അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടിയെ അദ്ദേഹത്തിന്റെ ബന്ധുവും പ്രശസ്ത സാഹിത്യകാരനുമായ രാജൻ തുവ്വാര ഓർക്കുന്നു. ‘വനിത ഓൺലൈനിൽ’ എഴുതുന്ന ‘തിലോദകം’ എന്ന അനുസ്മരണ കുറിപ്പ് വായിക്കാം – എന്റെ ഇളയച്ഛന്റെ മകനായ ഗോപിയേട്ടൻ എന്ന കെ. ഗോവിന്ദൻ കുട്ടിയെ വളരെ ചെറുപ്പത്തിൽ, ഞാൻ മറ്റം സ്കൂളിൽ

അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടിയെ അദ്ദേഹത്തിന്റെ ബന്ധുവും പ്രശസ്ത സാഹിത്യകാരനുമായ രാജൻ തുവ്വാര ഓർക്കുന്നു. ‘വനിത ഓൺലൈനിൽ’ എഴുതുന്ന ‘തിലോദകം’ എന്ന അനുസ്മരണ കുറിപ്പ് വായിക്കാം – എന്റെ ഇളയച്ഛന്റെ മകനായ ഗോപിയേട്ടൻ എന്ന കെ. ഗോവിന്ദൻ കുട്ടിയെ വളരെ ചെറുപ്പത്തിൽ, ഞാൻ മറ്റം സ്കൂളിൽ

അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടിയെ അദ്ദേഹത്തിന്റെ ബന്ധുവും പ്രശസ്ത സാഹിത്യകാരനുമായ രാജൻ തുവ്വാര ഓർക്കുന്നു. ‘വനിത ഓൺലൈനിൽ’ എഴുതുന്ന ‘തിലോദകം’ എന്ന അനുസ്മരണ കുറിപ്പ് വായിക്കാം – എന്റെ ഇളയച്ഛന്റെ മകനായ ഗോപിയേട്ടൻ എന്ന കെ. ഗോവിന്ദൻ കുട്ടിയെ വളരെ ചെറുപ്പത്തിൽ, ഞാൻ മറ്റം സ്കൂളിൽ

അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടിയെ അദ്ദേഹത്തിന്റെ ബന്ധുവും പ്രശസ്ത സാഹിത്യകാരനുമായ രാജൻ തുവ്വാര ഓർക്കുന്നു. ‘വനിത ഓൺലൈനിൽ’ എഴുതുന്ന ‘തിലോദകം’ എന്ന അനുസ്മരണ കുറിപ്പ് വായിക്കാം –

എന്റെ ഇളയച്ഛന്റെ മകനായ ഗോപിയേട്ടൻ എന്ന കെ. ഗോവിന്ദൻ കുട്ടിയെ വളരെ ചെറുപ്പത്തിൽ, ഞാൻ മറ്റം സ്കൂളിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. ആകാശവാണിയിലായിരുന്നു ജോലി എന്നാണ് ഓർമ. അന്ന് ഗോപിയേട്ടൻ ആനുകാലികങ്ങളിൽ എഴുതിയിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ അതിനൊന്നും എനിക്ക് വ്യക്തതയില്ല. ഇംഗ്ലീഷ് ആനുകാലികങ്ങളിൽ അദ്ദേഹം മലയാള കവിതയെക്കുറിച്ചും കവികളെക്കുറിച്ചും ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. അത് ഗോപിയേട്ടന്റെ അനുജൻ മുരളിയേട്ടൻ എന്നോട് ഒരിക്കൽ പറയുകയുണ്ടായി. മലയാളത്തിലെ ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്നു. നീഷെയെ കുറിച്ച് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനം എഴുതിയത് ഞാൻ ഓർക്കുന്നു. എഴുപതുകളുടെ തുടക്കത്തിൽ ആയിരുന്നു അത്. അതൊന്നും സൂക്ഷിച്ച് വെക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു.

ADVERTISEMENT

പിന്നീട് വളരെ കാലത്തിനു ശേഷമാണ് പ്രധാനമന്ത്രി മൊറാർജി ദേശായ് യാത്ര ചെയ്തിരുന്ന പുഷ്പക വിമാനത്തിന്റെ അപകടവാർത്ത ഞങ്ങളുടെ കുഗ്രാമത്തിൽ എത്തുന്നത്. അന്ന് അതിൽ കെ. ഗോവിന്ദൻ കുട്ടി ഉണ്ടായിരുന്ന കാര്യമൊന്നും ഞങ്ങൾ കേട്ടില്ലായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ വിവരം പുറത്ത് വന്നു. ഗോപിയേട്ടൻ ആണ് ആ അപകടവിവരം പുറമേക്ക് ആദ്യമായി നൽകിയത്. ആ സംഭവം ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന് വലിയൊരു ബ്രേക്ക് നൽകി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പുഷ്പകം തകർന്നു’ എന്ന പേരിൽ ഒരു അനുഭവ കഥ പ്രത്യക്ഷപ്പെട്ടു. ക്യാപ്റ്റൻ ഡി ലിമ മരിക്കുന്ന ദൃശ്യം പോലും അദ്ദേഹം വിശദമാക്കി എന്നാണ് എന്റെ ഓർമ. അന്ന് ഞാൻ ശ്രീകൃഷ്ണയിൽ പ്രീ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ അന്വേഷിച്ചു വന്ന മരണം ഗോപിയേട്ടന്റെ അടുത്തിരുന്ന ആളെ കൂട്ടികൊണ്ടുപോയി. ഇപ്പോൾ ഏകദേശം അമ്പത് വർഷങ്ങൾക്ക് ശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങിയിരിക്കുന്നു.

മറ്റം ഹൈസ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ആയിരുന്നു ഗോപിയേട്ടൻ. തലപ്പൊക്കമുള്ള മാർക്ക് വാങ്ങി പത്താം ക്ലാസ് പാസായി. കണക്കിനു ഗോവിന്ദൻകുട്ടി വാങ്ങിയ മാർക്ക് കണ്ടപ്പോൾ അയ്പ്പുണ്ണി മാഷ് വിചാരിച്ചത് തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി കേളികേട്ട ഒരു ശാസ്ത്രജ്നൻ ആയിത്തീരുമെന്നായിരുന്നു. നാട്ടിൽ ഉപരിപഠനത്തിനു നില്ക്കാതെ ഗോപിയേട്ടൻ ഡൽഹിക്ക് പോയി. പിന്നീട് ഡൽഹിയിൽ ആർ ബി ഐ അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഒരു ഘട്ടത്തിൽ ആകാശവാണിയുടെ വാർത്ത വിഭാഗത്തിൽ ചേർന്നു. 1978– ൽ പുഷ്പകം തകർന്നതിനു പിന്നാലെ ആണ് അദ്ദേഹം പത്രമാധ്യമ രംഗത്ത് എത്തുന്നത് . അവിടെ നിന്ന് കെ. ഗോവിന്ദൻ കുട്ടി മികച്ച പൊളിറ്റിക്കൽ കമന്റേറ്റർ ആയിത്തീർന്നു. കെ ജി കെ എന്ന എളുപ്പ പ്പേര് ഡെസ്കിൽ ഉള്ളവർ ചാർത്തിക്കൊടുത്തു. രാഷ്ട്രീയത്തെ അദ്ദേഹം കൗതുകത്തോടെ നിരീക്ഷിച്ചു. മികച്ച പൊളിറ്റിക്കൽ സ്‌കൂപ്പുകൾ ആ ടൈപ്പ് റൈറ്ററിൽ നിന്ന് പരന്നൊഴുകി. (അദ്ദേഹത്തേക്കാൾ ചെറുപ്പമായ ഞാൻ അപ്പോഴും പേന കൊണ്ടാണ് എഴുതിയിരുന്നത്. ടെക്നോളജിയും പുതുതലമുറ എഴുത്തും അദ്ദേഹത്തിന് അനായാസം വഴങ്ങി) കുൽദീപ് നയ്യാർ ക്കൊപ്പം അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലി ചെയ്തു . പിൽക്കാലത്ത് കുൽദീപ് നയ്യാരുടെ ‘between the lines’ എന്ന പുസ്തകം എൻ.കെ. ഭൂപേഷ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തു. നയ്യാരുടെ ആഗ്രഹപ്രകാര എം.ഗോപിയേട്ടൻ ആ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു എന്നാണ് എന്റെ ഓർമ. ഡൽഹിയിലെ രാഷ്ട്രീയ നേതാക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി.

ADVERTISEMENT

ഞാൻ ആദ്യമായി കാണുന്ന ജേർണലിസ്റ്റും എഴുത്തുകാരനുമായിരുന്നു ഗോപിയേട്ടൻ. പിൽക്കാലത്തു അദ്ദേഹം ഇന്ത്യൻ എക്സ്പ്രെസ്സിൽ എഴുതുന്ന ലേഖനങ്ങൾ/വാർത്തകൾ വായിക്കുമായിരുന്നു. അദ്ദേഹം മലയാളം പോലെത്തന്നെ മനോഹരമായി ഇഗ്ലീഷും ഉപയോഗിച്ചു. പിൽക്കാലത്തു ശ്രീ തോമസ് ജേക്കബ് തന്റെ മനോരമ കോളത്തിൽ കരുമന ഗോവിന്ദൻ കുട്ടിയുടെ ഈ സിദ്ധിയെ കുറിച്ച് എടുത്ത് പറഞ്ഞു.

