‘സിനിമ ഉപേക്ഷിക്കണം, സമാധാനത്തോടെ എഴുതണം’: പി. പത്മരാജൻ : പ്രതിഭ എന്ന വാക്കിന്റെ പര്യായം
രാധാലക്ഷ്മി സൂക്ഷിക്കുന്ന ആ പെട്ടിയിലുണ്ട് പത്മരാജൻ എഴുതിയതെല്ലാം...: പ്രതിഭ എന്ന വാക്കിന്റെ പര്യായമായ മനുഷ്യൻ ‘‘വർഷങ്ങൾക്കു മുൻപ്... വടക്കുംനാഥന്റെ നാട്ടിൽ, ആകാശവാണിയുടെ കൺട്രോൾ റൂമിൽ, വരും നാളുകളിലേക്കുള്ള പരിപാടികൾ റെക്കോർഡു ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ
രാധാലക്ഷ്മി സൂക്ഷിക്കുന്ന ആ പെട്ടിയിലുണ്ട് പത്മരാജൻ എഴുതിയതെല്ലാം...: പ്രതിഭ എന്ന വാക്കിന്റെ പര്യായമായ മനുഷ്യൻ ‘‘വർഷങ്ങൾക്കു മുൻപ്... വടക്കുംനാഥന്റെ നാട്ടിൽ, ആകാശവാണിയുടെ കൺട്രോൾ റൂമിൽ, വരും നാളുകളിലേക്കുള്ള പരിപാടികൾ റെക്കോർഡു ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ
രാധാലക്ഷ്മി സൂക്ഷിക്കുന്ന ആ പെട്ടിയിലുണ്ട് പത്മരാജൻ എഴുതിയതെല്ലാം...: പ്രതിഭ എന്ന വാക്കിന്റെ പര്യായമായ മനുഷ്യൻ ‘‘വർഷങ്ങൾക്കു മുൻപ്... വടക്കുംനാഥന്റെ നാട്ടിൽ, ആകാശവാണിയുടെ കൺട്രോൾ റൂമിൽ, വരും നാളുകളിലേക്കുള്ള പരിപാടികൾ റെക്കോർഡു ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ
രാധാലക്ഷ്മി സൂക്ഷിക്കുന്ന ആ പെട്ടിയിലുണ്ട് പത്മരാജൻ എഴുതിയതെല്ലാം...: പ്രതിഭ എന്ന വാക്കിന്റെ പര്യായമായ മനുഷ്യൻ
‘‘വർഷങ്ങൾക്കു മുൻപ്... വടക്കുംനാഥന്റെ നാട്ടിൽ, ആകാശവാണിയുടെ കൺട്രോൾ റൂമിൽ, വരും നാളുകളിലേക്കുള്ള പരിപാടികൾ റെക്കോർഡു ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടത്. ചുരുണ്ട മുടിയും വെളുത്ത നിറവും മയങ്ങുന്ന കണ്ണുകളുമുള്ള മെല്ലിച്ച ഒരു ചെറുപ്പക്കാരൻ. അതിനടുത്ത ദിവസം ഉച്ചതിരിഞ്ഞപ്പോൾ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിരുന്ന മിസ്സ്. സത്യഭാമ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി, പേര് പത്മരാജൻ. ഇപ്പോഴും ഓർക്കുന്നു, അന്ന് ഒരു ചെവ്വാഴ്ചയായിരുന്നു! അദ്ദേഹത്തെ ഞാൻ അവസാനമായി കണ്ടതും ഒരു ചൊവ്വാഴ്ചയായിരുന്നു...
