‘എല്ലാ പ്രണയങ്ങളും അള്‍ത്താരയില്‍ ഒന്നിക്കേണ്ടവയല്ല, ചില വിവാഹങ്ങള്‍ സ്വര്‍ഗത്തില്‍ തന്നെയാണ് നടക്കുന്നത്’: വിനായക് നിര്‍മ്മല്‍ എഴുതുന്നു
പെണ്ണുകാണല്‍ ചടങ്ങിന് ശേഷം വിവാഹം വേണ്ടെന്നുവെച്ച് മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീയായ ഒരു യുവതിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില യാദൃശ്ചികതകളുടെ കഥയാണ് ഈ ലേഖനം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയ സിസ്റ്ററെ, അന്ന് അവളെ പെണ്ണുകാണാൻ വന്ന യുവാവിന്റെ അമ്മ തിരിച്ചറിയുന്നു. ആക്സിഡന്റില്‍ പരിക്കേറ്റ് ഐസിയുവില്‍ ആയിരുന്ന ആ യുവാവ് അവളെ മാത്രമാണ് ജീവനുതുല്യം സ്നേഹിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിച്ചിരുന്നില്ലെന്നും ആ അമ്മ സിസ്റ്ററോട് പറയുന്നു. തുടര്‍ന്ന് അവര്‍ ആ യുവാവിന്റെ അരികിലെത്തുകയും, സിസ്റ്ററുടെ മടിയില്‍ കിടന്ന് ആ യുവാവ് അവസാനശ്വാസം വലിക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ അനുഭവമാണ് ഇതില്‍ വിവരിക്കുന്നത്.
പെണ്ണുകാണല്‍ ചടങ്ങിന് ശേഷം വിവാഹം വേണ്ടെന്നുവെച്ച് മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീയായ ഒരു യുവതിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില യാദൃശ്ചികതകളുടെ കഥയാണ് ഈ ലേഖനം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയ സിസ്റ്ററെ, അന്ന് അവളെ പെണ്ണുകാണാൻ വന്ന യുവാവിന്റെ അമ്മ തിരിച്ചറിയുന്നു. ആക്സിഡന്റില്‍ പരിക്കേറ്റ് ഐസിയുവില്‍ ആയിരുന്ന ആ യുവാവ് അവളെ മാത്രമാണ് ജീവനുതുല്യം സ്നേഹിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിച്ചിരുന്നില്ലെന്നും ആ അമ്മ സിസ്റ്ററോട് പറയുന്നു. തുടര്‍ന്ന് അവര്‍ ആ യുവാവിന്റെ അരികിലെത്തുകയും, സിസ്റ്ററുടെ മടിയില്‍ കിടന്ന് ആ യുവാവ് അവസാനശ്വാസം വലിക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ അനുഭവമാണ് ഇതില്‍ വിവരിക്കുന്നത്.
പെണ്ണുകാണല്‍ ചടങ്ങിന് ശേഷം വിവാഹം വേണ്ടെന്നുവെച്ച് മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീയായ ഒരു യുവതിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില യാദൃശ്ചികതകളുടെ കഥയാണ് ഈ ലേഖനം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയ സിസ്റ്ററെ, അന്ന് അവളെ പെണ്ണുകാണാൻ വന്ന യുവാവിന്റെ അമ്മ തിരിച്ചറിയുന്നു. ആക്സിഡന്റില്‍ പരിക്കേറ്റ് ഐസിയുവില്‍ ആയിരുന്ന ആ യുവാവ് അവളെ മാത്രമാണ് ജീവനുതുല്യം സ്നേഹിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിച്ചിരുന്നില്ലെന്നും ആ അമ്മ സിസ്റ്ററോട് പറയുന്നു. തുടര്‍ന്ന് അവര്‍ ആ യുവാവിന്റെ അരികിലെത്തുകയും, സിസ്റ്ററുടെ മടിയില്‍ കിടന്ന് ആ യുവാവ് അവസാനശ്വാസം വലിക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ അനുഭവമാണ് ഇതില്‍ വിവരിക്കുന്നത്.
ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.
*
അധ്യായം – 6
*
ചില കണ്ടുമുട്ടലുകള്‍ നാം ഓര്‍ത്തിരിക്കണമെന്നില്ല. പക്ഷേ, അതിനൊരു നിയോഗമുണ്ടെങ്കില്‍ ദൈവം തന്റെ പുസ്തകത്തില്‍ അതെഴുതിവയ്ക്കും. പിന്നെ അനുകൂലമായ സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് ഓര്‍മ്മ പുതുക്കും. അപ്പോഴാവട്ടെ സകല മാനുഷികധാരണകളെയും അതിലംഘിക്കുന്ന വിധത്തിലുളള പലതും സംഭവിക്കുകയും ചെയ്യും. നിന്നുകൊടുക്കാന്‍ മാത്രം കഴിയുന്ന വിധത്തില്‍ മനുഷ്യന്റെ ജീവിതത്തിന്മേല് ദൈവവും വിധിയും ചേര്‍ന്ന് കരുക്കള്‍ നിരത്തുകയാണെന്ന് അപ്പോഴാണ് നാം തിരിച്ചറിയുന്നത്.
അതും അങ്ങനെയുള്ള ഒരു കണ്ടുമുട്ടലായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതം. ഓര്‍മ്മയുടെ മഞ്ഞുവീണ താഴ്വാരങ്ങളില് ഒരു മഞ്ഞുതുള്ളിയായി പോലും അവള് അതൊന്നും സൂക്ഷിച്ചിട്ടുവച്ചിട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും സംഭവിക്കാനുള്ളത് സംഭവിച്ചു.
ആ മുഖം ഒരുവട്ടമെങ്കിലും കണ്ടതായി അവളുടെ ഓര്‍മ്മയിലില്ലായിരുന്നു. കാരണം, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവള് അന്ന് പെണ്ണുകാണല്‍ ചടങ്ങിനായി നിന്നുകൊടുത്തത്. സ്വാഭാവികമായും ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അതൃപ്തി അവളുടെ ചലനങ്ങളില്‍ പോലുമുണ്ടായിരുന്നു. വീട്ടുകാരോട് സ്വന്തം ഇഷ്ടം തുറന്നുപറയാനുള്ള ധൈര്യം അതുവരെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ് പെണ്ണുകാണല്‍ ചടങ്ങിന് നിന്നുകൊടുത്തത് എന്ന് പിന്നീട് അവള് തിരിച്ചറിയുകയും ചെയ്തു. ആകെക്കൂടി സ്വന്തം ഇഷ്ടം വീട്ടുകാരോട് പറയാന്‍ ധൈര്യം കിട്ടി എന്നതുമാത്രമാണ് പെണ്ണുകാണല്ചടങ്ങു വഴി അവള്‍ക്കുണ്ടായ നന്മ. അതുകൊണ്ട് ചെറുക്കനും കൂട്ടരും പടിയിറങ്ങിയതോടെ അവള് തനിക്കാകാവുന്നതിന്റെ മുഴുവന്‍ ധൈര്യവും സംഭരിച്ചു വീട്ടുകാരെ അറിയിച്ചു. ‘‘എനിക്ക് ഇഷ്ടമായില്ല’’. അവഗണിക്കാന്‍ തക്ക യാതൊന്നും ആ ചെറുപ്പക്കാരനില്ലായിരുന്നു എന്നതായിരുന്നു സത്യം. ആരോഗ്യം, വിദ്യാഭ്യാസം, ജോലി, സൗന്ദര്യം, കുടുംബപാരമ്പര്യം....എല്ലാം ഒത്തിണങ്ങിയ ആലോചന തന്നെ.
