എഴുത്ത് ആനന്ദം നൽകുന്നത് ആർക്കൊക്കെയാണ് ? വ്യോമയാനങ്ങളുടെ എഴുത്തുവഴികളെക്കുറിച്ച് രവിവര്‍മ്മ തമ്പുരാന്‍
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ രവിവര്‍മ്മ തമ്പുരാന്‍ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് ‘എഴുത്തിന്റെ വ്യോമയാനങ്ങള്‍’. പതിവ് ചട്ടക്കൂടുകൾക്കു പുറത്ത് സർഗാത്മകതയുടെ മറ്റൊരു തലത്തിലേക്കാണ് ഈ സംഭാഷണങ്ങൾ വായനക്കാരെ എത്തിക്കുക. ‘എഴുത്തിന്റെ വ്യോമയാനങ്ങള്‍’ തയാറാക്കിയിരിക്കുന്നതിന്റെ പ്രത്യേകതകളെക്കുറിച്ച് രവിവര്‍മ തമ്പുരാന്‍ എഴുതിയത് വായിക്കാം :
എഴുത്ത് ആനന്ദം നൽകുന്നത് ആർക്കൊക്കെയാണ്.
എഴുത്തുകാരന്, വായനക്കാരന്, പ്രസാധകന്, പുസ്തകവിൽപനക്കാരന്...
എഴുത്തിൽ നിന്ന് ആനന്ദം കണ്ടെത്താൻ സാധിക്കുന്നവരുടെ പട്ടിക ഇനിയും എഴുതി നീട്ടാനാവും. അതായത് സമൂഹത്തിന്റെ എല്ലാ തലത്തിൽപെട്ടവരെയും ബൗദ്ധികമായും മാനസികമായും സന്തോഷിപ്പിക്കുന്ന കർമമാണ് എഴുത്ത്. അതുകൊണ്ടാണ് എല്ലാക്കാലത്തും എഴുത്തുകാർക്ക് സമൂഹത്തിലെ ബഹുമാന്യരുടെ ഗണത്തിൽ സ്ഥാനം ലഭിക്കുന്നത്. സമൂഹത്തിൽ നിന്നു ലഭിക്കുന്ന ഈ പ്രത്യേകാവകാശം ഉത്തരവാദിത്തമായി എടുത്ത് സർഗപ്രക്രിയ നടത്തുന്ന എഴുത്തുകാർ സമൂഹത്തിനു വെളിച്ചം പകരുന്ന ആകാശദീപങ്ങളാണ്. അവർ ഭാവനയുടെ ആകാശത്ത് ഭൂമിയെയും ഭൂമിയിലെ ജീവിതങ്ങളെയും നിരീക്ഷിച്ചും പകർത്തിയും പറന്നുകൊണ്ടിരിക്കും. അതിനാൽ അവരെ വ്യോമയാനങ്ങൾ എന്നു കൂടി വിളിക്കുന്നതിൽ ഒരു അപാകതയുമില്ല. മലയാളത്തിൽ കഥയും നോവലും ഒക്കെയെഴുതുന്ന ഗദ്യസാഹിത്യത്തിലെ 23 വ്യോമയാനങ്ങളെ അടുത്തറിയാനും ആ അറിവ് സാധാരണ വായനക്കാരിലേക്കു പകരാനും നടത്തുന്ന വേറിട്ടൊരു പരിശ്രമമാണ് എഴുത്തിന്റെ വ്യോമയാനങ്ങൾ എന്ന പുസ്തകം.
23 വ്യോമയാനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു വ്യോമ പ്രദർശനം എന്നും പറയാൻ കഴിയും. 23 എഴുത്തുകാരെ അവരുടെ എഴുത്തു വഴിയിൽ നേർക്കു നേരെ കണ്ട് നടത്തുന്ന എഴുത്തിന്റെ അന്യോന്യം, വായനയുടെ അന്യോന്യം .
ജിസ ജോസ്, രേഖ കെ, കെ.പി.നിർമൽകുമാർ, സി.വി. ബാലകൃഷ്ണൻ, ബെന്യാമിൻ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.എഫ്. മാത്യൂസ്, ജി.ആർ ഇന്ദുഗോപൻ, ഇ. സന്തോഷ് കുമാർ, വിനോയ് തോമസ്, മനോജ് ജാതവേദര്, സുസ്മേഷ് ചന്ത്രോത്ത്, സോക്രട്ടീസ് വാലത്ത്, ജേക്കബ് ഏബ്രഹാം, ഡോ. സി. ഗണേഷ്, ശ്രീകണ്ഠൻ കരിക്കകം, ടി.കെ. ശങ്കര നാരായണൻ, എസ്. ആർ. ലാൽ, വി. ജയദേവ്, ശംസുദീൻ മുബാരക് തുടങ്ങിയ എഴുത്തുകാരാണ് പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന വ്യോമയാനങ്ങൾ.
മനോരമ ഓൺലൈനിൽ ഏതാനും വർഷം മുമ്പ് പ്രസിദ്ധീകരിച്ച, ഒരു വർഷത്തോളം നീണ്ട സാഹിത്യ പംക്തിയായിരുന്നു പുസ്തകക്കാഴ്ച. അതിൽ നിന്നു തിരഞ്ഞെടുത്ത 23 ലേഖനങ്ങൾ പുതിയ വിവരങ്ങൾ കൂടി ചേർത്ത് പരിഷ്കരിച്ചാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
ഈ പുസ്തകം സാഹിത്യ നിരൂപണമോ പുസ്തകാസ്വാദനമോ ഒന്നുമല്ല. ഒരു സാഹിത്യ വിദ്യാർഥിയുടെ ജിജ്ഞാസാപൂർവമായ അന്വേഷണം മാത്രം. അതുകൊണ്ടു തന്നെ സാഹിത്യ പഠന ശാഖയിൽ ആണ് ഇതിനെ നിർത്താനാവുക. എഴുത്തുകാരെയും എഴുത്തിനെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം സഹായകമായേക്കും. എഴുത്തിന്റെ വ്യോമയാനങ്ങളായ കൂടുതൽ പേരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്ന ഒരു പുസ്തക പരമ്പരയുടെ ഒന്നാം ഭാഗം മാത്രമാണിത്. മറ്റു ഭാഗങ്ങൾ ഒന്നൊന്നായി പിന്നാലെ പുറത്തുവരും.
അക്ഷര വിദ്യയുടെ ലോകത്ത് 47 വർഷമായി എഴുതിയും വായിച്ചും നിൽക്കുന്ന ഒരാൾ. നോവൽ (7), ചെറുകഥാ സമാഹാരം (8) രാഷ്ട്രീയചരിത്ര പഠനം (1) , പരിസ്ഥിതി പഠനം (1) , ബൈബിൾ പഠനം (1) ജീവചരിത്രം (1) തുടങ്ങി വിവിധ ശാഖകളിലായി 19 പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഒരാൾ.അങ്ങനൊരാളുടെ ഇരുപതാമത്തെ പുസ്തകം എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്.
പ്രിയദർശിനി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.