ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കിനി പുതിയ റോൾ ; ടെൻഷനോടു വിട പറയാം, വാരാന്ത്യങ്ങൾ രസകരമാക്കാം Beyond Relaxation: The Evolving Concept of Weekend Living
നാടൻ ഭക്ഷണം മടുത്താൽ വടക്കേ ഇന്ത്യൻ താലി, ഇടയ്ക്ക് കോണ്ടിനെന്റൽ, ജാപ്പനീസ്, കൊറിയൻ, ജർമൻ... വൈവിധ്യത്തിനു പിന്നാലെയാണ് നാവിന്റെയും ഹൃദയത്തിന്റെയും ഓട്ടം. ‘ഇന്നേതാ ദിവസം?’ എന്നു ചോദിച്ചാൽപോലും അറിയാത്ത വിധത്തിൽ ദിവസങ്ങൾ തീവണ്ടി പിടിച്ച് ഓടുമ്പോൾ സന്തോഷങ്ങളെ തേടി നമ്മളും പായുകയാണ്. പക്ഷേ, ഒരു
നാടൻ ഭക്ഷണം മടുത്താൽ വടക്കേ ഇന്ത്യൻ താലി, ഇടയ്ക്ക് കോണ്ടിനെന്റൽ, ജാപ്പനീസ്, കൊറിയൻ, ജർമൻ... വൈവിധ്യത്തിനു പിന്നാലെയാണ് നാവിന്റെയും ഹൃദയത്തിന്റെയും ഓട്ടം. ‘ഇന്നേതാ ദിവസം?’ എന്നു ചോദിച്ചാൽപോലും അറിയാത്ത വിധത്തിൽ ദിവസങ്ങൾ തീവണ്ടി പിടിച്ച് ഓടുമ്പോൾ സന്തോഷങ്ങളെ തേടി നമ്മളും പായുകയാണ്. പക്ഷേ, ഒരു
നാടൻ ഭക്ഷണം മടുത്താൽ വടക്കേ ഇന്ത്യൻ താലി, ഇടയ്ക്ക് കോണ്ടിനെന്റൽ, ജാപ്പനീസ്, കൊറിയൻ, ജർമൻ... വൈവിധ്യത്തിനു പിന്നാലെയാണ് നാവിന്റെയും ഹൃദയത്തിന്റെയും ഓട്ടം. ‘ഇന്നേതാ ദിവസം?’ എന്നു ചോദിച്ചാൽപോലും അറിയാത്ത വിധത്തിൽ ദിവസങ്ങൾ തീവണ്ടി പിടിച്ച് ഓടുമ്പോൾ സന്തോഷങ്ങളെ തേടി നമ്മളും പായുകയാണ്. പക്ഷേ, ഒരു
നാടൻ ഭക്ഷണം മടുത്താൽ വടക്കേ ഇന്ത്യൻ താലി, ഇടയ്ക്ക് കോണ്ടിനെന്റൽ, ജാപ്പനീസ്, കൊറിയൻ, ജർമൻ... വൈവിധ്യത്തിനു പിന്നാലെയാണ് നാവിന്റെയും ഹൃദയത്തിന്റെയും ഓട്ടം. ‘ഇന്നേതാ ദിവസം?’ എന്നു ചോദിച്ചാൽപോലും അറിയാത്ത വിധത്തിൽ ദിവസങ്ങൾ തീവണ്ടി പിടിച്ച് ഓടുമ്പോൾ സന്തോഷങ്ങളെ തേടി നമ്മളും പായുകയാണ്. പക്ഷേ, ഒരു വീക്കെൻഡ് കിട്ടിയാൽ പോകാൻ ഇടമില്ല എന്നത് പലരുടെയും പരാതിയാണ്. ഇടമില്ലാത്തതല്ല, ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്നല്ല, പാടവരമ്പത്തു പോലും ‘റിലാക്സ്’ ചെയ്യാനെത്തുന്നവരുടെ മേളമാണ് എന്നതാണ് സത്യം.
