Friday 21 December 2018 06:45 PM IST : By സ്വന്തം ലേഖകൻ

‘കരൾ കൊത്തിപ്പറക്കാൻ മരണം അരികിലുണ്ട്, അപ്പോഴും അമീറ പുഞ്ചിരിക്കുകയാണ്’; കണ്ണീരുവറ്റുന്ന ഈ കഥയൊന്നു കേൾക്കണം

ameera-

‘കുഞ്ഞിളം പല്ലുകൾ കാട്ടിയുള്ള അവളുടെ ചിരിയാണ് ഇപ്പോഴും ഞങ്ങളുടെ മനസിൽ. അങ്ങനെയെല്ലാതെ ഞങ്ങളുടെ പൈതലിനെ കണ്ടിട്ടു കൂടിയില്ല. പിച്ചവച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഒന്ന് വിളിക്കുമ്പോൾ തപ്പിതടഞ്ഞെങ്കിലും ഞങ്ങളുടെ അരികിലേക്കവൾ ഓടിയെത്തും. നിമിഷങ്ങളെ കീറി മുറിച്ചാണ് അവളുടെ വളർച്ചയ്ക്കായി ഞങ്ങൾ കാത്തിരുന്നത്. അവൾ പപ്പാ...എന്ന് വിളിക്കാൻ ശ്രമിച്ച നിമിഷം...അവൾ‌ പുഞ്ചിരിച്ച നിമിഷം...പക്ഷേ എല്ലാം ഒരു ഞൊടിയിട കൊണ്ട് പൊയ്പ്പോയി...ഇന്നവളുടെ മുഖത്ത് ആ പുഞ്ചിരിയില്ല. രോഗം തളർത്തിക്കളഞ്ഞ എന്റെ കുഞ്ഞ് അല്ലെങ്കിലും എങ്ങനെ പുഞ്ചിരിക്കാനാണ്.’– അത്രയും പറയുമ്പോഴേക്കും ആ അച്ഛന്റെ വാക്കുകളെ കണ്ണീർ മുറിച്ചിരിക്കുന്നു.

ഒരു ആയുസിന്റെ ജന്മസാഫല്യമായിരുന്നു ഡൽഹി സ്വദേശികളായ സെയ്ജിക്കും ഭാര്യക്കും ആ കുരുന്ന്. സ്വപ്നങ്ങളുടേയും സന്തോഷത്തിന്റേയും ആകെത്തുകയായ ആ കുരുന്നിന് അവർ ഇങ്ങനെ വിളിച്ചു, ‘അമീറാ’. അവളുടെ കളിചിരിയിൽ ആ നിർദ്ധന കുടുംബം ദുഖംമറന്ന നിമിഷങ്ങൾ. അവളുടെ ഓരോ വളർച്ചയിലും അവർ സ്വപ്നങ്ങളെ സ്വരുക്കൂട്ടിയ നിമിഷങ്ങൾ. നല്ല നാളുകൾ അങ്ങനെ പോയി. പക്ഷേ...എല്ലാ സന്തോഷങ്ങളേയും അലിയിച്ചു കളയുന്ന ഒരു കണ്ണീർ വിധി അവർക്കായി മാറ്റിവയ്ക്കുന്നുണ്ടായിരുന്നു.

am-2

വിട്ടുമാറാത്ത പനിയിലും ശാരീരിക അസ്വസ്ഥതകളിൽ നിന്നുമായിരുന്നു തുടക്കം. പക്ഷേ ഒരായുഷ്ക്കാലത്തിന്റെ മുഴുവൻ കണ്ണീരിന്റെ തുടക്കമായിരുന്നു അതെന്ന് അവർ അപ്പോഴും മനസിലാക്കിയിരുന്നില്ല. ആശുപത്രി വരാന്തയിൽ കയറിയിറങ്ങിയ നിമിഷങ്ങൾ. ‘തങ്ങളുടെ പൊന്നോമനയ്ക്ക് ഒന്നും വരുത്തരുതേ ദൈവമേ...’ എന്ന് നേർച്ച കാഴ്ചകൾകൊണ്ട് ദൈവത്തോട് കെഞ്ചി. ആഴ്ചകൾ നീണ്ട പരിശോധനകൾ, ചങ്കിടിപ്പേറ്റുന്ന ടെസ്റ്റുകൾ ഒടുവിൽ ഒരു കൂട്ടക്കരച്ചിലിന് വഴിവച്ച ആ ദുഖവാർത്ത അവരോട് ഡോക്ടർ പങ്കുവച്ചു. വിധി എത്രമേൽ ക്രൂരമാണെന്ന് തോന്നിപ്പിച്ച ഏതോ ഒരു നിമിഷത്തിൽ.

