മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമാണ് ഹരിത സാവിത്രി. യാത്രാവിവരണത്തിലും നോവലിലും കഥകളിലും അവർ പുതിയ ഭുമികകളെ അവതരിപ്പിക്കുന്നു. 'മുറിവേറ്റവരുടെ പാതകൾ', 'സിൻ' എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'മറീലിയ', 'കുർബാൻ', 'റൂഹി' തുടങ്ങിയവ അവരുടെ മറ്റ് പ്രധാന കൃതികളാണ്. വിദേശ ജീവിതവും വ്യക്തിപരമായ അനുഭവങ്ങളും അവരുടെ എഴുത്തിനെ സ്വാധീനിക്കുന്നു. ഓർമ്മ, സ്നേഹം, കുറ്റബോധം, മനുഷ്യന്റെ അന്തസ്സ്, സാമൂഹിക വിഷയങ്ങൾ എന്നിവയെല്ലാം അവരുടെ നോവലുകളിലെ പ്രധാന ആശയങ്ങളാണ്. ശക്തമായ ഭാഷയും പുതുമയാർന്ന അവതരണവും അവരുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നു.

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമാണ് ഹരിത സാവിത്രി. യാത്രാവിവരണത്തിലും നോവലിലും കഥകളിലും അവർ പുതിയ ഭുമികകളെ അവതരിപ്പിക്കുന്നു. 'മുറിവേറ്റവരുടെ പാതകൾ', 'സിൻ' എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'മറീലിയ', 'കുർബാൻ', 'റൂഹി' തുടങ്ങിയവ അവരുടെ മറ്റ് പ്രധാന കൃതികളാണ്. വിദേശ ജീവിതവും വ്യക്തിപരമായ അനുഭവങ്ങളും അവരുടെ എഴുത്തിനെ സ്വാധീനിക്കുന്നു. ഓർമ്മ, സ്നേഹം, കുറ്റബോധം, മനുഷ്യന്റെ അന്തസ്സ്, സാമൂഹിക വിഷയങ്ങൾ എന്നിവയെല്ലാം അവരുടെ നോവലുകളിലെ പ്രധാന ആശയങ്ങളാണ്. ശക്തമായ ഭാഷയും പുതുമയാർന്ന അവതരണവും അവരുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നു.

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമാണ് ഹരിത സാവിത്രി. യാത്രാവിവരണത്തിലും നോവലിലും കഥകളിലും അവർ പുതിയ ഭുമികകളെ അവതരിപ്പിക്കുന്നു. 'മുറിവേറ്റവരുടെ പാതകൾ', 'സിൻ' എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'മറീലിയ', 'കുർബാൻ', 'റൂഹി' തുടങ്ങിയവ അവരുടെ മറ്റ് പ്രധാന കൃതികളാണ്. വിദേശ ജീവിതവും വ്യക്തിപരമായ അനുഭവങ്ങളും അവരുടെ എഴുത്തിനെ സ്വാധീനിക്കുന്നു. ഓർമ്മ, സ്നേഹം, കുറ്റബോധം, മനുഷ്യന്റെ അന്തസ്സ്, സാമൂഹിക വിഷയങ്ങൾ എന്നിവയെല്ലാം അവരുടെ നോവലുകളിലെ പ്രധാന ആശയങ്ങളാണ്. ശക്തമായ ഭാഷയും പുതുമയാർന്ന അവതരണവും അവരുടെ എഴുത്തിനെ വേറിട്ടു നിർത്തുന്നു.

മലയാളസാഹിത്യത്തിനു പരിചിതമല്ലാത്ത ചില ഭൂമികകളെ തന്റെ നോവലുകളിലൂടെയും കഥകളിലൂടെയും വായനക്കാരുടെ ഹൃദയത്തിൽ വരഞ്ഞിട്ട എഴുത്തുകാരിയാണ് ഹരിത സാവിത്രി.

ഹരിതയുടെ ആദ്യ പുസ്തകമായ ‘മുറിവേറ്റവരുടെ പാതകള്‍’ മികച്ച യാത്രാവിവരണത്തിനും ആദ്യ നോവലായ ‘സിൻ’ മികച്ച നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ സ്വന്തമാക്കി.

ADVERTISEMENT

കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും യൂണിവേഴ്സിറ്റി ഓഫ് ബാഴ്‌സലോണയില്‍ നിന്ന് ‘സാംസ്‌കാരിക സ്വത്വങ്ങളുടെ നിര്‍മ്മാണവും പ്രതിനിധാനവും’ എന്ന വിഷയത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഹരിതയുടെ മറ്റു കൃതികൾ ‘കുര്‍ബാന്‍’, ‘മറീലിയ’ എന്നീ നോവലുകളും ‘റൂഹി - ഗാസയുടെ തീരത്തെ കഥകൾ’, ‘ആകാശത്തിലെ മന്ത്രവാദിനികൾ’ എന്നീ കഥാസമാഹാരങ്ങളുമാണ്.

പരിഭാഷക എന്ന നിലയിലും ശ്രദ്ധേയയാണ്. ഇസ്താംബൂളിലെ പ്രണയപുഷ്പമേ (ഇസ്‌കന്ദര്‍ പാല), വ്രണിതപലായനങ്ങള്‍ (സമര്‍ യസ്‌ബെക്), കുരുവിയുടെ നിലവിളി (അഹമ്മദ് ഉമിത്), ബാഗ്ദാദിലെ അപരിചിത (എലിസബത്ത് ലൗഡന്‍) എന്നിവ മലയാളത്തിലേക്ക് മൊഴിമാറ്റിയത് ഹരിതയാണ്.

ADVERTISEMENT

ഹരിത സാവിത്രി ‘വനിത ഓൺലൈനിൽ’ സംസാരിക്കുന്നു, തന്റെ സാഹിത്യ–വ്യക്തി ജീവിതത്തെക്കുറിച്ച്...

ഏറ്റവും പുതിയ നോവലായ ‘മറീലിയ’യിൽ നിന്നു സംസാരിച്ചു തുടങ്ങാം. ‘മറീലിയ’ എന്ന ഫാന്റസി ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയെയും സ്‌നേഹത്തെയും കുറ്റബോധത്തെയും ഭ്രമാത്മകമായി അവതരിപ്പിക്കുന്ന നോവലാണ്. ആ സങ്കൽപ്പത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു ?

