‘ആ ലൈബ്രറിയില്‍ നിന്ന് പുറത്തിറങ്ങാത്ത ദിവസങ്ങളുണ്ട് എന്ന് പറയാനാണ് എനിക്കിഷ്ടം’: രാജൻ തുവ്വാര എഴുതുന്നു Introduction to Rajan Thuvvara's "Borges: Guardian of the Garden of Imagination"
ലോകസാഹിത്യത്തിലെ എക്കാലത്തേയും മഹാനായ ചെറുകഥാകൃത്ത് ഹോർഹെ ലൂയിസ് ബോർഹെസിന്റെ എഴുത്തുജീവിതത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ശ്രദ്ധേയ പഠനകൃതിയാണ് രാജൻ തുവ്വാരയുടെ ‘ബോർഹെസ്: ഭാവനയുടെ ഉദ്യാന പാലകൻ’. ഈ കൃതിയുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ഭാവനയുടെ ചിദാകാശം’ എന്ന പേരിൽ രാജൻ തുവ്വാര വനിത ഓൺലൈനിൽ
ലോകസാഹിത്യത്തിലെ എക്കാലത്തേയും മഹാനായ ചെറുകഥാകൃത്ത് ഹോർഹെ ലൂയിസ് ബോർഹെസിന്റെ എഴുത്തുജീവിതത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ശ്രദ്ധേയ പഠനകൃതിയാണ് രാജൻ തുവ്വാരയുടെ ‘ബോർഹെസ്: ഭാവനയുടെ ഉദ്യാന പാലകൻ’. ഈ കൃതിയുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ഭാവനയുടെ ചിദാകാശം’ എന്ന പേരിൽ രാജൻ തുവ്വാര വനിത ഓൺലൈനിൽ
ലോകസാഹിത്യത്തിലെ എക്കാലത്തേയും മഹാനായ ചെറുകഥാകൃത്ത് ഹോർഹെ ലൂയിസ് ബോർഹെസിന്റെ എഴുത്തുജീവിതത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ശ്രദ്ധേയ പഠനകൃതിയാണ് രാജൻ തുവ്വാരയുടെ ‘ബോർഹെസ്: ഭാവനയുടെ ഉദ്യാന പാലകൻ’. ഈ കൃതിയുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ഭാവനയുടെ ചിദാകാശം’ എന്ന പേരിൽ രാജൻ തുവ്വാര വനിത ഓൺലൈനിൽ
ലോകസാഹിത്യത്തിലെ എക്കാലത്തേയും മഹാനായ ചെറുകഥാകൃത്ത് ഹോർഹെ ലൂയിസ് ബോർഹെസിന്റെ എഴുത്തുജീവിതത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ശ്രദ്ധേയ പഠനകൃതിയാണ് രാജൻ തുവ്വാരയുടെ ‘ബോർഹെസ്: ഭാവനയുടെ ഉദ്യാന പാലകൻ’. ഈ കൃതിയുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ഭാവനയുടെ ചിദാകാശം’ എന്ന പേരിൽ രാജൻ തുവ്വാര വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –
ബോര്‍ഹെസിനെ കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മൂന്ന് സംജ്ഞകള്‍ എന്റെ ചിന്തയിലേക്ക് കടന്നുവരുന്നു- ഓര്‍മ, ഭാവന, വായന. ഇതില്‍ വായന ആയാസം ആവശ്യമുള്ള ബൗദ്ധികവ്യായാമത്തിന്റെ ഉല്‍പ്പന്നമാണ്. ഭാവനയിലായിരുന്നു ബോര്‍ഹെസ് വിരാജിച്ചിരുന്നത്. ഭാവന വളര്‍ന്ന് പടരുന്ന ഉദ്യാനത്തിന്റെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ജീവിക്കുവാനായിരുന്നു അന്ധതക്ക് കീഴടങ്ങിയ കാലഘട്ടത്തില്‍ ബോര്‍ഹെസ് ആഗ്രഹിച്ചത്. ബോര്‍ഹെസിനെ വായിക്കുവാന്‍ മലയാളി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ക്ക്, വിശിഷ്യാ ‘ഫിക്ഷന്‍സ്’ എന്ന സമാഹാരത്തിന് മലയാളത്തില്‍ ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു. ആ സൂചനയെ മുന്നിര്‍ത്തിയാണ് ഞാന്‍ ബോര്‍ഹെസിനെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ മുതിര്‍ന്നത്.
