ഒരു വിപ്ലവകാരിയുടെ ഭക്ഷണം എന്തായിരുന്നു ? അവർ എന്ത് കഴിച്ചു ? എങ്ങനെ കഴിച്ചു ?
കനു സന്യാലിനെക്കുറിച്ചുള്ള നോവൽ രചനയ്ക്കായി ബംഗാളിലെ നക്സൽബാരിയിലേക്കും സിലിഗുഡിയിലേക്കും നടത്തിയ യാത്രയുടെയും അവിടത്തെ വൈവിധ്യമാർന്ന രുചിനുഭവങ്ങളുടെയും കഥ പറയുകയാണ് ഡോ. സി. ഗണേഷ്. ഹിമാലയൻ താഴ്വരയിലെ സിലിഗുഡിയിൽ എത്തിച്ചേർന്ന അദ്ദേഹം, ബംഗാളി, നേപ്പാളി, തിബറ്റൻ സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഭക്ഷണരീതികൾ പരിചയപ്പെടുന്നു. മൊമോ, തുക്പ, ആലു ദം, ഷെൽ റോട്ടി, ചുർപി തുടങ്ങിയ വൈവിധ്യമാർന്ന രുചികൾക്കൊപ്പം വിപ്ലവകാരികളുടെ ലളിതമായ ഭക്ഷണരീതികളെക്കുറിച്ചുള്ള ഓർമ്മകളും ഈ യാത്രാവിവരണം പങ്കുവെക്കുന്നു.
കനു സന്യാലിനെക്കുറിച്ചുള്ള നോവൽ രചനയ്ക്കായി ബംഗാളിലെ നക്സൽബാരിയിലേക്കും സിലിഗുഡിയിലേക്കും നടത്തിയ യാത്രയുടെയും അവിടത്തെ വൈവിധ്യമാർന്ന രുചിനുഭവങ്ങളുടെയും കഥ പറയുകയാണ് ഡോ. സി. ഗണേഷ്. ഹിമാലയൻ താഴ്വരയിലെ സിലിഗുഡിയിൽ എത്തിച്ചേർന്ന അദ്ദേഹം, ബംഗാളി, നേപ്പാളി, തിബറ്റൻ സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഭക്ഷണരീതികൾ പരിചയപ്പെടുന്നു. മൊമോ, തുക്പ, ആലു ദം, ഷെൽ റോട്ടി, ചുർപി തുടങ്ങിയ വൈവിധ്യമാർന്ന രുചികൾക്കൊപ്പം വിപ്ലവകാരികളുടെ ലളിതമായ ഭക്ഷണരീതികളെക്കുറിച്ചുള്ള ഓർമ്മകളും ഈ യാത്രാവിവരണം പങ്കുവെക്കുന്നു.
കനു സന്യാലിനെക്കുറിച്ചുള്ള നോവൽ രചനയ്ക്കായി ബംഗാളിലെ നക്സൽബാരിയിലേക്കും സിലിഗുഡിയിലേക്കും നടത്തിയ യാത്രയുടെയും അവിടത്തെ വൈവിധ്യമാർന്ന രുചിനുഭവങ്ങളുടെയും കഥ പറയുകയാണ് ഡോ. സി. ഗണേഷ്. ഹിമാലയൻ താഴ്വരയിലെ സിലിഗുഡിയിൽ എത്തിച്ചേർന്ന അദ്ദേഹം, ബംഗാളി, നേപ്പാളി, തിബറ്റൻ സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഭക്ഷണരീതികൾ പരിചയപ്പെടുന്നു. മൊമോ, തുക്പ, ആലു ദം, ഷെൽ റോട്ടി, ചുർപി തുടങ്ങിയ വൈവിധ്യമാർന്ന രുചികൾക്കൊപ്പം വിപ്ലവകാരികളുടെ ലളിതമായ ഭക്ഷണരീതികളെക്കുറിച്ചുള്ള ഓർമ്മകളും ഈ യാത്രാവിവരണം പങ്കുവെക്കുന്നു.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകനും കേരള ഭക്ഷണത്തിന്റെ സംസ്കാര ചരിത്രം, രുചിയും മനുഷ്യരും, രുചിയുടെ വേരുകൾ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. സി. ഗണേഷ് എഴുതുന്ന പംക്തി. യാത്രയിലെ രുചിയുടെ ഓർമ്മക്കുറിപ്പുകൾ – ‘രുചിയോളം’.
