‘പത്തിരുപത് വർഷമായി, ഇതിലെങ്കിലും ഇവൾ രക്ഷപെടുമെന്നാകും അദ്ദേഹത്തിന്റെ മനസ്സിൽ’: സ്വയം ട്രോളി ഹണി റോസ്
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധേയമാണ്.
ഇപ്പോഴിതാ, ‘റേച്ചലി’ ട്രെയിലർ ലോഞ്ചിൽ ഹണി റോസ് സംസാരിക്കുന്നതിന്റെ വിഡിയോയാണ് വൈറൽ. സ്വയം ട്രോളിക്കൊണ്ടായിരുന്നു ഹണിയുടെ പ്രസംഗം. സംവിധായകൻ വിനയനാണ് ട്രെയിലർ ലോഞ്ച് ചടങ്ങിൽ അതിഥിയായി എത്തിയത്.
ഈ സിനിമയിലൂടെയെങ്കിലും താൻ രക്ഷപെടുമെന്നാണ് സംവിധായകൻ വിനയൻ ഇപ്പോൾ മനസ്സിൽ കരുതുന്നത് എന്ന് ഹണി റോസ് തമാശരൂപേണ പറഞ്ഞു. വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് എത്തുന്നത്.
‘‘പത്തിരുപത് വർഷമായി സിനിമ ഇൻഡസ്ട്രയിൽ വന്നിട്ട്. അതിന് കാരണമായത് വിനയൻ സാറാണ്. അദ്ദേഹമാണ് സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. ഇതിലെങ്കിലും ഇവൾ രക്ഷപെടുമായിരിക്കും എന്നാണ് വിനയൻ സാറിന്റെ മനസിലൂടെ ഇപ്പോൾ പോകുന്നത് എന്ന് തോന്നുന്നു. നമുക്ക് നോക്കാം. അത്രയും നല്ല കഥാപാത്രമാണ് ആനന്ദിനി തന്നിരിക്കുന്നത്. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമയാകും റേച്ചൽ. ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത്’’.– ഹണി പറഞ്ഞതിങ്ങനെ.
ജാഫർ ഇടുക്കി, ബാബുരാജ്, ചന്തു സലിംകുമാർ, റോഷന്‍ ബഷീര്‍, കലാഭവന്‍ ഷാജോണ്‍, രാധിക രാധാകൃഷ്ണന്‍, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം. ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കിയത്.