‘ഒരുപാട് അപമാനിച്ചാല്‍ സിദ്ധിച്ചേക്കാവുന്ന ഒരു വിദ്യയായിരുന്നു വണ്ടിയോടിക്കലെങ്കില്...’: എന്റെ ഡ്രൈവിങ് ചരിതം
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ദിയ സ്മിതാ അൻവർ എഴുതിയ ‘ജെൻ സി ഡയറി’ എന്ന കോളത്തിൽ തന്റെ ഡ്രൈവിംഗ് പഠനാനുഭവങ്ങളും സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും ചർച്ച ചെയ്യുന്നു. ചരിത്രപരമായി കാറോട്ടത്തിൽ സ്ത്രീകൾ പിന്നിട്ട വഴികളും, ഇന്നത്തെ തലമുറ ഈ മേഖലയിൽ എങ്ങനെ മുന്നേറുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു. കഠിനമായ ചൂടിൽ കോട്ടയം നഗരത്തിലൂടെ ഡ്രൈവിംഗ് പഠിക്കുമ്പോൾ നേരിട്ട മാനസിക ബുദ്ധിമുട്ടുകളും കർശനക്കാരനായ ഇൻസ്ട്രക്ടറുടെ പെരുമാറ്റവും ഓർമ്മപ്പെടുത്തുന്നതോടൊപ്പം, പിന്നീട് വയനാട്ടിൽ വെച്ച് പേടി മാറി ആത്മവിശ്വാസത്തോടെ വണ്ടിയോടിക്കാൻ പഠിച്ച അനുഭവവും ഇതിൽ പങ്കുവെക്കുന്നുണ്ട്. വാഹനമോടിക്കുന്നത് വെറുമൊരു ലൈസൻസ് നേടൽ മാത്രമല്ല, അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നും പുതിയ തലമുറ പഴയ തലമുറയ്ക്ക് പോലും മാതൃകയാകുന്നുണ്ടെന്നും ഈ കുറിപ്പ് ഓർമ്മിപ്പിക്കുന്നു.

സിനിമയിലും സംഗീതത്തിലും രുചിയിലും വായനയിലും യാത്രയിലും പഠനത്തിലും സൗഹൃദത്തിലുമൊക്കെ പുതിയ തലമുറയുടെ ഇഷ്ടങ്ങളും ചിന്തകളും ഇങ്ങനെയൊക്കെയാണ്...
‘ജെൻ സി’ കളുടെ ലോകം ‘ജെൻ സി’ എഴുത്തിലൂടെ... ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ദിയ സ്മിതാ അന്‍വര്‍ എഴുതുന്ന കോളം – ‘ജെൻ സി ഡയറി’.
*
പേജ് – നാല് : ‘എൽ’
*
എന്റെ ഡ്രൈവിങ്ങ് പഠനാനുഭവം ആദ്യം കയ്ക്കുകയും പിന്നെ, മധുരിക്കുകയും ചെയ്ത ഒന്നാണ്. അതിനെപ്പറ്റി എഴുതാനാലോചിച്ചപ്പോള്, ഞാന്‍ സ്ത്രീകളുടെ ഡ്രൈവിങ്ങിനെപ്പറ്റി ആകമാനം ഒന്നാലോചിച്ചു പോയി.
1769 – ലാണ് കാറുകള്‍ സങ്കല്പത്തില് നിന്നു യാഥാര്ത്ഥ്യത്തിലേക്കുരുളാന് തുടങ്ങിയത്. പക്ഷേ, പിന്നെയും ഏഴെട്ടുകൊല്ലം കഴിഞ്ഞ് 1886 – ലാണ് കാള്‍ ബെന്‍സ് കാറുണ്ടാക്കി പേറ്റൻറ് അടിച്ചെടുത്തത് (എ കാൾ ഫോര്‍ ദ ഫ്യൂച്ചര്‍).
ബെന്‍സ് കാറുണ്ടാക്കി, രണ്ടു വര്‍ഷം തികഞ്ഞില്ല, ബെൻസിന്റെ ധർമ്മപത്നി ബെര്‍ത്താ ബെന്‍സ് നൂറു കിലോമീറ്ററില്‍പ്പരം ഒറ്റമൂച്ചില്‍ കാറോടിച്ച് ഒരു ചരിത്രമങ്ങ് സൃഷ്ടിച്ചു.