*
ഏഴ് : സിലിഗുഡിയിൽ ഒരു നോവൽകാലത്ത്
*
ബംഗാളിലെ വിപ്ലവനേതാവ് കനു സന്യാലിനെക്കുറിച്ച് ഒരു നോവൽ എഴുതാൻ തീരുമാനിച്ചപ്പോൾ, ഞാൻ ആദ്യം വായിച്ചത് ബപ്പാദിത്യപോളിന്റെ ‘ഫസ്റ്റ് നക്സൽ’ എന്ന പുസ്തകമാണ്. ആ പുസ്തകം എന്നെ ആവേശഭരിതനാക്കി. വായിച്ചു തീർന്നപ്പോൾ എന്റെ മനസ്സിൽ കനു സന്യാലിന്റെ ജീവിതം ഒരു നോവലായി രൂപപ്പെട്ടു തുടങ്ങി. ഞാൻ എഴുത്ത് തുടങ്ങി.
ഞാനോർക്കുന്നു, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വെയിറ്റിംഗ് റൂമിൽ നിന്നുകൊണ്ട് ആദ്യ ചാപ്റ്റർ എഴുതിയത്. (നിന്നെഴുത്ത് ശീലമാക്കിയ ലോകപ്രശസ്തരായ ഏണസ്റ്റ് ഹെമിങ് വെ, വെർജീനിയ വുൾഫ്, ചാൾസ് ഡിക്കൻസ്, വ്ലാഡിമർ നൊബോകോവ് എന്നിവരെ അന്നേരം ഓർത്തു) ഒന്നര മണിക്കൂർ കൊണ്ട് എഴുതിയ ആദ്യ അധ്യായം എന്റെ കൈയിൽ ഒരു തുടക്കമായി. വീണ്ടും ഒരു മാസം കൊണ്ട് ഒന്നോ രണ്ടോ അധ്യായങ്ങൾ എഴുതി. പക്ഷേ, ബംഗാളിലെ നക്സൽബാരി സന്ദർശിക്കാതെ തുടർന്ന് എഴുതാനാവില്ല എന്ന അവസ്ഥയായി. നോവലിലെ കഥാപാത്രങ്ങൾ എന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ ഭൂമി കാണാതെ നിവൃത്തിയില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് ഞാൻ നക്സൽബാരിഗ്രാമം തേടി ഇറങ്ങുന്നത്.
ഒരു മെയ് മാസം, ആദ്യത്തെ ബംഗാൾ യാത്ര. സിലിഗുഡിയിൽ ചെന്നാലാണ് നക്സൽബാരിയിലേക്ക് എത്താൻ പറ്റുക. സമയം ലാഭിക്കാൻ വിമാനത്തിലായിരുന്നു യാത്ര. നേരെ സിലിഗുഡിയിൽ എത്തി. സെവൊക് റോഡിൽ (എൻ.എച്ച് 10) മുറിയെടുത്തു. അവിടെ നിന്നാണ് എന്റെ ബംഗാൾ യാത്രകൾ തുടങ്ങിയത്.