വലിയൊരു മാറ്റത്തിന്റെ പാതയിലാണ് കേരളത്തിലെ ജനങ്ങൾ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ‘വീക്ക് ഡെയ്സ്’ കഠിനാധ്വാനം ചെയ്യുക, വാരാന്ത്യങ്ങളിൽ തിന്നും കുടിച്ചും ജീവിതം ആഹ്ലാദിക്കുക. പല വികസിത രാജ്യങ്ങളിലും നിലവിലുള്ള ജീവിതരീതി തന്നെ! ജീവിതരീതിയിലെ ഈ മാറ്റം മറ്റു പല മാറ്റങ്ങൾക്കും തുടക്കമാകുന്നു.
വാരാന്ത്യങ്ങൾ ചെലവഴിക്കാൻ ഒരു സ്ഥലം വേണം എന്ന ആവശ്യവുമായി ആർക്കിടെക്ടിനെ സമീപിക്കുന്നവരുടെ എണ്ണം കൂടുകയാണത്രെ. തിരക്കുകളിൽ നിന്നുമാറി ശാന്തമായ സ്ഥലത്ത് ഒരു വീക്കെൻഡ് ഹോം അല്ലെങ്കിൽ ഹോളിഡേ ഹോം ആണ് വേണ്ടത്. പുഴയോരത്തോ കായലരികത്തോ കാടിനോടു ചേർന്നോ അത്തരമൊരു സ്ഥലം കിട്ടിയാൽ ഹാപ്പി!
കൊല്ലത്ത് കായലിനരികെ ചെയ്ത ഒരു ഹോംസ്റ്റേയുടെ കാര്യം ഓർമിക്കുന്നു ആർക്കിടെക്ട് ദമ്പതിമാരായ അജയ് അബിയും താര പണ്ടാലയും. ‘‘ എല്ലാ മുറികളും കായലിലേക്കു തുറക്കുന്ന വിധത്തിലായിരുന്നു ഡിസൈൻ. ലിവിങ്, ഡൈനിങ് പോലുള്ള കോമൺ ഏരിയയ്ക്കാണ് പ്രാധാന്യം കൊടുത്തത്. ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികൾ മാത്രം നിർമിച്ചു. വീട്ടുകാർ അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ വന്നു താമസിക്കും. സൗകര്യങ്ങളേക്കാളുപരി സന്തോഷിക്കാനുള്ള സാഹചര്യങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്.’’ താമസിക്കുന്ന സ്ഥലത്തു നിന്ന് അധികം ദൂരത്തല്ലാത്ത തിരക്കു കുറഞ്ഞ സ്ഥലങ്ങളാണ് വീക്കെൻഡ് ഹോമിനു വേണ്ടി മിക്കവരും തിരഞ്ഞെടുക്കുന്നത്.
നല്ലൊരു ശതമാനം ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അച്ഛനമ്മമാർ നിർമിച്ച വീട് ആളില്ലാതെ പൂട്ടിക്കിടക്കുന്നു എന്നത്. തിരക്കിൽ നിന്ന് ഓടിപ്പോകാൻ വെമ്പൽകൊള്ളുന്നവർക്ക് ഈ പഴയ വീടിനെ ‘വീക്കെൻഡ് ഹോം’ ആക്കിമാറ്റാവുന്നതേയുള്ളൂ. ബന്ധങ്ങളുടെ ഊഷ്മളതയും കുരുന്നുകളുടെ കുസൃതിയുമെല്ലാം ആളനക്കമില്ലാതെ കിടന്ന മുറികളെയും മുറ്റത്തെയും പുനർജനിപ്പിക്കും.
