‘അമ്മയുടെ വിവാഹസാരി സ്റ്റൈൽ ചെയ്ത് ഉടുക്കുന്നവരുണ്ട്’; പെർഫെക്ട് ആകട്ടെ കല്യാണ ലുക്! അറിയേണ്ട കാര്യങ്ങള് Latest Wedding Fashion Trends
ഇഷ്ടപ്പെട്ട പങ്കാളിയെ സ്വയം കണ്ടെത്തുന്നവരാണ് ഇന്നത്തെ കുട്ടികൾ. കല്യാണവും അതിന്റെ ചടങ്ങുകളുമെല്ലാം വരനും വധുവും കൂട്ടായി നിശ്ചയിക്കും. അതിർവരമ്പുകൾ മായുന്ന കല്യാണക്കാലം കൂടിയാണിത്. വിദേശത്തേക്കു പഠനത്തിനും ജോലിക്കുമൊക്കെയായി ചേക്കേറുന്നവർ ജീവിത പങ്കാളിയെയും വിദേശത്തു നിന്നു കണ്ടെത്തുന്നത്
ഇഷ്ടപ്പെട്ട പങ്കാളിയെ സ്വയം കണ്ടെത്തുന്നവരാണ് ഇന്നത്തെ കുട്ടികൾ. കല്യാണവും അതിന്റെ ചടങ്ങുകളുമെല്ലാം വരനും വധുവും കൂട്ടായി നിശ്ചയിക്കും. അതിർവരമ്പുകൾ മായുന്ന കല്യാണക്കാലം കൂടിയാണിത്. വിദേശത്തേക്കു പഠനത്തിനും ജോലിക്കുമൊക്കെയായി ചേക്കേറുന്നവർ ജീവിത പങ്കാളിയെയും വിദേശത്തു നിന്നു കണ്ടെത്തുന്നത്
ഇഷ്ടപ്പെട്ട പങ്കാളിയെ സ്വയം കണ്ടെത്തുന്നവരാണ് ഇന്നത്തെ കുട്ടികൾ. കല്യാണവും അതിന്റെ ചടങ്ങുകളുമെല്ലാം വരനും വധുവും കൂട്ടായി നിശ്ചയിക്കും. അതിർവരമ്പുകൾ മായുന്ന കല്യാണക്കാലം കൂടിയാണിത്. വിദേശത്തേക്കു പഠനത്തിനും ജോലിക്കുമൊക്കെയായി ചേക്കേറുന്നവർ ജീവിത പങ്കാളിയെയും വിദേശത്തു നിന്നു കണ്ടെത്തുന്നത്
ഇഷ്ടപ്പെട്ട പങ്കാളിയെ സ്വയം കണ്ടെത്തുന്നവരാണ് ഇന്നത്തെ കുട്ടികൾ. കല്യാണവും അതിന്റെ ചടങ്ങുകളുമെല്ലാം വരനും വധുവും കൂട്ടായി നിശ്ചയിക്കും. അതിർവരമ്പുകൾ മായുന്ന കല്യാണക്കാലം കൂടിയാണിത്. വിദേശത്തേക്കു പഠനത്തിനും ജോലിക്കുമൊക്കെയായി ചേക്കേറുന്നവർ ജീവിത പങ്കാളിയെയും വിദേശത്തു നിന്നു കണ്ടെത്തുന്നത് സാധാരണമായി.
ഇതൊക്കെയാണെങ്കിലും കല്യാണം നാട്ടിൽ തന്നെ വേണമെന്നാണ് കൂടുതൽ പേരുടെയും ആഗ്രഹം. മാത്രമല്ല, മലയാളിത്തമുള്ള മോട്ടിഫുകളും പരമ്പരാഗതത്തനിമയുമെല്ലാം പണ്ടത്തേക്കാൾ കൂടുതലായി ഇന്ന് വിവാഹവസ്ത്രങ്ങളിൽ ഇടം നേടുന്നു.
എന്താണ് ഏറ്റവും പുതിയ വിവാഹ ഫാഷൻ ട്രെൻഡുകൾ? വിവാഹത്തിന് പെർഫെക്ട് ആയി ഒരുങ്ങാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
നേടാം പെർഫെക്ട് ലുക്ക്
∙20,000 മുതൽ അൻപതിനായിരത്തിനുള്ളിൽ നിന്നിരുന്ന വിവാഹ വസ്ത്ര ബജറ്റ് ഇന്ന് 25,000 മുതൽ 75,000 വരെയാണ്. ഒന്നരലക്ഷം വരെ ചെലവാക്കുന്നവരുമുണ്ട്. ചെത്തി, താമര, തുമ്പപ്പൂക്കൾ, തുമ്പികൾ തുടങ്ങി മലയാളത്തനിമയുള്ള മോട്ടിഫുകളും മറ്റും വധുവിന്റെ മാത്രമല്ല, വരന്റെ വസ്ത്രങ്ങളിലും സ്ഥാനം നേടി.