കനു സന്യാൽ ജീവിച്ച ഹതിഘിഷ എന്ന ഗ്രാമം തേടിയിറങ്ങി. കുറേനാൾ വിവിധ സ്ഥലങ്ങളിൽ കറങ്ങി. വിപ്ലവനായകരെയും അനുകൂലികളെയും, ഒരു കാലത്ത് വിപ്ലവം പറഞ്ഞവരും പിന്നീട് പല പാർട്ടിയിലേക്ക് ചേക്കേറിയവരെയും കണ്ടു സംസാരിച്ചു. ചരിത്രകാരന്മാരെയും പഴയ ഓർമകൾ പേറുന്നവരെയും കണ്ടു. അവരുടെ വാക്കുകളിൽ നിന്ന്, ഓർമകളിൽ നിന്ന്, മൗനങ്ങളിൽ നിന്ന് കനു സന്യാലിന്റെ ജീവിതം എന്റെ മുന്നിൽ രൂപപ്പെട്ടു തുടങ്ങി. എന്നാൽ അതിനിടയിൽ സിലിഗുഡിയിലെ വ്യത്യസ്ത രുചികൾ അറിയാൻ ഞാൻ ശ്രമിക്കാതിരുന്നില്ല. ആ യാത്രയിൽ, ചരിത്രകഥകളോടൊപ്പം രുചിയനുഭവങ്ങളും എന്റെ മനസ്സിൽ ഇടം പിടിച്ചു. അതേപ്പറ്റി ചിലത് പറയാനുണ്ട്.
മിശ്രിതരുചിയുടെ ഓർമ
സിലിഗുഡി എന്നത് ഒരു ഭൂപടത്തിലെ പേര് മാത്രമല്ല. ഹിമാലയത്തിന്റെ താഴ്വരയിൽ, തീസ്റ്റ നദിയുടെ തീരത്ത്, ബംഗാളി, നേപ്പാളി, തിബറ്റൻ, വടക്കുകിഴക്കൻ ഇന്ത്യൻസംസ്കാരങ്ങൾ കൂടിച്ചേരുന്ന ഒരു നഗരമാണ്. ആ കൂടിച്ചേരൽ ഭക്ഷണത്തിലും പ്രകടമായിരുന്നു. സിലിഗുഡിയിലെ ഭക്ഷണം ബംഗാളി, നേപ്പാളി, തിബറ്റൻ, വടക്കുകിഴക്കൻ ഇന്ത്യൻ രുചികളുടെ മനോഹരമായ ഒരു മിശ്രിതമാണ്. (ഭൂപടത്തിൽ നോക്കൂ...ഈ ഭാഗത്ത് ഒരു കോഴിരൂപം തെളിയും. അതിൽ കഴുത്തിന്റെ ഭാഗമാണ് സിലിഗുഡി. കോഴിക്കഴുത്ത് (Chicken’s neck) എന്ന വിളിപ്പേർ വീണതിതിനാലാണ്)
ആദ്യ ദിവസം രാവിലെ ഞാൻ ചെന്നത് ഒരു ചെറിയ ചായക്കടയിലാണ് (ചായ് ദൂകാൻ). അവിടെ നിന്ന് കിട്ടിയ ചായ ഒരു പ്രത്യേക അനുഭവമായിരുന്നു. നേപ്പാളി രീതിയിൽ തയ്യാറാക്കിയ ആ ചായയിൽ ഇഞ്ചിയും ഏലക്കയും ചേർത്തിരുന്നു. ഒപ്പം കിട്ടിയ മൊമോയും. ആവിയിൽ വേവിച്ച ആ മൊമോയിൽ ഇറച്ചിയും സവാളയും ചേർത്ത കൂട്ട് നിറച്ചിരുന്നു. ചൂടുള്ള മൊമോ കഴിക്കുമ്പോൾ ഉള്ളിൽ പടരുന്ന ചൂടും സ്വാദും എന്റെ നോവലിന്റെ അധ്യായങ്ങൾക്ക് ഒരു രുചി നൽകിയെന്ന് വിശ്വസിക്കുന്നു.
ഹിമാലയൻ സ്വാധീനമുള്ള സിലിഗുഡിയിലെ ഏറ്റവും പ്രശസ്തമായ തെരുവ് ഭക്ഷണമാണ് മോമോയും തുക്പയും. തുക്പ എന്നത് ഒരു ഭക്ഷണമായി ഇവർ കണക്കാക്കുന്നേയില്ല. ചൂടുള്ള സൂപ്പിൽ, നൂഡിൽസിൽ, പച്ചക്കറികളിൽ, ഇറച്ചിയിൽ ചേർന്ന്, മഞ്ഞുകാലത്തെ ഒരു ആലിംഗനം പോലെയാണ് സിലിഗുഡിക്കാർക്കിത്.