ADVERTISEMENT

മറീലിയ എന്ന ലോകം എന്നിലേക്ക് എത്തിയത് ഒരു ദൃശ്യമായാണ്.
ഒരു തകര്‍ന്ന, പഴയ തുറമുഖം. കടലിലേക്ക് നീണ്ടു നില്‍ക്കുന്ന പൊളിഞ്ഞ കടല്‍പ്പാലത്തില്‍ ഒരപരിചിതന്‍ നില്‍ക്കുന്നു. അവനു പിന്നില്‍ പാതി മുങ്ങിയ കപ്പലുകളുടെ പായ്മരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ആ തുറമുഖത്തിന്റെ അവശിഷ്ടങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു ചന്തയുണ്ട്. വേലിയേറ്റത്തിൽ നിന്ന് രക്ഷപെടാനായി നാലു കാലിൽ നിൽക്കുന്ന കടകൾ. അവിടെ ഓര്‍മ്മകളും സ്വപ്നങ്ങളും ചിരിയും തൂക്കി വില്‍ക്കുന്നു.
ആ കാഴ്ചയില്‍ നിന്നാണ് മറീലിയ എന്ന നോവല്‍ വളര്‍ന്നത്.
സിലാസ് ഹോളോവേ, എന്ന ഓർമ്മകൾ മോഷ്ടിക്കുന്ന കള്ളനെയാണു എനിക്ക് ആദ്യം ലഭിച്ചത്. അവന് മറ്റുള്ളവരുടെ വേദന കുപ്പിയിലാക്കി അപ്രത്യക്ഷമാക്കാൻ കഴിയും, പക്ഷേ സ്വന്തം അമ്മയുടെ മുഖം മറന്നു പോകുന്ന ദിവസത്തെക്കുറിച്ചുള്ള ഭയം അവനെ വിട്ടുപോകുന്നില്ല. ശരീരം കൊണ്ട് അമ്മ മരിച്ചു കഴിഞ്ഞു. ഓർമ്മയിൽ നിന്നും മാഞ്ഞു പോകുമോയെന്ന ഭയത്തിൽ നിന്നാണ് അവൻ മറ്റൊരു കുട്ടിയുടെ അമ്മയുടെ ഓർമ്മ മോഷ്ടിക്കാൻ തയ്യാറാകുന്നത്.
അതാണ് ‘മറീലിയ’യുടെ കാതൽ. ഓർമ്മ, സ്നേഹം, കുറ്റബോധം. ഇവ മൂന്നിനെയും പിരിച്ചു മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സ്നേഹം ഓർമ്മയിലൂടെയാണ് ജീവിക്കുന്നത്, ആ ഓര്‍മ്മ മാഞ്ഞു തുടങ്ങുമ്പോള്‍ കുറ്റബോധം ഉണരുന്നു.
സാധാരണ ഗതിയില്‍ എഴുതിയാൽ കുറ്റബോധം വെറുമൊരു വികാരമായി അവശേഷിക്കും. ഫാന്റസിയിൽ കൂടുതല്‍ സാധ്യതകളുണ്ട്. സിലാസിന്റെ നിഴൽ അവനിൽ നിന്ന് വേർപെട്ട് അവനോട് തന്നെ മന്ത്രിക്കും - ‘‘നിനക്ക് ഈ ഭാരം പേറാൻ ആവില്ല’’. ചിമ്മിനിയിലൂടെ ഇറങ്ങിവരുന്ന ബൂ എന്ന മൂങ്ങയ്ക്ക് ശരിതെറ്റുകൾ തീരുമാനിക്കാൻ കഴിയും. സ്പൂണുകൾ കൊണ്ടുണ്ടാക്കിയ കിരീടം വെച്ച സെനറ്റർ തവള മനുഷ്യരേക്കാൾ ഉച്ചത്തിൽ സത്യം വിളിച്ചുപറയും. ലിയോയുടെ അമ്മയുടെ ഓര്‍മ്മ തനിയെ മാഞ്ഞതല്ല, ആരോ മായ്ച്ചുകളഞ്ഞതാണെന്ന് ആ കുട്ടി തിരിച്ചറിയുന്ന ഒരു നിസ്സഹായമായ നിമിഷമുണ്ട് - ആ ശൂന്യതയാണ് ഈ നോവലിലെ ഏറ്റവും വലിയ ഭീകരത.
അവസാനം ലിയോ സിലാസിനെ കള്ളൻ എന്നല്ല വിളിക്കുന്നത്. തന്റെ അമ്മയുടെ ഓര്‍മ്മകള്‍ മോഷ്ടിച്ചവന്‍ ആണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ‘ഇരുട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന പ്രേതത്തിന്’ നേരെ അവന്‍ അപ്പം നീട്ടുന്നുണ്ട്. ഒരു കുട്ടിക്ക് മാത്രം നല്‍കാന്‍ കഴിയുന്ന കരുണ. ആ ഒരു കഷണം അപ്പത്തിന്റെ രുചിയിലാണ് സിലാസ് താൻ ചെയ്തതിന്റെ ആഴം ശരിക്കും അറിയുന്നത്.
ഫാന്റസിയിൽ ശൂന്യതയ്ക്കും നിസ്സഹായതയ്ക്കും വേദനയ്ക്കും ഓര്‍മ്മകള്‍ക്കും കൂടുതല്‍ മിഴിവുണ്ട്, രൂപമുണ്ട്. ആ എഴുത്തനുഭവം അതീവസുന്ദരമായിരുന്നു.

‘ഇന്റർനാഷനൽ’ ആണ് താങ്കളുടെ നോവലുകളുടെയും കഥകളുടെയും പശ്ചാത്തലവും ആശയവും. വിദേശജീവിതമാകാം അതിലേക്കുള്ള പ്രേരണ. കേരളം ഭാവനയിലെ ഒരു ഇടമാകുന്നില്ല എന്നതാണോ കാരണം ?

എന്റെ കഥകളുടെ ഭൂമിക പലപ്പോഴും ‘ഇന്റർനാഷനൽ’ ആകുന്നതിനു കാരണം വിദേശ ജീവിതം മാത്രമല്ല.
ഒരു കുട്ടി എന്ന നിലയിലും ഒരു യുവതി എന്ന നിലയിലും കേരളത്തിലെ എന്റെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. കാരണങ്ങൾ തികച്ചും വ്യക്തിപരമാണ്. ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ മുറിവുകളും എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’വിലെ കുട്ടിയോട് എനിക്ക് ഐഡന്റിഫൈ ചെയ്യാൻ കഴിയുന്നത് അതുകൊണ്ടാണ്.
കേരളത്തെ കുറിച്ച് നല്ല അനുഭവങ്ങള്‍ ഉള്ളവര്‍ എഴുതട്ടെ.
നാട് വിട്ടതോടെയാണ് എനിക്ക് എന്നെ കണ്ടെത്താൻ കഴിഞ്ഞത്. അതുവരെ ഞാൻ ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കുകയായിരുന്നു.
തീർച്ചയായും ഞാൻ എന്റെ നാടിനെ, ഭാഷയെ ഒക്കെ സ്നേഹിക്കുന്നുണ്ട്. പക്ഷെ നാടിനെക്കുറിച്ച് എഴുതാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ കടന്നുപോയ വേദനകളിലൂടെയും അനുഭവങ്ങളിലൂടെയും ഒന്നുകൂടി കടന്നുപോകുന്നതിന് തുല്യമാകും അത്.
നങ്കൂരം നഷ്ടമായ ഒരു കപ്പല്‍ പോലെയായിക്കഴിഞ്ഞു ഞാന്‍. ഒഴുക്കിനൊത്ത് അതലയുന്നു. എന്നെങ്കിലും ഒരിക്കല്‍ അത് സ്വന്തം തുറമുഖം കണ്ടെത്തിയേക്കുമെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം.

