‘പുതിയ വീട് വയ്ക്കാന്‍ പൈസ ഇല്ല, എങ്ങോട്ട് പോകണമെന്ന് ഞങ്ങൾക്കറിയില്ല’; മുഖ്യമന്ത്രിക്ക് കുഞ്ഞു ഫൈഹയുടെ സങ്കടക്കത്ത്
മുഖ്യമന്ത്രിക്ക് കുഞ്ഞു ഫൈഹയുടെ സങ്കടക്കത്ത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫൈഹ ഫാത്തിമയാണ് തന്റെ സങ്കടങ്ങൾ വിവരിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. അടിമാലി ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മാറ്റി പാർപ്പിച്ചു ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കളപ്പുരയ്ക്കൽ വിബിൻ- സജിനി ദമ്പതികളുടെ മകളാണ് ഫൈഹ.
ഫൈഹ എഴുതിയ കത്ത് വായിക്കാം;
എന്റെ പേര് ഫൈഹ
എന്റെ വീട്ടിൽ നിന്ന് പോകണമെന്ന് പറയുമ്പോ കുറെ സങ്കടമുണ്ട്.
എനിക്ക് ഇവിടന്ന് പോണമെന്നില്ല. പുതിയ വീട് വച്ചു പോകാൻ ഞങ്ങളുടെ കയ്യിൽ പൈസ ഇല്ല. അവിടെ പോയി ഇനി ഞങ്ങൾക്ക് താമസിക്കാനും പറ്റില്ല. എങ്ങോട്ട് പോകണമെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളെ നിങ്ങൾ സഹായിക്കണം.
ഞങ്ങൾക്ക് ചെറിയൊരു വീട് വേണം. എന്റെ കൂട്ടൂകാരെല്ലാം ഇവിടെയുണ്ട് (ക്യാംപ്). ആ വീട്ടിൽ തന്നെ നിൽക്കണമെന്നുണ്ട്. പക്ഷേ, അവിടെ മണ്ണിടിഞ്ഞു വരികയല്ലേ. അവിടെ നിൽക്കാൻ പാടില്ലെന്ന് മെംബർ പറഞ്ഞു. അവിടെ മണ്ണെടുക്കുമ്പോൾ പേടിയുണ്ടായിരുന്നു. ഇത്രയും മണ്ണ് വരുമെന്ന് പ്രതീക്ഷിച്ചില്ല. എല്ലാവരുടെയും വീട് പോയപ്പോ വിഷമവും ഒക്കെയായി. ഇനി മണ്ണിടിയുമ്പോൾ വീട്ടിലേക്ക് വരരുതെന്നാണ് ഞങ്ങൾ പ്രാർഥിക്കുന്നത്.