∙ഉയരം കൂടുതലുള്ളവർ വിവാഹസാരി തിരഞ്ഞെടുക്കും മുൻപ് ധരിക്കുന്ന ചെരുപ്പിന്റെ ഉയരം തീരുമാനിക്കുക. അതിനുശേഷമാകണം സാരി തിരഞ്ഞെടുക്കേണ്ടത്.
∙ഡിസൈനർ സാരിയാണു തയാറാക്കുന്നതെങ്കിൽ അ തിനുള്ള മെറ്റീരിയലിന് 44 – 45 ഇഞ്ചു വീതിയാണ് സാധാരണ ഉണ്ടാകുക. ഇതു മതിയാകാതെ വന്നാൽ സാരി ഉള്ളിലേക്കു കുത്തുന്ന വശത്തായി തുണി അധികം തുന്നിച്ചേർത്തു തയാറാക്കി വയ്ക്കണം.
∙ചുവപ്പ് അന്നും ഇന്നും എന്നും വിവാഹവസ്ത്രങ്ങളിൽ ക്ലാസിക് ചോയ്സാണ്. എങ്കിലും ഇഷ്ടപ്പെട്ട ഏതു നിറത്തിലും വിവാഹ വസ്ത്രം ഡൈ ചെയ്ത് എടുക്കുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. ക്രേപ് പോലുള്ള തുണികൾക്കു വീതി കുറവായിരിക്കും. ഇഷ്ടനിറം ഡൈ ചെയ്തെടുക്കുമ്പോൾ ഇതു പിന്നെയും ചുരുങ്ങും. അതുകൊണ്ടു സാധാരണ വാങ്ങുന്നതിൽ നിന്ന് അൽപം കൂടുതൽ തു ണി അളന്നു വാങ്ങാം.
∙ വിവാഹ വസ്ത്രങ്ങൾക്കു നിറവും മെറ്റീരിയലും തിരഞ്ഞെടുക്കുമ്പോൾ പരീക്ഷണങ്ങൾക്കു മുതിരരുത്. കാഷ്വൽ വസ്ത്രങ്ങളിലോ സെമി പാർട്ടിവെയറിലോ പരീക്ഷിച്ച് ഇണങ്ങുമെന്നും കംഫർട്ടബിൾ ആണെന്നും ഉറപ്പുള്ള നിറവും മെറ്റീരിയലും വേണം വിവാഹത്തിനു തിരഞ്ഞെടുക്കാൻ.
∙ഹൽദി ആഘോഷങ്ങളിൽ പൊതുവേ മഞ്ഞ നിറമാണ് വസ്ത്രങ്ങൾക്കായി തിരഞ്ഞെടുക്കുക. പകരം ടാഞ്ചറീൻ ഓറഞ്ച്, ഹോട്ട് പിങ്ക് എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങളും കോസ്റ്റ്യൂമിനു തീം ആയി ഉപയോഗിക്കാം.
∙ക്രിസ്ത്യൻ കല്യാണങ്ങൾക്ക് മധുരംവയ്പ് പണ്ടൊരു ലളിതമായ ചടങ്ങായിരുന്നെങ്കിൽ ഇന്ന് ഏറ്റവും നിറപ്പകിട്ടുള്ള ചടങ്ങായി മാറി. മധുരം വയ്പ്പിന് കടും നിറങ്ങളും വിവാഹത്തിന് പേസ്റ്റൽ നിറങ്ങളുമാണ് ക്രിസ്ത്യൻ വിവാഹത്തിലെ ട്രെൻഡ്.
∙ഹിന്ദു കല്യാണങ്ങൾക്കു സെറ്റ് സാരി മാത്രം ഉടുക്കുന്നതിൽ പുതുതലമുറയ്ക്ക് അൽപം താൽപര്യക്കുറവുണ്ട്. പകരം സെറ്റു സാരിയുടെ കളർ കോംബിനേഷൻ കടം വാങ്ങി ഓഫ് വൈറ്റ് ഗോൾഡൻ കോംബിനേഷനിൽ ലെഹംഗ അണിയുന്നത് ട്രെൻഡ് ആണ്.