സ്വതന്ത്രകുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭമാണ് ‘സിന്‍’ എന്ന നോവലിന്റെ പശ്ചാത്തലം. അതൊരു പ്രണയകഥയുമാണ്. അതിനുള്ളിൽ കുര്‍ദുകളുടെ പോരാട്ടത്തിന്റെയും പ്രത്യാശയുടെയും നിമിഷങ്ങളുമുണ്ട്. എഴുത്തിൽ ഇത്തരം സങ്കീർണമായ മാനസികസഞ്ചാരങ്ങൾ പകരുന്ന അനുഭങ്ങൾ എന്തൊക്കെയാണ് ?

‘സിന്‍’ എന്ന നോവലിനുള്ളില്‍ പോരാട്ടത്തിന്റെയും പ്രത്യാശയുടെയും മാത്രമല്ല, പറയാൻ കഴിയാത്തത്ര വലിയ മുറിവുകളുടെയും നിമിഷങ്ങളുണ്ട്.
‘സിന്’- ൽ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെയും തടവറയിൽ പീഡിപ്പിക്കപ്പെടുന്നതിന്റെയും ദീർഘമായ വിവരണമുണ്ട്. വയറ്റിൽ കുഞ്ഞുമായി തടവില്‍ കിടക്കേണ്ടി വരുന്ന, പിന്നീട് ആ കുഞ്ഞിനെ നഷ്ടമാകുന്ന ഒരു അമ്മയുടെ കഥയുണ്ട്. ഇങ്ങനെ ഒരുപാട് മനുഷ്യരുടെ കഥയാണ് ആ നോവല്‍.
ഒരുപാട് തവണ വീണും ഇടറിയുമാണ്‌ ഞാന്‍ ‘സിന്‍’ പൂര്‍ത്തിയാക്കിയത്.
മാസങ്ങളോളം എനിക്ക് ഉറക്കമില്ലാതെയായി. രാത്രിയിൽ എഴുന്നേൽക്കും. ആ സ്ത്രീയുടെ ശബ്ദം എന്റെ മുറിയിൽ കേള്‍ക്കുന്നുണ്ടെന്ന് തോന്നും. ഞാൻ അവളുടെ കഥ എഴുതി തീർക്കാതെ അവളെ അവിടെ തനിച്ചാക്കിയ പോലെ തോന്നും. എഴുതാനിരിക്കും. ആ വേദന എഴുതാന്‍ കഴിയാതെ പിടയ്ക്കും.
ഒരു വെള്ളിനൂല്‍ പോലെ ഇടയ്ക്ക് മിന്നിമായുന്ന തിളക്കം മാത്രമാണ് അതില്‍ പ്രണയം.
അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒന്നായിരുന്നു ആ എഴുത്തനുഭവം. ചില ദിവസങ്ങളിൽ ഞാൻ എഴുതിയത് വായിച്ച് കരഞ്ഞിട്ട്, ആ പേജുകൾ ഡിലീറ്റ് ചെയ്യാൻ തോന്നിയിട്ടുണ്ട്. ഇത് എഴുതാനുള്ള അവകാശം എനിക്കുണ്ടോ എന്നു തോന്നുമായിരുന്നു. ഒരിക്കലും അനുഭവിക്കാത്ത ഒരു വേദനയെക്കുറിച്ച് എഴുതുമ്പോൾ, ഞാൻ അവരോട് ചെയ്യുന്നത് രണ്ടാമതൊരു അതിക്രമമാണോ എന്നു തോന്നും. പക്ഷെ എനിക്ക് വേദന തോന്നുന്നതുകൊണ്ട് എഴുത്ത് നിർത്തിയാൽ, അവരുടെ കഥയും നിലച്ചുപോകും. നിശബ്ദത അവരെ വീണ്ടും കൊല്ലും. ആ തിരിച്ചറിവാണ് ‘സിന്‍’ എഴുതി തീര്‍ക്കാന്‍ എന്നെ സഹായിച്ചത്.

‘സിന്‍’ എന്റെ നോവലല്ല, ഞാന്‍ കണ്ട ജീവിതങ്ങള്‍ എന്നെക്കൊണ്ട് എഴുതിപ്പിച്ചതാണത്. ഞാന്‍ വെറും ഒരു ഉപകരണം മാത്രമായിരുന്നു.

‘കുര്‍ബാന്‍’ എന്ന നോവല്‍ അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണല്ലോ. അങ്ങനെയൊരു ആശയത്തിന്റെ സ്പാർക്ക് എവിടെയാണ് സംഭവിച്ചത് ?

കുർബാൻ’ ആരംഭിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്..
മറ്റൊരു ഭൂമികയിൽ മറ്റൊരു കഥ തേടി ഇറങ്ങിയതായിരുന്നു ഞാൻ. യാത്ര തുടങ്ങും മുൻപേ ആരോഗ്യം വഷളായി. ഞാൻ കിടപ്പിലായി. നാളെ എഴുന്നേറ്റ് നടക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥ.
ആ അനിശ്ചിതത്വത്തിൽ നിന്നാണ് ഞാൻ ‘കുർബാൻ’ എഴുതി തുടങ്ങിയത്. പ്രതീക്ഷ കെടാതിരിക്കാനുള്ള ഒരേയൊരു വഴി അതായിരുന്നു.
‘സിൻ’ ഒരു വംശഹത്യയുടെ കഥയായിരുന്നെങ്കിൽ, ‘കുർബാൻ’ ഒരു കുടുംബത്തിന്റെ കഥയാണ്. ഒരു സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യന്റെ കഥ.
അവൻ, അവന്റെ ഭാര്യ, അവന്റെ കുഞ്ഞ്. ലോകത്തെവിടെയും കാണുന്ന മനുഷ്യർ. “നമ്മൾ പാവങ്ങളല്ലേ, നമ്മൾ ജോലി ചെയ്ത് ജീവിച്ചാൽ മതിയല്ലോ, മുകളിൽ നടക്കുന്ന രാഷ്ട്രീയം നമ്മളെ ബാധിക്കില്ല” എന്ന മിഥ്യാധാരണയിൽ ജീവിക്കുന്നവർ.
‘കുർബാൻ’ ആ മിഥ്യാധാരണയെ പൊളിച്ചെറിയുകയാണ്.
ഒരു പ്രഭാതത്തിൽ അവര്‍ ജീവിക്കുന്ന ആ സുന്ദരമായ കുമിള പൊട്ടുന്നു. സ്റ്റേറ്റ് അവരെ വലിച്ചെറിയുന്നത് യാഥാർത്ഥ്യത്തിലേക്കാണ്. അപ്പോഴാണ് അവർ മനസ്സിലാക്കുന്നത് - പാവപ്പെട്ടവന്റെ ജീവിതത്തിന്, അവന്റെ അന്തസ്സിന്, ഈ വ്യവസ്ഥയിൽ ഒരു വിലയുമില്ലെന്ന്.
സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ആ അച്ഛനും അമ്മയ്ക്കും പാതാളം വരെ താഴേണ്ടി വരുന്നു. മനുഷ്യൻ എന്ന നിലയിലുള്ള എല്ലാ അന്തസ്സും ഊരിവെച്ച്.
ഇത് ഇസ്താംബുളിലെ ഒരു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന്റെ കഥ മാത്രമല്ല. ഇത് ആർക്കും സംഭവിക്കാവുന്നതാണ്. ശരിയായ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മൾ പരാജയപ്പെട്ടാൽ, നമ്മളിൽ ഓരോരുത്തർക്കും നേരിടേണ്ടി വരുന്ന ഒന്ന്.

