ബൈക്ക് ഇടിച്ചിട്ട് നിർത്താതെ പോയി, നടിക്കും സുഹൃത്തിനും പങ്ക്; സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ആളെ കണ്ടെത്തി പൊലീസ്
ബെംഗളൂരുവിൽ ഒക്ടോബർ ആദ്യം വാഹനമിടിച്ച് നിർത്താതെ പോയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ വാഹനാപകടത്തിൽ നടി ദിവ്യ സുരേഷിനും കന്നഡ ബിഗ് ബോസ് സീസൺ താരത്തിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തി പൊലീസ്. അപകടം നടന്നതിനു തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടതോടെയാണ് നടിയുടെ പങ്ക് പൊലീസ് സ്ഥിരീകരിക്കുന്നത്.
ഒക്ടോബർ നാലിന് ബൈതാരായനപുരയിൽ നിത്യ ഹോട്ടലിനു സമീപമായിരുന്നു അപകടം. സൈഡ് റോഡിൽ നിന്ന് കയറിവന്ന കിയ സോണറ്റ് തിരിയുന്ന ഭാഗത്ത് നിന്നും വന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് റോഡിന്റെ വലതുവശം ചേർന്നായിരുന്നു വന്നത്. പെട്ടെന്ന് കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും തെറിച്ചു വീണു. ഇടിച്ചിട്ട കാർ നിർത്താതെ പോകുകയായിരുന്നു. പുലർച്ചെ 1:30 നായിരുന്നു അപകടം. ഈ സമയം റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല.
റോഡിന്റെ തെറ്റായ വശത്തുകൂടി ഇരുചക്ര വാഹനം സഞ്ചരിച്ചതാണ് അപകടത്തിന് കാരണം. ഇടതുവശത്തുകൂടി സുരക്ഷിതമായി സഞ്ചരിച്ചിരുന്നെങ്കിൽ, സോണറ്റ് റോഡിലേക്ക് പ്രവേശിച്ച അതേ വേഗത്തിൽ പോലും സുരക്ഷിതമായി കടന്നുപോകുമായിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ ബൈക്കിന് നേരെ വരുന്ന തെരുവു നായ്ക്കളെയും കാണാം. ഇവയെ ഒഴിവാക്കാൻ വേണ്ടിയാകും ബൈക്ക് വലതുവശത്തേക്ക് മാറിയത്.
ബൈക്കിൽ സഞ്ചരിച്ച ഒരു യുവതിയുടെ കാലിന് ഒടിവ് പറ്റുകയും ശസ്ത്രക്രിയ ചെയ്തെന്നുമാണ് റിപ്പോർട്ട്. മറ്റ് രണ്ടുപേർക്ക് നിസാര പരുക്കുകളേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ 7 ന് അപകടം സംഭവിച്ച കിരൺ എന്ന യുവാവ് ഒരു "അജ്ഞാത" സ്ത്രീ ഓടിച്ചിരുന്ന കാർ അമിതവേഗത്തിൽ തങ്ങളുടെ മോട്ടോർ സൈക്കിളിനെ ഇടിച്ചു വീഴ്ത്തിയെന്ന്’ പൊലീസിൽ പരാതി നൽകി. ശേഷമുള്ള അന്വേഷണത്തിലാണ് നടിയുടെ ബന്ധം ഇപ്പോൾ തെളിഞ്ഞത്. അന്വേഷണത്തിൽ കാർ ദിവ്യ സുരേഷിന്റേതാണെന്ന് കണ്ടെത്തി.
തന്റെ പേര് പുറത്തുവന്നതോടെ, നടി ഇൻസ്റ്റാഗ്രാമിൽ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് രംഗത്തു വരുകയും ചെയ്തു. നിരവധി കന്നഡ സിനിമകളിലും പരമ്പരകളിലും പങ്കെടുത്തിട്ടുള്ള ദിവ്യ മുൻ പ്രൊഫഷണൽ കബഡി കളിക്കാരി കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ ദിവ്യയ്ക്ക് 2.4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.