Friday 05 October 2018 02:16 PM IST

‘അവരുടെ പുഞ്ചിരിക്ക് പകരമാകില്ല മറ്റൊരു നേട്ടവും’; സമൂഹ വിവാഹത്തിലൂടെ നിരവധി പേർക്ക് പുതുജീവിതം പകർന്ന വൽസലാ ഗോപിനാഥിന്റെ കഥ

Nithin Joseph

Sub Editor

two_ladies2

വിവാഹജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറുമ്പോ ൾ ഓരോ പെൺകുട്ടിയുടെയും ഉള്ളിൽ ഒരു വിശ്വാസമുണ്ട്. ഭർതൃഗൃഹത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ വിഷമങ്ങളോ നേരിടേണ്ടി വന്നാൽ ഒരു വിളിപ്പാടകലെ തനിക്കു പ്രിയപ്പെട്ടവർ ഉണ്ടെന്ന വിശ്വാസം. ആ വിശ്വാസമാണ് അവരുടെ ധൈര്യം. അത്തരത്തിൽ നിരവധി പെൺകുട്ടികളുടെ വിശ്വാസവും ധൈര്യവുമായി മാറിയ ഒരമ്മ, അതാണിന്ന് വൽസലാ ഗോപിനാഥ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി നാൽപത്തിയേഴ് പെൺകുട്ടികൾക്കാണ് വൽസലാ ഗോപിനാഥിന്റെ സുമനസ്സു കൊണ്ട് മംഗല്യസൗഭാഗ്യം സാധ്യമായത്.


2012 ലാണ് വൽസലയുടെ മനസ്സിൽ സമൂഹവിവാഹമെന്ന ആശയം  മുളപൊട്ടിയത്. അന്നവർ വിമൻസ് ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ചുറ്റുമുള്ളവരിൽ പലരും തളർത്താൻ ശ്രമിച്ചപ്പോഴും വൽസല പിൻവാങ്ങാതെ മുന്നോട്ടു പോയതിന്റെ ഫലമായി ആദ്യ കാൽവെയ്പിൽ തന്നെ പത്ത് പെൺകുട്ടികള്‍ സുമംഗലികളായി.
‘‘സാമ്പത്തിക പരാധീനത കൊണ്ട് വിവാഹം നടക്കാതെപോകുന്ന ഒരുപാട് പെൺകുട്ടികളുണ്ട് നമുക്ക് ചുറ്റും. അവരിൽ കുറച്ചുപേർക്കെങ്കിലും നല്ലൊരു ദാമ്പത്യജീവിതം ഉണ്ടാകണം എന്നു മാത്രമായിരുന്നു ലക്ഷ്യം. ഞാനെന്റെ മനസ്സിലുള്ള ആഗ്രഹം ആദ്യമായി പറഞ്ഞപ്പോൾ പലരും സംശയിച്ചത് എനിക്കു ഭ്രാന്തുണ്ടോ എന്നായിരുന്നു. പക്ഷേ, പിൻതിരിപ്പിക്കാൻ ശ്രമിച്ച എല്ലാവരെയും കൂടെ നിർത്തിക്കൊണ്ടു തന്നെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു ആ സ്വപ്നം.’’

കല്യാണം കുട്ടിക്കളിയല്ല


2012–ൽ വിമൻസ് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10 പെൺകുട്ടികളുടെ വിവാഹം നടത്തിയ വൽസല തുടർന്നുള്ള വർഷങ്ങളിലും സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ വളരെ വിപുലമായിട്ടാണ് തന്റെ പ്രവർത്തനങ്ങൾ തുടർന്നുപോരുന്നത്. 2014–ൽ ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ വനിതാ വിഭാഗം ജില്ലാ ചെയർപേഴ്സൻ സ്ഥാനത്തിരിക്കെ 20 വിവാഹങ്ങൾ നടത്തി. 2015–ൽ നായർ സർവീസ് സൊസൈറ്റിയുടെ വനിതാ വിഭാഗം പ്രസിഡന്റായിരിക്കെ 10 പെൺകുട്ടികളുടെ വിവാഹം നടത്തി . 2016–ൽ വീണ്ടും ലയൺസ് ക്ലബിന്റെ സഹകരണത്തോടെയായിരുന്നു ഏഴ് വിവാഹങ്ങൾ.


