അക്ഷരങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ഏതൊരാളുടെയും വലിയ മോഹങ്ങളിലൊന്നാണ് സ്വന്തം കൃതി: പ്രത്യേകിച്ച് ആദ്യ പുസ്തകം. പ്രസാദ് സോമനെ സംബന്ധിച്ചും അതങ്ങനെയായിരുന്നു. എന്നാൽ ആ സ്വപ്ന സാഫല്യത്തിലേക്കുള്ള യാത്രയിൽ, ‘കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ’ എന്ന തന്റെ ആദ്യ പുസ്തകം യാഥാർത്ഥ്യമാകുന്നതിനു മാസങ്ങൾക്കു മുമ്പേ അദ്ദേഹം ജീവിതത്തോടു വിടപറഞ്ഞു. അസുഖബാധിതനായായിരുന്നു അന്ത്യം. തന്റെ മനസ്സ് പകർത്തിയ കടലാസുകളെ ആദ്യകുഞ്ഞിനെയെന്ന പോലെ ലാളിക്കാനാനാകാതെ, ചുംബിക്കും പോലെ വാസനിക്കാനാകാതെയുള്ള മടക്കം... വിധിയുടെ തീർപ്പുകൾ പലപ്പോഴും ഇങ്ങനെയൊക്കെയാണ്, ഹൃദയഭേദകം!

പ്രസാദ് സോമന്റെ ഓർമക്കുറിപ്പുകളുടെയും ഏതാനും കഥകളുടെയും സമാഹാരമാണ് ‘കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ’. ഒരു റബ്ബർതോട്ടവും അവിടുത്തെ കുറെ മനുഷ്യരും ആ പ്രകൃതിയും അസ്തിത്വത്തിന്റെ തന്നെ സൂക്ഷ്മരൂപമായി പരിണമിക്കുകയാണ് ഈ കുറിപ്പുകളിൽ. സൗമ്യലിപികളിൽ ലോകത്തോടു മിണ്ടിപ്പറഞ്ഞ ഒരു മനുഷ്യന്റെ മൃത്യുഞ്ജയമന്ത്രമാണ്, ഒരു പട്ടടയിലെ തീയിനും വിഴുങ്ങുവാനാകാത്ത ഈ വാക്കുകൾ എന്നു പ്രസാധകർ.

ADVERTISEMENT

‘അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതു പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്... ‘നമ്മിലെ വെളിച്ചം തന്നെയാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്’ എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെയാണ് പ്രസാദ് തന്റെ ഓർമകളുടെ ചിത ഒരുക്കുന്നത്. ജീവനുള്ള ഓർമകൾ!’ എന്നു പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കവിയത്രിയും നോവലിസ്റ്റുമായ ഒ.വി. ഉഷ എഴുതുന്നതും കൃത്യം.

കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ’ക്ക് പ്രസാദ് സോമൻ എഴുതിയ ആമുഖക്കുറിപ്പ് കൃതിയിലേക്കും അതിന്റെ ആത്മാവിലേക്കുമുള്ള ഒരു വാതിൽ കുറക്കുന്നതാണ്. ‘ആരംഭം’ എന്ന പേരിൽ അദ്ദേഹം എഴുതിയ ആ ആമുഖക്കുറിപ്പ് ഇവിടെ വായിക്കാം –

1960-കളില്‍ ഒരു കേരളസര്‍ക്കാര്‍ പ്രൊജക്ടിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാലടിക്കുസമീപം കൊടുംവനം, ഏതാണ്ട് പതിനായിരം ഹെക്ടര്‍ തെളിച്ചെടുത്ത് ഒരു റബ്ബര്‍ എസ്റ്റേറ്റ് വരുന്നു. ദരിദ്രകേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും മനുഷ്യര്‍ അവിടെ ജോലിക്കെത്തുന്നു. സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ പ്രൊജക്ട് എങ്കിലും, ഒരു തോട്ടമായതിനാല്‍ ബ്രിട്ടീഷ് ഹയറാര്‍ക്കിയുടെ പ്രേതം അവിടെ ഉണ്ടായിരുന്നു. തൊഴിലാളി മുതല്‍ മാനേജര്‍ വരെ നീളുന്ന ഒന്ന്. തൊഴിലാളികള്‍ക്കും ജീവനക്കാർക്കുമായി ക്വാര്‍ട്ടേഴ്‌സുകള്‍, ക്യാന്റീന്‍, ക്ലബ്ബ്, പോസ്റ്റോഫീസ്, ആശുപത്രി എല്ലാം അതിനകത്തുതന്നെ. അവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രത്യേക സ്‌കൂളും. വൈകുന്നതുവരെ പണിയായുധമായി ഉപയോഗിച്ച മണ്‍വെട്ടി കഴുകിയെടുത്ത്, കാട്ടുകല്ലുകള്‍കൊണ്ടുതീര്‍ത്ത അടുപ്പിൽ‍ പാത്രമാക്കി, ഉപ്പുചേര്‍ത്തു കലക്കിയ മൈദകൊണ്ട് ഭക്ഷണം ഉണ്ടാക്കിക്കഴിച്ച് ജീവിതം തുടങ്ങിയ അവിടത്തെ ആദ്യതലമുറയുടെ മക്കളാണ് ഞങ്ങള്‍. ഏറെക്കുറെ, ആ നാടിനോടൊപ്പം ജനിച്ച്, ആ നാടിനോടൊപ്പം വളര്‍ന്ന് സ്വാഭാവികപ്രവാസം വരിച്ച ഒരു തലമുറ. ഈ ചെറുനാട്ടില്‍, അന്നത്തെ കേരളത്തിന്റെ തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന തലമുറയില്‍പ്പെട്ട ഒരാളുടെ ഓര്‍മകളാണിത്.

ADVERTISEMENT

അക്കാലത്തെ ഒരു മാതൃകാ കേരളീയഗ്രാമത്തില്‍ ഉണ്ടായിരുന്ന യാതൊരു ബിംബവും ഈ ഓര്‍മകളുടെ ചിതയില്‍ കണ്ടേക്കില്ല. മനോഹരങ്ങളായ നെല്‍പ്പാടങ്ങള്‍, വിശുദ്ധജലം നിറഞ്ഞ പുഴകള്‍, കുളങ്ങള്‍, കയ്യാലകളിലെ പച്ചപ്പായല്‍ മണം പുരണ്ട പ്രണയാര്‍ദ്രങ്ങളായ നാട്ടിടവഴികള്‍, തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, പുരാതനങ്ങളായ ആരാധനാലയങ്ങള്‍, അങ്ങനെ ഒന്നുംതന്നെ. സത്യത്തില്‍ ഇത് ഓര്‍മക്കുറിപ്പുകളല്ല, ഓര്‍മകള്‍ക്ക് ചിതയൊരുക്കലാണ്. ഓര്‍മകളാണ് മനുഷ്യന് ചുമക്കാന്‍ ഏറ്റവും പ്രയാസമേറിയത്. ഏതൊരു ചിതയുംപോലെ ഇതുമൊരിക്കല്‍ കത്തിയമര്‍ന്നേ പറ്റൂ. കത്തിത്തീര്‍ന്നിടത്ത് ഇത് അവസാനിക്കും. മറ്റൊരാളിന്റെ ഓര്‍മകളിലേക്ക് ഒരിക്കലും നീളാതെ. അതോടെ എന്റെ ഭൂതകാലവും എന്നന്നേക്കുമായി അവസാനിച്ചേക്കും.

ADVERTISEMENT
ADVERTISEMENT