‘ആ നോവലിനോടുള്ള ആസക്തിക്ക് തുല്യമായ ആരാധനയിൽ നിന്നാണ് ‘ബെല്‍ അമി’ യുടെ പിറവി’: രാജൻ തുവ്വാര എഴുതുന്നു
വിവർത്തകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യരംഗത്തെ സജീവസാന്നിധ്യമാണ് രാജൻ തുവ്വാര. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലാണ് ‘ബെല്‍ അമി’. വിശ്വസാഹിത്യകാരൻ ഗീ ദ് മോപ്പസാങ്ങിന്റെ വിഖ്യാതമായ നോവലിന്റെ പേരിൽ എഴുതപ്പെട്ട ഈ കൃതിയെ വേറിട്ട പാരായണാനുഭവമാക്കുന്നത് ഒരു എഴുത്തുകാരനും മൂന്ന് ചിത്രകാരികളും ഒരുമിച്ച് പാർക്കുന്ന അരാജകവും അപരിമിതവുമായ ജീവിതത്തിന്റെ നാൾവഴികളാണ്. ‘ബെൽ അമി’യുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
‘ബെല്‍ അമി’ എന്ന നോവല്‍ എഴുതണമെന്ന് ആഗ്രഹിക്കുന്നതിനുള്ള പ്രചോദനമെന്താണ്് എന്ന ചോദ്യം ചില സുഹൃത്തുക്കളും വായനക്കാരും എന്നോട് ചോദിച്ചിട്ടുണ്ട്. ഗീദ് മോപസാങ്ങും അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ ജീവിതത്തോട് ചേര്‍ന്നുനിന്ന സമകാലിക സാഹിത്യവും ചിത്രകലയും എന്റെ മനസ്സിന്റെ അടിത്തട്ടില്‍ കാലങ്ങളായി എവിടെയോ നിശ്ശബ്ദമായി കിടപ്പുണ്ടായിരുന്നു. മോപസാങ്ങിന്റെ കഥകള്‍ വായിക്കുമ്പോഴും അവ പരിഭാഷ ചെയ്യുമ്പോഴും ഫ്രഞ്ച് ചിത്രകാരന്‍മാരായ ഗുസ്താവ് കൂര്‍ബെ, ദെലക്രോ എന്നിവരെ കുറിച്ചു വായിച്ചപ്പോഴും ഈ ചിന്ത എന്റെ മനസ്സില്‍ ഉയര്‍ന്നുവരുമായിരുന്നു. അത് എതെങ്കിലും നിമിഷത്തില്‍, ഏതെങ്കിലും രൂപത്തില്‍ എന്റെ പ്രജ്ഞയുടെ ഉപരിതലത്തിലേക്ക് എഴുതാന്‍ പാകമാകുന്ന തരത്തില്‍ പൊങ്ങിവരുമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നു. ആ പ്രമേയത്തിലേക്ക് ഒരു ഇന്ത്യന്‍ എഴുത്തുകാരനെ കൂട്ടിച്ചേര്‍ക്കുവാനും അതുവഴി ഇന്ത്യന്‍ പരിസരവും ഫ്രഞ്ച് പശ്ചാത്തലവും ചേര്‍ന്ന് ഒരു പുസ്തകം - നോണ്‍ ഫിക്ഷനോ ഫിക്ഷനോ - എഴുതുന്നതിനെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിച്ചുവെങ്കിലും അത് എത്രകണ്ട് പ്രായോഗികമായ രചനയായിരിക്കുമെന്ന് ഞാന്‍ സന്ദേഹിച്ചു. അത് പലപ്പോഴും അനങ്ങുന്നതായി എനിക്ക് തോന്നിയെങ്കിലും എന്നെ അക്ഷരരൂപത്തിലേക്ക് ആവാഹിക്കൂ എന്ന് ആവശ്യപ്പെട്ടിരുന്നില്ല.
ഗീദ് മോപസാങ്ങിന്റെ സംഭവബഹുലവും അരാജകവുമായ ജീവിതം ഞാന്‍ നിരന്തരം വായനയ്ക്ക് വിധേയമാക്കുന്നുണ്ടായിരുന്നു. എപ്പോഴെങ്കിലും മോപസാങ്ങിനെ പുസ്തകരൂപത്തിലേക്ക് ആവാഹിക്കുമെന്ന് എഴുത്തുകാരായ ചില ചങ്ങതിമാരോട് ഞാന്‍ പറയുമായിരുന്നു. കഥയെഴുത്തിന്റെ ക്രാഫ്റ്റ് കൊണ്ടും അപ്രതീക്ഷിതമായ ഗതിവ്യതിയാനം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ ആ കഥാകാരനെക്കുറിച്ച് ഒരു നോവല്‍ തന്നെ എഴുതണമെന്ന് ഒരു ഘട്ടത്തില്‍ എനിക്ക് തോന്നി. അദ്ദേഹത്തിന്റെ യത്രാവിവരണങ്ങളും ‘ബെല്‍ അമി’ എന്ന നോവലും അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ ഫ്രാന്‍സ്വ തസാര്‍ എഴുതിയ കുറിപ്പുകളും ഒട്ടനേകം കഥകളും - അവയെല്ലാം പരിഭഷ ചെയ്തതിന്റെ അനുഭവവും - ചേര്‍ത്ത് വായിച്ചപ്പോള്‍ വിശദമായ ഒരു പുസ്തകം എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചു.
ഗി ദ് മോപസാങ് ‘ബെല്‍ അമി’ എഴുതിയിട്ട് ഒന്നര നൂറ്റാണ്ട് ആകുന്നതിനു കുറച്ചു മുമ്പ്, അതായത് 2018ല്‍ ആണ് മഹാനായ ആ കഥാകാരനെക്കുറിച്ച് ഒരു നോവല്‍ എഴുതാന്‍ എന്റെ മനസ് തയ്യാറെടുക്കുന്നത്. സാങ്കേതികമായ തയ്യാറെടുപ്പുകള്‍ മിക്കവാറും പൂര്‍ത്തിയാക്കിയ ശേഷം അരാജകമായ മനസ്സിനുടമയായ ആ കഥാകാരനെകുറിച്ചുള്ള നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് അരാജകനായ ഒരു എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ച് എന്റെ മനസ്സില്‍ സമാന്തരമായ മറ്റൊരു ആലോചന അപ്രതീക്ഷിതമായി രൂപപ്പെടുന്നത്. തുടക്കത്തില്‍ അത് ഗീദ് മോപസാങ്ങിനെപ്പൊലെ സര്‍വസ്വതന്ത്രനായ എഴുത്തുകാരന്‍ മാത്രമായിരുന്നുവെങ്കിലും ക്രമേണ അത് ഗോസ്റ്റ് റൈറ്റിങ്ങ് നടത്തുന്ന എഴുത്തുകാരനായ ഒരു പത്രപ്രവര്‍ത്തകനിലേക്കും അയാളുടെ സഹായം തേടുന്ന പത്രപ്രവര്‍ത്തകയായ പെണ്‍ചങ്ങാതിയിലേക്കും കടന്നുചെന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗളൂരിനടുത്തുള്ള ഹൊസൂരില്‍ താമസിക്കുവാനുള്ള സാഹചര്യം എനിക്ക്് കൈവന്നപ്പോള്‍ എന്റെ മനസ്സില്‍ ഒരു നോവലിന്റെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലം രൂപപ്പെട്ടിരുന്നു. ഹൊസൂരില്‍ കാണാനിടയായ ഒരു പഴയ ബംഗ്ലാവ് എനിക്ക് കൂടുതല്‍ പശ്ചാത്തല സാധ്യത പകര്‍ന്നുനല്‍കി. ബംഗളൂരു നഗരത്തിന്റെ ആരവമോ കോലാഹലമോ കടന്നുവരാത്ത കന്നഡിക പരിസരമുള്ള ഒരു നാട്ടിന്‍പുറം ഞാന്‍ നിരന്തരമായ ആലോചനകൊണ്ട് മനസ്സില്‍ നിര്‍മ്മിച്ചെടുത്തു.
ഈ നോവലിന്റെ പ്രമേയം രൂപപ്പെടുന്നതിനുള്ള കാരണം മോപസാങ്ങിനോടുള്ള ആദരവായിരുന്നുവെകിലും ഈ പ്രമേയം വളരുന്നതിനൊപ്പം മോപസാങ്ങിനെക്കുറിച്ച് ഞാന്‍ അദ്ദെഹത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ പോലെ എഴുതിക്കൊണ്ടിരുന്ന നോവല്‍ നിലച്ചുപോയി. ഏകദേശം എഴുപത് പേജ് എഴുതിവച്ചത് ഇപ്പോഴും പൂര്‍ത്തിയാകാതെ കിടപ്പുണ്ട്. പക്ഷേ ഞാന്‍ എഴുതിക്കൊണ്ടിരുന്ന സമാന്തരമായ നോവലിലേക്ക് മോപസാങ്ങിന്റെ ആരാധകനായ അവിവാഹിതനായ ഡോക്ടര്‍ കടന്നു വരുന്നതും അദ്ദേഹത്തിന്റെ മൂന്നുനിലയുള്ള വലിയ ബംഗ്ലാവിനു ‘ബെല്‍ അമി’ എന്ന പേരു നല്‍കുന്നതും അതിനു ഹേതുവായ ‘ബെല്‍ അമി’ എന്ന നോവലിന്റെ രചനാവര്‍ഷം ബന്ധപ്പെടുത്തിയതും ‘ബെല്‍ അമി’ എന്ന മോപസാങ്ങ് നോവലിനോടുള്ള എന്റെ ആസക്തിക്ക് തുല്യമായ ആരാധനയാണ്. ഈ ആരാധന ഞാന്‍ ആ മൊപ്പസാങ്ങ് ആരാധകനായ ഡോക്ടറുടെ ബംഗ്ലാവിന്റെ കവാടത്തിലേക്ക് ചേര്‍ത്തുവെച്ചപ്പോള്‍ ആ പശ്ചാത്തലം കൂടുതല്‍ യുക്തിഭദ്രമായി.
ബംഗളൂരിലും ഹൊസൂരിലും താമസിച്ചതിന്റെ ഓര്‍മകള്‍ എനിക്ക് ഭൂമിശാസ്ത്രപരമായ പശ്ചാത്തലമൊരുക്കാന്‍ സഹായിച്ചു. ‘ബെല്‍അമി’ എന്ന ബംഗ്ലാവില്‍ ആ പശ്ചാത്തലം ഒരുങ്ങിയതോടെ ഗോസ്റ്റ് റൈറ്റിങ്ങ് ദൗത്യവുമായി വിജയചന്ദ്രന്‍ എന്ന എഴുത്തുകാരനും പെണ്‍സുഹൃത്തായ നൂതനും ആ ഭൂമികയിലേക്ക് കടന്നുവന്നു. അവര്‍ ആ പശ്ചാത്തലത്തെ, ‘ബെല്‍ അമി’ എന്ന ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബംഗ്‌ളാവിനെ സജീവമായ സര്‍ഗപരിസരവും അരാജകമായ അനുഭവവും ആക്കി മാറ്റി. ഈ നോവലിന്റെ സ്പന്ദിക്കുന്ന ചങ്കായി ആ ബംഗ്ലാവ് മാറുന്നത് എഴുത്തുകാരന്‍ പോലും അറിയാതെയാണെന്ന് പറഞ്ഞാല്‍ അതില്‍ അത്യുക്തി കാണുവാന്‍ എനിക്ക് കഴിയുന്നില്ല
പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞിട്ടും ഒരോ ദിവസവും ഈ നോവല്‍ എങ്ങനെ തുടര്‍ന്നു കൊണ്ടുപോകണം എന്ന് ചിന്തിക്കേ ഒരു ചിത്രകാരിയെ നിര്‍മിക്കുവാന്‍ ഞാന്‍ നിശ്ചയിച്ചു. ശാന്തിനികേതനില്‍ ചിത്രകല അഭ്യസിച്ച ചിത്രകാരി എന്റെ പരിചയത്തില്‍ ഉണ്ടായിരുന്നു. അവര്‍ മറ്റൊരു രൂപം പൂണ്ട് എന്റെ മനസ്സിലേക്ക് കടന്നുവന്നു. മധുമതി എന്ന് ഞാന്‍ അവര്‍ക്ക് പേരു നല്‍കി. ചിത്രകല എനിക്ക് ഏറെ ഇഷ്ടപ്പെട്ട, ഞാന്‍ ആഴത്തിലുള്ള വായനയ്ക്ക് വിധേയമാക്കിയ മേഖലയായതിനാല്‍ ചി്രതകാരികളുടെ അരാജകജീവിതം പ്രമേയമാകുന്ന ജീവിതപരിസരം നിര്‍മിക്കുക സൗകര്യപ്രദമായി തീര്‍ന്നുവെന്നതോടൊപ്പം അതെനിക്ക് രചനയുടെ ആഹ്ലാദവും പകര്‍ന്നു തന്നു. യൂറോപ്യന്‍ ചിത്രകാരികളുടെ ജീവിതസാഹചര്യം പിന്‍പറ്റുമ്പോള്‍ തന്നെ അവരെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് സന്നിവേശിപ്പിക്കുവാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ജൂഡിത്ത് മോര്‍ഗന്‍ എന്ന യുവ ചിത്രകാരി ചാരുമതിയെ അനുധാവനം ചെയ്തുകൊണ്ട് ഈ നോവലിലേക്ക് പ്രവേശിക്കുന്നത്. മധുമതിയും മകള്‍ ചാരുമതിയും അവളുടെ സുഹൃത്തും ഫ്രഞ്ച് ചിത്രകാരിയുമായ ജൂഡിത്ത് മോര്‍ഗനും ചേര്‍ന്ന് വിജയചന്ദ്രന്‍ എന്ന എഴുത്തുകാരന്റെ ജീവിതത്തെ അരാജകമാക്കുന്നുവെങ്കിലും ഈ മൂന്ന് കഥപാത്രങ്ങള്‍ക്കും ചിത്രകലയും അരാജകജീവിതവും പിരിച്ചുകെട്ടിയ ജീവിതസാഹചര്യമുള്ളതിനാല്‍ അവ സമ്മിശ്രമായി എഴുത്തുകാരനൊപ്പം സഞ്ചരിച്ചു. ലെസ്ബിയന്‍ ജീവിതം ആസ്വദിച്ച ആ യുവ ചിത്രകാരികള്‍ പാരീസിലേക്ക് അവരുടെ ജീവിതപരിസരം മാറ്റുന്നതോടെ നോവലിന്റെ ഗതിയ്ക്ക് മാറ്റം വരുത്താന്‍ കഴിഞ്ഞതാണ് നോവലിന്റെ പരിസമാപ്തിയിലേക്ക് അനായാസം എത്തിച്ചേരുവാന്‍ എനിക്ക് സാധിച്ചതും.
‘ബെല്‍ അമി’ എന്ന നോവലിനെ കുറിച്ച് അതിന്റെ രചയിതാവ് നല്‍കുന്ന ഈ ആത്മഭാഷണം ഒരു കൃതിയുടെ വായനയെ ഉദ്ദീപിപ്പിക്കാനുതകുന്ന പശ്ചാത്തല സംഗീതം പോലെ വായനക്കാരിലേക്ക് ഒഴുകിച്ചെല്ലണമെന്ന് ആഗ്രഹിക്കുകയോ ആശിക്കുകയോ ചെയ്യുന്നത് ആത്മരതിയല്ല എന്ന് വ്യാഖ്യാനിക്കാന്‍ കൂടിയാണ് മേല്‍ കുറിപ്പിനെ താങ്ങിനിര്‍ത്തുവാന്‍ വേണ്ടിയുള്ള ഈ ഖണ്ഡിക.