1899-ല്‍ ഗ്വിയേര്‍മോ ബോര്‍ഹെസ് എന്ന എഴുത്തുകാരന്റെ മകനായി ഹോര്‍ഹെ ലൂയി ബോര്‍ഹെസ് ജനിക്കുന്നത് എഴുത്തുകാരന്റെ പാരമ്പര്യവും സാഹിത്യത്തിന്റെ അന്തരീക്ഷവും പിന്‍പറ്റിയാണ്. ആംഗലസാഹിത്യത്തിലെ കുലപതികളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കേട്ടും അവരുടെ കൃതികള്‍ കണ്ടുമാണ് ബോര്‍ഹെസ് വളര്‍ന്നത്. അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും വേണ്ടി യത്നിച്ചവരുടെ കുടുംബമഹിമയാണ് അമ്മയുടെ കഥകളില്‍ നിറഞ്ഞു നിന്നത്. ഇംഗ്ലീഷുഭാഷയും സംസ്കൃതിയും പുസ്തകങ്ങളും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ആ ഗൃഹാന്തരീക്ഷം. സ്വപ്നതുല്യമായ ബൊഹീമിയന്‍ ജീവിതവും ഇടക്കിടെ മാതാപിതാക്കളുടെ സംഭാഷണങ്ങളില്‍ പ്രതിഫലിച്ചു. അഭിപ്രായഭിന്നതയുടെ അനുരണനങ്ങള്‍ മാതാപിതാക്കള്‍ ബോര്‍ഹെസിന്റെ മുന്നില്‍ പലപ്പോഴും മറയില്ലാതെ പ്രകടിപ്പിച്ചു. ഈ അഭിപ്രായഭേദത്തെയാണ് 1953-ല്‍ എഴുതിയ ‘ദക്ഷിണം’ എന്ന കഥയില്‍ ബോര്‍ഹെസ് അവതരിപ്പിക്കുന്നത്. 1953-ല്‍ ലാ നാസിയോണ്‍ (la nacion) എന്ന പത്രത്തിലാണ് ഈ കഥ അച്ചടിച്ചുവന്നത്.
അമ്മയായിരുന്നു ബോര്‍ഹെസിന്റെ പ്രധാന ആശ്രയം. 1974-ല്‍ തന്റെ കൃതികളെല്ലാം പ്രിയപ്പെട്ട അമ്മയ്ക്കു സമര്‍പ്പിക്കുന്നതായി ബോര്‍ഹെസ് പ്രസ്താവിച്ചതിനുള്ള കാരണവും ഈ ആശ്രയമായിരുന്നു. അമ്മയ്ക്ക് പുറമേ വരാന്തകള്‍ക്കും അടിമകള്‍ക്കും പെറുവിലെ ഹുസ്സാറുകള്‍ക്കും അഭിമാനികളായ റോസമാരുടെ അപമാനത്തിനും മേല്‍ താനിത് സമര്‍പ്പിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. പുതിയ അര്‍ജന്റീനയുടെ വികസനനേട്ടങ്ങളെയും സാമൂഹിക മാറ്റങ്ങളേയുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. വീരനായകപരിവേഷം കെട്ടുവാന്‍ ബോര്‍ഹെസിനു കഴിയില്ലായിരുന്നു. അതിലദ്ദേഹത്തിനു സങ്കോചമുണ്ടായിരുന്നു. താനൊരു പുസ്തകവായനക്കാരന്‍ മാത്രമായതിനാല്‍, ഭീരുവായതില്‍, പ്രവര്‍ത്തനശേഷിയില്ലാത്തവനായതില്‍ ലജ്ജ തോന്നുന്നതായി ബോര്‍ഹെസ് ഓര്‍മക്കുറിപ്പുകളില്‍ കുറിച്ചു.