പപ്പയുടെ പ്രതികരണം അവള് പ്രതീക്ഷിച്ചതുപോലെയായിരുന്നു. ‘‘നിനക്ക് ഇഷ്ടമില്ലെങ്കില്‍ വേണ്ട. അല്ലെങ്കിലും ഇത് ആദ്യത്തേതാണല്ലോ. നമുക്കു വേറെ നോക്കാം. നിനക്കും ഞങ്ങള്‍ക്കും എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് ചൂസ് ചെയ്യാം’’.
‘‘വേറെയും നോക്കണ്ട’’.
പപ്പയുടെ മുഖത്തുനോക്കിക്കൊണ്ടുതന്നെയാണ് അവളത് പറഞ്ഞത്.
ഇപ്പോള്‍ പപ്പയുടെ മുഖം മങ്ങിയതായി അവള് കണ്ടു. ‘‘അതെന്താ നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടമാണോ.. ഉളളതുപറ...’’
‘ഇഷ്ടമാണ്’ എന്ന് അവള് തലകുലുക്കിയപ്പോള്‍ മമ്മി നെഞ്ചില്‍ കൈവച്ചു. ആരെയായിരിക്കും ? ഏതായിരിക്കും...? താഴത്തും തലയിലും വയ്ക്കാതെ വളര്‍ത്തിക്കൊണ്ടുവന്ന ഏക സന്താനം പ്രണയത്തിന്റെ തിരതള്ളലില്‍ കുടുംബത്തിന് ചേരാത്ത വല്ല ബന്ധത്തിലുമാണോ ചെന്നുചാടിയിരിക്കുന്നത് ? സമയമെത്തും മുമ്പേ എന്നോണം മകളുടെ പ്രണയത്തെ ആരാണാവോ തട്ടിയുണര്ത്തിയിരിക്കുന്നത്?
‘‘ആരാ...’’
പപ്പ കസേരയില്‍ നിന്നെണീറ്റു. മമ്മി അവളുടെ അടുക്കലേക്കു വന്നു.
സ്വന്തം ജാതിയിലോ മതത്തിലോ ഉള്ളതും അല്ലാത്തതുമായ പല ചെറുപ്പക്കാരുടെയും മുഖങ്ങള്‍ മമ്മിയുടെയും പപ്പയുടെയും മനസ്സിലൂടെ സൈക്കിള്‍ ചവിട്ടി കടന്നുപോയിട്ടുണ്ടാവണം ! അവള് ഇരുവരുടെയും മുഖത്തുനോക്കാതെ ഭിത്തിയിലേക്ക് വിരല്‍ച്ചൂണ്ടി. അവളുടെ പെരുവിരലിലൂടെ ഭിത്തിയിലേക്ക് നോക്കിയ മാതാപിതാക്കള്‍ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ കണ്ടത് ക്രൂശിതരൂപത്തിന്റെ ചിത്രം മാത്രമായിരുന്നു.
‘‘നിന്റെ മനസ്സിലെന്താ കാര്യം തെളിച്ചുപറ’’ മമ്മിയാണ് സ്വരമുയര്‍ത്തിയത്.
‘‘എനിക്ക് മഠത്തില്‍ ചേരണം’’.
അവള് ശാന്തമായി അറിയിച്ചു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു ചെറുപ്പക്കാരനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് മകള്‍ പറഞ്ഞാല്‍ പോലും മാതാപിതാക്കള്‍ക്ക് ഇത്രയധികം വേദനയും നടുക്കവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇത്... ഇതെങ്ങനെ സഹിക്കും. മകളുടെ വിവാഹത്തിനുവേണ്ടി പൊന്നും പണവും ഒരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി. പഠിക്കണം പഠിക്കണം എന്ന് മകള്‍ വാശിപിടിക്കുന്നതുകൊണ്ടു മാത്രം ആലോചനകള്‍ വീട്ടിലെത്തിച്ചില്ലെന്നു മാത്രം. കോഴ്സ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു എന്ന വിധത്തിലാണ് ഇപ്പോള്‍ ഈ ആലോചന കൊണ്ടുവന്നത്.