റഫറൻസ് ചിത്രങ്ങൾ പോലെ
∙വിവാഹവസ്ത്രം തയാറാക്കാൻ ഡിസൈനറെ സമീപിക്കും മുൻപ് മനസ്സിലുള്ള കോംബിനേഷനും മെറ്റീരിയലുമെല്ലാം ചിത്രങ്ങൾ സഹിതം കൃത്യമായി റഫറൻസ് തയാറാക്കുന്നതു നല്ലതാണ്. അതേ നിറമോ ഡിസൈനോ തിരഞ്ഞെടുത്തു വസ്ത്രം തയാറാക്കാൻ ഇത് സഹായിക്കും.
∙ട്രെൻഡിനൊത്ത ആഭരണങ്ങളും വസ്ത്രങ്ങളും വാടകയ്ക്കു നൽകുന്ന സ്ഥാപനങ്ങളുണ്ട്. ആയിരം മുതൽ 25,000 രൂപ വരെ ചെലവില്‍ വിവാഹ വസ്ത്രങ്ങൾ ലഭിക്കും. ചടങ്ങു കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ ഇവ മടക്കി നൽകണം. ഡ്രൈ ക്ലീൻ ചെയ്യുന്നതിനുള്ള തുക അധികമായി കൊടുക്കേണ്ടി വരും. വാടകയ്ക്കെടുക്കുന്ന വസ്ത്രത്തിനു കേടുപാടുണ്ടായാൽ വസ്ത്രത്തിന്റെ വില മുഴുവനായും നൽകേണ്ടി വരും.
∙കോസ്റ്റ്യൂം ലുക്ക് പ്ലാൻ ചെയ്യുമ്പോൾ കുറഞ്ഞത് ഇരുപതിനായിരം രൂപയ്ക്കു മേൽ അധിക ബജറ്റ് സാധ്യമാകുന്നവർക്ക് സ്റ്റൈലിസ്റ്റിന്റെ സേവനം സ്വീകരിക്കാം. ഏതുതരം വസ്ത്രം എവിടെ കിട്ടുമെന്നറിയാനും പർച്ചേസിൽ ഒപ്പം വരാനും ഏറ്റവും ഇണങ്ങുന്ന ലുക്ക് തെരഞ്ഞെടുക്കാനും സ്റ്റൈലിസ്റ്റ് സഹായിക്കും. ബജറ്റ് ചർച്ച ചെയ്ത് ചെലവ് അതിനനുസരിച്ചു നിർത്താനും സഹായിക്കും.
∙വധുവിന്റെയും വരന്റെയും മനസ്സിനും വ്യക്തിത്വത്തിനും ഇണങ്ങിയ വ്യക്തിഗത ഡിസൈനുകൾ പരീക്ഷിക്കാം. താരങ്ങളുടെ വിവാഹചിത്രങ്ങൾ ഇൻസ്പിരേഷനായി എടുക്കാറുമുണ്ട്. പല റഫറൻസുകൾ കണ്ടു മനസ്സിലാക്കിയ ശേഷം ഇഷ്ടമായ ലുക്ക് തീരുമാനിക്കണം.
∙ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോൾ വിവാഹ ചടങ്ങുകൾ നടത്താറുണ്ട്. യാത്രകൾ അധികമുള്ള വിവാഹങ്ങളിലും ഏറെ ദൈർഘ്യമുള്ള പരിപാടിക്കും ലൈറ്റ് വെയ്റ്റ് എംബ്രോയ്ഡറി വസ്ത്രങ്ങൾ ആണു നല്ലത്.
വേണോ യുണീക് ലുക്?
∙യുണീക് വിവാഹലുക്ക് ആസൂത്രണം ചെയ്യാൻ ഒരുക്കങ്ങൾ അഞ്ചു മാസങ്ങൾക്കു മുൻപെങ്കിലും തുടങ്ങണം. വീട്ടിലെ അംഗങ്ങളുടെയും ഓമനയായ വളർത്തുനായയുടെയും വരെ മുഖങ്ങൾ ആലേഖനം ചെയ്യുന്നതുപോലെ അപൂർവ ഡിസൈനിലുള്ള വിവാഹവസ്ത്രങ്ങളാണ് യുവതലമുറ ആഗ്രഹിക്കുന്നത്.
∙ജിമ്മിൽ പോയും കോസ്മെറ്റിക് രീതിയിലും ശരീരഭാരം, മുഖത്തിന്റെയും ശരീരത്തിന്റെയും ഘടന ഇവയിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതിയുള്ളവർ അതു കഴിയുന്നത്ര നേരത്തേ തുടങ്ങുക. ശരീരഭാരം ആഗ്രഹിക്കുന്ന വിധമായശേഷം മാത്രം വസ്ത്രങ്ങൾ തയ്പ്പിക്കാൻ അളവു കൊടുക്കുക. കല്ലുകളും മറ്റും പതിപ്പിച്ച വസ്ത്രങ്ങളിൽ അളവു മാറ്റം വരുത്തിയാൽ ഫിനിഷിങ്ങും ഭംഗിയും കുറയും.