കുറേക്കാലം കഴിഞ്ഞാണ് കെ. ഗോവിന്ദൻകുട്ടിയുടെ ആദ്യത്തെ പുസ്തകം ‘vararuchis children’ പുറത്തു വരുന്നത്. പ്രതിഭയുടെ പ്രകാശത്തിൽ കേരളത്തെ മനോഹരമായി നിരീക്ഷിക്കുന്ന പുസ്തകം. ആ പുസ്തകത്തിന്റെ അവതാരിക പ്രശസ്ത ചികിത്സകനും ശാസ്ത്രജ്ഞനുമായ ഡോ എം.എസ്. വല്യത്താനാണ് എഴുതിയത്. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഉൾക്കാഴ്ചയും ഈ പുസ്തകത്തിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.

ADVERTISEMENT

ഒരിക്കൽ 1985– ൽ ഞാൻ ഗോപിയേട്ടന്റെ ശാന്തി നഗറിലുള്ള വീട്ടിൽ ചെന്നു. അന്ന് അദ്ദേഹം ഇന്ത്യൻ എക്സ്സ്പ്രസിന്റെ സ്പെഷ്യൽ കറസ്‌പോണ്ടന്‍റ് ആയിരുന്നു. അതിനടുത്ത് എവിടെയോ ആയിരുന്നു ഇ. എം. എസ്. നമ്പൂതിരിപ്പാട് താമസിച്ചിരുന്നത്.

പിന്നീട് ഞങ്ങൾ തമ്മിൽ കാണുന്നത് 2000 ജനുവരിയിലാണ്. അന്ന് ഞാൻ താമസിച്ചിരുന്ന കണ്ടാണശ്ശേരിയിലെ വീട്ടിൽ ഗോപിയേട്ടൻ വന്നു. ഞാൻ ബസ് സ്റ്റോപ്പിൽ ചെന്ന് ചേതക് സ്കൂട്ടറിൽ കൂട്ടിക്കൊണ്ട് വന്നു. അവിടെയിരുന്നു മൂന്നു മണിക്കൂർ ഞങ്ങൾ തമ്മിൽ സംസാരിച്ചു. ‘കെ. കരുണാകരൻ : എ പൊളിറ്റിക്കൽ ബയോഗ്രഫി’ എന്ന പുസ്തകം അദ്ദേഹം എനിക്ക് അന്ന് നൽകി. ‘ശേഷൻ എൻ ഇന്റിമേറ്റ് സ്റ്റോറി’ യായിരുന്നു ഞാൻ ആഗ്രഹിച്ചത്. അത് ഇനി കാണുമ്പോൾ തരാമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പുസ്തകം ‘wasted death’ പെൻഗ്വിൻ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയായിരുന്നു. ബ്രിട്ടാനിയ രാജൻ പിള്ളയുടെ ജീവിതമായിയുന്നു ആ പുസ്തകം. ആ പുസ്തകത്തിന്റെ ഒരു പ്രിന്‍റ് ഔട്ട്‌ അദ്ദേഹം എനിക്ക് നൽകി.

‘‘ആ പുസ്തകം മലയാളത്തിൽ ഇറങ്ങണം എന്ന് രാജ്‌മോഹൻ ആഗ്രഹിക്കുന്നു. താൻ അത് പരിഭാഷ ചെയ്യണം’’ ഗോപിയേട്ടൻ പറഞ്ഞു. പെൻ ബുക്സ് ആ പുസ്തകം ‘പാഴായിപ്പോയ മരണം’ എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധം ചെയ്തു.

പിന്നീട് നാട്ടിലെ പല ചടങ്ങുകൾക്കും അദ്ദേഹം എത്തി. എന്റെ ഒരു പുസ്തകം പ്രകാശിപ്പിച്ചത് അദ്ദേഹം ആയിരുന്നു. അതിൽ പങ്കെടുത്ത ഒരു മലയാള ബുദ്ധിജീവിക്ക് ഗോപിയേട്ടനെ വേണ്ടത്ര അറിയില്ലായിരുന്നു. ഞാൻ അയാൾക്ക് കെ. ഗോവിന്ദൻകുട്ടി എന്ന എഴുത്തുകാരനെ നന്നായി പരിചയപ്പെടുത്തി.

അതിനു ശേഷം അദ്ദേഹം രണ്ട് പുസ്തകങ്ങൾ എഴുതി. ‘കാലക്ഷേപം’ എന്ന പത്രപ്രവർത്തന കാലത്തെ അനുഭവങ്ങളും കെ. എം. മാണിയെ കുറിച്ചുള്ള പുസ്തകവും. ‘കാലക്ഷേപം’ ഒരു ഗംഭീര പുസ്തകമാണെന്ന് എനിക്ക് തോന്നി. അത് എങ്ങനെയെങ്കിലും വായനക്കാരിൽ എത്തിക്കാൻ കഴിയുന്ന പ്രസാധകന് നൽകാൻ ഞാൻ അഭ്യർത്ഥിച്ചുവെങ്കിലും പുസ്തകം അതിനു മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടു.

പത്രപ്രവർത്തനം ഗോപിയേട്ടൻ അവസാനിപ്പിച്ചിരുന്നു. എഴുതാനുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. അപ്പോഴാണ് ഇന്ത്യ ടുഡേയിൽ അദ്ദേഹം എഴുതിയിരുന്ന നേരും നുണയും എന്ന കോളത്തിലെ കുറച്ചു പീസുകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാൻ ഞാൻ മുൻകൈ എടുത്തത്. കിളിരൂർ രാധാകൃഷ്ണൻ ചേട്ടൻ ‘വാഴ്ചയും വീഴ്ചയും’ എന്ന ശീർഷകത്തിൽ ആ പുസ്തകം പുറത്തിറക്കി. ആ പുസ്തകം അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയതായി എനിക്ക് തോന്നി.

ഒരിക്കൽ നിക്കോസ് കാസന്ദ് സാകിസിൽ ചെന്നു നിന്നു ഞങ്ങളുടെ സംഭാഷണം. അവിടെ നിന്ന് അദ്ദേഹം കാഫ്കയിലേക്കും ഇഗ്നസിയോ സിലോനിലേയ്ക്കും സഞ്ചരിച്ചു. മെഡിക്കൽ സയൻസും ക്വാണ്ട്ടം ഫിസിക്സും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ ആയിരുന്നു.

ഞങ്ങളുടെ നാട്ടിലെ ഒരു സംഭവം കേന്ദ്രീകരിച്ചുകൊണ്ട് ഇംഗ്ലീഷിൽ ഒരു ഫിക്ഷൻ എഴുതുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് അധ്യായങ്ങൾ അദ്ദേഹം എനിക്ക് മെയിൽ അയച്ചു തന്നു. എനിക്കത് ഇഷ്ടമായി. പക്ഷേ, കുറച്ച് എഴുതിയ ശേഷം അദ്ദേഹം അത് ഉപേക്ഷിച്ചു. അത് വേണ്ട എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ദിവസം ഞങ്ങൾ സ്കൂട്ടറിൽ കുന്നംകുളം അങ്ങാടിയിലൂടെ സഞ്ചരിച്ചു. രാത്രി വൈകിയാണ് അന്ന് ഞങ്ങൾ മടങ്ങിയത്. സ്‌കൂട്ടർ യാത്ര അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

ഒരു ദിവസം രാവിലെ മുതൽ ഞങ്ങൾ എളവള്ളി മോസ്‌കോ വഴി പെറുവല്ലൂരിലേക്കും അന്നകരയിലേക്കും അവിടെ നിന്ന് വാകയിലേക്കും യാത്ര ചെയ്തു. ചില സ്ഥലങ്ങൾ കാണുമ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. മോസ്‌കോയെ കുറിച്ച് ഞങ്ങൾ ധാരാളം സംസാരിച്ചു. അനേകം കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഇടയ്ക്ക് ഗുരുവായൂയൂരിൽ പോകുന്നതും ഗോപിയേട്ടന് ഇഷ്ടമായിരുന്നു.

‘മോസ്‌കോയും വാകയും ചേർന്നാൽ ഒരു നോവലിനുള്ള ഭൂമികയായി’ അദ്ദേഹംചിരിച്ചു കൊണ്ട് പറഞ്ഞു. ‘താൻ പരീക്ഷിച്ചു നോക്കു’. ഞാൻ അത് പലവട്ടം എഴുതാൻ ആലോചിച്ചുവെങ്കിലും നടന്നില്ല.

ദൈവ വിശ്വാസി ആയിരുന്നില്ലെങ്കിലും എളവള്ളയിലെ ക്ഷേത്രത്തിൽ പോകുവാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പഴയ കഥകൾ ഓർക്കാൻ പറ്റിയ സ്ഥലമായിരുന്നു അത് . അമ്പലപ്പറമ്പിനെ അദ്ദേഹം ഗൃഹാതുര പ്രതീകമായി കണ്ടു. അമ്പലത്തിലെ എരുക്കിൻ ചെടികൾ നിന്നിരുന്ന ഇടം നാടൻ പ്രേമങ്ങളുടെ വേദിയായിരുന്നുവെന്ന് അദ്ദേഹം കൗതുകത്തോടെ ഓർത്തു.

അതിനു ശേഷം അദ്ദേഹം നാട്ടിൽ വരുന്നത് കുറഞ്ഞു, എഴുതുന്നത് കുറഞ്ഞുവന്നു. ഒന്നുരണ്ടു വട്ടം അമേരിക്കയിൽ മക്കളുടെ അടുത്ത് പോയി. കുറേക്കാലം അവിടെ താമസിച്ചു. ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടൽ ചില കുടുംബ ചടങ്ങുകളിൽ ഒതുങ്ങി. ക്രമേണ അത് കുറഞ്ഞു കുറഞ്ഞു വന്നു.

കോവിഡ് കാലത്തിനു ശേഷം ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം നന്നായി ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിച്ചു. ഇടക്ക് മെസ്സേജ് അയക്കും, ആവശ്യമെങ്കിൽ ഫോണിൽ വിളിക്കും. ശാരീരികമായി അദ്ദേഹം ക്ലേശിച്ചിരുന്നതായി എനിക്ക് തോന്നിയിരുന്നു. എങ്കിലും ഞാൻ പുതിയ പുസ്തകങ്ങളെക്കുറിച്ച് പറയുമ്പോൾ ആവേശം കൊള്ളും ഏറ്റവും അവസാനം എന്റെ വീട്ടിൽ വന്നപ്പോൾ അപൂർവമെന്ന് പറയാവുന്ന രണ്ട് പുസ്തകങ്ങൾ അദ്ദേഹം കൊണ്ടുപോയി. അത് തിരികെ തരില്ലെന്ന് എന്നോട് ജാമ്യം എടുത്തിരുന്നു. ചാൾസ് ഡാർവിനെ കുറിച്ച് irving stone എഴുതിയ നോവൽ, The origin, Dr Irvin yalom എഴുതിയ When nietsche wept! Dr irvin യാലോമിനോടുള്ള തന്റെ ആരാധന അദ്ദേഹം മറച്ചുവെച്ചില്ല. അതിനു ശേഷം തിരുവനന്തപുരത്തു ചെന്നപ്പോൾ ഏലിയാസ് കനേറ്റിയുടെ crowd and power എന്ന പുസ്തകവും ignazio silone ന്റെ fontamara യും അദ്ദേഹം എനിക്ക് തന്നു.

പത്രപ്രവർത്തകനായ ഗോവിന്ദൻ കുട്ടിയേക്കാൾ എനിക്കിഷ്ടം എഴുതുകാരനായ ഗോവിന്ദൻ കുട്ടിയെ ആയിരുന്നു. അസാമാന്യമായ വായനയായിരുന്നു അദേഹത്തിന്റെ സമ്പാദ്യം. അർഹിക്കുന്ന രീതിയിൽ അടയാളപ്പെടാതെ പോയ പത്രപ്രവർത്തകനായ എഴുത്തുകാരനായിരുന്നു കെ ഗോവിന്ദൻ കുട്ടി എന്ന് എനിക്ക് തോന്നുന്നു. അർഹത ഉണ്ടായിരുന്നിട്ടും വലിയ അംഗീകാരങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നതായി കാണുന്നില്ല. അദ്ദേഹം അതൊന്നും ആഗ്രഹിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുമില്ല.

കഴിഞ്ഞ ഒക്ടോബറിൽ ആണ് ഞാനും ഭാര്യയും അദ്ദേഹത്തെ അവസാനമായി കാണുന്നത്. അദ്ദേഹം ഞങ്ങളെ തിരിച്ചറിഞ്ഞില്ല. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. ഞാൻ അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുള്ള ആ പ്രതിഭയെ കുറിച്ച് വളരെ കുറച്ചു മാത്രം ഓർത്തെടുത്തു എഴുതാനേ കഴിഞ്ഞിട്ടുള്ളു. എങ്കിലും ഇത്രയെങ്കിലും എഴുതാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത കുറ്റബോധം എന്നെ അധിനിവേശിക്കുമെന്ന് തീർച്ച.