എവിടെ നിന്നെങ്കിലും രണ്ട് ചെറുപ്പക്കാരെ കണ്ടെത്തി വിവാഹം കഴിപ്പിച്ചാൽ തീരുന്നതല്ല തന്റെ ഉത്തരവാദിത്വമെന്ന് പൂർണബോധ്യമുണ്ട് ഈ വീട്ടമ്മയ്ക്ക്. വധൂവരന്മാരെ കണ്ടെത്തുന്നതിൽ തുടങ്ങി കടമ്പകളേറെ കടക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം മക്കളുടെ കാര്യത്തിൽ കാണിക്കുന്നത്ര ശ്രദ്ധയോടും താൽപര്യത്തോടും കൂടിയാണ് ഓരോന്നും ചെയ്യുന്നത്. പത്രങ്ങളിൽ പരസ്യം നൽകിയാണ് വധൂവരൻമാരെ തിരഞ്ഞെടുക്കുന്നത്. വിവാഹം നിശ്ചയിച്ചിട്ടും നടത്താൻ സാധിക്കാത്തവർ, നിർധനകുടുംബത്തിലെ കുട്ടികൾ, വിധവകളുടെ മക്കൾ എന്നിവർക്ക് മുൻഗണന കൊടുക്കാൻ വൽസല പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.


‘‘വിവാഹത്തിന് സമ്മതം അറിയിച്ചു വരുന്ന ആളുകളെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് കുഴപ്പങ്ങൾ ഏതുമില്ലെന്ന് ഉറപ്പാക്കണം. വിവാഹസമ്മാനമായി ലഭിക്കുന്ന സ്വർണം മാത്രം ലക്ഷ്യം വച്ച് വരുന്ന തട്ടിപ്പുകാർ നിരവധിയാണ്. പണം തട്ടാമെന്ന ഉദ്ദേശത്തോടെ മുൻപ് വിവാഹം കഴിച്ചവർ എത്തുന്ന സംഭവങ്ങൾ പോലും ഉണ്ടാകാറുണ്ട്.’’
പൊലിമയും പ്രൗഢിയും ഒട്ടുംതന്നെ കുറയ്ക്കാതെയാണ് ഓരോ വിവാഹവും നടത്തുന്നത്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണല്ലോ വിവാഹ മുഹൂർത്തം. അതിന് അൽപം നിറച്ചാർത്ത് വേണമെന്ന് ആഗ്രഹമുള്ളവരാണ് ഭൂരിപക്ഷവും. ഓഡിറ്റോറിയം ബുക്ക് ചെയ്ത്  സദ്യ, വിഡിയോ, എന്നിവയും ഉൾപ്പെടെ നടത്തുന്ന വിവാഹച്ചടങ്ങുകളിൽ ഓരോ ദമ്പതികൾക്കുമായി എഴുപത്തി അയ്യായിരത്തിലധികം രൂപ ചെലവ് വരാറുണ്ട്.


താലി മാല ഉൾപ്പെടെ രണ്ടു പവൻ സ്വർണവും വിവാഹവസ്ത്രങ്ങളും ഓരോ ദമ്പതികൾക്കും നൽകുന്നു. ഇതിനു പുറമേ ആവശ്യമായ വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങി പുതിയ ജീവിതം ആരംഭിക്കുന്നവർക്ക് ആവശ്യമായ സാധനങ്ങളെല്ലാം കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. വിവാഹഒരുക്കത്തിന്റെ ഭാഗമായി ദമ്പതികൾക്ക് മനശാസ്ത്ര കൗൺസലിങ്ങും നൽകാറുണ്ട്.