‘മുറിവേറ്റവരുടെ പാതകൾ’ മലയാളത്തിലെ ഏറെ വ്യത്യസ്തമായ ഒരു യാത്രാവിവരണമാണ്. മനുഷ്യജീവിതത്തിന്റെ വിശാലമായ അനുഭവമണ്ഡലങ്ങളെ അടയാളപ്പെടുത്തുന്ന ഒരു കൃതി കൂടിയാണത്. അങ്ങനെയൊരു മാറിനടപ്പ് യാത്രയെഴുത്തിൽ വേണമെന്ന് തീരുമാനിക്കുകയായിരുന്നോ ?

യാത്രാവിവരണങ്ങൾ വായിക്കാൻ ഇഷ്ടമാണ്, പക്ഷെ സ്ഥിരം ശൈലിയിൽ കെട്ടിടങ്ങളുടെയും ഭക്ഷണശാലകളുടെയും പ്രകൃതിദൃശ്യങ്ങളുടെയും തേഞ്ഞുപഴകിയ വിവരണങ്ങൾ കുറച്ച് ഉപ്പും മസാലയും ചേർത്ത് എഴുതിയുണ്ടാക്കാൻ എനിക്ക് കഴിയില്ല.
എനിക്ക് എഴുതാൻ കഴിയുന്നത് ആ യാത്ര എന്നെ എങ്ങനെ സ്വാധീനിച്ചു എന്നു മാത്രമാണ്. ആ യാത്രയെ എങ്ങനെ ആസ്വദിച്ചു എന്നു മാത്രമാണ്.
കൊട്ടാരങ്ങളുടെയും ഗോപുരങ്ങളുടെയും ഉയരവും പളപളപ്പും എന്നെ ആകര്‍ഷിച്ചിരുന്ന കാലം എന്നോ കഴിഞ്ഞു പോയി. ഇപ്പോള്‍ എന്റെ കണ്ണുകള്‍ അതിനുപിന്നിലെ അഴുക്കുകൂമ്പാരത്തിൽ നിന്ന് ഭക്ഷണം തിരയുന്ന മനുഷ്യരിലേക്കാണ്, അവരുടെ കഥകളിലേക്കാണ് നീളുന്നത്. അവരെ കാണാതെ, അവരുടെ കഥകള്‍ അറിയാതെ ആ നാടിനെ കണ്ടു എന്ന് എനിക്ക് പറയാൻ കഴിയില്ല.
എന്റെ യാത്രകൾ പ്രദേശങ്ങളിലേക്കല്ല, മനുഷ്യരിലേക്കായിരുന്നു എന്ന് മനസ്സിലാക്കിയത് ആ പുസ്തകം കൈകളില്‍ എത്തിയപ്പോഴാണ്. നടന്നത് മനോഹരമായ രാജവീഥികളിലൂടെയല്ല, മുറിവേറ്റ മനുഷ്യർ നടന്നു തേഞ്ഞ പാതകളിലൂടെയാണ്. അതുകൊണ്ടാണ് അതിന് ‘മുറിവേറ്റവരുടെ പാതകൾ’ എന്ന് പേരിട്ടതും.
ഉപരിപ്ലവമായ കാഴ്ചകളില്‍ കൂടി നിങ്ങള്‍ക്ക് ഒരു നാട് കാണാന്‍ കഴിയും. പക്ഷെ അറിയാന്‍ കഴിയില്ല. അവിടെയുള്ള സാധാരണക്കാരന്റെ വിയര്‍പ്പിലും മനസ്സിലും ശരീരത്തിലുമേറ്റ മുറിവുകളിലുആണ് ആ നാടിന്റെ ആത്മാവ് എന്ന് ഞാൻ വിശ്വസിക്കുന്നു.

എഴുത്തിലേക്ക് മനസ്സടുത്ത വഴികളെക്കുറിച്ച് പറയാമോ ?

കുട്ടികൾ വലുതായിക്കഴിഞ്ഞപ്പോൾ ജീവിതത്തിൽ വലിയൊരു ശൂന്യതയുണ്ടായി. എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്ന കാലമായിരുന്നു അത്. ഒരു കാടിനോടു ചേര്‍ന്നാണ് ഞങ്ങളുടെ വീട്. അയല്‍ക്കാരില്ല. കൂട്ടുകാരില്ല. എകാന്തത എന്നെ വിഴുങ്ങുകയായിരുന്നു.
ആ സമയത്ത് ചാനലിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനോട് ഞാൻ താമസിക്കുന്ന സ്പെയിനിലെ ഗ്രാമത്തില്‍ വച്ചുണ്ടായ ഒരു അനുഭവം പറഞ്ഞു. അത് കേട്ടിട്ട് അദ്ദേഹം ചോദിച്ചു, ‘ഇതൊന്നു എഴുതാമോ ?’ എന്ന്.
ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ഓർത്തത് - പണ്ട്, കുട്ടിയായിരുന്നപ്പോൾ ഞാൻ എഴുതുമായിരുന്നു എന്ന്.
മടിയോടെയാണ് ആദ്യ ലേഖനം എഴുതിയത്. പിന്നീട് അതൊരു കോളമായി മാറി. ആ കോളത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പുകൾ പിന്നീട് ഒരു പുസ്തകമായി. ‘മുറിവേറ്റവരുടെ പാതകള്‍’ എന്ന ആ പുസ്തകത്തിന് അക്കാദമി അവാർഡ് ലഭിച്ചു. അതായിരുന്നു തുടക്കം. അങ്ങനെയാണ് ശൂന്യതയിൽ നിന്ന് ഞാൻ എഴുത്തിലേക്ക് വന്നത്. അല്ലെങ്കിൽ എഴുത്ത് എന്നിലേക്ക് തിരിച്ചു വന്നത്.

വായനയുടെ രീതി എങ്ങനെയാണ് ?