1900– കളിൽ വണ്ടിയോടിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അടയാളമായിത്തുടങ്ങി. അതിനിടെ, മാര്‍ഗരറ്റ് വില്‍കോക്സ് എന്ന വനിത കാറിന്റെ ഹീറ്ററും മേരി ആന്ഡേഴ്സണ് എന്ന വനിത വിന്‍ഡ്സ്ക്രീനും പേറ്റന്റെടുത്തത് മഹിളാമണികള്‍ക്ക് കാറിലും കാറോട്ടിക്കലിലും വര്‍ദ്ധിച്ചുവന്ന ആവേശത്തിന്റെ തെളിവായി.
ഇന്ത്യയില്‍ സൂസെയ്ന് ആര്.ഡി. റ്റാറ്റ 1905ല്‍ കാറോടിച്ച് ദേശീയ ചരിത്രത്തിൽ ‘എച്ച്’ വരച്ചു.
ഇപ്പറഞ്ഞതെല്ലാം സമ്പന്നരുടെ കഥ. സാധാരണസ്ത്രീകള്‍ വളയംപിടിക്കാന്‍ തുടങ്ങുമ്പോഴാണല്ലോ ചരിത്രം വര്‍ത്തമാനമാകുന്നത്.
1920 – കളില്‍ പരിഷ്കൃതയൂറോപ്യന് അമേരിക്കന്‍ ദേശങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി കാറോട്ടിത്തുടങ്ങി. അപ്പോഴും അത് ഉന്നതമദ്ധ്യവര്ഗ്ഗം മാത്രമാണേ. ഇന്ത്യയില്‍ സ്ത്രീകള്‍ കാര്യമായി വണ്ടിയോട്ടിച്ചുതുടങ്ങിയത് 1980 – കളില്‍ മാത്രമാണ്. രണ്ടായിരങ്ങള്ക്കു ശേഷമാണ് അതു വ്യാപകമായത്. സൗദി അറേബ്യ പോലെ ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ വണ്ടിയോടിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതു മാറിയതും ഈ അടുത്ത കാലത്തുമാത്രം.
വാപ്പയും അമ്മയും ഒക്കെ പറഞ്ഞുകേട്ടിട്ടുണ്ട്, അവരുടെ കൗമാരകാലത്തൊക്കെ വണ്ടിയോടിക്കുന്ന അപൂര്‍വ്വം സ്ത്രീകള്‍, നാട്ടുകാര്‍ക്ക് അദ്ഭുതമായിരുന്നെന്ന്. എന്റെ വാപ്പയുടെ കുടുംബത്തിലെ പെണ്ണുങ്ങളില്‍ ആദ്യമായി വണ്ടിയോടിക്കാന്‍ പഠിക്കുന്നത് വാപ്പയുടെ ഉമ്മിച്ചയുടെ നാത്തൂൻ ആണ്. സ്ലീവ് ലെസ് ബ്ലൗസ് ഇട്ടിരുന്ന, ഭരതനാട്യം പഠിച്ച, കാറോടിച്ചിരുന്ന, ഉദ്യോഗം ഭരിച്ചിരുന്ന മാമി ഇപ്പോഴും കാറോടിക്കും.
എന്റെ അമ്മ 2002 – ല്‍ ലൈസന്‍സ് (ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’– ലെ കുഞ്ഞുതാച്ചുമ്മായുടെ ലൈനസ്) എടുത്തതാണ്. വിവാഹക്കാര്യം സംസാരിക്കാന്‍ അമ്മയുടെ അച്ഛനമ്മമാരെ കാണാന്‍ ചെന്ന വാപ്പയെയും മൂത്താപ്പയെയും എന്റെ അമ്മ കാറോടിച്ചാണ് പാലക്കാട്ട് ബസ്സ്റ്റാന്റില് കൊണ്ടാക്കിയത്. പക്ഷേ, അമ്മ പതുക്കെ കാറോടിക്കല്‍ മറന്നു. നീണ്ട കാല്‍നൂറ്റാണ്ടുകാലം അമ്മ കാറോടിച്ചില്ല. മോഹന്‍ലാല്‍ രണ്ടുവട്ടം പ്രായപൂര്ത്തിയായിട്ടുണ്ടെന്നു ‘ഹലോ’യില്‍ പറയുന്നതുപോലെ, രണ്ടുവട്ടം ‘ലൈനസെ’ടുത്ത ആളാണ് അമ്മ. ആദ്യത്തെ ‘ലൈസന്‍സ്’ ഏതോ കള്ളന്റെ കൈയില്‍ ഇപ്പോഴും കണ്ടേക്കാം.
എന്റെ കസിന് സഹനയാണ് ഇപ്പോഴത്തെ തലമുറയില്‍ ഞങ്ങളുടെ ‘ബെര്‍ത്താ ബെന്‍സ്’.