ആലു ദം ഉം ഷെൽറോട്ടിയും നേപ്പാളി രീതിയിൽ തയ്യാറാക്കുന്ന രുചികരമായ വിഭവങ്ങളാണ്. ഉരുളക്കിഴങ്ങ് കടുകെണ്ണയിൽ വറുത്ത്, മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ആലു ദം, ചൂടുള്ള ഷെൽ റോട്ടിയുമായി ചേരുമ്പോൾ, ഒരു സാധാരണ വിഭവം ഒരു വിരുന്നായി മാറുന്നു. അരി മാവ് പുളിപ്പിച്ച്, വളയത്തിൽ ഒഴിച്ച് എണ്ണയിൽ വറുത്തെടുക്കുന്ന ഷെൽ റോട്ടി, പുറത്ത് കടുപ്പവും അകത്ത് മസൃണവുമായ ഇത് ഓരോ കടിയിലും നേപ്പാളി വീടുകളുടെ ഗന്ധം നിറയ്ക്കുന്നു.
ഉപ്പുരുചിയുള്ള ഓർമയാണ് അടുത്തത്. ചുർപി (Churpee) എന്നത് യാക്ക് അല്ലെങ്കിൽ പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന പുകയടിച്ച സ്വാദുള്ള ഹിമാലയൻ ചീസാണ്. ആദ്യം കഴിക്കുമ്പോൾ അതിന്റെ രുചി അൽപം വിചിത്രമായി തോന്നാം. പക്ഷേ പതുക്കെ അത് നാവിന് പരിചിതമാകും. പുകയുടെ ഗന്ധവും ഉപ്പിന്റെ സ്വാദും ചേർന്ന്, മലയുടെ വായുവും മഞ്ഞും ഒരുമിച്ച് കഴിക്കുന്ന അനുഭവം.
ഒരു ദിവസം ഞാൻ ചെന്നത് ഒരു ബംഗാളി കുടുംബത്തിന്റെ വീട്ടിലാണ്. അവിടെ വിളമ്പിയത് ബംഗാളി രീതിയിൽ തയ്യാറാക്കിയ മീൻകറിയും ചോറും. മീനിൽ മഞ്ഞൾ പുരട്ടി വറുത്ത്, കടുകെണ്ണയിൽ തയ്യാറാക്കിയ ആ കറിയിൽ ഒരു പ്രത്യേക മധുരവും എരിവും ഉണ്ടായിരുന്നു. ഒപ്പം വിളമ്പിയ പച്ചമുളകും ഉപ്പിലിട്ടതും കൂടി ചേർത്തപ്പോൾ ആ ഭക്ഷണം വ്യത്യസ്തമായി.
ആ വീട്ടിലെ അമ്മ പറഞ്ഞു: ‘‘ഞങ്ങടെ ഭക്ഷണം ഞങ്ങടെ രീതിയാണ്. ഒരാളും എഴുതി വെക്കുന്നതല്ല. അമ്മൂമ്മമാരുടെ നാവിലും കൈയിലുമാണ് അതിന്റെ രഹസ്യമിരിക്കുന്നത്’’. ആ വാക്കുകൾ രുചിയോടൊപ്പം എന്നെ തൊട്ടു.
സിലിഗുഡിയിലെ തെരുവുകളിൽ നടന്നപ്പോൾ ഞാൻ കണ്ടത് വിവിധ രുചികളുടെ ഒരു സംഗമമാണ്. ഒരിടത്ത് ബംഗാളി രീതിയിൽ തയ്യാറാക്കിയ മീൻ കറിയുടെ മണം. മറ്റൊരിടത്ത് നേപ്പാളി രീതിയിൽ തയ്യാറാക്കിയ ദാൽ ഭാത്തിന്റെ സുഗന്ധം. മറ്റൊരിടത്ത് തിബറ്റൻ രീതിയിൽ തയ്യാറാക്കിയ തുക്പയുടെ ചൂട്.