സ്കൂളിൽ ചേരുന്നതിന് മുൻപ് തന്നെ ഞാൻ ചെറിയ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയിരുന്നു. പതിനഞ്ച് വയസ്സ് വരെ കയ്യിൽ കിട്ടിയതെല്ലാം വായിച്ചു. എല്ലാം. ആ വായനയാണ് എന്റെ അടിസ്ഥാനം. ആ കാലത്ത് വായിച്ചതാണ്, അന്ന് കയറിയിറങ്ങിയ വായനശാലകളണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത്.
സ്പെയിനിലേക്ക് താമസം മാറ്റിയപ്പോൾ പുസ്തകങ്ങൾ അധികം ലഭിക്കാതെയായി. അവിടെ ഇംഗ്ലീഷ് പുസ്തകങ്ങൾ പോലും ലൈബ്രറികളിൽ കുറവാണ്. മലയാളം പുസ്തകങ്ങളെക്കുറിച്ച് പറയുകയേ വേണ്ട.
ഇപ്പോൾ വീണ്ടും വായന സജീവമായി നടക്കുന്നുണ്ട്. പക്ഷെ രീതി മാറി. ഇപ്പോൾ ഞാൻ കൂടുതലും ക്ലാസിക്കുകൾ ആണ് വായിക്കുന്നത്. വീണ്ടും വീണ്ടും വായിക്കുന്നത് എന്ന് പറയുന്നതാവും ശരി. ഒരിക്കൽ വായിച്ചു ഇഷ്ടം തോന്നിയ പുസ്തകങ്ങൾ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വീണ്ടും വായിക്കുമ്പോൾ പുതിയ അർത്ഥങ്ങൾ തരുന്നുണ്ട്.
അതുകൂടാതെയുള്ള വായന വളരെ സെലക്ടീവ് ആണ്. എഴുതാൻ ധാരാളം സമയം വേണം എന്നതാണ് കാരണം. വായിക്കാൻ വേണ്ടി എഴുത്ത് മാറ്റിവെക്കാൻ എനിക്ക് ഇപ്പോൾ കഴിയില്ല. അതുകൊണ്ട് വായിക്കുന്ന പുസ്തകങ്ങൾ സൂക്ഷിച്ചു തിരഞ്ഞെടുക്കും.

‘പെണ്ണെഴുത്ത്’ എന്ന സങ്കൽപ്പം ഏകദേശം ഇല്ലാതായെന്നു പറയാവുന്ന ഒരു ഘട്ടമാണ്. ആ ടാഗ് ലൈൻ ഒരു സാധ്യതയാണോ ബാധ്യതയാണോ ?

സാഹിത്യം ശക്തമായ പുരുഷാധിപത്യം നിലനിൽക്കുന്ന മേഖലയായതുകൊണ്ടാണ് അങ്ങനെ ഒരു പ്രയോഗം വന്നത്. അത് ഇകഴ്ത്താൻ, വില കുറച്ചു കാണാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗമായിട്ടാണ് ഞാൻ കരുതുന്നത്.
പുരുഷൻ എഴുതിയാൽ അത് ‘സാഹിത്യം’ ആകും. സ്ത്രീ എഴുതിയാൽ അത് ‘പെണ്ണെഴുത്ത്’ ആകും. പൊതുവായ, സാർവലൗകികമായ അനുഭവം എഴുതാൻ പുരുഷനേ കഴിയൂ, സ്ത്രീക്ക് അവളുടെ അടുക്കളയെക്കുറിച്ചും ശരീരത്തെക്കുറിച്ചും മാത്രമേ എഴുതാൻ കഴിയൂ എന്ന ധാരണയാണ് ഇതിനു കാരണം.
ആ ടാഗ് ഒരു സാധ്യതയല്ല, അത് ഒരു വേലിക്കെട്ടാണ്. ആഗോള സാഹചര്യവും വ്യത്യസ്തമല്ല. ഇംഗ്ലീഷിൽ സ്ത്രീകളുടെ പുസ്തകങ്ങളെ ‘Women's Fiction’ എന്ന് വിളിച്ച് ഒതുക്കിയിട്ടുണ്ട്. വിർജീനിയ വൂൾഫ് മുതൽ ടോണി മോറിസൺ വരെ ആ ഷെൽഫിനെതിരെ യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്.
‘പെണ്ണെഴുത്ത്’ എന്ന സങ്കൽപം ഇല്ലാതായി എന്നു പറയുന്നത് ശരിയല്ല, അതിന്റെ പേര് മാറി എന്നു മാത്രം. ഇന്ന് അതിന്റെ പേര് ‘ബോൾഡ് എഴുത്ത്’, ‘തുറന്നെഴുത്ത്’ എന്നൊക്കെയാണ്. സ്ത്രീ ശരീരത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അതിക്രമത്തെക്കുറിച്ചോ എഴുതിയാൽ ഉടനെ ആ ലേബൽ വരും. ഒരു പുരുഷൻ അതേ കാര്യം എഴുതിയാൽ അത് ‘ധീരമായ രാഷ്ട്രീയ എഴുത്ത്’ ആകും.
ആ ടാഗിനെ ഞാന്‍ വെറുക്കുന്നു. നിഷേധിക്കുന്നു. എന്റെത് പെണ്ണെഴുത്തല്ല, എഴുത്താണ്.

കേരളത്തിനു പുറത്ത് ജീവിച്ച്, ഇവിടേക്ക് ശ്രദ്ധിക്കുമ്പോൾ സാഹിത്യത്തിലുൾപ്പടെ വ്യത്യസ്ത മേഖലകളിലെ കേരളീയ സ്ത്രീയവസ്ഥകളുടെ സമകാലിക സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