പറയാന്‍ വന്നത്, എന്റെ ഡ്രൈവിങ് ചരിതമാണല്ലോ.
പതിനെട്ടു തികഞ്ഞ കുട്ടികള്‍ കേള്‍ക്കാനിടയുള്ള, കുറഞ്ഞ പക്ഷം ഞാന്‍ കേട്ടിട്ടുള്ള ഒരു പഠനേതര ചോദ്യമാണ് ഡ്രൈവിങ് പഠിക്കുന്നില്ലേ എന്നത്. പണ്ടത്തെപ്പോലെ കല്യാണമായില്ലേ എന്നു ചോദിക്കാന്‍ ഇന്ന് അത്രയ്ക്കാര്ക്കും ധൈര്യമില്ലല്ലോ. ഡ്രൈവിങ് പഠിച്ചിട്ടും വണ്ടിയോടിക്കാത്ത നിസാമാമിയുടെ നിരന്തര മോട്ടിവേഷന്‍ സഹിക്കാന്‍ വയ്യാതെ അവസാനം, മുന്‍പ് നീട്ടിവെച്ച ഡ്രൈവിങ് പഠനം, കോളജ് കഴിഞ്ഞ് ഇരുപതാം വയസ്സില്‍ ഞാന്‍ ആരംഭിച്ചു. പക്ഷെ കാറ് കൊണ്ട് ‘H’ വരയ്ക്കുന്നതിലുപരി മൂക്കുകൊണ്ട് ‘ക്ഷ’ വരയ്ക്കലായിരുന്നു എന്നെ സംബന്ധിച്ചടത്തോളം ഡ്രൈവിങ്. ഏപ്രില്‍ - മേയ് മാസങ്ങളിലെ, അരുന്ധതി റോയ് വിചാരിച്ചാല്‍ പോലും റൊമാന്റിസൈസ് ചെയ്യാന്‍ പറ്റാത്ത, (ബെർത്ത ബെൻസ് വിചാരിച്ചാൽ കൂടി മോട്ടിവേഷൻ തരാൻ പറ്റാത്ത) ചൂടില്‍ കോട്ടയം പട്ടണത്തിലൂടെ ഓടിക്കാനറിയാത്ത ഒരു ഉപകരണവും കണ്ണു തുറിക്കുന്ന ഒരു മാഷുമായി ഞാന്‍ ചെലവഴിച്ചു.
ഒരുപാട് അപമാനിച്ചാല്‍ സിദ്ധിച്ചേക്കാവുന്ന ഒരു വിദ്യയായിരുന്നു വണ്ടിയോടിക്കലെങ്കില് അതില്‍ അഗ്രഗണ്യയാവാനുള്ള പരിശീലനമാണ് എന്റെ ആ മാഷ് എനിക്ക് തന്നത്. ഞാന്‍ സ്വതേ ലോലഹൃദയയും, സമാധാനപ്രിയയും ആയതിനാലും, ലോകത്തെ സകല ഡ്രൈവിങ്ങ് മാഷുമാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നതിനാലും, അയാളെ തിരിച്ചു ചീത്ത വിളിക്കാനോ ഡ്രൈവിങ്ങ് സ്കൂള്‍ മാറാനോ പോയില്ല. എന്റെ വാപ്പയുമായി നടന്ന ചെറിയൊരു വാക്കുതര്‍ക്കമാണ് കക്ഷിക്ക് എന്നോടുള്ള വിരോധകാരണം. ലേണേഴ്സ് ലൈസന്‍സിന്റെ അന്ന് എന്റെ ഡോക്യുമെന്റുകള്‍ എത്തിക്കാന്‍ കാണിച്ച ഉപേക്ഷയോട് എന്റെ വാപ്പ പ്രതികരിച്ചതാണു തര്‍ക്കകാരണം. വാപ്പയാണെങ്കില്‍, സ്വരം സ്വല്പം കനപ്പെട്ടു എന്ന് മനസ്സിലാക്കുകയും മാഷോട് മാപ്പു ചോദിക്കുകയും ചെയ്തതാണ് (കക്ഷി മാപ്പ് ഒപ്പിട്ട് പാസാക്കുകയും). എന്നിട്ടും അദ്ദേഹം ദേഷ്യം മൊത്തം കാണിച്ചത് എന്നോടാണ്. വണ്ടിയില്‍ നിന്ന് ഒരു കുട്ടി ഇറങ്ങി അടുത്ത ആള് കേറുന്ന അര മിനിട്ടില്‍ അദ്ദേഹം എന്നെ കുത്തുന്ന രീതിയില്‍ എന്തെങ്കിലും പറയും.
