'ടെറസ്സിൽ സവാള വളർത്താം, 150 ദിവസത്തില്‍ വിളവെടുക്കാം'; ശീതകാലവിളയായ സവാള നട്ടുവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഉയർന്ന പ്രദേശങ്ങളിൽ മാർച്ച് മുതൽ ജൂൺ വരെയും മേയ് മുതൽ ഓഗസ്റ്റ് വരെയും സവാള നടാം. നിരപ്പായ സ്ഥലങ്ങളിൽ നവംബർ – ഫെബ്രുവരി കാലത്തു നടുക. വെയിലുള്ള ഇടമാണ് നല്ലത്. 13 മുതൽ 32 ഡിഗ്രി സെൽഷസ് വരെയുള്ള താപനിലയിൽ വളരും.
∙ ജൈവാംശവും നീർവാർച്ചയുമുള്ള മണ്ണിൽ വിത്തോ കിളിർത്ത സവാളയോ നടാം. 45– 50 ദിവസമാകുമ്പോൾ പറിച്ചു നടാം. ചെടികൾ തമ്മിൽ 15 സെ. മീറ്ററും വരികൾ തമ്മിൽ 45 സെ. മീറ്ററും അകലം വേണം. നിലം കിളച്ചു ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം േചർത്ത ശേഷം ഉയരത്തിൽ എടുത്ത തടങ്ങളിൽ തൈകൾ നനടുക. ചതുപ്പുപ്രദേശം, ക്ഷാരഗുണം ഉള്ള മണ്ണ് ഇവ അനുയോജ്യമല്ല.
∙ ടെറസ്സിൽ മഴ മറയ്ക്കുള്ളിലാക്കി സവാള വളർത്താം. കിളിർത്ത സവാള സ്യൂഡോമോണാസിൽ 20 മിനിറ്റ് മുക്കിയ ശേഷം ഇലകൾ മുകളിലാക്കി നീർവാർച്ചയുള്ള മണ്ണ്മിശ്രിതത്തിൽ നടുക. അൽപം വാം ജീവാണുവളം നൽകുക. 10 ദിവസത്തിലൊരിക്കൽ ചെടികൾ നനച്ചു സ്യൂഡോമൊണാസ് തളിക്കുക.
∙ ആഴ്ചയിലൊരിക്കൽ ചാണകം – വേപ്പിൻപിണ്ണാക്ക്– കടലപ്പിണ്ണാക്ക് മിശ്രിതം 3 – 4 ദിവസം പുളിപ്പിച്ചു പത്തിരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു തളിക്കാം. ഒരു ലീറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം എൻപികെ വളം ചേർത്തു 30, 45, 60 ദിവസങ്ങളിൽ തളിക്കുക. 140 – 150 ദിവസമായാൽ ഇലകൾ പഴുക്കുമ്പോൾ വിളവെടുക്കാം. മാസം തോറും വേപ്പെണ്ണ, ബ്യൂവേറിയ ഇവ മാറിമാറി നൽകി കീടബാധ നിയന്ത്രിക്കാം.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം