പ്രളയം അതിജീവിക്കാൻ ഓർത്തു വയ്ക്കാം ഈ നാലു ടിപ്സ്
വെള്ളപ്പൊക്കത്തിന്റെ കാരണം തേടി ദൂരേക്കെങ്ങും പോകേണ്ട. വീടിനു പുറത്തിറങ്ങി നമ്മുടെ മുറ്റങ്ങളിലേക്കും പറമ്പിലേക്കും നോക്കുക. ഒരു തുളളി മഴവെള്ളം പോലും താഴാൻ അനുവദിക്കാത്തവിധം പേവ്മെന്റ് ടൈൽ വിരിച്ചു കുട്ടപ്പനാക്കിയ മുറ്റവും ഇല വീഴാതിരിക്കാൻ മരങ്ങളെല്ലാം വെട്ടി മൈതാനം പോലെ നിരപ്പാക്കിയ പറമ്പും
വെള്ളപ്പൊക്കത്തിന്റെ കാരണം തേടി ദൂരേക്കെങ്ങും പോകേണ്ട. വീടിനു പുറത്തിറങ്ങി നമ്മുടെ മുറ്റങ്ങളിലേക്കും പറമ്പിലേക്കും നോക്കുക. ഒരു തുളളി മഴവെള്ളം പോലും താഴാൻ അനുവദിക്കാത്തവിധം പേവ്മെന്റ് ടൈൽ വിരിച്ചു കുട്ടപ്പനാക്കിയ മുറ്റവും ഇല വീഴാതിരിക്കാൻ മരങ്ങളെല്ലാം വെട്ടി മൈതാനം പോലെ നിരപ്പാക്കിയ പറമ്പും
വെള്ളപ്പൊക്കത്തിന്റെ കാരണം തേടി ദൂരേക്കെങ്ങും പോകേണ്ട. വീടിനു പുറത്തിറങ്ങി നമ്മുടെ മുറ്റങ്ങളിലേക്കും പറമ്പിലേക്കും നോക്കുക. ഒരു തുളളി മഴവെള്ളം പോലും താഴാൻ അനുവദിക്കാത്തവിധം പേവ്മെന്റ് ടൈൽ വിരിച്ചു കുട്ടപ്പനാക്കിയ മുറ്റവും ഇല വീഴാതിരിക്കാൻ മരങ്ങളെല്ലാം വെട്ടി മൈതാനം പോലെ നിരപ്പാക്കിയ പറമ്പും
വെള്ളപ്പൊക്കത്തിന്റെ കാരണം തേടി ദൂരേക്കെങ്ങും പോകേണ്ട. വീടിനു പുറത്തിറങ്ങി നമ്മുടെ മുറ്റങ്ങളിലേക്കും പറമ്പിലേക്കും നോക്കുക. ഒരു തുളളി മഴവെള്ളം പോലും താഴാൻ അനുവദിക്കാത്തവിധം പേവ്മെന്റ് ടൈൽ വിരിച്ചു കുട്ടപ്പനാക്കിയ മുറ്റവും ഇല വീഴാതിരിക്കാൻ മരങ്ങളെല്ലാം വെട്ടി മൈതാനം പോലെ നിരപ്പാക്കിയ പറമ്പും തന്നെയാണ് വെള്ളപ്പൊക്കത്തിന്റെ കാരണക്കാർ. ഒപ്പം കേരളത്തെ ചതുരക്കള്ളികളായി തിരിക്കുന്ന ഭീമൻ മതിലുകളും.
