ഫഫീദിനും ഭാര്യ റംലയ്ക്കും ട്രെഡീഷണൽ ഭംഗിയുള്ള വീട് വേണമെന്നായിരുന്നു ആഗ്രഹം. പ്ലാൻ വരച്ച് ഫൗണ്ടേഷനും കെട്ടി കഴിഞ്ഞപ്പോഴാണ് ആശിച്ച രീതിയിലല്ല വീടിന്റെ രൂപകൽപന എന്നവർ തിരിച്ചറിയുന്നത്. അപ്പോഴാണ് ഡിസൈനർ സാലിമിന്റെ പ്രോജക്ടുകളെ കുറിച്ച് അറിയുന്നത്. അവയിൽ പലതിനും മനസ്സിലാഗ്രഹിച്ച വീടിന്റെ ഛായയുണ്ടെന്ന് മനസ്സിലായതോടെ സ്വന്തം വീട് അവർ സാലിമിന്റെ കൈകളിൽ ഏൽപിക്കുകയായിരുന്നു.

തിരൂരിലെ കാളാടിലാണ് അഞ്ച് സെന്റിൽ 2000 ചതുരശ്രയടിയിൽ ട്രെഡീഷണൽ ആന്റിക് തീമിലുള്ള ഹാഫിസ് എന്ന വീട് സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

വാർക്ക കുറച്ചിടങ്ങളിൽ മാത്രം

∙ ആദ്യം തന്നെ പ്ലാനിലും ഫൗണ്ടേഷനിലും മാറ്റങ്ങൾ വരുത്തി. കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ വീടിനെ മാറ്റിയെടുത്തു.

ADVERTISEMENT

∙ ബജറ്റ് നിയന്ത്രിച്ചാണ് വീട് വച്ചത്. അതിന് പ്രധാന പങ്ക് വഹിച്ചത് വീട് വാർത്തിട്ടില്ല എന്നതാണ്. കുറച്ചിടങ്ങളിൽ മാത്രമേ സ്ലാബ് നൽകിയുള്ളൂ. ബാക്കിയിടങ്ങളിൽ ട്രസ്സ് ചെയ്ത് ഓടിട്ടാണ് മേൽക്കൂര നിർമിച്ചത്. ചെലവ് കുറയ്ക്കുന്നതിനൊപ്പം ചൂട് കുറയ്ക്കാനും ഇതു സഹായിച്ചു.

∙ പഴയ തടിയാണ് വീട്ടിൽ മുഴുവൻ ഉപയോഗിച്ചത്. ഫർണിച്ചർ, ജനൽ, വാതിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും പഴയ വീടുകൾ പൊളിച്ചപ്പോൾ ലഭിച്ച തടിയാണ് ഉപയോഗിച്ചത്. പല സ്ഥലങ്ങളിൽ നിന്നായാണ് തടി ശേഖരിച്ചത്. ഇതും ചെലവു കുറയ്ക്കാൻ സഹായിച്ചു.

ADVERTISEMENT

∙ വെട്ടുകല്ല് കൊണ്ടാണ് ചുമരു കെട്ടിയത്. ചിലയിടങ്ങളിൽ ഇഷ്ടിക ഉപയോഗിച്ചു. അത് തേക്കാതെ ‘എക്സ്പോസ്ഡ്’ ആയി നൽകിയിട്ടുമുണ്ട്.

∙ സീലിങ് തേക്കാതെ കോൺക്രീറ്റ് ഫിനിഷിൽ നൽകിയതും ചെലവ് കുറയ്ക്കാൻ സഹായിച്ചു. തറയിൽ സിമന്റ് ഫിനിഷ് ടൈൽ നൽകിയതോടെ സീലിങ്ങും ടൈലും ഒരേ ഫിനിഷിലായി. ഇത് മുറികൾക്ക് വലുപ്പക്കൂടുതൽ തോന്നിപ്പിക്കുന്നു.

∙ പഴയ തടിയും മെറ്റലും കൊണ്ടാണ് സ്റ്റെയർകെയ്സ് നിർമിച്ചത്. പഴയ ഇല്ലം പൊളിച്ചപ്പോൾ കിട്ടിയ തടിയാണ് സ്റ്റെയർകെയ്സിന് ഉപയോഗിച്ചത്.