‘നിങ്ങളുടെ കുരുന്നിന് ഗുരുതരമായ കരൾ രോഗമാണ്. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘ബൈലിയറി ആർട്ടീഷ്യ,’ (biliary atresia). കേട്ടു കേൾവിയില്ലാത്ത ആ രോഗത്തെപ്പറ്റി ഡോക്ടർ പറയുമ്പോൾ ഒന്നുമറിയാതെ കണ്ണീർവാർക്കാനേ അവർക്കാകുമായിരുന്നുള്ളൂ. ഒന്നുമാത്രം അറിയാം, തങ്ങളുടെ പൈതലിന്റെ ജീവനെടുക്കാൻ പോന്നവിധം അപകടകാരിയാണ് ഈ രോഗം.

am-1

കരൾ കോശങ്ങളുടെ നാശത്തിന് തന്നെ വഴിവയ്ക്കുന്നതാണ് ഈ രോഗാവസ്ഥ. നവജാത ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കുമാണ് സാധാരണ ഈ രോഗം പിടിപ്പെടുന്നത്. കരൾ മുതൽ പിത്തസഞ്ചിയിലേക്കുള്ള പിത്തരസം തടഞ്ഞുവയ്ക്കുന്നതാണ് ഈ രോഗാവസ്ഥയ്ക്ക് കരണം. കരൾ കോശങ്ങളുടെ നാശത്തിനും ഈ രോഗാവസ്ഥ ഇടയാക്കും. എന്തിനേറെ, കരളിന്റെ നാശത്തിനു തന്നെ ഈ രോഗം വഴിവയ്ക്കും.

മരുന്നും മന്ത്രവും കുത്തിവയ്പുകളും ആവോളം ആ കുഞ്ഞ് ശരീരത്തിൽ കയറിയിറങ്ങി. ടെസ്റ്റുകളും പരിശോധനകളും ആ ഒരു വയസുകാരിയെ നന്നേ തളർത്തി. പ്രസരിപ്പാർന്ന ആ മുഖം ഇരുണ്ടുണങ്ങി. ആ കാഴ്ച കണ്ട് കണ്ണീർവാർത്തു നിൽക്കാനേ ആ അച്ഛനും അമ്മയ്ക്കും ആകുമായിരുന്നുള്ളൂ. മാസം നാലായിരം രൂപ മാത്രം ശമ്പളക്കാരനായ സെയ്ജി ഉള്ളതെല്ലാം തന്റെ പൈതലിന്റെ ജീവൻ നിലനിർത്താനായി ഉള്ളതെല്ലാം വിറ്റുപെറുക്കി. അതും പോരാതെ വന്നപ്പോൾ കൊള്ളപ്പലിശയ്ക്ക് പണം വായ്പയെടുക്കകുയം ചെയ്തു. ‘ഒന്നും വേണ്ടാ...ഞങ്ങൾക്ക് അവളെ ദൈവം തിരികെ തന്നാൽ മാത്രം മതി. ഞങ്ങൾക്ക് അവൾ മാത്രമല്ലേയുള്ളൂ...’ ഒന്നും രണ്ടുമല്ല, അമീറയുടെ ചികിത്സയ്ക്കായി ഏഴ് ലക്ഷം രൂപ വരെ അവർ ചിലവാക്കി. മനസുരുകിയുള്ള പ്രാർത്ഥനകൾ വേറെയും.