നോവലിനായി ശേഖരിച്ച വിവരങ്ങളടങ്ങിയ ഡയറിയിൽ സിലിഗുഡി പേജിൽ രുചികൾ അവിടവിടെയായി കിടക്കുന്നു. കഥാപാത്രങ്ങൾക്കിടയിൽ അവർക്ക് കഴിക്കാനായി എന്ന മട്ടിൽ.
ചരിത്രത്തിന്റെ രുചി
എന്നാൽ ആ യാത്രയിൽ, രുചികൾക്കിടയിൽ, ഞാൻ ഒരു ചോദ്യം കൊണ്ടുനടന്നു. വിപ്ലവകാരികളുടെ, ഭക്ഷണം എന്തൊക്കെയായിരുന്നു ?
ഹതിഘിഷയിലെയും നക്സൽബാരിയിലെയും വീടുകളിൽ, ആളുകളോട് സംസാരിച്ചപ്പോൾ, ആ ചോദ്യം എന്റെ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു. ഒരു വിപ്ലവകാരിയുടെ ഭക്ഷണം എന്തായിരുന്നു ? അവർ എന്ത് കഴിച്ചു ? എങ്ങനെ കഴിച്ചു ?
പഴയ ഓർമകൾ പേറുന്നവർ പറഞ്ഞത് ഇങ്ങനെയാണ്. “ഒളിവിൽ കഴിഞ്ഞവരാണ് ഏറെയും. വല്ലപ്പോഴും മാത്രം അവർ ആഹാരത്തിനായി ഇരുന്നു. മനസ്സിൽ എപ്പോഴും വിപ്ലവത്തിന്റെ തീയുമായി നടന്നവർ. നക്സൽബാരിയിലെ വിപ്ലവകാരികളുടെ ഭക്ഷണം ലളിതമായിരുന്നു. ചോറും ദാലും. കാട്ടിലെ കിഴങ്ങുകളും പച്ചക്കറികളും. ചിലപ്പോൾ കാട്ടിലെ കായ്കനികൾ. വേവോ രുചിയോ നോക്കാതെയാണ് അവർ ഭക്ഷിച്ചത്. ഒരു ദിവസം ഒരു നേരം. ചിലപ്പോൾ ഒരു നേരവുമില്ല’’.
ആ ഭക്ഷണത്തിൽ സുന്ദരമായ ഒരു സ്വപ്നമുണ്ടായിരുന്നു. ഒരു പാത്രത്തിൽ നിന്ന് ഒരുമിച്ച് കഴിക്കുന്നതിൽ, ഒരു ലോകം മാറ്റാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതായിരുന്നു ആ ഭക്ഷണത്തിന്റെ രുചി!
സിലിഗുഡിയിൽ നിന്ന് മടങ്ങുമ്പോൾ എന്റെ ബാഗിൽ നോവലിന്റെ കരടെഴുത്തും മനസ്സിൽ സിലിഗുഡിയുടെ രുചികളും ഉണ്ടായിരുന്നു. മൊമോയുടെ ചൂട്, മീൻ കറിയുടെ മധുരം, ചായയുടെ സുഗന്ധം, തുക്പയുടെ ആശ്വാസം, ചുർപിയുടെ പുകച്ചുവ, ദാൽ ഭാത്തിന്റെ ലാളിത്യം, ഷെൽ റോട്ടിയുടെ കടുപ്പം — ഇവയെല്ലാം...പക്ഷേ, നോവലിൽ ഒരു അധ്യായത്തിന് ഞാൻ നൽകിയ പേര് ഇതൊന്നുമായിരുന്നില്ല. ബംഗാളികൾ കഴിക്കുന്ന മത്സ്യത്തിന്റെ പേരായിരുന്നു അത്; ഹിൽസ!
അതെപ്പറ്റി അടുത്ത തവണ പറയാം.