1901-ല്‍ ഹോര്‍ഹെ ലൂയിക്ക് രണ്ടുവയസ്സുള്ളപ്പോള്‍ ബോര്‍ഹെസ് കുടുംബം ബ്യൂണസ് അയേഴ്സിന്റെ അരികുചേര്‍ന്നുള്ള പലേര്‍മോ എന്ന പ്രദേശത്ത് താമസമാക്കി. ബോര്‍ഹെസിന്റെ വീടിനടുത്തു കൂടെയാണ് മള്‍ഡോണാഡോ എന്ന അഴുക്കുതോട് ഒഴുകിയിരുന്നത്. കയെ സെറാനോ എന്ന പാര്‍പ്പിടത്തിലാണ് ആദ്യം അവര്‍ താമസിച്ചത്. പിന്നീട് അവര്‍ 2147-ാം നമ്പര്‍ അപ്പാര്‍ട്ട്മെന്റിലേക്ക് മാറി. ഇപ്പോള്‍ ആ രണ്ടുവീടുകളും ശേഷിപ്പില്ല. ഇന്ന് ബോര്‍ഹെസിന്റെ പേരില്‍ അറിയപ്പെടുന്ന ആ തെരുവില്‍ റെസ്റ്റോറന്‍റുകളും ഒറ്റനില വീടുകളും മാത്രമാണുള്ളത്. വലിയ പശിമയൊന്നുമില്ലാതിരുന്ന പലേര്‍മോയിലെ അപൂര്‍വ്വം രണ്ടുനില വീടുകളിലൊന്നായിരുന്നു അവരുടേത്. അപ്പോള്‍ ബോര്‍ഹെസിന്റെ പിതാവിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. സസ്യജാല ഉദ്യാനവും കാഴ്ചബംഗ്ലാവും അവരുടെ വീടിനു സമീപമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ബോര്‍ഹെസിന്റെ ഓര്‍മ്മകളുടെ ആരംഭം ഈ വീട്ടില്‍നിന്നാണ്. പക്ഷേ, ആ ഓര്‍മ്മകളുടെ കൂട്ടത്തിലേക്ക് ശൈശവവും ബാല്യവും കടന്നുവരുന്നതിന്റെ സൂചനകള്‍ പോലുമില്ല.
ബോര്‍ഹെസിന്റെ കാമുകിയാകുവാന്‍ മോഹിച്ച എസ്റ്റെലാ കാന്‍റോ ബോര്‍ഹെസ് സംസാരപ്രിയനാണെന്നു പറയുന്നുണ്ടെങ്കിലും തന്റെ ശൈശവത്തെക്കുറിച്ചും ബാല്യത്തെപ്പറ്റിയും അദ്ദേഹം ഒന്നും വിശദമാക്കിയിട്ടില്ല. നീളന്‍പനകള്‍ അതിരിട്ടിരുന്ന ഉദ്യാനത്തിലെ മുന്തിരിവള്ളി തീര്‍ത്ത കുടിലുകളില്‍ ചെറിയ രണ്ട് ചാരുബെഞ്ചുകള്‍. ചുവന്ന കല്ലുപതിച്ച തറ. കിണറ്റില്‍ നിന്ന് വെള്ളം കോരുവാനുപയോഗിച്ചിരുന്ന വിന്‍റ് മില്ലുകള്‍. ഇതായിരുന്നു ആ വീടിന്റെ പരിസ്ഥിതി. ഈ സ്ഥിതിവിവരം അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഓര്‍മ്മയായ് വിരിയുന്നുണ്ട്. ബോര്‍ഹെസിന്റെ കുസൃതിയായ അനുജത്തി നോറ ആ വീട്ടിലാണ് ജനിച്ചത്. അപ്പന്റെ സാമാന്യം വിശാലമായ ലൈബ്രറിയില്‍ ചെന്നിരുന്ന് വായിക്കുകയായിരുന്നു ബോര്‍ഹെസിന്റെ വിനോദം. ഇടയ്ക്ക് കുസൃതിയായ നോറക്കൊപ്പം കളിക്കാനും ബോര്‍ഹെസ് താല്പര്യം കാണിച്ചിരുന്നു.