കേരളത്തിന് പുറത്ത് ജീവിച്ച് ഇങ്ങോട്ട് നോക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീയുടെ അവസ്ഥ കൂടുതൽ വ്യക്തമാകുന്നത്.
പുറത്തുനിന്ന് നോക്കിയാല്‍ കേരളം വളരെ പുരോഗമിച്ച ഒരു ഇടമായി തോന്നാം. സാക്ഷരത, ആരോഗ്യമേഖല, എല്ലാം അതിനു സഹായിക്കും. പക്ഷെ അകത്തുനിന്ന് നോക്കിയാൽ പുരോഗമന വാദികളുടെ പ്രധാനലക്ഷ്യം സ്ത്രീയെ അനുസരണയുള്ളവളാക്കാൻ പഠിപ്പിക്കാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സിലാകും.
സാഹിത്യത്തിലെ അവസ്ഥ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
മലയാള സാഹിത്യത്തിൽ സ്ത്രീകൾ എഴുതുന്നുണ്ടോ ? ഉണ്ട്. അവർക്ക് പുരസ്കാരങ്ങൾ കിട്ടുന്നുണ്ടോ ? കിട്ടുന്നുണ്ട്. പക്ഷെ ആരാണ് ആ പുരസ്കാരം തീരുമാനിക്കുന്നത് ? ആരാണ് ആ പുസ്തകത്തെ റിവ്യൂ ചെയ്യുന്നത് ? ആരാണ് ഫെസ്റ്റിവലുകളിൽ ആരെ വിളിക്കണം എന്നു തീരുമാനിക്കുന്നത് ? എല്ലാം പുരുഷന്മാർ തന്നെ.
അവർ സ്ത്രീകൾക്ക് ഇടം കൊടുക്കും, പക്ഷെ അവർ തീരുമാനിക്കുന്ന സ്ത്രീകള്‍ക്ക്, അവര്‍ നിശ്ചയിക്കുന്ന ഇടം മാത്രം. അവർക്ക് ‘പെണ്ണെഴുത്ത്’ എന്നൊരു മൂലയിൽ ഇരിക്കാം., ‘അടുക്കളക്കഥകൾ’ എഴുതാം., ‘ശരീരത്തെക്കുറിച്ച്’ എഴുതാം.... പക്ഷെ രാഷ്ട്രീയത്തെക്കുറിച്ച്, വംശഹത്യയെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് ഒരു സ്ത്രീ ‘സിൻ’ പോലെ, ‘കുർബാൻ’ പോലെ ഒരു നോവൽ എഴുതിയാൽ അവർക്ക് അത് ദഹിക്കില്ല. അവരതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കും, എഴുത്തുകാരിയുടെ മനോവീര്യം കെടുത്താന്‍ ശ്രമിക്കും. പൊതുവേദികളില്‍ ആക്ഷേപിക്കും.
എന്റെ പുസ്തകങ്ങളെയും എന്നെയും മലയാളത്തിലെ പുരുഷാധിപതികൾ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്. മനഃപൂർവം അവഗണിച്ചിട്ടുണ്ട്. റിവ്യൂ ചെയ്യാതിരുന്നിട്ടുണ്ട്. ചർച്ചകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഞാൻ അവർ തന്ന ഇടത്തിൽ ഇരുന്നില്ല എന്നതാണു കാരണം. അവരുടെ അനുവാദം ചോദിച്ചല്ല ഞാന്‍ എഴുതിയത് എന്നതാണ് കാരണം. പക്ഷെ സാഹിത്യലോകത്തിലെ ഇത്തരം ഇത്തിള്‍ക്കണ്ണികളല്ല ഒരു പുസ്തകത്തിന്റെ മഹത്വം നിര്‍ണ്ണയിക്കുന്നത് എന്ന് അവര്‍ മറന്നു പോകുന്നു. വായനക്കാരാണ് സാഹിത്യത്തിലെ കിംഗ്‌ മേക്കേഴ്സ്. അല്ലാതെ ഉത്തരം താങ്ങുന്നത് തങ്ങളാണ് എന്ന് കരുതുന്ന പല്ലികളല്ല.
ഇത് സാഹിത്യത്തിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണ്. കേരളത്തിലെ സ്ത്രീയ്ക്ക് വിദ്യാഭ്യാസ യോഗ്യതയുണ്ട്. ജോലിയുണ്ട്, പക്ഷെ തീരുമാനം എടുക്കുന്നത് അവളല്ല. അവളുടെ ശരീരം, അവളുടെ വസ്ത്രം, അവളുടെ യാത്ര, അവളുടെ എഴുത്ത്, അവളുടെ രാഷ്ട്രീയം - എല്ലാം ഇന്നും പുരുഷൻ തീരുമാനിക്കും. മാറ്റം വന്നിട്ടില്ല എന്ന് പറയുന്നില്ല, പക്ഷെ ആ മാറ്റം ഒച്ചിഴയുന്നത് പോലെ സാവധാനമാണ്‌.
കേരളത്തിന് പുറത്ത് ജീവിക്കുമ്പോൾ എനിക്ക് മനസ്സിലായ ഏറ്റവും വലിയ കാര്യം ഇതാണ്. ദൂരം വെറും ഭൂമിശാസ്ത്രപരമായ കാര്യമല്ല. അത് ഒരു രാഷ്ട്രീയ കാഴ്ച കൂടിയാണ്. അകത്തുനിന്നാൽ കാണാൻ കഴിയാത്ത ആ കാപട്യം, പുറത്തുനിന്നാൽ വളരെ തെളിച്ചത്തിൽ കാണാം.

മലയാളത്തിലെ സാഹിത്യം എത്രത്തോളം ലോകോത്തരമാണ് ?

മലയാളത്തിലെ സാഹിത്യം ലോകോത്തരമാണോ എന്നു ചോദിച്ചാൽ - തീർച്ചയായും ആണ്. സംശയമില്ലാതെ.
നിലവാരത്തിന്റെ കാര്യത്തിൽ നമ്മൾ ലോകത്തിലെ ഏതൊരു ഭാഷയോടും മത്സരിക്കും. ഇന്ന് എഴുതുന്ന പലരും, നിങ്ങൾ ‘ലോകോത്തരം’ എന്നു വിളിക്കുന്ന ലാറ്റിനമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ എഴുത്തുകാരെക്കാൾ എത്രയോ മികച്ച രാഷ്ട്രീയ നോവലുകൾ എഴുതുന്നുണ്ട്.
പ്രശ്നം നിലവാരത്തിലല്ല, പ്രശ്നം നമ്മുടെ മനോഭാവത്തിലാണ്.
പക്ഷെ നമ്മുടെ സാഹിത്യലോകം ലോകോത്തരമല്ല. അത് ഇപ്പോഴും വളരെ പ്രാദേശികമാണ്, ഗ്രൂപ്പിസം നിറഞ്ഞതാണ്‌.
ഒരു നോവൽ ശ്രദ്ധയാകര്‍ഷിക്കുന്നത് അത് എഴുതപ്പെടുമ്പോഴല്ല, അത് വിവർത്തനം ചെയ്യപ്പെടുമ്പോഴും വായിക്കപ്പെടുമ്പോഴും ചർച്ച ചെയ്യപ്പെടുമ്പോഴുമാണ്. അവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്.
നമുക്ക് നല്ല ഏജന്റുമാർ ഇല്ല. ഒരു മലയാളം പുസ്തകത്തെ ബുക്കർ പ്രൈസിന്റെ ലോംഗ് ലിസ്റ്റ് വരെ എത്തിക്കാൻ ശ്രമിക്കുന്ന ഒരു സിസ്റ്റം ഇല്ല. നമ്മൾ ഇപ്പോഴും അക്കാദമി അവാർഡും വയലാർ അവാർഡും കിട്ടിയാൽ തീർന്നു എന്നു കരുതുന്നു.
സ്പെയിനിൽ ജീവിക്കുന്നതുകൊണ്ട് എനിക്ക് ഇത് നേരിട്ട് അറിയാം. ഇവിടെ ഒരു സ്പാനിഷ് എഴുത്തുകാരന് ലോകം മുഴുവൻ മാർക്കറ്റുണ്ട്. നമ്മുടെ എഴുത്തുകാരന് കേരളത്തിനപ്പുറത്തേക്ക് മാർക്കറ്റില്ല.
എന്റെ മറുപടി ഇതാണ്: മലയാള സാഹിത്യം എഴുത്തുകൊണ്ട് ലോകോത്തരമാണ്, പക്ഷെ അതിനെ കൊണ്ടുനടക്കേണ്ടവരുടെ മനസ്സ് ഇപ്പോഴും പ്രാദേശികമാണ്.