ദുഃഖം അതിന്റെ പാരമ്യത്തിലെത്തിയപ്പോഴേക്കും ടെസ്റ്റിനുള്ള ഡേറ്റ് വന്നു. ഞാന്‍ അതു എണ്ണി കരച്ചില് തുടങ്ങി. സെമസ്റ്റര്‍ പരീക്ഷയെ വെല്ലുന്ന എന്റെ പേടിയും വെപ്രാളവും കണ്ട് വീട്ടില്‍ വന്നവരും പോയവരും അന്തിച്ചു. എനിക്ക് ടെസ്റ്റ് ഒന്നു പാസായാല്‍ മതി, മറ്റൊരു ഡ്രൈവിങ് സ്കൂളില്‍ ചേർന്ന് വീണ്ടും പഠിക്കണ്ട, എന്നതായിരുന്നു എന്റെ വിലാപത്തിന്റെ പ്രധാനകാരണം. പക്ഷേ, അതു ഞാനും വീട്ടുകാരും മനസ്സിലാക്കാന്‍ കുറച്ചധികം സമയം എടുത്തു. മെയ് മാസം അതിന്റെ എക്സ്പെയ്റി ദിനവും കാത്ത് സമയം തള്ളിനീക്കുന്ന വേളയില്‍ ലോകം ആദ്യം കോട്ടയം നഗരമായും പിന്നീട് ഒരുനിര റോഡുകളായും ചുരുങ്ങുന്നത് ഞാന്‍ കണ്ടു. റോഡിനിരുവശവും ഡ്രൈവിങ് പഠന കേന്ദ്രങ്ങള്‍; അദ്ധ്യാപകര്‍ ചലനം കൊണ്ടു പോലും വ്യത്യസ്തരല്ലാത്ത ഒരു കൂട്ടം.
ഡ്രൈവിങ് ലൈസന്‍സ് ആദ്യ എച്ചിലും ആദ്യറോഡ് നീക്കത്തിലും തന്നെ, ദൈവാധീനം കൊണ്ട് (യുക്തിവാദി ആയതിനാല്‍ രഹസ്യമായി ഒരു നേര്‍ച്ച നേര്‍ന്നിരുന്നു) കിട്ടി. പക്ഷേ, ഡ്രൈവിങ്ങ് പഠിച്ചത് ലൈസന്‍സ് കിട്ടാനാണ്, അല്ലാതെ വണ്ടിയോടിക്കാനല്ല എന്നായിരുന്നു എന്റെ നിലപാട്. എങ്കിലും വണ്ടി ഒരു സ്വാതന്ത്ര്യസമരമാണെന്നും അതോടിച്ചുപോകുന്നത് ഒരു സ്വാതന്ത്ര്യദിനപ്പരേഡാണെന്നും ഉള്ളിന്റെ ഉള്ളില്‍ തോന്നലുമുണ്ടായിരുന്നു.
പിന്നെ, വയനാട്ടില്‍ പോയി അനൗദ്യോഗികമായി പഠിച്ചപ്പോഴാണ് ഡ്രൈവിങ്ങിനോടുള്ള പേടി മാറിക്കിട്ടിയത്. വണ്ടി ഒന്നു നിന്നുപോയാല്‍, നിന്നുപോകട്ടെ, പിന്നെയും സ്റ്റാര്‍ട്ടു ചെയ്യാമല്ലോ എന്നായിരുന്നു പഠിപ്പിച്ച ഷിബിന്‍ ചേട്ടന്റെ ലൈന്‍. വലിയ പരിക്കില്ലാതെയാണെങ്കില്, ഒന്നു തട്ടിയാല്‍പോലും കുഴപ്പമില്ല എന്നും കൂടി ഷിബിന്‍ ചേട്ടന് ഉദാരനായതോടെ, ഞാന്‍ വേറൊരുതരം ഡ്രൈവിങ്ങിന്റെ വളയം പിടിച്ചുതുടങ്ങി. ആ ഡ്രൈവിങ് ലോകത്തെ കോട്ടയം പട്ടണത്തിന്റെ ഒരുനിര റോഡുകളില്‍ നിന്നെന്നെ മുക്തയാക്കി. ദിവസങ്ങള്‍ക്കകം, ഞാന്‍ കോഴിക്കോട് - പാലക്കാട് യാത്രയില്‍ ആറുവരിപ്പാതയില്‍ ഞങ്ങളുടെ ‘ക്രെറ്റ’ പായിച്ചു. പെരിന്തല്‍മണ്ണയിലും മറ്റും പട്ടണത്തിരക്കുകളില്‍ വളയവും ചക്രങ്ങളും നിയന്ത്രിച്ചു.