two_ladies3 സമൂഹവിവാഹത്തിൽ പങ്കെടുത്ത ദമ്പതികൾക്കൊപ്പം

കൈത്താങ്ങുകൾ നിരവധി


‘‘ഒരിക്കല്‍ യാത്രക്കിടയിൽ ഒരു ബിസിനസ്സുകാരനെ കണ്ടുമുട്ടി. സംസാരത്തിനിടയിൽ അയാൾ എന്നെപ്പറ്റിയും ഞാൻ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ചറി‍ഞ്ഞു. ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അയാളെ അറിയിക്കണമെന്ന് പറഞ്ഞിട്ടാണ് പിരിഞ്ഞത്. അടുത്ത തവണ സമൂഹവിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ ഞാൻ  അയാളെ വിളിച്ചു. വിവാഹം നടത്താനുള്ള മുഴുവൻ ചെലവുകളും ആ വ്യക്തി ഒറ്റയ്ക്ക് ഏറ്റെടുത്തു.
ആ അനുഭവം ജീവിതത്തിലെ വലിയൊരു തിരിച്ചറിവായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ നിരവധിയുണ്ട് സമൂഹത്തിൽ. എന്നാൽ അതിന് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നറിയാത്തതാണ് പലരുടെയും പ്രശ്നം. നമ്മളൊരു തുടക്കം നൽകി വഴി കാണിച്ചാൽ അത് തുടർന്നുകൊണ്ടു പോകാൻ നിരവധിപ്പേർ മുന്നോട്ടു വരും.
ഓരോ വർഷവും സമൂഹവിവാഹങ്ങൾ നടത്തുമ്പോൾ ഇത്തരത്തിൽ നിരവധിയാളുകൾ സഹായാഭ്യർഥനയുമായി സമീപിക്കാറുണ്ട്. വിവാഹത്തിനുള്ള സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങുമ്പോഴും   പണം സ്പോൺസർ ചെയ്യാൻ സന്നദ്ധരായി നിരവധിപ്പേർ ഉണ്ടാകും. ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ പലതും അസാധ്യമായിരിക്കാം. എന്നാൽ ചുറ്റുമുള്ളവരുടെ പിന്തുണയുണ്ടെങ്കിൽ എല്ലാം സാധ്യമാണ്.’’


ദൗത്യമല്ല, സന്തോഷമാണ് സേവനം


47 സമൂഹവിവാഹങ്ങളിൽ തീരുന്നതല്ല വൽസലാ ഗോപിനാഥിന്റെ സേവനങ്ങൾ. ആശുപത്രികളുടെ സഹകരണത്തോടെ നിരവധി മെഡിക്കൽ ക്യാംപുകൾ നടത്താറുണ്ട്. അപകടങ്ങളിലും മറ്റും കാൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധനരായ 20 പേർക്ക് കൃത്രിമ കാൽ വെച്ചുകൊടുത്തു. നിലമ്പൂരിലെ ഓമശ്ശേരി ആദിവാസി കോളനിയിൽ നടത്തിയ നേത്രചികിൽസാ ക്യാംപിലൂടെ  നിരവധിപ്പേർക്ക് തിമിരത്തിനുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുത്തു. സമീപത്തുള്ള സ്കൂളുകളിലെ എന്താവശ്യങ്ങൾക്കും ആദ്യം സമീപിക്കുന്നതും വൽസലയെയാണ്.


‘‘അസുഖവുമായി സഹായം ചോദിച്ചുവരുന്ന ആരെയും വെറുംകൈയോടെ മടക്കി അയയ്ക്കാറില്ല. രോഗങ്ങൾ ആർക്കും വരാം. കൈയിലുള്ള പണം യാതൊരു തരത്തിലും ഉപകരിക്കാത്ത സാഹചര്യങ്ങളും ജീവിതത്തിൽ വരാം. അതുകൊണ്ട് നമ്മളാൽ കഴിയുന്ന സഹായങ്ങൾ നമുക്കു ചുറ്റുമുള്ളവർക്ക് ചെയ്തുകൊടുക്കുക. അതൊരിക്കലും നമ്മൾ ചെയ്യുന്ന ഔദാര്യമല്ല. മറിച്ച് നമ്മുടെ കടമയാണ്. അവരുടെ പ്രാർഥനകളിൽ എന്നും നമ്മളുണ്ടാകും. അതിലും വലിയ എന്തു പ്രതിഫലമാണ് നമുക്ക് വേണ്ടത്.’’
സന്നദ്ധപ്രവർത്തനത്തിലേക്കു തിരിയാന്‍ കാരണമായ തിക്താനുഭവങ്ങളോ, ജീവിതത്തെ മാറ്റിമറിച്ച മഹാസംഭവങ്ങളോ ഒന്നും തന്നെയില്ല വൽസലയ്ക്ക് പറയാൻ. മനസ്സ് പറഞ്ഞ വഴിയേ സഞ്ചരിക്കുക മാത്രമാണവർ ചെയ്തത്.