25 ലക്ഷത്തിനുള്ളിൽ നിന്ന് തറവാട് ഭംഗിയാക്കി, വെക്കേഷൻ ഹോം ആക്കിക്കൊടുത്ത അനുഭവമുണ്ട് എൻജിനീയർ വരുൺ ജയന്. ‘‘ സ്ഥിരതാമസമില്ലാത്തതിനാൽ കൂടുതൽ തുക ചെലവഴിക്കേണ്ടതില്ല. മുറികളുടെ അടിസ്ഥാനപ്രശ്നങ്ങൾ മാറ്റി, പെയിന്റും ഫർണിഷിങ്ങും ചെയ്തെടുത്താൽ മതി. വീട്ടുകാർ ഉപയോഗിക്കാത്തപ്പോൾ എയർ ബിഎൻബി പോലുള്ള പ്ലാറ്റ്ഫ്മുകളിലൂടെ വാടകയ്ക്ക് കൊടുക്കാം. ’’
വീക്കെൻഡ്/റിട്ടയർമെന്റ് ഹോം ഭാഗികമായി ഹോംസ്റ്റേ കൂടി ആയ അനുഭവമാണ് തിരുവനന്തപുരം സ്വദേശി രശ്മി അജിത് പങ്കുവയ്ക്കുന്നത്. ‘‘ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ഒരുമിച്ച് ഇടയ്ക്കിടെ ചെന്നു താമസിക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് വയനാട്ടിൽ ‘മാംഗോ ഷവേഴ്സ്’ എന്ന വീക്കെൻഡ് ഹോം നിർമിച്ചത്. വീട് പരിപാലിക്കാൻ നിർത്തിയ ആൾക്കുള്ള ശമ്പളത്തിനുള്ള തുക എന്ന ലക്ഷ്യത്തോടെ ചില മുറികൾ ഹോംസ്റ്റേയായി നൽകി.’’
വീക്കെൻഡ് ഹോമിൽ നിന്ന് ‘അഗ്രിക്കൾച്ചർ ഹോം’ എന്ന ആശയത്തിലേക്കു മാറിയ കഥയാണ് തിരുവനന്തപുരം സ്വദേശി വി. കെ. ഹരിയുടേത്. വീക്കെൻഡ് ഹോമിനു ചുറ്റും കുറച്ച് കൃഷി കൂടി തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറായി. മനസ്സിനു മാത്രമല്ല ശരീരത്തിനും ആരോഗ്യമായി.
ഹോളിഡേ മൂഡിലാണ്, മറക്കേണ്ട
വീക്കെൻഡ് ഹോമിൽ സാധാരണ വീടിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തണമെന്നില്ല. മുറികളുടെ എണ്ണവും വീടിന്റെ വലുപ്പവും കൂട്ടുന്നത് പാരയാകാൻ വഴിയുണ്ട്. അടിച്ചും തുടച്ചും പാത്രം കഴുകിയും നടുവൊടിക്കാനുള്ള സമയമല്ല വീക്കെൻഡ്. അടുക്കളയും ചെറുതു മതി. സ്വിഗ്ഗിയും സൊമാറ്റോയുമൊക്കെ ഏതു കാട്ടുമുക്കിലും എത്തുമല്ലോ.
എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ ഒന്നിച്ചു കിടക്കാനും സിനിമ കാണാനുമൊക്കെ ഇഷ്ടപ്പെടുന്നതിനാൽ കിടപ്പുമുറികൾക്കു വേണ്ടി അധികം സ്ഥലം മെനക്കെടുത്തേണ്ട. പകരം വലിയ ഹാളുകൾ ആയിക്കോട്ടെ. കഴിയുംപോലെ സ്വിമിങ് പൂളോ ബില്യാർഡ് ടേബിളോ ടേബിൾ ടെന്നീസോ ഒക്കെ ഉൾപ്പെടുത്താം. ബോർഡ് ഗെയിംസിന് മുറ്റത്തോ ബാൽക്കണിയിലോ ഇരിപ്പിടങ്ങൾ ഒരുക്കാം. ബാർബിക്യൂ സ്റ്റേഷൻ ‘മസ്റ്റ്’ ആണ്. വലിയ പ്ലോട്ടിനുള്ളിലാണ് വീട് എങ്കിൽ അയൽക്കാരെ ശല്യപ്പെടുത്താതെ ധൈര്യമായി ബഹളം വയ്ക്കുകയുമാകാം. ഇതൊക്കെ കേൾക്കുമ്പോൾ ഒരു വീക്കെൻഡ് ഹോം വേണമെന്നു തോന്നുന്നില്ലേ? ഉടൻ തയാറെടുപ്പ് തുടങ്ങിക്കോളൂ...
ചിത്രങ്ങൾക്കു കടപ്പാട്: സെന്റർ ഫോർ സസ്റ്റൈനബിൾ ബിൽറ്റ് ആൻഡ് എൻവയോൺമെന്റ്, കൊച്ചി