അവനെ ഇഷ്ടമില്ലെങ്കില്‍ സാരമില്ല വേറെയും ആണ്പിള്ളേര് ഈ നാട്ടിലുണ്ടല്ലോ. പക്ഷേ അതൊന്നുമല്ല മഠത്തില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് മകള്‍ പറയുന്നതെങ്കില്‍ അതെങ്ങനെ അംഗീകരിച്ചുകൊടുക്കും ? അതിനെങ്ങനെ സമ്മതം കൊടുക്കും ?
‘‘ഞങ്ങള്‍ സമ്മതിക്കില്ല’’.
മമ്മി തീര്‍ത്തുപറഞ്ഞു. പപ്പ പരവശനായി കസേരയിലേക്ക് തന്നെ ഇരുന്നു. മകനോ മകളോ ആയി ഒരാള്‍ക്കൂടി ഉണ്ടായിരുന്നുവെങ്കില്‍ പിന്നേം സാരമില്ല എന്നുവയ്ക്കാമായിരുന്നു. പക്ഷേ ഇതങ്ങനെയാണോ. മമ്മി കരയുകയും പിഴിയുകയും ചെയ്തു. പക്ഷേ പപ്പ നിശ്ശബ്ദനായിരുന്നു, ശാന്തനായിരുന്നു. എന്നാല്‍ ആ ശാന്തതയ്ക്കു പിന്നില്‍ ഒരു കൊടുങ്കാറ്റ് ഉയരുന്നുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. എന്നാല്‍ ആ കൊടുങ്കാറ്റിന് കീഴടങ്ങാന്‍ അവള് തയ്യാറായിരുന്നില്ല.
‘‘എന്റെ സന്തോഷമാണ് പപ്പേം മമ്മീം ആഗ്രഹിക്കുന്നതെങ്കില്‍ എന്നെ മഠത്തില്‍ ചേര്‍ക്കാന്‍ സമ്മതിക്കണം’’.
അതുപറഞ്ഞ് അവള് തന്റെ മുറിയിലേക്ക് പോയി. ഉപദേശങ്ങളോ കണ്ണീരോ പ്രലോഭനങ്ങളോ ഒന്നും മകളെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് മനസ്സിലായപ്പോള്‍ മനസ്സില്ലാമനസ്സോടെ അവര്‍ ആ ഇഷ്ടത്തിന് കീഴടങ്ങാന്‍ തയ്യാറായി. അങ്ങനെയാണ് അവള് ഒരു പ്രമുഖ സന്ന്യാസസഭയില്‍ ചേര്‍ന്നതും സന്ന്യാസിനിയായതും. അവനവനര്ക്കുവേണ്ടി ജീവിക്കാതെ സമൂഹത്തിനുവേണ്ടി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന പല ശുശ്രൂഷകളും ചെയ്തു അവളുടെ ജീവിതത്തിലെ പലവര്ഷങ്ങള് കടന്നുപോയി. അങ്ങനെയൊരു ദിവസമായിരുന്നു അത് സംഭവിച്ചത്. ആ കൂടിക്കാഴ്ച. മമ്മി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പരിചരണത്തിനായി ഹോസ്പിറ്റലില്‍ എത്തിയതായിരുന്നു അവള്. മരുന്നു വാങ്ങി മുറിയിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന ഒരു സ്ത്രീ പെട്ടെന്ന് അവളുടെ കയ്യില്‍ കയറി പിടിച്ചു.
‘‘... ന്റെ മകള്‍ അല്ലേ ?’’
‘‘അതെ...’’
സിസ്റ്റര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
‘‘എന്നെ മനസ്സിലായോ ?’’ അടുത്ത ചോദ്യം.
സിസ്റ്റര്‍ ഓര്‍മ്മകളില്‍ എവിടെയെല്ലാമോ ഈ മുഖം ചികഞ്ഞുനോക്കി. ഇക്കാലത്തിനിടയില്‍ എവിടെയെല്ലാമോ കണ്ട നിരവധി മുഖങ്ങളെ വേഗം പിന്നിലേക്ക് കറക്കിവിട്ടു. പക്ഷേ ശ്രമം ഫലിച്ചില്ല.
