മാസാവസാനം ക്രെഡിറ്റ് കാർഡ് പണി തരാറുണ്ടോ? ഈ 5 ടിപ്സ് ഓർത്തു വയ്ക്കാം, ക്യാഷ് ബാക്ക് രഹസ്യവും അറിയാം Credit card benefits and hacks
ശ്രദ്ധയോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് നൽകുന്ന സാധ്യതകൾ അതിഗംഭീരമാണ്. അതേസമയം ഉയർന്ന പലിശ നിരക്കുള്ള ലോണുമാണ് ക്രെഡിറ്റ് കാർഡ്.
ഒരു ക്രെഡിറ്റ് കാർഡ് നമ്മുടെ കയ്യിലേക്കു കിട്ടുമ്പോ ൾ തന്നെ ഒരു നിശ്ചിത തുക കാർഡിലുണ്ടായിരിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഈ തുക ചെലവാക്കാമെന്നു മാത്രമല്ല തിരിച്ചടയ്ക്കാൻ 40 ദിവസം വരെ സാവകാശം ലഭിക്കുകയും ചെയ്യും. എന്നാൽ, ഡ്യൂ ഡേറ്റിന്ശേഷം തുക തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ആ തുകയ്ക്കു പലിശ നൽകേണ്ടി വരും. ക്രെഡിറ്റ് കാർഡിന്റെ പലിശ കണക്കാക്കുന്നതു പ്രതിമാസം എന്ന നിലയ്ക്കാണ്.
ഡ്യൂ ഡേറ്റിൽ മിനിമം തുക മാത്രം അടയ്ക്കുന്ന പ്രവണത ചിലർക്കെങ്കിലുമുണ്ട്. ഉദാഹരണത്തിനു തിരികെ അടയ്ക്കേണ്ട ആകെ തുക 50,000 രൂപയും മിനിമം തുക 2,000 രൂപയുമാണെന്നു കരുതുക. ചിലർ 2000 രൂപ മാത്രമാകും അടയ്ക്കുക. അങ്ങനെ വരുമ്പോൾ ബാക്കി വരുന്ന 48,000 രൂപയ്ക്കു പലിശ നൽകേണ്ടതായി വരും. ചുരുക്കിപ്പറഞ്ഞാൽ കൃത്യമായ പ്ലാനിങ്ങോടെ ഉപയോഗിക്കുന്നവർക്ക് അനുഗ്രഹവും അല്ലാത്തവർക്കുള്ള കുരുക്കുമായി മാറും ക്രെഡിറ്റ് കാർഡ് ഉപയോഗം.
ബുദ്ധിപരമായി ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് വഴി വേറെയും നേട്ടങ്ങളുണ്ടാക്കാം. ക്രെഡിറ്റ് സൗജന്യമായി കിട്ടുന്നതിനൊപ്പം ക്യാഷ് ബാക്ക്, റിവാർഡ് പോയിന്റ് തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങളും ലഭിക്കും. പോയി ന്റുകൾ റെഡീം ചെയ്തുകൊണ്ടു നമുക്കു കൂടുതൽ ഷോപ്പ് ചെയ്യാം. ആമസോൺ, മിന്ത്ര, ഫ്ലിപ്കാർട്ട് തുടങ്ങി ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളുടെ ഓഫറുകൾ പല കാർഡുകളിലും ലഭിക്കും.
കാർഡിനനുസരിച്ച് ഇത്തരം ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകും. ആനുവൽ മെയ്ന്റെനൻസ് ചാർജുകൾ ഇല്ലാത്ത ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. കൂടാതെ കാർഡിന്റെ ഉപയോഗം ക്രഡിറ്റ് തുകയുടെ 50 ശതമാനത്തിനുള്ളിൽ നിർത്താൻ ശ്രമിക്കുകയും വേണം.
ഷോപ്പ് ചെയ്യാം, പ്ലാനിങ്ങോടെ
ക്രെഡിറ്റ് കാർഡിന്റെ ബില്ലിങ് ഡേറ്റും ഡ്യൂ ഡെറ്റും എപ്പോഴും ഓർമയുണ്ടാകണം. ബില്ലിങ്ങ് ഡേറ്റിന് തൊട്ടു പിന്നാലെ ഷോപ്പ് ചെയ്താൽ 40 ദിവസം വരെ പലിശയില്ലാതെ ക്രെഡിറ്റ് കിട്ടും.
എല്ലാ മാസത്തെയും വരവു ചെലവു കണക്കുകൾ കൃത്യമായി നിശ്ചയിച്ച് അതിനുള്ളിൽ നിന്നുകൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുക. പരിധിയുടെ 30 ശതമാനം മാത്രം ചെലവാക്കുന്നതാണ് ആരോഗ്യകരമായ ക്രെഡിറ്റ് കാർഡ് ഉപയോഗമെന്നു പറയാം. മാത്രമല്ല തിരിച്ചടവുകൾ കൃത്യമാണെങ്കിൽ സിബിൽ സ്കോർ കൂട്ടാൻ ക്രെഡിറ്റ് കാർഡ് നിങ്ങളെ സഹായിക്കും.
കയ്യിൽ പണമില്ലെങ്കിലും അനാവശ്യ ഷോപ്പിങ്ങിനുള്ള പ്രവണത ക്രെഡിറ്റ് കാർഡ് നമ്മളിലുണ്ടാക്കും. ചെലവിനു മേൽ നിയന്ത്രണം കുറയും എന്നതു ക്രെഡിറ്റ് കാർഡിന്റെ വീഴ്ചയാണ്.
മാസശമ്പളത്തിനുള്ളിൽനിന്നു കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നവരെ സംബന്ധിച്ച് മാസാവസാനം അൽപം ശ്രദ്ധയോടെയാകും ചെലവുകൾ കൈകാര്യം ചെയ്യുക. ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ പലർക്കും ഈ കരുതലുണ്ടാവില്ല. അടുത്ത മാസം തുക തിരിച്ചടയ്ക്കാറാകുമ്പോഴാണു ബുദ്ധിമുട്ടറിയുക. ഒരിക്കൽ സംഭവിച്ചുപോയാൽ പിന്നെ ഇതൊരു കുടുക്കിൽപ്പെടുന്നതുപോലെയാണ്. ശമ്പളം വരുമ്പോൾ ക്രെഡിറ്റ് കാർഡിന്റെ ബിൽ അടയ്ക്കും. ആ മാസത്തെ ചെലവുകൾക്ക് ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കും. വീണ്ടും ഇതുതന്നെ തുടരും.
കണ്ണുതെറ്റിയാൽ ആകെ കുഴയും
∙ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടുപോയാൽ വളരെ പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക.
∙ കഴിവതും ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് ആരോഗ്യകരമായ രീതി.
∙ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്യരുത്. ∙
വിവരങ്ങൾക്ക് കടപ്പാട്:
നിഖിൽ ഗോപാലകൃഷ്ണൻ
സിഇഒ, പെന്റാഡ് സെക്യൂരിറ്റീസ്