വിവാദങ്ങൾ സാഹിത്യത്തിൽ എന്ത് കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത് ?

വിവാദങ്ങൾ സാഹിത്യത്തിൽ കുഴപ്പങ്ങൾതീർച്ചയായും സൃഷ്ടിക്കും. അത് നടക്കുന്ന സമയത്ത് വലിയ കലക്കം തന്നെയാണ്. പക്ഷെ കഴിഞ്ഞാൽ കിട്ടുന്ന ഒരു തെളിച്ചമുണ്ട്. എനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ കഴിഞ്ഞത് അത്തരം ഒരു ഘട്ടത്തിലൂടെയാണ്. മനുഷ്യരുടെ ഇരട്ടത്താപ്പ്, കാര്യസാധ്യത്തിനു വേണ്ടിയുള്ള പ്രീണനം, സൈഡ് പിടിക്കൽ, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കല്‍, ഇതൊക്കെ വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു.
സാധാരണ നിലയിൽ നമ്മൾ കാണാത്തയാളുകള്‍ വിവാദം വരുമ്പോൾ പ്രത്യക്ഷപ്പെടും. ചിലര്‍ സൗകര്യം നോക്കി മാറി നിൽക്കും, മിണ്ടാതിരിക്കും, അപൂര്‍വ്വം ചിലര്‍ നഷ്ടങ്ങളെ ഭയക്കാതെ നീതിയുടെ പക്ഷത്ത് നില്‍ക്കും.
അതുകൊണ്ട് വിവാദം നടക്കുന്ന സമയത്തെ മാനസിക ബുദ്ധിമുട്ട് ഒഴിച്ചു നിർത്തിയാൽ, അതിന് ഇത്തരം ഒരു ഗുണമുണ്ട്. അത് നമ്മുടെ കണ്ണ് തെളിയിക്കും. ആളുകളെ, സിസ്റ്റത്തെ കൂടുതൽ വ്യക്തമായി കാണാൻ പഠിപ്പിക്കും. ഞാൻ ആ പ്രകാശത്തെയാണ്‌ സ്വീകരിക്കുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ കാലവും പിന്നീടുള്ള പ്രവാസവും താങ്കളിലെ വ്യക്തിയെയും എഴുത്തുകാരിയെയും എങ്ങനെയൊക്കെ സ്വാധീനിച്ചു ?

കേരളത്തിലെ വിദ്യാഭ്യാസകാലം എനിക്ക് തന്നത് ഭാഷയാണ്, ഒരു സ്ത്രീയെന്ന നിലയില്‍ പിടിച്ചു നില്‍ക്കാനും പോരാടാനുമുള്ള കരുത്താണ്.
ഞാൻ പഠിച്ചത് വലിയ സൗകര്യങ്ങളുള്ള സ്കൂളിലൊന്നുമല്ല. പക്ഷെ അന്നത്തെ കേരളത്തിലെ ക്ലാസ് മുറികൾ കുട്ടികളെ ചോദ്യം ചോദിക്കാൻ പഠിപ്പിച്ചു. കഥകൾ വായിക്കാൻ പഠിപ്പിച്ചു. അതാണ് എന്റെ അടിസ്ഥാനം. ഞാൻ ഇന്ന് എഴുതുന്ന മലയാളം, ആ ക്ലാസ് മുറികളിൽ നിന്ന് കിട്ടിയതാണ്. പതിനഞ്ച് വയസ്സ് വരെ കയ്യിൽ കിട്ടിയതെല്ലാം വായിച്ച ആ കുട്ടിയെ സൃഷ്ടിച്ചതും ആ കാലമാണ്.
പിന്നീടുള്ള പ്രവാസം എന്നെ പൊളിച്ചെഴുതി. കേരളത്തെ കേരളത്തിനുള്ളിൽ നിന്നുകൊണ്ട് കാണാൻ കഴിയില്ല. പുറത്തുനിന്നാൽ നമുക്കീ നാടിനെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. ഞാൻ എഴുതുന്ന ‘മുറിവേറ്റവരുടെ പാതകൾ’ പോലുള്ള പുസ്തകങ്ങൾക്ക് ആ ദൂരം അനിവാര്യമായിരുന്നു.
പ്രവാസം എനിക്ക് സ്വാതന്ത്ര്യം തന്നു. കേരളത്തിലായിരുന്നെങ്കിൽ ഞാൻ എന്തെഴുതണം, എങ്ങനെ ജീവിക്കണം എന്നൊക്കെ നാട്ടുകാർ തീരുമാനിക്കുമായിരുന്നു. സ്പെയിനിൽ ആരും എന്നെ ഒളിഞ്ഞു നോക്കുന്നില്ല. ആരും എന്നെ വിധിക്കുന്നില്ല. ആ സ്വാതന്ത്ര്യമാണ് എന്നെ എഴുത്തുകാരിയാക്കിയത്. കുട്ടികൾ വലുതായപ്പോൾ വന്ന ശൂന്യതയെ എഴുത്തുകൊണ്ട് നിറയ്ക്കാൻ കഴിഞ്ഞതും ആ സ്വാതന്ത്ര്യം കൊണ്ടാണ്.
പ്രവാസം എനിക്ക് ഏകാന്തത നല്‍കി. അന്യത അനുഭവിപ്പിച്ചു. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക്, ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന തരം അന്യത. അത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആ അനുഭവം എന്റെ കഥാപാത്രങ്ങളിലുമുണ്ട്. അവരും എപ്പോഴും എവിടെയോ അന്യരാണ്, എവിടെയോ മുറിവേറ്റവരാണ്.
കേരളം അടിസ്ഥാനം തന്നു, കഠിനമായ അനുഭവങ്ങള്‍ തന്നു, ശക്തയാക്കി. പക്ഷെ പ്രവാസം എനിക്ക് ചിറകുകൾ തന്നു. ചിറകുകള്‍ ഇല്ലാതെ എങ്ങനെയാണ് ഞാന്‍ പുതിയ ആകാശങ്ങള്‍ കാണുക ?

കഥകളുടെ രണ്ട് പുസ്തകങ്ങൾ വന്നു. പക്ഷേ, താങ്കൾ ഒരു നോവൽ പ്രേമിയാണെന്നാണ് മനസ്സിലാകുന്നത് ?