‘‘ഞാന്‍ .....ന്റെ അമ്മയാ...’’
..... എന്ന പേരും സിസ്റ്റര്‍ക്ക് മനസ്സിലായില്ല. അങ്ങനെയൊരാള്‍.. അയാളെ താനെവിടെവെച്ചാണ് പരിചയപ്പെട്ടിട്ടുള്ളത് ? സിസ്റ്റര്‍ ആലോചനയില്‍ മുഴുകിനില്‍ക്കുമ്പോള്‍ ആ അമ്മ പറഞ്ഞു.
‘‘...എന്റെ മോന് ആദ്യമായും അവസാനമായും പെണ്ണുകാണാന്‍ വന്നത് മോളെയാ...’’
പെണ്ണുകാണല്‍. അങ്ങനെയൊരു സംഭവം പോലും അപ്പോള്‍ സിസ്റ്ററുടെ ഓര്‍മ്മയിലുണ്ടായിരുന്നില്ല. ആരുടെ പെണ്ണുകാണല്‍ എന്നായിരുന്നു ചിന്ത.
‘‘മോളേന്നു വിളിക്കാന്‍ പാടുണ്ടോ എന്നറിയില്ല. സിസ്റ്റര്‍ എന്നൊന്നും വിളിക്കാന്‍ എന്റെ നാവു പൊങ്ങുന്നില്ല. എന്തോ, അന്ന് കണ്ടപ്പോ മുതല്‍ എന്റെ മോന്റെ ഭാര്യയായി, എന്റെ മരുമകളായി ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നത് ഈ മുഖമാ...അതോണ്ടാ ഇപ്പോ കന്യാസ്ത്രീയുടെ വേഷത്തിലും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്...’’
അപ്പോള്‍ സിസ്റ്ററുടെ ഓര്‍മ്മകള്‍ അതിന്റെ ഉറവിടം കണ്ടെത്തി. ‘ദൈവമേ...’ എന്നൊരു വിളി ഉള്ളില്‍ നിറഞ്ഞു. ഒരു കടല്‍ത്തീരത്താണ് താന്‍ നില്‍ക്കുന്നതെന്ന് തോന്നി. ഓര്‍മ്മകളുടെ കടല്‍ത്തിരകള്‍ എന്തൊക്കെയോ കവര്‍ന്നെടുക്കുന്നു. എന്തൊക്കെയോ തീരത്ത് അവശേഷിപ്പിക്കുന്നു.
‘‘ചിലതൊക്കെ സത്യമാ മോളേ...നമ്മള് നിഷേധിച്ചാല്‍ പോലും നിഷേധിക്കാനാവാത്ത സത്യങ്ങള്‍...അല്ലെങ്കില്‍ ഇങ്ങനെ ഇവിടെ വച്ച് മോളെ കണ്ടുമുട്ടുമായിരുന്നോ.. ദൈവമാ മോളെ ഇവിടെയെത്തിച്ചത്. മോള്‍ക്ക് വിരോധമില്ലെങ്കില്‍ അവനെ വന്നു ഒന്നു കാണാമോ’’
അവരുടെ വാക്കുകളില്‍ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.
‘‘മോന്...?’’ സിസ്റ്റര്‍ സംശയിച്ചു.
‘‘വാ, എന്റെ കൂടെ വാ...’’