(രാധാലക്ഷ്മി പത്മരാജൻ – പത്മരാജൻ: എന്റെ ഗന്ധർവൻ)
‘സ്നേഹത്തിന്റെ ദിവ്യഗീതമുതിർത്തു കൊണ്ട് എന്നെത്തേടി ഓണാട്ടുകരയിൽ നിന്ന് വടക്കുംനാഥന്റെ ദേശത്തെത്തിയ എന്റെ ഗന്ധർവൻ, ‘ഈ ഭൂമിയിലൊരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണു കണ്ടെത്തി വിശ്രമിക്കണം’ എന്നെഴുതി വെച്ച എന്റെ ഗന്ധർവൻ...’’ – ‘പത്മരാജൻ: എന്റെ ഗന്ധർവൻ’ ആരംഭിക്കുന്നത് ഇങ്ങനെയാണ്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ സാഹിത്യകാരനും ചലച്ചിത്രകാരനുമായ പി. പത്മരാജൻ, കാമുകനും ഭർത്താവും സാധാരണക്കാരനായ മനുഷ്യനുമൊക്കെയായി ഭാര്യ രാധാലക്ഷ്മിയുടെ അക്ഷരങ്ങളിൽ തിളങ്ങി വിളങ്ങുകയാണ് ഈ പുസ്തകത്തിൽ.
സംഭവബഹുലമായ പ്രണയം, 26 വർഷത്തെ ദാമ്പത്യം, അനന്തപത്മനാഭനും മാധവിക്കുട്ടിയും മക്കൾ, ഒടുവിൽ പ്രണയത്തിന്റെ ഒരു കടല്‍ സമ്മാനിച്ചു രാധാലക്ഷ്മിയുടെ ഗന്ധർവൻ പോയി...മടക്കമില്ലാത്ത യാത്ര...!
‘പത്മരാജൻ: എന്റെ ഗന്ധർവന്‍’നു ശേഷം പത്മരാജന്റെ വ്യക്തി – സിനിമ ജീവിതം പശ്ചാത്തലമാക്കി ഓർമ്മകളിൽ തൂവാനമായി പത്മരാജൻ, വസന്തത്തിന്റെ അഭ്രജാലകം, ഓർമ്മകളുടെ തൂവാനത്തുമ്പികൾ, കാലത്തിന്റെ വക്ഷസിൽ ഒരോർമത്തുരുത്ത് എന്നിങ്ങനെ 4 പുസ്തകങ്ങൾ രാധാലക്ഷ്മി എഴുതി. സ്വന്തം ഭർത്താവിനെക്കുറിച്ച് ഇത്രയേറെ എഴുതിയ മറ്റൊരു ഭാര്യയുണ്ടാകില്ല. പിന്നീടു പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും പിതാവിനെക്കുറിച്ചൊരു പുസ്തകം എഴുതി – ‘മകന്റെ കുറിപ്പുകൾ’.
പത്മരാജനെക്കുറിച്ചു ഇനിയുമുണ്ട് ധാരാളം പുസ്തകങ്ങൾ. ഓർമകളായും പഠനങ്ങളായും ലേഖനങ്ങളായും ജീവചരിത്രങ്ങളായും ആരാധകരും സഹപ്രവർത്തകരും അക്കാഡമീഷ്യൻസുമൊക്കെയെഴുതിയവ. പുസ്തകരൂപത്തിലേക്കെത്താത്തവ അതിന്റെ എത്രയെത്രയിരട്ടി... അടുത്തിടെ സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ ‘പത്മരാജനും ഓർമകളും ഞാനും’, നടൻ പൂജപ്പുര രാധാകൃഷ്ണന്റെ ‘പാലപ്പൂമണമൊഴുകുന്ന ഇടവഴികള്‍’ (എഴുത്ത് – രമേഷ് പുതിയമഠം) എന്നീ പുസ്തകങ്ങൾ എത്തിയത്. രണ്ടാളും പത്മരാജന്റെ സഹപ്രവർത്തകരായിരുന്നുവെന്നതിനാൽ പുസ്തകങ്ങളും ശ്രദ്ധിക്കപ്പെട്ടു.
പ്രതിഭ എന്ന വാക്കിന്റെ പര്യായമായിരുന്നു പി. പത്മരാജൻ. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി പ്രവർത്തിച്ച മേഖലകളിലൊക്കെ മുൻനിരയില്‍ ഇടം നേടിയ മനുഷ്യൻ...
