‘കൂടിയ ഫീസ് അടയ്ക്കാൻ വഴിയില്ല’; ബിഎസ്‌സി അഗ്രികൾചർ കോഴ്സ് ഉപേക്ഷിച്ചു അർജുൻ, ടിസി വാങ്ങി!
കൂടിയ ഫീസ് അടയ്ക്കാൻ വഴിയില്ലാതെ, ബിഎസ്‌സി അഗ്രികൾചർ കോഴ്സ് ഉപേക്ഷിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി സ്വദേശി വി.എസ്. അർജുൻ. വെള്ളായണി ഗവ. കാർഷിക കോളജിൽ ചേർന്ന അർജുൻ ഇന്നു ക്ലാസ് തുടങ്ങാനിരിക്കെ, 24ന് ആണ് ടിസി വാങ്ങിയത്. സെപ്റ്റംബർ 15ന് ആണ് 39,000 രൂപയടച്ച് കോളജിൽ പ്രവേശനം നേടിയത്. ക്ലാസ് തുടങ്ങുമ്പോൾ 50,000 രൂപ കൂടി അടയ്ക്കേണ്ടി വരുമെന്നും ഇതു താങ്ങാൻ കഴിയാത്തതിനാലാണു ടിസി വാങ്ങിയതെന്നും അർജുൻ പറഞ്ഞു.
‘അലോട്മെന്റ് സമയത്ത് ഇത്രയും ഫീസ് സൈറ്റിൽ കാണിച്ചിരുന്നില്ല. ഈ ഫീസ് വേണ്ടിവരുമെന്നു കോളജ് അധികൃതരോ സർവകലാശാലയോ അറിയിച്ചിരുന്നുമില്ല. എനിക്കും ധാരണയുണ്ടായിരുന്നില്ല. വലിയ ഫീസിനെപ്പറ്റി സീനിയേഴ്സും വിദ്യാർഥി യൂണിയൻ നേതാക്കളുമാണു പറഞ്ഞത്.
വീട്ടിൽ അച്ഛന്റെ ചികിത്സയ്ക്ക് അടക്കം ബുദ്ധിമുട്ടുകളുണ്ട്. സഹോദരിക്ക് എടുത്ത വിദ്യാഭ്യാസ വായ്പ തീർന്നിട്ടില്ല. വീടു നന്നാക്കാനെടുത്ത കടവുമുണ്ട്. ഈ സാഹചര്യത്തിൽ, വീണ്ടുമൊരു വിദ്യാഭ്യാസ വായ്പ എടുക്കാനാകില്ല. കോഴ്സ് ഉപേക്ഷിക്കുകയാണെങ്കിൽ അടച്ച തുക തിരിച്ചു കിട്ടാനുള്ള അവസരം 24 വരെയായിരുന്നു. അന്നാണു ടിസി വാങ്ങിയത്. അല്ലെങ്കിൽ, ടിസി കിട്ടാൻ 75,000 രൂപ കൂടി അടയ്ക്കേണ്ടി വന്നേനെ.’- അർജുൻ പറയുന്നു.
കർഷക ദമ്പതികളായ സത്യരാജിന്റെയും ബീനയുടെയും മകനായ അർജുൻ ടിസി വാങ്ങിയതു സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പലരും സഹായം വാഗ്ദാനം ചെയ്തു വിളിച്ചിരുന്നു. വീണ്ടും പ്രവേശനം ലഭിച്ചാലും ആ കോളജിലേക്കില്ല. അടുത്ത തവണ വെറ്ററിനറി കോഴ്സിനു പ്രവേശനം നേടാൻ ശ്രമിക്കുമെന്നും അർജുൻ പറഞ്ഞു.
വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായതിനാൽ ഇ ഗ്രാന്റ്സ് മുഖേന ഫീസ് ആനുകൂല്യം തിരികെ ലഭിക്കുമെന്ന് വെള്ളായണി കാർഷിക കോളജ് ഡീൻ ഡോ. ജേക്കബ് ജോൺ പറഞ്ഞു. വിസിയുടെ സ്പെഷൽ സ്കോളർഷിപ്പിനു സാധ്യതയുണ്ടെന്നും 50,000 രൂപ കൂടി അടയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.