ഭൂമിക്കു വേണം മഴക്കുട
മരങ്ങളുള്ള സ്ഥലത്ത് മഴവെള്ളം ഭൂമിയിലേക്ക് പതിക്കുന്നതും തരിശായ സ്ഥലത്ത് പതിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ഷവറിലൂടെ വെള്ളം വീഴുന്നതുപോലെയാണ് ഒന്ന് എങ്കിൽ ഒരു ബക്കറ്റ് വെള്ളം ഒറ്റയടിക്ക് ഒഴിക്കുന്നതുപോലെയാണ് അടുത്തത്. മരങ്ങളൊന്നുമില്ലാത്ത പറമ്പിൽ വീഴുന്ന മഴവെള്ളം മണ്ണും കുത്തിയിളക്കി കുതിച്ചു പാഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ. ഓടാനൊരുങ്ങുന്ന വെള്ളത്തെ നടത്തിയും ഇരുത്തിയും പിന്നെ കിടത്തിയും മണ്ണിനെ നിറയ്ക്കുന്ന രീതിയിലായിരുന്നു നമ്മുടെ പൂർവികരൊക്കെ പറമ്പുകളൊരുക്കിയിരുന്നത്. നാലുചുറ്റുമുള്ള വന്മരങ്ങളും മഴക്കുഴികളും ചെറിയ മൺതിട്ടകളും പുതയിട്ടുള്ള കൃഷിരീതിയുമെല്ലാം വെള്ളത്തെ പിടിച്ചുകെട്ടാനുള്ള മാർഗങ്ങളായിരുന്നു.
ജൈവാംശമുള്ള മണ്ണിലാണ് വെള്ളത്തിന്റെ ‘റൺ ഓഫ് റേറ്റ്’ അഥവാ ‘പാച്ചിൽ നിരക്ക്’ ഏറ്റവും കുറവ്. ജൈവാംശമുള്ള മണ്ണിലൂടെ വെള്ളം സാവധാനമേ ഒഴുകൂ എന്നർഥം. മാത്രമല്ല, നല്ലൊരു പങ്ക് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യും.
മഴവെള്ളം മണ്ണിൽ താഴട്ടെ
ഏതു മുറ്റത്ത് നോക്കിയാലും പേവ്മെന്റ് ടൈൽ മാത്രം! മണ്ണ് കാണാനേയില്ല. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കൂട്ടിയതിൽ പേവ്മെന്റ് ടൈലിനുള്ള പങ്ക് ചെറുതല്ല. കോൺക്രീറ്റ് ടൈൽ വിരിച്ച് നിർമിക്കുന്നതുപോലെയുള്ള ‘പേവിങ് സർഫസ്’ (paving surface) മഴവെള്ളം മണ്ണിലേക്ക് താഴുന്നത് തടയുന്നു. നിമിഷനേരം കൊണ്ട് ഇവ മഴവെള്ളത്തെ റോഡിലെ ഓടയിലെത്തിക്കുന്നു.
ഒരു പ്രദേശത്ത് പെയ്യുന്ന മഴയുടെ സിംഹഭാഗവും പെട്ടെന്നുതന്നെ ഓടയിലെത്തുകയും അവിടെനിന്ന് നദിയിലെത്തുകയും ചെയ്യുന്നതോടെ വെള്ളപ്പൊക്കത്തിന് സാഹചര്യമൊരുങ്ങുകയായി. മണൽ വാരി അടിത്തട്ടു തെളിഞ്ഞ നദികൾക്കും പണ്ടത്തെപ്പോലെ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള ശേഷിയില്ല. വെള്ളം ഉയരുന്നതിന്റെ വേഗം പതിന്മടങ്ങ് വർധിച്ചതിന്റെയും താഴാനുള്ള സമയം കൂടിയതിന്റെയും കാരണം വേറൊന്നുമല്ല.
മഴവെള്ളം ആഗിരണം ചെയ്യാൻ മണ്ണിനെ പ്രാപ്തമാക്കും വിധമുള്ള സ്വാഭാവിക പ്രതലമായിരിക്കണം മുറ്റത്തിന്. വേനൽക്കാലത്ത് കിണർ വറ്റിവരളുന്നത് ഒഴിവാക്കാനും ഇത് കൂടിയേതീരൂ.