അന്ധത ബാധിച്ചതോടെ ബോര്‍ഹെസിനെ വീടിനു പുറത്തേക്കയക്കാന്‍ അമ്മയ്ക്കു ഭയമായിരുന്നു. തെമ്മാടികളും കൂട്ടിക്കൊടുപ്പുകാരും സുലഭമായിരുന്നു പലേര്‍മോയിലെ തെരുവുകളില്‍...മിസ് ടിങ്ക് എന്നു പേരുള്ള ഒരു ഇംഗ്ലീഷ് ഗവര്‍ണസ് (വീട്ടില്‍വന്ന് പഠിപ്പിക്കുന്ന ടീച്ചര്‍) ആണ് പതിനൊന്നു വയസ്സുവരെ ബോര്‍ഹെസിനെ പഠിപ്പിച്ചത്.
1970-ല്‍ എഴുതിയ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ബോര്‍ഹെസ് പലേര്‍മോയിലെ അന്നത്തെ ജീവിതത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നുണ്ട്. ആ ഓര്‍മ്മകളെ ബോര്‍ഹെസ് അപ്പന്റെ ലൈബ്രറിയിലേക്ക് ഒതുക്കിനിര്‍ത്തുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമേതാണെന്നു ചോദിച്ചാല്‍ അത് പിതാവിന്റെ ലൈബ്രറിയായിരിക്കുമെന്ന് ബോര്‍ഹെസ് ഓര്‍മ്മക്കുറിപ്പുകളിലെഴുതി. ‘ആ ലൈബ്രറിയില്‍ നിന്ന് പുറത്തിറങ്ങാത്ത ദിവസങ്ങളുണ്ട് എന്ന് പറയാനാണ് എനിക്കിഷ്ടം’ എന്നെഴുതുമ്പോള്‍ പുസ്തകങ്ങളോടുള്ള അഭിനിവേശമാണ് ബോര്‍ഹെസ് പ്രകടിപ്പിക്കുന്നത്. ആ പുസ്തകശാലയിലെ എണ്ണമറ്റ പുസ്തകങ്ങളും വാരികകളും വിശ്വവിജ്ഞാനകോശങ്ങളുമായിരുന്നു ബോര്‍ഹെസിന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍. ഈ വായനശാലയില്‍ നിന്നാണ് ബോര്‍ഹെസിന് പുതിയ കൂട്ടുകാരെ ലഭിച്ചത്: ഗ്രിം സഹോദരന്മാര്‍, ലൂയിസ് കരോള്‍, ആര്‍എല്‍ സ്റ്റീവന്‍സണ്‍, എച്ച്.ജി. വെല്‍സ് എന്നിവര്‍. അവര്‍ ബോര്‍ഹെസിന്റെ മനസ്സില്‍ കയറി പാര്‍പ്പുറപ്പിച്ചു. ഒപ്പം അവിഹിത വായനകളും ബോര്‍ഹെസിന്റെ രഹസ്യകൗതുകങ്ങളായി മാറി. അര്‍ജന്റയിന്‍ എഴുത്തുകാരനായ ഹോസെ ഫെര്‍ണാണ്ടസ് എഴുതിയ ‘മാര്‍ട്ടിന്‍ ഫെയ്റോ’ എന്ന 2316 വരികളുള്ള കവിത വായിക്കുന്നതില്‍നിന്ന് അമ്മ ബോര്‍ഹെസിനെ വിലക്കിയിരുന്നു. അറബിക്കഥകള്‍ വായിക്കുന്നതിനും ബോര്‍ഹെസിനു വിലക്കുണ്ടായിരുന്നു. അമ്മ ഒരു സെന്‍സറെപ്പോലെ അധികാരമുപയോഗിച്ചു.
ഏഴുവയസ്സുള്ളപ്പോള്‍ ബോര്‍ഹെസ് സെര്‍വാന്‍റിസിനെ അനുകരിക്കുന്ന മട്ടില്‍ എഴുതാന്‍ ശ്രമിച്ചിരുന്നു. 1906-ല്‍ അദ്ദേഹം ‘പ്രാണഹരനായ മുഖം മൂടിക്കാരന്‍’ (la visera fatal) എന്ന കഥ എഴുതി. അപ്പന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ബോര്‍ഹെസ് സെര്‍വാന്റിസ് കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളാണ് ആദ്യം വായിച്ചത് എന്ന ചില നിരൂപകരുടെ വാദം ബോര്‍ഹെസ് അംഗീകരിച്ചിരുന്നില്ല. താന്‍ ആദ്യം സെര്‍വാന്‍റീസിന്റെ സ്പാനിഷ് ഒറിജിനല്‍ തന്നെയാണ് വായിച്ചതെന്നും പിന്നീട് ഇംഗ്ലീഷ് പരിഭാഷ വായിച്ചുവെന്നുമാണ് ബോര്‍ഹെസ് അംഗീകരിക്കുന്ന കാര്യം. ബോർഹെസ് വിവർത്തനം ചെയ്ത ഓസ്ക്കാർ വൈൽഡിന്റെ ‘ദി ഹാപ്പി പ്രിന്‍സ്’ എന്ന കഥ എൽ പൈസ് എന്ന സ്പാനിഷ് പത്രത്തില്‍ അച്ചടിച്ചുവന്നത് കണ്ടപ്പോള്‍ കുടുംബസുഹൃത്തുക്കള്‍ വിചാരിച്ചത് ബോര്‍ഹെസിന്റെ അപ്പനാണ് ആ പരിഭാഷ നിര്‍വ്വഹിച്ചതെന്നാണ്. ആ പരിഭാഷയാണ് ബോര്‍ഹെസിന്റെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്. തന്റെ സാഹിത്യ സപര്യയുടെ പ്രധാന ഘടകമായി പരിഭാഷയെ ബോര്‍ഹെസ് പരിഗണിക്കുന്നതിന്റെ തുടക്കമായിരുന്നു അത്. പരിഭാഷ ഒരു കൃതിയെ നവീകരിക്കുന്നു; അതിലൂടെ പുതിയൊരു കൃതി സ്രിഷ്ടിക്കപ്പെടുന്നു എന്നായിരുന്നു ബോര്‍ഹെസിന്റെ നിരീക്ഷണം. പാഠാന്തരീകരണത്തിനു പുതിയ മാനം നല്‍കുവാന്‍ അദ്ദേഹം ശ്രമിച്ചു.
പതിനൊന്നാമത്തെ വയസ്സിലാണ് ബോര്‍ഹെസിനെ സ്കൂളിലേക്കയക്കുന്നത്. തെംസ് തെരുവിലായിരുന്നു ആ സ്കൂള്‍. സ്കൂളിലേക്ക് ബോര്‍ഹെസിനെ അയച്ചിരുന്നത് ഇംഗ്ലീഷ് ശൈലിയിലായിരുന്നു; ടൈയും കോളറുമൊക്കെയടങ്ങുന്ന സ്കൂള്‍ വേഷത്തില്‍.
പലേര്‍മോയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ബോര്‍ഹെസിന്റെ മനസ്സിലേക്ക് കടന്നുവന്നിരുന്നത് അവിടത്തെ കുറ്റവാളികളുടെ സ്വതന്ത്ര വിഹാരവും പാവങ്ങളുടെ നിസ്സഹായമായ ജീവിതരീതിയുമാണ്. തെരുവില്‍ പാര്‍ക്കുന്നവരുടെ പരദൂഷണം പറച്ചിലുകള്‍ കേള്‍ക്കുന്നത് ബോര്‍ഹെസിന് പുതിയ ഭാവനകള്‍ നല്‍കി. ഈ പരദൂഷണശകലങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഭാവന പ്രവര്‍ത്തിച്ചു. കുട്ടിക്കാലത്ത് ഇമ്മട്ടിലുള്ള ഭാവനകള്‍ക്കൊപ്പം ബോര്‍ഹെസ് ഏറ്റവുമധികം ആസ്വദിച്ചുവായിച്ചത് എഡ്വാര്‍ഡോ ഗുതിയേറസ് എന്ന എഴുത്തുകാരന്റെ അപസര്‍പ്പക നോവലുകളാണ്.