മനുഷ്യമനസിന്റെ ആഴങ്ങളിലേക്കു ചെന്നു, അവിശ്വസനീയമെന്നു തോന്നുന്ന പലതും കഥകളിലാക്കി വായനക്കാർക്കു നൽകിയ, നിഗൂഢത തുളുമ്പുന്ന തോന്നലുകൾ ലളിതമായി എഴുതിയവതരിപ്പിച്ചയാൾ. മലയാളത്തിന്റെ എക്കാലത്തേയും മികച്ച കഥയെഴുത്തുകാരനെന്നതിനൊപ്പം നല്ല തിരക്കഥാകൃത്തും സംവിധായകനും...പതിനഞ്ചു നോവലുകൾ, നിരവധി ചെറുകഥകള്‍, 35 തിരക്കഥകൾ, കേരള സാഹിത്യ അക്കാദമി അവാർഡ്, സിനിമയിൽ ദേശീയ രാജ്യാന്തര നേട്ടങ്ങൾ...
1945 മേയ് 23 നു ആലപ്പുഴയിലെ മുതകുളത്തു അനന്തപത്മനാഭ പിളള – ദേവകിയമ്മ ദമ്പതികളുടെ മകനായി പത്മരാജൻ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ പ്രീ യൂണിവേഴ്സ്റ്റി. യൂണിവേഴ്സിറ്റി കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദം. കോളജിൽ പഠിക്കുമ്പോൾ കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായി. പഠന ശേഷം ആകാശവാണിയിൽ ജോലി.
1971 ൽ എഴുതിയ, കുങ്കുമം അവാർഡും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി അവാർഡും നേടിയ ‘നക്ഷത്രങ്ങളേ കാവൽ’ പത്മരാജനെ ശ്രദ്ധേയനാക്കി. ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, രതിനിർവേദം, ജലജ്വാല, നൻമകളുടെ സൂര്യൻ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കള്ളൻ പവിത്രൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകൾ.
‘പ്രയാണം’ ആദ്യ തിരക്കഥ. ഇതാ ഇവിടെ വരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, തകര, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിൻ പൂവിന്നക്കരെ, ഒഴിവുകാലം, ഇൗ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയവയാണ് മറ്റു സംവിധായകർക്കായി പത്മരാജൻ എഴുതിയ പ്രധാന തിരക്കഥകൾ.
1979ൽ ‘പെരുവഴിയമ്പലം’ ഒരുക്കി സംവിധാന രംഗത്തേക്കും കടന്നു. കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ, ഞാൻ ഗന്ധർവൻ എന്നിങ്ങനെ പത്മരാജന്റെ സംവിധാനത്തിൽ ഒരുങ്ങിയ മിക്ക സിനിമയും ശ്രദ്ധേയങ്ങളായി.
പി.പത്മരാജൻ എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാള സിനിമയുടെ നേട്ടമായപ്പോൾ അതു രണ്ടും മലയാള സാഹിത്യത്തിനു പ്രതിഭാധനനായ ഒരു എഴുത്തുകാരനെ ഇല്ലാതെയാക്കിയെന്നു വായനക്കാർ പറയുന്നു.
സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞു സാഹിത്യത്തിൽ വീണ്ടും സജീവമാകണമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നു.
‘‘സിനിമയ്ക്ക് ഒരു പ്രത്യേക ശക്തിയുണ്ട്. ഒരു എഴുത്തുകാരൻ സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും എഴുതിയാൽ അയാളിലെ എഴുത്തുകാരനെ മാറ്റി ഇരുത്തി അയാളിലെ സിനിമാക്കാരനെയാകും പിന്നീട് ആളുകൾ ശ്രദ്ധിക്കുക. കാരണം സിനിമ കാണുന്നത് പതിനായിരം പേരാണെങ്കിൽ പുസ്തകം വായിക്കുന്നത് ആയിരം പേരാണല്ലോ. മറ്റൊന്ന്, പലരും അദ്ദേഹത്തെ ഒരു സിനിമാക്കാരൻ മാത്രമായാണ് പരിഗണിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും എഴുതണമെന്നായിരുന്നു ആഗ്രഹം. അവസാന കാലത്തും എന്നോട് പറഞ്ഞത് അതാണ്. പുലിയിറക്കോണത്ത് ഞങ്ങൾക്ക് 3 ഏക്കറോളം റബർ തോട്ടം ഉണ്ടായിരുന്നു. അവിടെ ഒരു ചെറിയ വീട് പണിത് സിനിമ ഉപക്ഷിച്ച് അവിടെയിരുന്ന് സമാധാനത്തോടെ എഴുതണം, എന്നൊക്കെ പറഞ്ഞിരുന്നു.