കാറുകളുടെ പരസ്യം ശ്രദ്ധിച്ചിട്ടുള്ള സൈദ്ധാന്തികര്‍ അതില്‍, കാറിനെ ഫെമിനിന്‍ ഇമേജായും അതിന്റെ പുരുഷ ഉടമയെ മസ്കുലിന്‍ ഇമേജായും അവതരിപ്പിക്കുന്നത് പഠിച്ചിട്ടുണ്ട്. ആ കാലം മെല്ലെ മറയുകയാണ്. കാറുകളിലൂടെയും ഥാറുകളിലൂടെയും കാറുകള്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രേമികളും കാമുകന്മാരും കൂട്ടുകാരും ആയിത്തീരുകയാണ്.
ഡ്രൈവിങ്ങ് രസകരമായ ഒരു പ്രവര്‍ത്തനമാണ്, കലയാണ്, കായികപ്രകടനമാണ്. പക്ഷേ, ഏത് കല പോലെയും ആദ്യ ദിവസമേ അത് പഠിക്കാന്‍ കഴിയുമെന്ന് വിചാരിക്കരുത്. ഡ്രൈവിങ് പഠിക്കാന്‍ ചേരുമ്പോള്‍, എന്റെ ആദ്യത്തെ മാഷെപ്പോലുള്ളവരുടെ, കൂടെ നില്ക്കാന് പറ്റാത്ത സാഹചര്യങ്ങളില്‍ നിന്ന് പറ്റുമെങ്കില്‍ ഓടുക - ലോകം നമ്മുടെ ജയപരാജയങ്ങള്‍ക്ക് മാര്‍ക്കിടാനിരിക്കുന്ന റഫറിയോ, സഹനശക്തി നിരന്തരം തെളിയിക്കേണ്ട കേളിയോ അല്ല. മറുപക്ഷത്ത് നില്ക്കുന്നവരോട് അവസാനവാക്യം : നിങ്ങള്‍ക്ക് മുകളില്‍ നില്ക്കുന്ന ആളുകളോടുള്ള വിദ്വേഷം നിങ്ങളെ ഒന്നും ചെയ്യാന്‍ പറ്റാത്ത, പ്രായത്തിലും പദവിയിലും നിങ്ങളേക്കാള്‍ ചെറുതായ മറ്റുള്ളവരോട് തീര്‍ക്കുന്നുവെങ്കില്‍, നിങ്ങള്‍ സാംസ്കാരികമായും വൈകാരികമായും അധപ്പതിച്ചവരാണ്. ദയവു ചെയ്തു, തരത്തില്‍ പോയി കളിക്കുക.
അവസാനമായി ഒന്നുകൂടി: ഒരു മോശക്കാരന്‍ ഒന്‍പതു നല്ലവര്‍ ഈ ലോകത്തില്‍ ഇല്ലെങ്കിലും ഒന്‍പതു മോശക്കാര്‍ക്ക് ഒരു നല്ലയാള് ഈ ലോകത്തുണ്ട്. അതു ഡ്രൈവിങ് പഠിപ്പിക്കുന്ന ഷിബിന്‍ ചേട്ടനായും ടെസ്റ്റു നടത്തുന്ന കാക്കിച്ചേട്ടനായും വണ്ടി നിര്‍ത്തിത്തരുന്ന കെ.എസ്.ആര്.ടി.സി. ചേട്ടനായും വരും. അതുകൊണ്ട് ഈ ലോകത്ത് എല്ലാവര്ക്കും സന്തോഷം ബാക്കിയുണ്ടാവുക തന്നെ ചെയ്യും.
പി.എസ് – കാല്‍നൂറ്റാണ്ടു മുന്‍പു ഡ്രൈവിങ് പഠിച്ചിട്ടും വണ്ടിയോടിക്കാതിരുന്ന എന്റമ്മ എന്റെ കൂടെ ചാടിപ്പുറപ്പെട്ട് ഇപ്പോള്‍ പുല്ലുപോലെ വണ്ടിയോടിച്ചു നടക്കുന്നു. അതാണു ഞങ്ങള്‍ ജെന്‍സീ. മുന്‍തലമുറയ്ക്കു മാതൃകയാക്കാന്‍ ഞങ്ങളേയുള്ളൂ...