വെള്ളത്തിന് വഴി വേണം
വഴി മാത്രമല്ല, താമസിക്കാൻ ഇടവും കൂടി നൽകിയാലേ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയൂ. ഇതു രണ്ടിന്റെയും അഭാവമാണ് സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിലേക്ക് വഴിതെളിച്ചത്. പണ്ട് ചരിവുള്ള പ്രദേശങ്ങളിൽ രണ്ട് പറമ്പുകൾക്കിടയിൽ കൈത്തോടുകൾ നൽകിയതും വലിയ മതിൽ പണിയാതെ കയ്യാലകൾ നിർമിച്ചതും വെറുതെയായിരുന്നില്ല. ജലശാസ്ത്രം കൃത്യമായി മനസ്സിലാക്കിത്തന്നെയായിരുന്നു. മഴവെള്ളം ചെറിയ നീർച്ചാലുകളായി കൈത്തോടുകളിലെത്തുകയും അവിടെനിന്ന് അൽപം കൂടി വലിയ തോടുകളിലേക്ക് ഒഴുകിയെത്തിയ ശേഷം ആറുകളിലെത്തുന്നതുമായ രീതിയിലായിരുന്നു കേരളത്തിന്റെ ജലശൃംഖല. നീരൊഴുക്കിന്റെ നാഡീഞരമ്പുകൾ മുറിക്കുകയും മണ്ണിട്ടുമൂടുകയും ചെയ്തതോടെ വെള്ളത്തിന് പോകാൻ വഴിയില്ലാതായി.
വീടുനിർമിക്കാനായി പാടങ്ങളും ചതുപ്പുനിലങ്ങളുമെല്ലാം മണ്ണിട്ടുമൂടിയതോടെ വെള്ളത്തിന് തങ്ങാനുള്ള ഇടവും നഷ്ടപ്പെട്ടു. മനുഷ്യർ കൈവശപ്പെടുത്തിയ സ്ഥലങ്ങളിലേക്കെല്ലാം വെള്ളം കടന്നുവന്നത് വെറുതെയല്ല. പറമ്പിൽ എവിടെയെങ്കിലും കുളമോ കുഴിയോ ഉണ്ടെങ്കിൽ അതു മൂടിയ ശേഷം വീടുവച്ചാലേ സമാധാനം കിട്ടൂ എന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. പാടവും കുളങ്ങളും ചതുപ്പുനിലങ്ങളിമൊക്കെ പ്രകൃതിയുടെ ജലസംഭരണപ്പുരകളാണെന്ന് മനസ്സിലാക്കണം.
മാലിന്യക്കുട്ടയല്ല പുഴകൾ
സകല മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയാണ് പുഴകൾ എന്ന ധാരണ മാറ്റണം. കുപ്പിയും പ്ലാസ്റ്റിക് കവറും തുണിയുമടക്കം ടൺ കണക്കിന് പാഴ്‌വസ്തുക്കളാണ് വെള്ളപ്പൊക്കത്തിലൂടെ പുഴകൾ തിരിച്ചുതന്നത്. പുഴയിലും നദിയിലും അടിയുന്ന ഇത്തരം വസ്തുക്കൾ ഒഴുക്കു തടസ്സപ്പെടുത്തുകയും ജലസംഭരണശേഷി കുറയ്ക്കുകയും ചെയ്യും. വെള്ളപ്പൊക്കസമയത്ത് കരയിലേക്ക് ഒഴുകിയെത്തുന്ന ഇവ വേലികളിലും മറ്റും തടഞ്ഞുനിൽക്കുന്നതിനാൽ ഒഴുക്കു തടസ്സപ്പെടുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്യും.
വീട്ടിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സംസ്കരണം അവനവന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുക മാത്രമാണ് ഇതിനു പരിഹാരം. മഴയെ നിയന്ത്രിക്കാൻ മനുഷ്യന് കഴിയില്ലായിരിക്കാം. പക്ഷേ, വെള്ളപ്പൊക്കം നിയന്ത്രിക്കാം. നിർമാണത്തിലെ നല്ല ശീലങ്ങൾ പാലിക്കുക മാത്രമാണ് അതിനുള്ള എളുപ്പവഴി. ■
വിവരങ്ങൾക്കു കടപ്പാട്:
യു.ഷൈൻ, അസോഷ്യേറ്റ് പ്രഫസർ, കെഎംഇഎ കോളജ് ഓഫ് ആർക്കിടെക്ചർ, ആലുവ
റോയ് ആന്റണി, ആർക്കിടെക്ട്, റോയ് ആന്റണി
ആർക്കിടെക്ട്സ്, കൊച്ചി