സിനിമ വളരെ സമ്മർദ്ദമുണ്ടാക്കുന്നതായി പറഞ്ഞിരുന്നു. എഴുത്തുകാരുടെ വിധിയാണത്. മനസ്സിന് ഒരിക്കലും സ്വസ്ഥതയും തൃപ്തിയും കിട്ടില്ല. അതിൽ നിന്നൊക്കെ ഒഴിഞ്ഞ് സമാധാനത്തോടെ എഴുതിയും വായിച്ചും ജീവിക്കാൻ അദ്ദേഹം കൊതിച്ചിരുന്നു. മറ്റൊന്ന്, ഒരു സിനിമാക്കാരൻ ചീത്ത കേൾക്കുന്നതിൽ കണക്കുണ്ടാകില്ലല്ലോ. ‘ഞാൻ ഗന്ധർവൻ’ കണ്ടിട്ട് എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് പറഞ്ഞത് പത്മരാജനിൽ നിന്ന് ഇങ്ങനെയൊരു സിനിമയല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്നാണ്. അദ്ദേഹത്തിന് അന്നുണ്ടായ വിഷമം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ‘ഞാൻ ഗന്ധർവൻ’ കഴിഞ്ഞ്, അടുത്തതായി കരാർ വച്ചിരുന്ന സിനിമയുടെ നിർമ്മാതാവിന്റെ വാക്കുകളും അദ്ദേഹത്തെ വേദനിപ്പിച്ചു. ‘നമുക്ക് ഇങ്ങനത്തെ സിനിമ വേണ്ട, വേറേ മതി’ എന്നാണ് അദ്ദേഹം പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു സൃഷ്ടി മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നറിയുന്നത് വലിയ വേദനയുണ്ടാക്കുമല്ലോ’’.– മുൻപ് ‘വനിത ഓൺലൈനോ’ടു സംസാരിച്ചപ്പോൾ രാധാലക്ഷ്മി പത്മരാജൻ പറഞ്ഞതാണിത്.
പത്മരാജനിലെ എഴുത്തുകാരനോടു രാധാലക്ഷ്മിക്ക് വലിയ ആരാധനയുണ്ടായിരുന്നു. അതു പലപ്പോഴും അവർ പറഞ്ഞിട്ടുണ്ട്.
‘‘വീട്ടിൽ ഒരു വലിയ പെട്ടിയുണ്ട്. മുപ്പതു വർഷം മുൻപ് അദ്ദേഹം എവിടെ നിന്നോ കൊണ്ടു വന്നതാണ്. ഗൾഫിൽ നിന്ന് സാധനങ്ങൾ കയറ്റി അയച്ചതാണോ അതോ ഫിലിം പെട്ടിയാണോ എന്ന് ഓർമ്മയില്ല. പക്ഷേ ഫിലിം പെട്ടി കുറച്ച് കൂടി ചെറുതാണ്. വീട്ടിലെ പല അലമാരകളിലും അദ്ദേഹം എഴുതിയ കടലാസുകള്‍ നിറഞ്ഞപ്പോൾ അതെല്ലാം ആ പെട്ടിയിലാക്കാം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഞങ്ങളുടെ വിവാഹത്തിന് ശേഷം അദ്ദേഹം എഴുതിയ തിരക്കഥകളും നോവലുകളും ചെറുകഥകളും അതിലുണ്ട്. അതിന് മുൻപുള്ള പലതും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആ പെട്ടിക്കുള്ളിലുള്ളവയാണ്. എനിക്ക് അതേ ഉള്ളല്ലോ. എല്ലാ വിധത്തിലും ഇപ്പോൾ അക്ഷരങ്ങളും പുസ്തകങ്ങളുമാണ് തുണ’’.– രാധാലക്ഷ്മി പറഞ്ഞിട്ടുണ്ട്.