സിസ്റ്ററുടെ കരം കവര്‍ന്ന് ആ അമ്മ നടന്നു. അതിനിടയില്‍ പറഞ്ഞുതുടങ്ങി:
‘‘മോന് വിവാഹം കഴിച്ചിട്ടില്ല.. മോളെ അവനത്രയ്ക്ക് ഇഷ്ടമായിരുന്നു. മോള് മഠത്തില്‍ച്ചേര്‍ന്നത് ഞങ്ങളറിഞ്ഞിരുന്നു. കന്യാസ്ത്രീയായതും. ഒരു കല്യാണം കഴിക്കാന്‍ ഞാനവന്റെ കാലുപിടിച്ച് അപേക്ഷിച്ചതാ...പക്ഷേ അവനിനി ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചു. മോളോടുകൂടിയല്ലാതെ മറ്റൊരു ജീവിതം... അതവന് വയ്യാത്രെ. എന്നാലും മോള് തിരിച്ചുവരാനൊന്നും അവന് പ്രാര്‍ത്ഥിച്ചിട്ടില്ല കേട്ടോ.. എവിടെയാണെങ്കിലും മോള് സന്തോഷത്തോടെ കഴിയട്ടെ എന്നേ അവന് പ്രാര്‍ത്ഥിച്ചിട്ടുള്ളൂ ഒരാഴ്ച മുമ്പ് ഒരാക്സിഡൻറ്... ഐസിയുവിലായിരുന്നു. ഇന്നാ റൂമിലേക്ക് മാറ്റിയെ...’’
അവര്‍ മുറിയിലെത്തി. ജീവിതത്തില്‍ ഇതുപോലൊരു സാഹചര്യം തനിക്കു നേരിടേണ്ടി വന്നിട്ടില്ലല്ലോയെന്ന മട്ടില്‍, അനിവാര്യമായ വിധിയുടെ മുന്പില്, സിസ്റ്റര്‍ തല കുനിച്ചുനിന്നു.
‘‘മോനേ...’’
കണ്ണടച്ച് കിടക്കുകയായിരുന്ന മകന്റെ അരികിലെത്തി അമ്മ വിളിച്ചു. ആ സ്വരം കേട്ട് അവന് കണ്ണുതുറന്നു.
‘‘നോക്കിക്കേ... നിനക്ക് ഇതാരാണെന്ന് മനസ്സിലായോ ?’’ ചില നിമിഷങ്ങളുടെ അമ്പരപ്പ്. പിന്നെ അയാളുടെ മുഖം വിടര്‍ന്നു. ആ കണ്ണുകളിലെ സ്നേഹത്തിന്റെ തിളക്കം സിസ്റ്റര്‍ കണ്ടു.
‘എന്റെ പ്രിയേ നീ തീര്സാനഗരം പോലെ മനോഹരിയാണ്. ജറുസലേംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തിവരുന്ന സൈന്യം പോലെ നീ ഭയദയുമാണ്. നീ എന്നില്‍ നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ് മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്. കുളി കഴിഞ്ഞുവരുന്ന ചെമ്മരിയാടുകളെ പോലെ ഒന്നൊഴിയാതെ നിരയൊത്തതാണ് നിന്റെ പല്ലുകള്‍. മൂടുപടത്തില്‍ മറഞ്ഞ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതി പോലെയാണ്...’
‘‘അല്ലെ...?’’ പെട്ടെന്ന് അയാള്‍ ചോദിച്ചു.
സിസ്റ്റര്‍ ശിരസ് ചലിപ്പിച്ചു. ഒരൊറ്റനിമിഷത്തിനുള്ളില് ജീവിതം മാറിമറിയുന്ന മറ്റൊന്ന് ഇവിടെ സംഭവിക്കാന്‍ പോവുകയാണെന്ന് സിസ്റ്റര്‍ അന്നേരം അറിഞ്ഞിരുന്നില്ല.
‘‘നിങ്ങള്‍ സംസാരിക്ക്...ഞാന്‍ മരുന്നുവാങ്ങാന്‍ പോയതാ... അപ്പോഴാ മോളെ കണ്ടത്...ഇനി ചെന്ന് മരുന്ന് വാങ്ങട്ടെ...’’
അമ്മ തിടുക്കപ്പെട്ട് പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. മുറിയില്‍ അവര്‍ രണ്ടുപേരും മാത്രമായി. എന്തു സംസാരിക്കണം, എവിടെ തുടങ്ങണം എന്നറിയാതെ സിസ്റ്റര്‍ വിഷമിച്ചു. അവനും ഒന്നും മിണ്ടിയില്ല.