ആ നിരീക്ഷണം ശരിയാണ്. കാരണം കഥ എനിക്ക് തികയില്ല. കഥ ഒരു മിന്നല്‍ പോലെയാണു. പെട്ടെന്ന് കെട്ടു പോകുന്നത് പോലെ അനുഭവപ്പെടുന്നു. നോവലിൽ ജീവിതം പറയാൻ എനിക്ക് കുറച്ചു കൂടി എളുപ്പമാണ്.
നിങ്ങൾ ‘സിൻ’ എടുത്താൽ മതി. അത് സീത എന്ന പെൺകുട്ടി തന്റെ കുർദ് കാമുകൻ ദേവ്‌റാനെ തേടിപ്പോകുന്ന കഥയല്ലേ എന്ന് പുറമേ നിന്ന് തോന്നും. പക്ഷെ അത് ശരിക്കും ഒരു സമൂഹത്തിന്റെ കഥയാണ്. ഭരണകൂട ഭീകരതയ്ക്ക് ഇരയായി ഇണയും തുണയും നഷ്ടപ്പെട്ട്, എന്നിട്ടും പോരാടിക്കൊണ്ടിരിക്കുന്ന കുർദ് ജനതയുടെ കഥ. അത്തരം ഒരു വേദന ഒരു കഥയിൽ എങ്ങനെ ഒതുങ്ങും ? യുദ്ധത്തിന്റെ ചാരത്തിനിടയിൽ നിന്ന് പ്രണയം വിരിയുന്നതും, ആ പ്രണയം പോലും മരണത്തേക്കാൾ വലിയ നഷ്ടമായി മാറുന്നതും പറയാൻ എനിക്ക് നോവലിന്റെ ഇടം വേണ്ടിയിരുന്നു.
പിന്നെ ‘കുർബാൻ’. ജിയാൻ എന്ന ചെറുപ്പക്കാരൻ തന്റെ കാമുകി ദരിയയ്ക്ക് കാപ്പി വാങ്ങാൻ പോയപ്പോൾ ഉണ്ടായ സ്ഫോടനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നതും പിന്നീട് അവന്റെ അച്ഛൻ ദമീർ മകനെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ജീവന്മരണ പോരാട്ടവും എന്ന് വേണമെങ്കില്‍ നമുക്ക് ചുരുക്കാം. പക്ഷെ അതൊരു ക്രൈം ത്രില്ലറല്ല. ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിൽ ഭരണകൂടവും പോലീസും വെറും ക്വട്ടേഷൻ സംഘങ്ങളായി മാറുന്നതിന്റെ കഥയാണ്. മനുഷ്യന്റെ അന്തസ്സ് എങ്ങനെ തകരുന്നു എന്ന അന്വേഷണമാണ്. ആ തകർച്ച ഒരു കഥയിൽ പറയാന്‍ എനിക്ക് കഴിയില്ല

ഇപ്പോൾ എഴുതിയ ‘മറീലിയ’ ഓർമ്മയെയും സ്നേഹത്തെയും കുറ്റബോധത്തെയും ഭ്രമാത്മകമായി അവതരിപ്പിക്കുന്ന ഒരു ഫാന്റസി ലോകമാണ്. അത്തരം ഒരു ലോകം കെട്ടിപ്പടുക്കാൻ എനിക്ക് ഒരു കഥയുടെ മുറി പോരാ, ഒരു കൊട്ടാരം തന്നെ വേണം.
എന്റെ മുറിവേറ്റവർക്ക് താമസിക്കാൻ വലിയ ഇടങ്ങള്‍ വേണം. അതാണ് എനിക്ക് നോവൽ.

പുതിയ ആലോചനകൾ എന്തൊക്കെയാണ് ?

പുതിയ ആലോചനകൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ - എനിക്ക് എന്നെ തന്നെ പരീക്ഷിക്കാൻ ഇഷ്ടമാണ്. ഒരേ തട്ടിൽ ഇരുന്ന് ഒരേപോലെ എഴുതുന്ന എഴുത്തുകാരിയാകാൻ എനിക്ക് പറ്റില്ല. അതെനിക്ക് മടുപ്പാണ്.
യാത്രയില്‍ നിന്ന്, അനുഭവക്കുറിപ്പുകളില്‍ നിന്ന് നോവലിൽ നിന്ന് ഞാൻ ചെറുകഥയിലേക്ക് യാത്ര ചെയ്തു. അവിടെ നിന്ന് പിന്നെ ഫാന്റസിയിലേക്ക്. ഇപ്പോൾ ഞാൻ വീണ്ടും ചുവടു മാറുകയാണ്.
ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് ഒരു ടെക്നോ - ത്രില്ലറാണ്. ഇന്ത്യൻ നേവിയുടെ പശ്ചാത്തലത്തിൽ.
‘സിൻ’ വംശഹത്യയെ കുറിച്ചായിരുന്നെങ്കിൽ, ‘കുർബാൻ’ നീതിയെ കുറിച്ചായിരുന്നെങ്കിൽ, ‘മറീലിയ’ ഒരു സ്വപ്നലോകത്തെ കുറിച്ചായിരുന്നുവെങ്കില്‍, ഇത് കടലിനെ കുറിച്ചാണ്. കടലിന്റെ ആഴത്തെ കുറിച്ചും, ആഴത്തിൽ ഒളിപ്പിച്ച സാങ്കേതികവിദ്യയെ കുറിച്ചും, ആ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ ജോലി ചെയ്യുന്ന മനുഷ്യരുടെ ഏകാന്തതയെ കുറിച്ചും.
തികച്ചും പുതിയ ഒരു ലോകം. പുതിയ ഭാഷ, പുതിയ ഗവേഷണം, പുതിയ ടെൻഷൻ. അങ്ങനെ മാറി മാറി എഴുതുമ്പോഴാണ് എനിക്ക് ഞാൻ ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നത്.

ഹരിത സാവിത്രി ഇപ്പോൾ തൃശൂരിലും സ്പെയിനിലുമായി ജീവിതം. ഭർത്താവ് സ്പാനിഷ് സ്വദേശിയും അദ്ധ്യാപകനുമായ ഇവാൻ. രണ്ട് ആൺമക്കൾ – നിർമൽ, ആനന്ദ്.

Haritha Savithri: Weaving Worlds of Memory and Emotion:

Haritha Savithri is a Malayalam writer known for exploring unconventional themes in her novels and stories. Her debut travelogue 'Murivettavarude Pathakal' and novel 'Sin' have garnered Kerala Sahitya Akademi awards. With postgraduate degrees in English Literature and Cultural Identity, Savithri's other notable works include novels 'Kurban' and 'Marilia', and short story collections 'Ruhi' and 'Aakashathile Manthravadinikal'. She has also translated several foreign works into Malayalam. Savithri's latest novel, 'Marilia', is a fantastical exploration of memory, love, and guilt set in a world of a decaying port, where memories and dreams are commodities. The narrative delves into the character of Silas Holloway, a thief of memories, and his fear of forgetting his own mother, leading him to steal another child's memories. Savithri's international settings stem not only from her life abroad but also from personal experiences of facing patriarchal societal wounds in Kerala. She emphasizes that her writing often reflects the lives she witnesses, making her a mere instrument in their narration, as seen in 'Sin', which depicts the plight of the Kurdish people.