ഒടുവിൽ 1991 ജനുവരി 24 നു 45 വയസ്സിൽ പത്മരാജൻ പോയി...
തന്റെ അവസാന സിനിമയായ ‘ഞാൻ ഗന്ധർവൻ’ന്റെ പ്രമോഷൻ പരിപാടികൾക്കായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ ഒരു ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
‘വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ജഡം പോസ്റ്റ്മോർട്ടം ടേബിളിൽ എത്തുന്നു. അതു താൻ തന്നെ കൈകാര്യം ചെയ്യേണ്ടി വരിക. അത്തരമൊരവസ്ഥ എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?’ എന്ന ചോദ്യത്തിനുള്ള മറുപടിയായി, ഫോറൻസിക‍് വിദഗ്ധ ഡോ. ഷെർലി വാസു ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു –
‘എന്റെ തലമുറയുടെ കൗമാരവും യൗവനവും വായിച്ചാസ്വദിച്ച പ്രധാനപ്പെട്ട ഒരെഴുത്തുകാരൻ പത്മരാജനായിരുന്നു. പിന്നീട് സിനിമാക്കാരനായി മാത്രം മാറിയ പത്മരാജനെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഒരുപാടു ചെറുകഥകളും നോവലുകളുമെഴുതിയ എഴുപതുകളുടെ പത്മരാജനെക്കുറിച്ചാണ്. ഞങ്ങളുടെ യൗവനത്തിലെ സങ്കൽപങ്ങളും ഭാവനകളുമൊക്കെ അദ്ദേഹത്തിന്റെ രചനകളോടൊപ്പമാണ് കൂടുതലായും വികസിച്ചു വന്നിട്ടുള്ളത്…അങ്ങനെയിരിക്കെ ഒരു ദിവസം മോർച്ചറി ടേബിളിൽ എനിക്കുമുന്നിൽ പത്മരാജൻ വന്നു. കോഴിക്കോട്ടെ ഒരു ലോഡ്ജ്മുറിയിൽ മരിച്ചുകിടക്കുകയായിരുന്നു അദ്ദേഹം.
മോർച്ചറി ടേബിളിലെ അദ്ദേഹത്തിന്റെ കിടത്തം വിചിത്രമായ ഒരു കാഴ്ചയായിരുന്നു. കുളിച്ചു വൃത്തിയായി നേരെ വന്ന് ഞങ്ങളുടെ ടേബിളിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു അദ്ദേഹം എന്നു തോന്നി. ടാൻടക്സ് കമ്പനിയുടെ വെള്ളനിറമുള്ള അടിവസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. മഞ്ഞുപോലെ വെളുത്ത അടിവസ്ത്രം. അടിവസ്ത്രം പോലും ഒട്ടും ചുളിയാതെ അദ്ദേഹം ഉറങ്ങുന്നു. ഇത്രയും ശാന്തമായി ഉറങ്ങിക്കിടന്ന ഒരു ശരീരം അതിനുമുൻപ് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. തികഞ്ഞ ശാന്തത എന്നൊക്കെ പറയില്ലേ. അതായിരുന്നു അത്’.
ഇതിലുണ്ട് ഒരു തലമുറയുടെ മനസ്സിൽ ആരായിരുന്നു പത്മരാജൻ എന്നതിന്റെ ഉത്തരം.
‘ഞാൻ ഗന്ധർവൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും – നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി...’.– ‘പത്മരാജൻ: എന്റെ ഗന്ധർവൻ’ അവസാനിക്കുന്നതും ഈ വരികളിലാണ്. ആ ഗന്ധർവനുള്ള സമർപ്പണത്തിലാണ്...