എത്രയും പെട്ടെന്ന് അമ്മ മടങ്ങിവന്നിരുന്നെങ്കില്‍ എന്നായിരുന്നു സിസ്റ്ററുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. എത്രയോ രോഗികളെ പരിചരിച്ചിരിക്കുന്നു. പക്ഷേ ഇപ്പോള്‍ ഈ രോഗിയുടെ സമീപത്തുനില്‍ക്കുമ്പോള്‍ എന്തോ വല്ലാതെയാകുന്നു. അപ്പോഴാണ് അയാള്‍ അസാധാരണമായ മട്ടില്‍ ചില ശാരീരികചേഷ്ടകള്‍ കാണിച്ചു തുടങ്ങിയത്. ഒരു നേഴ്സ് കൂടിയായ സിസ്റ്റര്‍ വേഗം അവന്റെ അരികിലെത്തി. അവന് കഠിനമായ വേദനയിലെന്നോണം ശിരസ് ഉരുട്ടുകയായിരുന്നു.
‘‘എന്താ എന്തുപറ്റി ?’’ സിസ്റ്റര്‍ വേവലാതിയോടെ ചോദിച്ചു. പള്‍സ് റേറ്റില്‍ സിസ്റ്റര്‍ അപായം മണത്തു. ഡ്യൂട്ടി റൂമില്‍ വിവരം അറിയിക്കാന്‍ സിസ്റ്റര്‍ പുറത്തേയ്ക്കോടി. അതേ വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ അയാള്‍ കട്ടിലില്‍ നിന്ന് നിലത്തുവീണുകിടക്കുകയായിരുന്നു. സിസ്റ്റര്‍ ഓടിച്ചെന്ന് ആ ശിരസ്സെടുത്ത് മടിയില്‍ വച്ചു.
ഭൂമിയില്‍ വച്ച് അവസാനമായി കാണുകയാണെന്ന തീര്‍ച്ചപ്പെടുത്തലില്‍, ആ ആഗ്രഹത്തോടെ അവസാനത്തെ ജീവകണികയുടെ കരുത്തില്‍ അയാള്‍ സിസ്റ്ററെ ഒരിക്കല്‍കൂടി നോക്കി. പിന്നെ ശ്വാസം ആഞ്ഞെടുത്ത് രണ്ടാം വട്ടം പാതിമുറിഞ്ഞ്.. കണ്ണുകള്‍ തുറന്ന്... അവള് വരാന്‍ കാത്തിരിക്കുകയായിരുന്നു മരിക്കാന്‍ എന്ന വിധത്തില്‍.. അപ്പോള്‍ ആശുപത്രിയുടെ സമീപത്തെ ദേവാലയത്തില്‍ നിന്ന് പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു.
ഡോളേഴ്സ്ഹാര്ട്ട് എന്നൊരു ഹോളിവുഡ് നടിയുണ്ട്. കരിയറിന്റെ ഏറ്റവും ഉച്ചിയില്‍ നില്‍ക്കുമ്പോഴായിരുന്നു അഭിനയജീവിതത്തോട് വിടപറഞ്ഞ് ഡോളേഴ്സ്ഹാര്ട്ട് മഠത്തില്‍ ചേര്‍ന്നത്. വിവാഹം പോലും ഉറപ്പിച്ച സമയമായിരുന്നു അത്. അന്ന് ഡോളേഴ്സ് ഹാര്‍ട്ടിന്റെ തീരുമാനമറിഞ്ഞ് കാമുകനും നിയുക്തഭര്ത്താവുമായ ചെറുപ്പക്കാരന് പറഞ്ഞ ഒരു ഡയലോഗുണ്ട് – ‘എല്ലാ പ്രണയങ്ങളും അള്‍ത്താരയില്‍ ഒന്നിക്കേണ്ടവയല്ല. അതെ ചില വിവാഹങ്ങള്‍ സ്വര്‍ഗത്തില്‍ തന്നെയാണ് നടക്കുന്നത്’.