തന്റ പുതിയ നോവൽ ‘കരിങ്കാളിച്ചാത്തൻ’ ന്റെ രചനാവഴികളിലെ പ്രചോദനങ്ങളെക്കുറിച്ചു പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ മനോഹരന്‍ വി. പേരകം എഴുതുന്നു –

കരിങ്കാളിച്ചാത്തനിലേക്ക് വഴികൾ പലതാണ്. അല്ലെങ്കിലും എവിടേക്കും ഒന്നല്ല, പല വഴികളുണ്ടല്ലോ; പ്രത്യേകിച്ച് കലയ്ക്കും സാഹിത്യത്തിനും. അതിൽ ജീവിതത്തിലെ അനുഭവങ്ങളോടൊപ്പം ഓർമ്മകളും സ്വപ്നങ്ങളും എന്നോ കേട്ട ഒരു കിളിക്കൂക്കുപോലും ഉൾച്ചേർന്നിരിക്കുന്നു.

ADVERTISEMENT

സ്ക്കൂൾ കാലത്തിന്റെ തുടക്കത്തിലേ കരിങ്കാളികളെ കാണുന്നുണ്ടായിരുന്നു. അവിടെയടുത്ത് കരിങ്കാളി കെട്ടുന്നൊരു കുടുംബമുണ്ട്. വേനലിൽ സ്ക്കൂൾ വിട്ട നേരത്തും ഇടനേരത്തുമൊക്കെ അവർ വേലയറിയിക്കാൻ പെരുവഴികൾ താണ്ടി വീടുകളിലെത്തുന്നത് നാട്ടിലെ ആചാരമായിരുന്നു. ഭക്തരപ്പോൾ വാളിൻ തുമ്പിലേക്കുള്ള പൈസയും പറയിൽ ചൊരിയാനുള്ള നെല്ലും പഴം/പച്ചക്കറികളും കരുതിവെക്കുകയും ചെയ്യും. കർഷകവൃത്തിയിലൂന്നിയ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലായും പുതിയ കാലത്തിന്റെ ഓർമ്മകളിൽ ഇൻസ്റ്റലേഷനെന്ന ആവിഷ്ക്കാരമായും ഈ വേഷം കെട്ടലുകളെ കണക്കാക്കാം.

കരിങ്കാളിയോടൊപ്പം കൂട്ടുനടയ്ക്കായി ഒരു മൂക്കഞ്ചാത്തനും ഒറ്റച്ചെണ്ടയും വഴികാണിക്കാനെന്നോണം മുന്നിൽ കത്തിച്ചൊരു തൂക്കുവിളക്കുമുണ്ടാവും. ആ സംഘം കുടുംബത്തോടെയാവും നാട്ടുനടക്കിറങ്ങാറ്. എന്റെ ‘കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ’ എന്ന നോവലിലും കരിങ്കാളി കെട്ടുന്ന ഒരു കഥാപാത്രമുണ്ട്. ആ കാലത്ത് (2011) സുഹൃത്തും നല്ല വായനക്കാരനും എന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന ബാലേട്ടനോടൊപ്പം കരിങ്കാളിവേലകൾ കാണാൻ പോകുക പതിവായിരുന്നു. അവരുടെ വേഷവിധാനങ്ങളും ഊറ്റവും വിറച്ചിലുമൊക്കെ അത്ഭുതപ്പെടുത്തിയിരുന്നു. കണ്ടോർമ്പക്കാവിലും കണ്ണേങ്കാവിലും കരുവന്തലയിലും കോതകുളങ്ങരയിലും നാരായണങ്കുളങ്ങരയിലുമുള്ള താഴത്തെക്കാവുകളിലാണ് കരിങ്കാളികളുടെ ഉറച്ചിലും കോഴിവെട്ടും നടക്കാറുള്ളത്. കറുപ്പും വെളുപ്പും ചോപ്പും നിറങ്ങളുള്ള അണിയലങ്ങൾ ധരിച്ചും കോഴിച്ചോര കുടിച്ചുചുവന്ന നാക്ക് കടിച്ചും കഴുത്തൂട്ടങ്ങളും മുലക്കൂട്ടങ്ങളും ചെട്ടിയങ്ങളും എകിറുകളും വഞ്ചികളുമണിഞ്ഞ് കാലുകളിൽ ചിലമ്പുകൾ കെട്ടി ഒരു കൈയിൽ തിളങ്ങുന്ന വാളും മറുകൈയിൽ കോഴിയേയും പിടിച്ച് സ്വയം വിറച്ചും ആൾക്കൂട്ടത്തെ വിറപ്പിച്ചും കരിങ്കാളികൾ കാവേറ്റം നടത്തി. വയ്ലിത്തറയിലെത്തി കോഴി വെട്ടി ചോര കുടിച്ചു. ക്ഷേത്രങ്ങളുടെ പടിപ്പുര വരെ മാത്രമേ ഇന്നും അവർക്ക് പ്രവേശനമുള്ളൂ.

