കടംവാങ്ങി ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ട: സാമ്പത്തിക അച്ചടക്കത്തിന് ഉപകരിക്കും 5 ടിപ്സ് Create a Festival Fund for Planned Expenses
കടം വാങ്ങാതെ ആഘോഷങ്ങൾ ആസ്വദിക്കാം. അത് കുടുംബബന്ധങ്ങളുടെ ഊഷ്മളത വർധിക്കുന്നതിനും അംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്നതിനും ആഘോഷങ്ങളും ഒത്തുചേരലുകളും വളരെ പ്രധാനമാണ്. അതുതന്നെയാണല്ലോ ഉത്സവങ്ങളും ആഘോഷങ്ങളും മുന്നോട്ടു വയ്ക്കുന്ന ആശയവും.
കെട്ടിലും മട്ടിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ആഘോഷങ്ങളുടെ ഭംഗിയെപ്പോഴും അവ ബാക്കിയാക്കുന്ന ഓർമകളിലാണുള്ളതെന്ന കാര്യം മറക്കേണ്ട. എന്തൊക്കെയാണെങ്കിലും കടം വാങ്ങാതെ സന്തോഷിക്കാൻ ഈ ഓണം മുതലെങ്കിലും നമുക്കു ശീലിക്കാം.
ആവേശമല്ല, അച്ചടക്കമാണു വേണ്ടത്
വിശേഷദിവസങ്ങൾ എങ്ങനെ ആഘോഷിക്കണം എന്നു തീരുമാനിക്കേണ്ടതു തീർച്ചയായും നമ്മുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാകണം. കയ്യിൽ പണമില്ല അല്ലെങ്കിൽ സാമ്പത്തികസ്ഥിതി അൽപം മോശമാണെങ്കിൽ ആഘോഷങ്ങൾ ചുരുക്കാനും സമ്മാനങ്ങൾ ഒഴിവാക്കാനും മടി വേണ്ട. ആഘോഷങ്ങൾക്കു മങ്ങലേൽക്കാതിരിക്കാൻ ഒരു ഫെസ്റ്റിവൽ ഫണ്ട് നിശ്ചയിക്കാവുന്നതാണ്. ഈ തുക ഡെബ്റ്റ് ഫണ്ടിൽ എസ്ഐപിയായി അടയ്ക്കാം. പല എൻആർഐ വ്യക്തികളും ഇത്തരത്തിലാണ് അവരുടെ യാത്രകൾക്കും ആഘോഷചെലവുകൾക്കുമുള്ള പണം കണ്ടെത്തുന്നത്.
ഉദാഹരണത്തിന് 1,20,000 രൂപയാണു ചെലവു വരുകയെങ്കിൽ അതിനെ 12 കൊണ്ട് ഭാഗിക്കാം. പ്രതിമാസം 10000 രൂപ എസ്ഐപിയിൽ നിക്ഷേപിച്ച് അതിനുള്ളിൽ ആഘോഷങ്ങളൊതുക്കാം. ഇതിൽ 80 ശതമാനം പൂർണമായും അടിച്ചുപൊളിക്കാൻ എടുത്തോളൂ. 20 ശതമാനം അപ്രതീക്ഷിത ചെലവുകൾക്കായി നീക്കി വയ്ക്കാം.
പിടിച്ചാൽ ചെലവു കുറയ്ക്കാം
ഗൃഹനാഥനും നാഥയും ഒരുമിച്ചിരുന്നു ഫെസ്റ്റിവൽ ബജറ്റ് നിശ്ചയിക്കുന്നതാണു നല്ലത്. ലിസ്റ്റ് തയാറാക്കിക്കൊണ്ടു തുടങ്ങാം. പുതിയ വസ്ത്രങ്ങൾ മുതൽ ഗിഫ്റ്റു വരെ വാങ്ങാനുള്ള തുക ഇതിൽ ഉൾപ്പെടുത്തിക്കോളൂ. ചെലവുകളെ പല തട്ടുകളായി ക്രമീകരിക്കുന്നത് അനാവശ്യ െചലവുകൾ ഒഴിവാക്കാൻ സഹായിക്കും.
പണ്ടൊക്കെ ഒട്ടുമിക്ക വീടുകളിലും കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വസ്ത്രങ്ങൾ കിട്ടുന്നത് ആഘോഷാവസരങ്ങളിൽ മാത്രമാണ്. എന്നാലിന്ന് ഓഫറുകളും സെയിലും നോക്കിയാണു പലരും ഷോപ്പ് ചെയ്യുന്നത്.
ഓൺലൈൻ സൈറ്റുകളിലും മാളുകളിലുമെല്ലാം ആഘോഷങ്ങളോടനുബന്ധിച്ചു ഫെസ്റ്റിവൽ സെയിലും ഓഫറുകളും വരാറുണ്ട്. ഇവയൊന്നും കണ്ടു കണ്ണു മങ്ങരുത്. ഷോപ്പിങ്ങിനു പോവുമ്പോൾ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയാൽ അനാവശ്യ പണച്ചെലവ് ഒഴിവാക്കാം. പ്രായോഗികമായി ചിന്തിച്ച് ആവശ്യമുള്ളതു മാത്രം വാങ്ങാം.
വീടിന്റെ അറ്റകുറ്റപ്പണികൾ, അലങ്കാരം തുടങ്ങിയവയ്ക്കായി തുക മാറ്റിവയ്ക്കാം.അടുപ്പിച്ച് അവധി കിട്ടുമ്പോൾ കുടുംബസമേതം യാത്രപോകുന്നവരാണെങ്കിൽ അതു മുൻകൂടി പ്ലാൻ ചെയ്യുക. കുറഞ്ഞ നിരക്കിൽ യാത്രാ ടിക്കറ്റ്, സ്‌റ്റേ തുടങ്ങിയവ ബുക്ക് ചെയ്യാൻ ഇതു സഹായിക്കും.
ഇതൊന്നു പരീക്ഷിച്ചാലോ?
∙മറ്റാവശ്യങ്ങൾക്കായി നീക്കിവയ്ക്കുന്ന പണം ഒരിക്കലും ആഘോഷങ്ങൾക്കായി എടുക്കരുത്.
∙പൂക്കളവും അലങ്കാരങ്ങളും സ്വയം ചെയ്യുന്നത് ഫെസ്റ്റിവൽ വൈബ് കൊണ്ടുവരാൻ സഹായിക്കും.
∙ഹോൾസെയിൽ ഷോപ്പിങ്ങിനുള്ള അവസരമുണ്ടെങ്കിൽ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ചേർന്ന് ഷോപ്പ് ചെയ്യുന്നത് ചെലവു കുറയ്ക്കാം.
∙യാത്രകളോ ഗെറ്റ് ടുഗെദറുകളോ സംഘടിപ്പിക്കുന്നെങ്കിൽ ചെലവ് എല്ലാവരും തുല്യമായി വീതിച്ചെടുക്കുക.
∙ഒരുപാട് അതിഥികളുണ്ടെങ്കിൽ ഒരാൾ ഒരു വിഭവം എന്ന രീതിയിൽ പോട്ട്ലക്ക് പ്ലാൻ ചെയ്യാവുന്നതുമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
വിവരങ്ങൾക്ക് കടപ്പാട്:
നിഖിൽ ഗോപാലകൃഷ്ണൻ
പെന്റാഡ് സെക്യൂരിറ്റീസ്