∙അളവു കൊടുക്കുന്ന ദിവസം ശരിയായ അളവിലുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇറുകിയതും അയഞ്ഞതുമായ അടിവസ്ത്രങ്ങൾ ഒഴിവാക്കുക. വിവാഹ ചടങ്ങുകളിൽ പാഡഡ് അടിവസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവർ വസ്ത്രങ്ങൾക്ക് അളവെടുക്കുമ്പോഴും ഇവ ധരിക്കുക. കൃത്യമായ അളവിൽ ഭംഗിയായി വിവാഹവസ്ത്രം തയാറാകാൻ ഇതു സഹായിക്കും.
∙സേഫ്റ്റിപിൻ വസ്ത്രത്തിന്റെ അതേ നിറമുള്ളതു വാങ്ങി വയ്ക്കൂ. പിൻ പുറത്തു കാണുകയേയില്ല.
∙സ്റ്റീം അയൺ വാങ്ങുന്നത് നഷ്ടം വരുത്തുമെന്നു കരുതരുത്. ഹെവി വർക്കുള്ള വസ്ത്രത്തിൽ സാധാരണ തേപ്പുപെട്ടി ഉപയോഗിച്ചു ചുളിവു നിവർത്താനാകില്ല. ഫോട്ടോയിൽ വസ്ത്രത്തിലെ ചുളിവു വൃത്തികേടാകും.
∙ബ്ലൗസിലും ചോളിയിലും അനാർക്കലിയിലും വീതിയും ഇറക്കവുമേറിയ നെക്ക്‌ലൈനുകളും എൽബോ സ്ലീവുകളുമാണ് ട്രെൻഡ്.
∙അമ്മയുടെ വിവാഹസാരി വ്യത്യസ്ത ലുക്കിൽ സാരി തന്നെയായും മേൽവസ്ത്രമായും സ്റ്റൈൽ ചെയ്ത് ഉപയോഗിക്കുന്നവരുണ്ട്. 30 വർഷത്തിനു മേലെ പഴക്കമുള്ള ബ്രൊക്കേഡ് സാരികൾ വരെ വീണ്ടും ഉപയോഗിക്കാം.
∙വിവാഹദിവസം അണിയുന്നത് കയ്യിറക്കമുള്ള വസ്ത്രമാണെങ്കിൽ കൈകൾക്കു കീഴിൽ ആംപിറ്റ് പാഡ് ഉപയോഗിക്കാൻ മറക്കരുത്. വസ്ത്രം ഏറെ നേരം ഫ്രഷായും പിന്നീട് കേടാകാതെയും സൂക്ഷിക്കാനാകും.
∙ടിഷ്യൂ തുണികൊണ്ടുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം. മെറ്റാലിക് ടിഷ്യൂ തുണി വിയർപ്പുമായി ചേർന്നു വേഗം കേടാകും. നാടൻ കൈത്തറി ടിഷ്യൂ ഏറെ ഈടു നിൽക്കുകയും ചെയ്യും.
∙വെയ്ൽ ഡിസൈൻ ചെയ്യുമ്പോൾ സ്റ്റോൺ വർക്കുകൾ ഒഴിവാക്കി ത്രെഡ് എംബ്രോയ്ഡറിയും ആപ്ലിക് വർക്കും ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രമിക്കാം. ഏറെ നേരം തലയിൽ വെയ്ൽ ധരിക്കാനുണ്ടെങ്കിൽ ഭാരം കാരണം തലവേദന വരാൻ വരെ സാധ്യതയുണ്ട്.
∙മലബാർ കല്യാണങ്ങളിൽ ഷീർ സ്ലീവുകളിൽ ഹെവി വർക്കുകൾ ട്രെൻഡിലുണ്ട്. ഗ്ലാസ് ഓർഗൻസ തുണിയും നല്ല ലുക്ക് നൽകും. റോസ് ഗോൾഡ്, ഷാംപെയ്ൻ നിറങ്ങൾ മലബാർ ബ്രൈഡ്സ് മെയ്ഡ്സ് വസ്ത്രങ്ങളിൽ ട്രെൻഡാണ്.