ADVERTISEMENT

ആയിരം കോഴിവെട്ടുള്ള കണ്ണേങ്കാവിലെത്തി, കാളികളുടെ വരവുപോക്കുകളുടെ നേർക്കാഴ്ചയ്ക്കായി ഞാനും ബാലേട്ടനും കാവിനരികിൽ കാത്തുനിന്ന നാളുകൾ! കോഴിവെട്ട് കഴിഞ്ഞ് കിരീടമൂരി കൈയിൽ പിടിച്ച് ചിലമ്പിന്റെ ഒറ്റത്താളം മാത്രം കേൾപ്പിച്ച് മടങ്ങിപ്പോകുന്നവരോട് ഞാൻ സംസാരിക്കും. ചിലപ്പോൾ അവരുടെ വീട്ടിൽ പോകും. വീട്ടിലെ മഠപതികളുടെ തറകൾക്കുമുന്നിലെ വടക്കൻവാതിലെന്ന സങ്കൽപ്പത്തിലൊരുക്കിയ അറുപത്തിനാലു കളങ്ങളിലേക്ക് നോക്കിനിൽക്കും. പലതരം നിറപ്പൊടികളിട്ട് അലങ്കാരപ്പെടുത്തിയ കളവും ഇന്നത്തെ നിലയ്ക്ക് ഒരു ഇൻസ്റ്റലേഷനാണ്. കുറേ നേരം നിന്നാൽ ആർക്കും ജീവിതവും സംസ്കാരവും തിരിയുന്നതുപോലെ എനിക്കുമത് തിരിഞ്ഞെന്ന് മാത്രം!

കരിങ്കാളികെട്ട് പറയ കുടുംബങ്ങളുടെ അനുഷ്ഠാനമാണ്. നാടിനേൽക്കുന്ന അശനിപാതങ്ങളെ പ്രതിരോധിക്കുന്നുവെന്ന നിലയിലാണ് കരിങ്കാളി ഉപാസനാമൂർത്തിയാകുന്നത്. ഉപാസനാമൂർത്തിയേയും ഉപാസിക്കുന്നവനേയും ദൈവമായി കാണുന്നവരുടെ ഒരാഴ്ചത്തെ ജീവിതമാണ് കരിങ്കാളിച്ചാത്തനിലെ പ്രമേയം. ഒരു വർഷത്തിലൊരിക്കൽ മാത്രം ദൈവമായി സമൂഹത്തിൽ മേൽക്കോയ്മ നേടുന്നവന്റെ അന്തർഗതങ്ങളും ചെയ്തികളും കേവല മനുഷ്യന്റെ അന്ത:സ്സാര ശൂന്യതകളായി കലാശിക്കുന്നതിന്റെ രേഖീയ വർത്തമാനമാണിതെന്നും പറയാം.

ADVERTISEMENT

കേരള സംഗീത നാടക അക്കാദമിയുടെ ഭാരവാഹിയായ ഒരു സുഹൃത്തിനോട് സ്വന്തം കരിങ്കാളിയനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അദ്ദേഹം ഒരു കരിങ്കാളിപ്പുസ്തകം എഴുതിത്തരാൻ ആവശ്യപ്പെട്ടതോടെയാണ് കരിങ്കാളിയെഴുത്ത് ആവേശിച്ചത്. പിന്നെ, കരിങ്കാളി കെട്ടുന്നവരെ കാണാനും അനുഷ്ഠാന രീതികളറിയാനുമുള്ള നിരന്തര യാത്രകളുണ്ടായി.

കരിങ്കാളികളേയും മൂക്കാഞ്ചാത്തന്മാരേയും കുറിച്ചുള്ള പഠനമെഴുത്ത് പക്ഷേ, ജീവിതമെഴുത്തായി പരിണാമപ്പെട്ടെന്ന് മാത്രം. പഠനമെഴുത്തിന്റെ ചിട്ടകളിൽ നിന്ന് ജീവിതത്തിന്റെ ഉഴമണ്ണും പശിമയും കൂടിച്ചേരുന്നതിലെ കൗതുകമാവണം എഴുത്ത്, കരിങ്കാളി/മുക്കാഞ്ചാത്തൻ കെട്ടുന്നവരുടെ ജീവിതത്തെ ഒപ്പിയെടുക്കാൻ കാരണമായതെന്ന് തോന്നുന്നു.

