‘കൊഴുവ സാലഡ് മുതൽ മത്തി അടുക്കി വറ്റിച്ചത് വരെ’; മീൻകാലം രുചികരമാക്കാന്‍ മൂന്നു മീന്‍വിഭവങ്ങൾ
കൊഴുവ കൊണ്ടുള്ള സാലഡ് മുതൽ മത്തി കൊണ്ടുള്ള കറി വരെ മീൻകാലം രുചിക്കാലമാക്കാൻ മൂന്നു മീന്‍വിഭവങ്ങൾ...
മത്തി അടുക്കി വറ്റിച്ചത്
1. മത്തി (ചാള) – 10
2. എണ്ണ – നാലര വലിയ സ്പൂണ്‍
3. ഉലുവ, കടുക് – ഓരോ നുള്ള്
4. ചുവന്നുള്ളി – 30, അരിഞ്ഞത്
വെളുത്തുള്ളി – 30 അല്ലി, അരിഞ്ഞത്
ഇഞ്ചി – മൂന്നിഞ്ചു കഷണം
പച്ചമുളക് – 20, കീറിയത്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
5. മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില – മൂന്നു തണ്ട്
ഉപ്പ് – പാകത്തിന്
6. കുടംപുളി – നാലു ചുള, കുതിർത്തത്
പാകം െചയ്യുന്ന വിധം
∙ മീന്‍ മുഴുവനോടെ തന്നെ വൃത്തിയാക്കി വരഞ്ഞു വയ്ക്കണം.
∙ എണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ വാടി നിറം മാറിവരുമ്പോള്‍ അഞ്ചാമത്തെ ചേരുവ േചർത്തു ചെറുതീയിൽ വച്ച് ഇളക്കണം
∙ അടുപ്പില്‍ നിന്നു വാങ്ങി വയ്ക്കുക.
∙ മീൻചട്ടിയില്‍, കുതിർത്ത കുടംപുളി നിരത്തി അതിനു മുകളില്‍ മസാലയുടെ പകുതി നിരത്തണം. അതിനു മുകളിലായി മീന്‍ നിരത്തിയ ശേഷം ബാക്കി മസാലയും നിരത്തണം.
∙ അല്‍പം വെള്ളമൊഴിച്ച് അടച്ചുവച്ചു നല്ല തീയില്‍ വേവിക്കണം.
∙ ഇടയ്ക്കു മെല്ലേ കുലുക്കി യോജിപ്പിച്ചു വെള്ളം വറ്റിച്ചെടുക്കണം. മീന്‍ വെന്തു വരണ്ടിരിക്കണം.
മീന്‍ പൊള്ളിച്ചത്
1. ദശക്കട്ടിയുള്ള മീന്‍ കഷണങ്ങളാക്കിയത് – 250 ഗ്രാം
2. ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂണ്‍
ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂണ്‍
പച്ചമുളകു ചതച്ചത് – ഒരു വലിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ മീന്‍ വൃത്തിയാക്കി വയ്ക്കണം
∙ രണ്ടാമത്തെ ചേരുവ മീന്‍ചട്ടിയിലാക്കി നന്നായി തിരുമ്മി യോജിപ്പിക്കണം.
∙ ഇതിലേക്കു മീനും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്ത്, അടച്ചു വച്ചു ചെറുതീയിൽ വേവിച്ചു വാങ്ങണം. ഒരു മണിക്കൂറിനു േശഷം വിളമ്പാം.
കൊഴുവ സാലഡ്
1. കൊഴുവ വൃത്തിയാക്കിയത് – 250 ഗ്രാം
2. മുളകുപൊടി – ഒന്നര വലിയ സ്പൂണ്‍
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. പാവയ്ക്ക – ഒന്ന്
4. ഉപ്പ്, മഞ്ഞള്‍പ്പൊടി – പാകത്തിന്
5. എണ്ണ/വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
6. സവാള – ഒരു വലുത്, അരിഞ്ഞത്
തക്കാളി – രണ്ട് ഇടത്തരം, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ കൊഴുവ വൃത്തിയാക്കിയതില്‍ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി വയ്ക്കണം.
∙ പാവയ്ക്ക നീളത്തില്‍ രണ്ടായി മുറിച്ച ശേഷം കനം കുറച്ചു വട്ടത്തില്‍ അരിയുക. ഇതില്‍ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി പാവയ്ക്ക വറുത്തു കോരി വയ്ക്കണം.
∙ മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കൊഴുവ വറുത്തു കോരി വയ്ക്കണം.
∙ വിളമ്പുന്നതിനു തൊട്ടുമുൻപ് ആറാമത്തെ ചേരുവ യോജിപ്പിച്ചതു കയ്യിൽ എടുത്തു മെല്ലേ ഒന്നു അമർത്തി വെള്ളം പിഴിയണം. ഇതു വിളമ്പാനുള്ള പ്ലേറ്റില്‍ നിരത്തണം.
∙ അതിനു മുകളില്‍ പാവയ്ക്ക വറുത്തതു വച്ച ശേഷം ഏറ്റവും മുകളിലായി കൊഴുവ വറുത്തതും വച്ചു വിളമ്പാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: രഘുനാഥ് പി. കെ, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി