സമീപകാലത്ത് ഏറെ വായിക്കപ്പെട്ട ഒരു ഇന്ത്യൻ ഇംഗ്ലീഷ് നോവലാണ് സുമയ സിദ്ദിഖിന്റെ ‘F2 FACTOR’. സ്നേഹബന്ധത്തിന്റെ കഥ പറയുന്ന, ഏതു വായനക്കാരോടും അനായാസം സംവദിക്കുന്ന ഒരു രചനയാണിത്. ‘F2 FACTOR’ ന്റെ എഴുത്തുപശ്ചാത്തലത്തെക്കുറിച്ച് സുമയ സിദ്ദിഖ് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

എന്റെ എഴുത്തുലോകം തുടങ്ങിയിട്ട് ഏകദേശം പത്ത് വർഷമേ ആയുള്ളൂ. ആദ്യം അതൊരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമായിരുന്നു. എന്റെ മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും അവരുമായി കണക്ട് ചെയ്യാനും അത് എന്നെ സഹായിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ബ്ലോഗിൽ ചെറിയ കഥകൾ എഴുതാൻ തുടങ്ങി. പതിയെപ്പതിയെ അതൊരു വലിയ നോവലായി വളർന്ന്, എന്റെ സ്വന്തം വെബ്സൈറ്റിൽ സ്ഥാനം പിടിച്ചു.

ADVERTISEMENT

ഇങ്ങനെ നാല് നോവലുകൾ ഞാൻ എഴുതിത്തീർക്കുകയും എന്റെ കൂടെയുണ്ടായിരുന്ന, എപ്പോഴും പിന്തുണ നൽകിയിരുന്ന കുറച്ച് വായനക്കാർക്ക് ഇടയിൽ അവ പങ്കുവെക്കുകയും ചെയ്തു. അപ്പോഴാണ്, ഇനി എല്ലാർക്കും വായിക്കാൻ പറ്റുന്ന രീതിയിൽ ഒരു കഥ പുസ്തകമാക്കിയാലോ എന്നൊരു ധൈര്യം വന്നത്. അങ്ങനെയാണ് ‘F2 FACTOR’ എന്ന ആദ്യ പുസ്തകം പിറക്കുന്നത്.

F2 FACTOR ഒരു പ്രണയകഥയാണ് (ഫീൽ - ഗുഡ് റൊമാൻസ്). ഈ കഥ കടന്നു പോകുന്നത് ഫ്രയ എന്നൊരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ്. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുള്ള അവൾക്ക് ലണ്ടൻ എന്ന നഗരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അവിടെ ചെന്ന് സ്ഥിരതാമസമാക്കണം എന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. ആ സ്വപ്നത്തിലേക്കുള്ള അവളുടെ യാത്രയിലേക്ക് ഈ നോവൽ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

ADVERTISEMENT

അടിസ്ഥാനപരമായി, F2 FACTOR എന്ന നോവൽ പറയുന്നത്, ഫ്രയ എങ്ങനെയാണ് ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ സ്വയം മാറാതെ സ്വീകരിക്കുന്നത് എന്നതാണ്. സ്നേഹം എന്നത്, പരസ്പരം മനസ്സിലാക്കലിലും വിശ്വാസത്തിലും അധിഷ്ഠിതമാകുമ്പോൾ, നമ്മുടെ ലോകത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും ഈ കഥ പറയുന്നു.

കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഫറാൻ. ഫ്രയയുടെ പ്രണയിതാവ് എന്നതിനപ്പുറം സ്നേഹത്തിന്റെയും ജീവിതത്തിന്റെയും യഥാർത്ഥ അർത്ഥം കണ്ടെത്താൻ ഫ്രയയെ സഹായിക്കുന്ന വ്യക്തി കൂടിയാണ് ഫറാൻ. സത്യത്തിൽ, ഓരോ ഫ്രയയുടെ ജീവിതത്തിലും ഒരു ഫറാൻ വേണം. നമ്മളെ കൈപിടിച്ച് നടത്താനും, എല്ലാ കാര്യങ്ങളിലും താങ്ങായി നിൽക്കാനും, ജീവിതത്തിന്റെ മനോഹരമായ കാഴ്ചകൾ ഒരു പുതിയ കണ്ണിലൂടെ കാണാൻ പ്രേരിപ്പിക്കാൻ കഴിയുന്ന ഒരാൾ!

ADVERTISEMENT

വായനക്കാരായ സ്ത്രീകളുടെ ഹൃദയത്തിൽ കഥയിലെ നായകനായ ഫറാൻ, ഫ്രയക്കപ്പുറം ഇടം പിടിക്കണമേയെന്ന്, ഒരു എഴുത്തുകാരിക്കപ്പുറം വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ഈ പുസ്തകം ഒരു സാഹിത്യ സൃഷ്ടിയായി ഞാൻ ഒരിക്കലും അവകാശപ്പെടില്ല. മറിച്ച്, വായനക്കാർക്ക് ഫ്രയയുടെയും ഫറാന്റെയും കഥയുമായി ഇഴചേരാനും, അതിലെ വികാരങ്ങൾ ഉൾക്കൊള്ളാനും, അവസാനം മനസ്സിൽ ഒരു ചിരിയുമായി മടങ്ങിപ്പോകാനും സാധിക്കണം എന്നതാണ് എന്റെ എഴുത്തിലൂടെയുള്ള ലക്ഷ്യം. ഒപ്പം, അതേ വാത്സല്യത്തോടെ അവർ ഈ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും വായിക്കാനായി തിരഞ്ഞെടുക്കണം. മധുരമൂറുന്ന, മനസ്സുണർത്തുന്ന ഒരു കഥയിലേക്ക് ഒളിച്ചോടാൻ ആഗ്രഹിക്കുന്ന ആർക്കും വേണ്ടിയുള്ള പുസ്തകമാണിത്. മലയാള പശ്ചാത്തലം ഇംഗ്ലീഷിൽ അവതരിപ്പിക്കുന്ന നോവലായതുകൊണ്ട്, എന്റെ കഥ ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം, സ്നേഹം, ലോകത്ത് സ്വന്തമായൊരിടം കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ലളിതവും എന്നാൽ അർത്ഥവത്തുമായ വീക്ഷണം നൽകുന്ന ഇംഗ്ലീഷ് നോവലുകൾ ഇഷ്ടപ്പെടുന്ന എല്ലാ ഇന്ത്യക്കാർക്കും ഇത് പ്രിയങ്കരമാകും എന്ന് ഞാൻ വിശ്വസിക്കുന്നു. എഴുത്തിനോടുള്ള സ്നേഹവും, മനുഷ്യബന്ധങ്ങളെ ലളിതമായി അവതരിപ്പിക്കാനുള്ള ആഗ്രഹവുമാണ് ഈ കഥ എഴുതാനുള്ള ഏറ്റവും വലിയ പ്രചോദനം.ഇതിനകം വായിച്ചവരിൽ നിന്നും നല്ല അഭിപ്രായങ്ങൾ കിട്ടിയ പുസ്തകം ഇപ്പൊ മൂന്നാം പതിപ്പിൽ എത്തിനിൽക്കുന്നത് എന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഇനിയും ഒരുപാട് വായനക്കാരിലേക്ക് ഈ കഥ എത്തണമെന്നും ആഗ്രഹിക്കുന്നു.

ADVERTISEMENT