നമ്മുടെ സർഗ്ഗാത്മക കൃതികളിൽ അടിസ്ഥാന മനുഷ്യരുടെ ജീവിതം കാര്യമായൊന്നും അടയാളപ്പെട്ടിട്ടില്ലെന്നുള്ള ഒരു മനോഭാവം വായനയുടേയും എഴുത്തിന്റെയും ആരംഭകാലത്തേ എനിക്കുണ്ടായിരുന്നു. അരിഷ്ടിച്ചുള്ള അവരുടെ ജീവിതത്തിൽ ആർക്കുമൊരു കൗതുകവുമില്ലാത്തതാവണം ഒന്നാമത്തെ കാരണം. ഉപരിവർഗ്ഗത്തിന്റെ ജീവിതശീലങ്ങളേയും ഉദാരതകളേയും സംസ്കാരങ്ങളേയുമാണ് നമ്മുടെ കല/സാഹിത്യ ആവിഷ്ക്കാരങ്ങൾ ഒരു പരിധിയിലപ്പുറം ലാളിച്ചിട്ടുള്ളതും സ്വീകരിച്ചിട്ടുള്ളതും. അതിനപവാദമായി ചില കൃതികൾ വെളിച്ചം കണ്ടിട്ടുണ്ടെങ്കിലും വമ്പിച്ച വായനജീവിതമില്ലാതെ സ്വയം പിന്തള്ളപ്പെട്ട് ഇരുട്ടിലടിയുകയാണ് ചെയ്തത്. ആവിഷ്ക്കാരത്തിലും കലാത്മകതയിലും മികവ് പുലർത്തിയ സി. അയ്യപ്പന്റെ കഥകൾക്കും അതേ വിധിയായിരുന്നു. രാജു കെ.വാസുവിന്റെ ചാവുതുള്ളൽ പി.എ.ഉത്തമന്റെ ചാവൊലി, പി.എഫ്, മാത്യൂസിന്റെ ചാവുനിലം, ടി.സി.ജോണിന്റെ ഉറാട്ടി, കെ.ജെ.ബേബിയുടെ മാവേലിമൻറം,രാഘവൻ അത്തോളിയുടെ ചോരപ്പരിശം, എന്റെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ മുതലായ നോവലുകളുണ്ടായെങ്കിലും വായനലോകത്തിന്റെ സ്വീകാരം ലഭിച്ചില്ല. നിരൂപകരും പണ്ഡിതരും സ്ഥിരമെടുത്ത് പെരുമാറുമ്പോഴും അലക്കിയെഴുതുമ്പോഴുമല്ലാതെ, വായനലോകം സ്വയമേവ പരിഗണിച്ച കൃതികൾ വിരളമാണ് (എന്നാലും ചില നിരൂപകർ പരിഗണിച്ചിട്ടുണ്ടെന്ന വസ്തുതയും ചാവുനിലത്തിനും അതേ ജനുസ്സിൽപ്പെട്ട വിനോയ് തോമസിന്റെ കരിക്കോട്ടക്കരിക്കും നല്ല വായന ലഭിച്ചതും ഓർക്കുന്നു). എന്നിട്ടും കരിങ്കാളിച്ചാത്തനിലെത്തിയതും എഴുതിയതും ആ ജീവിതങ്ങളോടുള്ള കൗതുകവും അനുഭാവവും മൂലമാണ്.

കരിങ്കാളിച്ചാത്തനിൽ മീനുകളെ ഓടയൂതിപ്പിടിച്ച് ഉപജീവനം കഴിക്കുന്ന ഉറുവാടനെന്ന കഥാപാത്രം, നാട്ടിൽ ഞാൻ സ്ഥിരമായി കാണുന്ന ഒരാളാണ്. അയാൾ ദിവസവും അതികാലത്തുതന്നെ, തലേന്ന് ഓടയൂതിപ്പിടിച്ച മീനുകൾ നിരത്തോരത്ത് വെച്ച് വിൽക്കാനിരിക്കുന്നത് കാണാം. ഓടയൂതി മീൻ പിടിക്കുന്നതിന് ഏറെ വൈദഗ്ദ്യമാവശ്യമുണ്ട്. മഴക്കാലത്ത് ഓടയൂതി മീൻ പിടിച്ചും പറമ്പ് കിളച്ചും വേനലിൽ പുര കെട്ടിയും ജീവിക്കുന്ന ഒരു കുടുംബത്തിൽ നിന്ന് കാളകെട്ടി ആടിക്കളിച്ച് കാവ്തീണ്ടുന്നതും ഈയടുത്തുവരെ പതിവായിരുന്നു. അവരുണ്ടാക്കുന്ന കാളകളെ ബാല്യത്തിലെന്നപോലെ, അതിന്റെ വലിയ രൂപങ്ങളെ ഒരിക്കൽ, മച്ചാട്, തിരുവാണിക്കാവ് പോയപ്പോഴും നോക്കി നിന്നിട്ടുണ്ട്. കാളികെട്ടുന്ന ചിത്തനും നമ്പോലനുമൊക്കെ മരിച്ചുപോയെങ്കിലും അവരുടെ മക്കൾ ആ അനുഷ്ഠാനം തുടരുന്നവരാണ്. പല കാലത്തെ മനുഷ്യർ നേരിട്ട സങ്കടകളും ജീവിതവിജയങ്ങളും പരാജയങ്ങളും ആഘോഷങ്ങളും പകയും ദുഃഖവും അഗമ്യഗമനവിചാരങ്ങളും പെറുക്കിയെടുത്ത് കൂട്ടിവെച്ചതും സർവ്വചരാചരങ്ങളും മനുഷ്യരെപ്പോലെ മിണ്ടിയിരുന്നെങ്കിൽ എന്ന തോന്നലിൽ സംഭവിച്ചതുമാണ് ‘കരിങ്കാളിച്ചാത്തൻ’!

ADVERTISEMENT