‘‘വിവാഹപ്പന്തലിൽ ഓരോ പെൺകുട്ടിയും  നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നതു കാണുമ്പോഴുള്ള ആനന്ദത്തിനു പകരമാകില്ല മറ്റൊരു നേട്ടവും. 2016–ൽ സമൂഹവിവാഹം നടത്തിയപ്പോൾ മുൻവർഷങ്ങളിലെ ദമ്പതികളെ എല്ലാവരെയും ക്ഷണിച്ചിരുന്നു. എല്ലാവരും  സന്തോഷമായി ജീവിക്കുന്നുവെന്ന് അറിയുമ്പോഴും അവരെ കാണുമ്പോഴും മനസ്സ് നിറയും. പലരും കുഞ്ഞുങ്ങളുമായിട്ടാണ് വന്നത്. ചിലരൊക്കെ നമ്മുടെ മുന്നിൽ കൈകൂപ്പി കണ്ണീരോടെ നിൽക്കുന്നത് കാണാം. വിവാഹം കഴിപിച്ചയച്ച മകൾ ഭർത്താവിന്റെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് അറിയുമ്പോഴുള്ള സന്തോഷമാണ് അവരെ ഓരോരുത്തരെയും  കാണുമ്പോൾ തോന്നുന്നത്.’’


സേവനത്തിന്റെ പാതയിലേക്ക് ഇറങ്ങിയ വൽസലയ്ക്ക് ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാൻ കരുത്തായത് കുടുംബത്തിൽനിന്നുള്ള അകമഴിഞ്ഞ പിന്തുണയായിരുന്നു. മ‍ഞ്ചേരിയിലെ ചേന്നമംഗലം വീട്ടിൽ വാസുദേവ മേനോന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും ഒൻപത് മക്കളിലൊരാളായി ജനിച്ച വൽസലാ ഗോപിനാഥ് 1957– ലാണ് വിവാഹിതയാവുന്നത്. ഭർത്താവ് പി. ഗോപിനാഥ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിന്നും വിരമിച്ചു. മൂന്നു മക്കളുണ്ട്. മൂത്തമകൻ പ്രദീപ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ പ്രവീൺ എൻജിനീയറാണ്. മകൾ റാണി കുടുംബവുമൊത്ത് അമേരിക്കയിലാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമായി സമയം ചെലവഴിക്കുമ്പോൾ കിട്ടുന്ന അതേ സന്തോഷമാണ് സാമൂഹിക പ്രവർത്തനങ്ങളിലും വൽസല കണ്ടെത്തുന്നത്.


 ‘‘ഓരോ പ്രവർത്തനങ്ങൾക്കും കൂട്ടായി നിന്ന ഭർത്താവിനും  മക്കൾക്കുമാണ് ഫുൾ ക്രെഡിറ്റ്. അവരുടെ സപ്പോർട്ടില്ലായിരുന്നെങ്കിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. ഇനിയും ഒരുപാട് ലക്ഷ്യങ്ങൾ മനസ്സിൽ ബാക്കിയാണ്. നൂറ് വിവാഹങ്ങളെങ്കിലും മുന്നിൽനിന്ന് നടത്തിക്കൊടുക്കണം. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാനുള്ള പദ്ധതിയും മനസ്സിലുണ്ട്. ഒപ്പം തന്നെ ഏതെങ്കിലുമൊരു ആശുപത്രിയിൽ സൗജന്യഡയാലിസിസിനുള്ള സൗകര്യം ഒരുക്കണമെന്നുണ്ട്. അങ്ങനെ നിരവധി ആഗ്രഹങ്ങൾ. നമ്മളെ കണ്ടാകണം  വരും തലമുറ വളരേണ്ടത്. മനസ്സിൽ നന്മയുള്ളവരായി വേണം അവർ വളരാൻ. ഈ പ്രവർത്തനങ്ങളിൽ ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നം അതു മാത്രമാണ്.’’


പ്രതിസന്ധികളില്‍ കരുത്തായത് ആത്മവിശ്വാസം; വ്യത്യസ്ത ലക്ഷ്യവുമായി മുന്നേറുന്ന രണ്ട് സ്ത്രീകളുടെ ജീവിത കഥ