‘വിധവ ആയുള്ള ജീവിതം ഒട്ടും എളുപ്പമല്ല, പലതും കേള്‍ക്കുമ്പോള്‍ വിഷമം തോന്നും...മാറിയിരുന്ന് കരയും’: മനസ്സ് തുറന്ന് ഇന്ദുലേഖ
ബാലതാരമായി അഭിനയരംഗത്തെത്തി, വർഷങ്ങളായി സീരിയല്‍-സിനിമ മേഖലയില്‍ സജീവമായി പ്രവർത്തിക്കുന്ന അഭിനേത്രിയാണ് ഇന്ദുലേഖ.
ഇപ്പോഴിതാ, ഭർത്താവിന്റെ മരണശേഷം താൻ നേരിട്ട മാനസിക സംഘർഷങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത്.
‘സൊസൈറ്റിയെ ഒരു പരിധി വരെ പേടിക്കുന്നയാളാണ് ഞാന്‍. ഭര്‍ത്താവ് മരിച്ച സമയത്ത് ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ പേടിയും ഉണ്ടായിരുന്നു. കാരണം മോളും അന്ന് ചെറുതാണ്, പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ ഓരോന്ന് പറയുന്നത് കാണാറുണ്ട്. അതിനാല്‍ കാര്യങ്ങള്‍ നോക്കിയും കണ്ടും മാത്രമെ ചെയ്യാറുള്ളു.
പിന്നെ മനസിലായി സൊസൈറ്റിയെ പേടിച്ചിട്ട് കാര്യമില്ലെന്ന്. നമ്മള്‍ നമ്മുടെ വര്‍ക്കും മറ്റുമായി മുന്നോട്ട് പോയാലെ ജീവിതം മുന്നോട്ട് പോകൂ. വിധവയായുള്ള ലൈഫ് ഒട്ടും ഈസിയല്ല. പലതും കേള്‍ക്കുമ്പോള്‍ വിഷമം തോന്നും...മാറിയിരുന്ന് കരയും. ഇപ്പോള്‍ പക്ഷെ പല കാര്യങ്ങളും കേട്ടാല്‍ മൈന്‍ഡ് ചെയ്യാതെ ഇരിക്കും.
സൊസൈറ്റി മുഴുവനായൊന്നും മാറിയിട്ടില്ല. ഇപ്പോഴും പഴയ രീതിയില്‍ തന്നെ ചിന്തിച്ച് മുന്നോട്ട് പോകുന്നവരുണ്ട്. പഠിപ്പും വിവരമുള്ളവരാണെങ്കില്‍ പോലും ചിന്തകള്‍ പഴയ രീതിയിലാകും. എനിക്ക് അടുപ്പമുള്ളവരില്‍ നിന്നാണ് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഞാന്‍ ചെയ്തിട്ടുള്ള റോളുകള്‍ ഏറെയും പാവം കഥാപാത്രങ്ങളാണ് എന്നതുകൊണ്ട് ആളുകളില്‍ ചിലര്‍ക്ക് എന്നോട് ഒരു സ്‌നേഹമുള്ളതായി തോന്നിയിട്ടുണ്ട്. ദ്രോഹം വന്നിട്ടുള്ളത് അറിയാവുന്നവരില്‍ നിന്നാണ്’.– ഇന്ദുലേഖ പറഞ്ഞു.