am-3

പക്ഷേ വിധിയുടെ പരീക്ഷണം അവിടം കൊണ്ടും അവസാനിച്ചില്ല. വേദനയിലും കഷ്ടപ്പാടിലും മുളകുപുരട്ടി ഡോക്ടറുടെ അന്ത്യശാസനം പിന്നാലെയെത്തി. ‘മരുന്നു കൊണ്ടോ ടെസ്റ്റുകൾ കൊണ്ടോ ഇനി അമീറയെ നമുക്ക് തിരികെ കിട്ടില്ല. കരൾ മാറ്റിവയ്ക്കാതെ മറ്റു മാർഗങ്ങളില്ല. അടിയന്തരമായി നിങ്ങളുടെ കുഞ്ഞിനെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയാക്കണം. അതിന് 15 ലക്ഷം രൂപ ചെലവു വരും. അല്ലാത്ത പക്ഷം....’– വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിരുന്നു ഡോക്ടറുടെ മുഴുമിക്കാത്ത ആ വാക്കുകൾ. അരുതാത്തത് സംഭവിക്കും മുമ്പുള്ള അന്ത്യശാസനം.

ഒരു വശത്ത് ദൈവം കനിഞ്ഞരുളിയ കുഞ്ഞിന്റെ ജീവൻ, മറുവശത്ത് ഡോക്ടർമാർ ആ പൈതലിന്റെ ജീവന്റെ വിലയായി ഇട്ടിരിക്കുന്ന15 ലക്ഷം എന്ന താങ്ങാവുന്നതിനും അപ്പുറമുള്ള സംഖ്യ. നിസഹായതയുടെ പരകോടിയിലാണ് ആ നിർദ്ധന കുടുംബം. ആർക്കു മുന്നിൽ കൈ നീട്ടും...ആര് അവരെ സഹായിക്കും.

am-4

അമീറയുടെ ജീവൻ തിരികെ കിട്ടാനായി ഉള്ളുരുകുന്ന പ്രാർത്ഥനയോടെ ഡൽഹി അപ്പോളോ ആശുപത്രിയുടെ വരാന്തയിൽ ആ നിർദ്ധന കുടുംബം ഇപ്പോഴുമുണ്ട്. കരുണയുടെ ഉറവ വറ്റാത്തവർ തങ്ങളുടെ അവസ്ഥയറിഞ്ഞ് സഹായവുമായി എത്തുമെന്ന പ്രതീക്ഷയില്‍ അവർ കാത്തുനിൽക്കുകയാണ്. അകത്ത് അവരുടെ കുഞ്ഞ് ജീവശ്വാസത്താനായി വെമ്പുന്നു. ജീവിതത്തില്‍ വെളിച്ചം പരത്തുന്ന ആ നല്ല നാളിനായുള്ള അവരുടെ കാത്തിരിപ്പ് നീളുകയാണ്.... ‘എന്റെ പൈതലിനെ രക്ഷിക്കാൻ ഭൂമിയിലെ കാവൽ മാലാഖമാർ വരും..വരാതിരിക്കില്ല.’– സെയ്ജിയും കുഞ്ഞ് അമീറയും കാത്തിരിക്കുകയാണ്.

am-5


സാന്താ ആൻഡ് മാവേലി ഇൻ ടൗൺ; വൈറൽ ചിത്രങ്ങൾക്കു പിന്നിലെ സസ്പെൻസ് ഇതാണ്– ചിത്രങ്ങൾ

പ്യുവർ വെജിറ്റേറിയനും യോഗയും; അഭിനയ ജീവിതത്തിന്റെ 25 – ാം വയസ്സിലും ശരത് ‘നിത്യഹരിത നായകൻ’

'ഞാൻ തെറ്റ് ചെയ്തിട്ടില്ല, ആ ഉറപ്പിൽ നീ അഭിമാനത്തോടെ ജീവിക്കണം'; 'മീടൂ'വിൽ കുരുങ്ങി ജീവനൊടുക്കിയ മലയാളി യുവാവിന്റെ ഹൃദയനിര്‍ഭരമായ കുറിപ്പ്

‘തുമ്മിയാലും തുറിച്ചു നോക്കിയാലും ഹർത്താൽ’; നേതാക്കൻമാരുടെ തലയിൽ ‘ലൈറ്റ്തെളിക്കാൻ’ അവരിറങ്ങുന്നു