ങിയ ഫീലായിരുന്നു.
ലൈസൻസ് എടുത്താലും കാറോടിച്ചു റോഡിലിറങ്ങാൻ ഭയമുള്ള സ്ത്രീകളുണ്ട്. സ്ത്രീകളെ ഡ്രൈവിങ് സീറ്റിൽ കാണുമ്പോൾ ചില പുരുഷന്മാർ പുച്ഛിക്കും. സ്റ്റിയറിങ് വീലിനു പിന്നിലിരിക്കുന്നത് ആരാണെന്നു വണ്ടിക്കറിയില്ലല്ലോ. ശ്രദ്ധയോടെയും മിടുക്കോടെയും വാഹനം കൈകാര്യം ചെയ്യുന്നതിലാണു കാര്യം. അപ്പോൾ കൂടുതൽ മാർക്കു സ്ത്രീകൾക്കു തന്നെ.
ആദ്യമായി കാറോടിച്ചപ്പോൾ പേടിച്ചു വിറച്ച ആളാണു ഞാൻ. അതിനെ അതിജീവിച്ചാണ് ഈ കുന്നും മലയും കയറിയത്. വിഷമിച്ചിരിക്കുമ്പോൾ വണ്ടിയെടുത്തു റോഡിലേക്കിറങ്ങും. ഡ്രൈവ് കഴിഞ്ഞു വന്നാൽ മനസ്സു കൂളാകും.
ചേട്ടൻ റോണകും ചേട്ടത്തി ശാലിനിയും മക്കളായ തക്ഷയും ബാനിയും പിന്തുണയ്ക്കുന്നതു പോലെ എന്റെ സാഹസികതകൾക്കൊപ്പം നിൽക്കുന്ന പങ്കാളി വരണമെന്നാണ് ആഗ്രഹം...’’ സ്വപ്നങ്ങൾക്കു ചിറകു മുളച്ചതുപോലെ ഹെന്ന ജിംനിയിൽ പറന്നു.