∙ ഗോവണിയുടെ ലാൻഡിങ്ങിൽ വലിയ ജനാല നൽകിയിട്ടുണ്ട്. കാഴ്ചയ്ക്ക് വളരെ ഭംഗിയുള്ള ഈ ജനാല പഴയ ഏതോ പൊളിച്ച ഗോവണിയുടെ കൈവരികൾ കൊണ്ടാണ് നിർമിച്ചത്. ഗ്ലാസ്, മെറ്റൽ എന്നിവയും ജനാലയ്ക്ക് സൗന്ദര്യമേകുന്നു.

∙ പരമാവധി സ്ഥലം ലാഭിക്കുന്ന രീതിയിലാണ് മുറികൾ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിനൊരുദാഹരണമാണ് ഊണുമുറി. ദീർഘചതുരാകൃതിയിൽ ഊണുമുറി ഡിസൈൻ ചെയ്യാൻ കാരണം ‘സ്പേസ് പ്ലാനിങ്’ ആണ്.

∙ ഡബിൾഹൈറ്റിലുള്ള ഊണുമുറിയുടെ ചുമരിൽ മുകളിലായി കുറച്ചിടത്ത് ഗ്ലാസ് നൽകിയത് വീടിനുള്ളില്‍ വെളിച്ചം നിറയ്ക്കുന്നു.

ബാൽക്കണിക്കു പകരം കിളിവാതിൽ

∙ മിനിമൽ തീമിൽ വീടൊരുക്കിയതും ചെലവു കുറയ്ക്കാൻ സഹായിച്ചു.

∙ മുകളിലെ നിലയിലെ ലിവിങ് റൂമിൽ കിളിവാതിൽ നൽകി. ബാൽക്കണി ഒഴിവാക്കി അതിനു പകരമാണ് പുറത്തേക്ക് കാഴ്ചയേകുന്ന കിളിവാതിൽ നൽകിയത്.

∙ മുകളിലെ ലിവിങ് റൂമിൽ മെറ്റൽ കൊണ്ടുള്ള അഴികൾ നൽകി, അതിനോടു ചേർന്ന് ഇൻബിൽറ്റ് സീറ്റിങ്ങും കൊടുത്തു. ഇവിടെ നിന്ന് താഴത്തെ നിലയിലേക്ക് കാഴ്ചയെത്തും.

∙ മുകളിലെ ലിവിങ്ങിൽ ആത്തംകുടി ടൈലിനെ അനുസ്മരിപ്പിക്കുന്ന മൊറോക്കൻ ടൈൽ നൽകിയത് പരമ്പരാഗത സ്പർശമേകുന്നു.

∙ അടുക്കളയിലെ കബോർഡുകൾ പിവിസി ഷീറ്റ് കൊണ്ടാണ്. ഫ്ലോറിങ്ങിന് തടിയുടെ ഫിനിഷുള്ള വിട്രിഫൈഡ് ടൈൽ.

∙ ആന്റിക് തീമിലുള്ള ലാംപ് ഷേഡുകൾ വാങ്ങിയതും പ്രത്യേകം നിർമിച്ചെടുത്തതുമുണ്ട്.

∙ഫർണിച്ചറിൽ ചൂരലിന്റെ സ്പർശം കാണാം. ചൂരൽ, തടി, ഓട് തുടങ്ങിയവയെല്ലാം ട്രെഡീഷണൽ ഭംഗിയേകുന്നു.

∙ മതിലിനെ വ്യത്യസ്തമാക്കാൻ മെറ്റലും ജാളിയും ചെങ്കല്ലും ഉപയോഗിച്ചു.ബാക്കി വന്ന ചെങ്കല്ല് കൊണ്ട് കുറച്ചിടത്ത് മനോഹരമായി ലാൻഡ്സ്കേപ്പിങ് ചെയ്തു. മുറ്റത്ത് താന്തൂർ സ്റ്റോൺ വിരിച്ചു.

പി. എം. സാലിം, ഡിസൈനർ, A. S. Design Forum, കോട്ടക്കൽ

Email: salimpm786@gmail.com

ചിത്രങ്ങൾ: ജെൻസീർ

ADVERTISEMENT