ചെരിപ്പും ആഭരണങ്ങളും
∙ജൂത്തികൾ കംഫർട്ട് കൊണ്ടുതന്നെ വധുവിന് എപ്പോഴും പ്രിയപ്പെട്ടതാണ്. ഹീലുള്ള ജൂത്തിയും ലഭ്യമാണ്. പ്ലാറ്റ്ഫോം ഹീലോടു കൂടിയ മെറ്റാലിക് സ്നീക്കറുകൾ, സാറ്റിൻ എംബ്രോയ്ഡറിയുള്ള സ്നീക്കർ വെഡ്ജസ്, കസ്റ്റമൈസ്ഡ് ഡിസൈനർ ചെരിപ്പുകൾ എന്നിങ്ങനെ ചെരിപ്പുകളിലും പുതുമകളേറെ. പുതുമകൾക്കൊപ്പം എവർഗ്രീൻ സ്റ്റോൺ വർക്ക് പാറ്റേണുകളും വിപണിയിൽ സജീവം.
∙കൊലാപ്പൂരി ചെരിപ്പുകൾ, ബിർക്കെൻസ്റ്റോക്ക്, ജെൽസ എന്നിങ്ങനെ വരന് മുണ്ടിനും ഷെർവാണിക്കും ഒപ്പം ധരിക്കാവുന്ന ചെരിപ്പുകൾ നൽകുന്ന ബ്രാൻഡുകൾ നേരത്തേ മനസ്സിലാക്കി വയ്ക്കുക.
∙ഒന്നോ രണ്ടോ സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ വസ്ത്രത്തിനൊത്തതും വ്യത്യസ്തമായതും തിരഞ്ഞെടുക്കാം. മറ്റാർക്കുമില്ലാത്ത യുണീക് ആഭരണങ്ങള്‍ നേരത്തേ ഓർഡർ കൊടുത്തു ഡിസൈൻ ചെയ്യിക്കാനും ബ്രാൻഡുകൾ അവസരമൊരുക്കുന്നുണ്ട്.
∙വിവാഹദിനത്തിലെ ഒരു ചടങ്ങിൽ സ്വർണാഭരണങ്ങളും മറ്റു ചടങ്ങുകൾക്ക് റെന്റൽ ആഭരണങ്ങളോ ഫാൻസി ആഭരണങ്ങളോ തിരഞ്ഞെടുക്കുന്നത് ഇന്ന് സാധാരണമാണ്.
∙വസ്ത്രത്തിന്റേതിൽ നിന്നു വ്യത്യസ്തമായ സ്റ്റേറ്റ്മെന്റ് നിറങ്ങളുള്ള ആഭരണങ്ങൾ ധൈര്യമായി തെരഞ്ഞെടുത്തോളൂ. പീച്ച് ലെഹംഗയ്ക്കൊപ്പം മെറൂൺ കല്ലുകൾ പതിച്ച ആഭരണങ്ങൾ, ഓഫ്‌വൈറ്റിനൊപ്പം എമറാൾഡ് ഗ്രീൻ എന്നിങ്ങനെ ഈ ട്രെൻഡിന് ഏറെ ഉദാഹരണങ്ങളുണ്ട്.
∙ഉത്തരേന്ത്യൻ സ്റ്റൈൽ വസ്ത്രം ധരിക്കുമ്പോൾ പോൾകി പോലുള്ള സ്റ്റേറ്റ്മെന്റ് ആക്സസറികൾ വാടകയ്ക്കെടുക്കാം. ചെറിയ ചെലവിൽ സൂപ്പർ ലുക് കിട്ടും.
∙നേർത്ത ഡബിൾ സൈഡ് സ്റ്റിക്കറുപയോഗിച്ച് ആഭരണങ്ങൾ വസ്ത്രത്തോടു ചേർത്ത് ഒട്ടിക്കാം. പുറത്തു കാണാത്ത വിധം ഇടവിട്ട് ഒട്ടിക്കുമ്പോൾ ആഭരണങ്ങൾ കൃത്യസ്ഥാനത്തു ഭംഗിയായി എത്ര നേരവും ധരിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡെയ്സി ഫാറ്റിം ഡൊണാൾഡ്, ബ്രൈഡൽ ഫാഷൻ കൺസൽറ്റന്റ്, ഡിസൈനർ, കൊച്ചി. സ്മിജി, ബ്രൈഡൽ – ഫാഷൻ സ്റ്റൈലിസ്റ്റ്, കൊച്ചി. നൗഷാദ്, ബ്രൈഡൽ ഫാഷൻ കൺസൽറ്റന്റ്, ഡിസൈനർ, മലപ്പുറം വെഡിങ് ചാംസ് ബ്രൈഡൽ റെന്റൽസ്, തൃശൂർ