1930-ല്‍ ഒരു ജീവചരിത്രമെഴുതുവാനുള്ള അവസരം ബോര്‍ഹെസിനു കൈവന്നു. അത്രയൊന്നും പ്രശസ്തനല്ലാത്തവനെങ്കിലും ബോര്‍ഹെസിന്റെ സുഹൃത്തായിരുന്ന എവരിസ്റ്റോ കരിയേഗോ എന്ന കവിയുടെ ജീവിത രേഖകള്‍. ഇടയ്ക്കിടെ അദ്ദേഹം ബോര്‍ഹെസിന്റെ പിതാവിനെ കാണുവാനായി വരുമായിരുന്നു. കരിയോഗോയെ അര്‍ജന്റയിന്‍ ഭരണകൂടം പില്‍ക്കാലത്ത് അംഗീകരിച്ചു. അദ്ദേഹത്തിന്റെ വീട് ഒരു മ്യൂസിയമാക്കി. പോയട്രി സെന്റര്‍ എന്ന പേരിലാണ് ആ മ്യൂസിയം ഇന്നറിയപ്പെടുന്നത്.
പുനര്‍വായനയുടെ സാധ്യതകളെ തന്റെ നിരീക്ഷണപടുത്വമുപയോഗിച്ച് അദ്ദേഹം നിര്‍വ്വചിക്കുവാന്‍ ശ്രമിച്ചു. ഭാഷാശാസ്ത്രത്തിനും പരിഭാഷക്കും വായനയെന്ന സര്‍ഗാത്മക വ്യായാമത്തിനും അദ്ദേഹം തന്റെ കൃതികളിലൂടെ പുതിയ നിര്‍വ്വചനം നല്‍കി. എന്നും എപ്പോഴും പുനര്‍വായനകളായിരുന്നു ബോര്‍ഹെസിന്റെ അഭിപ്രായത്തില്‍ ആധുനികതയെ നിര്‍മ്മിച്ചിരുന്നത്.
അഡോള്‍ഫോ ബിയോയ് കാസറസും വിക്ടോറിയ ഒകാംപൊയും ഇല്ലായിരുന്നെങ്കില്‍ ബോര്‍ഹെസ് നാം വായിക്കുന്ന വിധമുള്ള ഒരു എഴുത്തുകാരനാകുമോ എന്ന് എനിക്ക് സംശയിക്കുവാന്‍ തോന്നുന്നു. പക്ഷേ, ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ബോര്‍ഹെസ് കാസറസുമായി കലഹിച്ചു. പ്രശസ്ഥ ചലച്ചിത്ര സംവിധായകനായ ലൂയി ബുനുവല്‍ നൊബേല്‍ പുരസ്കാരം ലഭിക്കാത്തതിന്റെ പേരില്‍ ബോര്‍ഹെസ് ആവലാതി പറയുന്നതായി പരിഹസിച്ചു. നൊബേല്‍ പുരസ്കാരത്തിനു ബോര്‍ഹെസിനു അര്‍ഹതയുണ്ടെന്ന് ബുനുവല്‍ സംശയിക്കുന്നില്ല; അതിന്റെ പേരില്‍ ആവലാതി പറയുന്നതിലായിരുന്നു ബുനുവലിനു വിഷമം.
1986 ജൂണ്‍ 14-നായിരുന്നു ബോര്‍ഹെസിന്റെ മരണം. മരിയ കോഡാമ എന്ന പങ്കാളിയായിരുന്നു അവസാന കാലഘട്ടത്തിൽ ബോർഹെസിനെ പരിചരിച്ചത്. സെന്‍റ് പിയറിയിലെ പൊട്ടസ്റ്റന്‍റ് കത്തീഡ്രലിലായിരുന്നു അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.
വിഖ്യാത നിരൂപകനും പരിഭാഷകനും കഥാകാരനുമായ ആല്‍ബര്‍ട്ടോ മാന്‍ഗ്വലിന്റെ രചനകള്‍ ബോര്‍ഹെസിനെ അടുത്തറിയാന്‍ വലിയ സഹായമാണു നല്‍കിയത്. മാൻഗ്വൽ എന്ന ഭാഷാശാസ്ത്ര ചിന്തകന്റെ രചനകൾ ബോർഹെസിനെ കുറിച്ചുള്ള എന്റെ ധാരണകളെ പുനർനിർമ്മിക്കുവാൻ സഹായിച്ചുവെന്ന് സൂചിപ്പിച്ചാല്‍ മാത്രമേ എന്‍റെ ബോര്‍ഹെസ് അന്വേഷണം പൂര്‍ണമാവുന്നുള്ളു.