നാം കാണുന്നതിനും അപ്പുറം ആഴത്തിലുള്ള പല രഹസ്യങ്ങളും ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന വനിത ഓൺലൈനിലെ ഉള്ളം പംക്തിയിലെ കുറിപ്പ്. കാന്‍സര്‍ ബാധിതനായ അവസാനകാലം എത്തിയ ഒരു വയോധികന്‍ തന്റെ യൗവനകാലത്തെ ഒരു രഹസ്യപ്രണയത്തിന്റെ കഥ എഴുത്തുകാരനുമായി പങ്കുവെക്കുന്നു. കുടുംബത്തിലെ അവഗണന കാരണം സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം, അവിടെ വെച്ച് സിസ്റ്റര്‍ ആഗ്നസുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനപ്രകാരം ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ആഗ്നസിനെ കാത്തുനിന്നെങ്കിലും അവള്‍ എത്താത്തതിനെത്തുടര്‍ന്ന് തീവണ്ടിയില്‍ കയറിപ്പോരേണ്ടി വന്ന ആ പഴയകാല നോവും നഷ്ടബോധവും ഇനിയും മായാതെ അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടുന്നു.

നാം കാണുന്നതിനും അപ്പുറം ആഴത്തിലുള്ള പല രഹസ്യങ്ങളും ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന വനിത ഓൺലൈനിലെ ഉള്ളം പംക്തിയിലെ കുറിപ്പ്. കാന്‍സര്‍ ബാധിതനായ അവസാനകാലം എത്തിയ ഒരു വയോധികന്‍ തന്റെ യൗവനകാലത്തെ ഒരു രഹസ്യപ്രണയത്തിന്റെ കഥ എഴുത്തുകാരനുമായി പങ്കുവെക്കുന്നു. കുടുംബത്തിലെ അവഗണന കാരണം സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം, അവിടെ വെച്ച് സിസ്റ്റര്‍ ആഗ്നസുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനപ്രകാരം ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ആഗ്നസിനെ കാത്തുനിന്നെങ്കിലും അവള്‍ എത്താത്തതിനെത്തുടര്‍ന്ന് തീവണ്ടിയില്‍ കയറിപ്പോരേണ്ടി വന്ന ആ പഴയകാല നോവും നഷ്ടബോധവും ഇനിയും മായാതെ അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടുന്നു.

നാം കാണുന്നതിനും അപ്പുറം ആഴത്തിലുള്ള പല രഹസ്യങ്ങളും ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന വനിത ഓൺലൈനിലെ ഉള്ളം പംക്തിയിലെ കുറിപ്പ്. കാന്‍സര്‍ ബാധിതനായ അവസാനകാലം എത്തിയ ഒരു വയോധികന്‍ തന്റെ യൗവനകാലത്തെ ഒരു രഹസ്യപ്രണയത്തിന്റെ കഥ എഴുത്തുകാരനുമായി പങ്കുവെക്കുന്നു. കുടുംബത്തിലെ അവഗണന കാരണം സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം, അവിടെ വെച്ച് സിസ്റ്റര്‍ ആഗ്നസുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനപ്രകാരം ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ആഗ്നസിനെ കാത്തുനിന്നെങ്കിലും അവള്‍ എത്താത്തതിനെത്തുടര്‍ന്ന് തീവണ്ടിയില്‍ കയറിപ്പോരേണ്ടി വന്ന ആ പഴയകാല നോവും നഷ്ടബോധവും ഇനിയും മായാതെ അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടുന്നു.

ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്‍ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.

*

ADVERTISEMENT

അധ്യായം – 9

*

ADVERTISEMENT

‘പപ്പയ്ക്ക് നിന്നെയൊന്നു കാണണമെന്ന് പറയുന്നു’

സുഹൃത്ത് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു...

ADVERTISEMENT

കുറച്ചുനാളായി അവന്റെ പപ്പ കാന്‍സര്‍രോഗത്തിന്റെ ട്രീറ്റ്‌മെന്റിലാണെന്ന് അറിയാമായിരുന്നു. പക്ഷേ എന്തോ ഇതുവരെയും പോയികണ്ടില്ല. സ്‌നേഹക്കുറവുകൊണ്ടോ ശത്രുതാമനോഭാവമുള്ളതുകൊണ്ടോ ആയിരുന്നില്ല, ഭേദപ്പെടുമെന്നുറപ്പുള്ള ഒരു അസുഖബാധിതനെ കാണാന്‍ പോകുന്നതുപോലെയല്ല ഇനിയൊരിക്കലും ജീവിതത്തിലേക്കു തിരികെവരില്ലെന്നുറപ്പുള്ള ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നത്. രോഗിയുടെ മാനസികാവസ്ഥ ഏതൊക്കെതരത്തിലായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുളളൂ. അത്തരം സാഹചര്യങ്ങളെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഇല്ല എന്നതാണ് അതിനുള്ള മറുപടി. എങ്ങനെ പോയി കാണും, എന്തു സംസാരിക്കും എന്നൊക്കെയുള്ള ചില ധര്‍മ്മസങ്കടങ്ങള്‍ ഒരിക്കലും വിട്ടുപിരിഞ്ഞിട്ടില്ല. അതുകൊണ്ടാണ് തെറ്റിദ്ധരിക്കപ്പെടുമെന്ന് ഉറപ്പായിട്ടും നാട്ടുനടപ്പ് അനുസരിച്ചു പോലും അത്തരം ചില സാഹചര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്നത്.

എന്നിട്ടും പോയിട്ടുണ്ട്, ഒരു കൂട്ടുകാരന്‍ ട്യൂമര്‍ രോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞ നാള്‍ മുതല്‍ മാസത്തിലെ ഓരോ ദിവസവും എന്ന കണക്കില്‍ അവന്റെ മരണം വരെ. കാന്‍സര്‍ എത്രത്തോളം ഒരു വ്യക്തിയെ ദുര്‍ബലനാക്കുമെന്നും രൂപമാറ്റത്തിന് വിധേയനാക്കുമെന്നും തിരിച്ചറിഞ്ഞത് അന്നായിരുന്നു. പ്രീഡിഗ്രികാലത്തെ സുഹൃത്തായിരുന്നു. ജോസി. ഇപ്പോള്‍ മുപ്പതോളം വര്‍ഷം കടന്നുപോയിരിക്കുന്നു. അതായിരുന്നു ഭേദപ്പെടുകയില്ലെന്ന് ഏറെക്കുറെ ഉറപ്പുള്ള ഒരു കാന്‍സര്‍രോഗിയെ സന്ദര്‍ശിച്ചതിന്റെ ആദ്യത്തെയും അവസാനത്തെയുമായ ഓര്‍മ്മ. കീമോയും റേഡിയേഷനുമൊക്കെ ചേര്‍ന്ന് അന്ന് ജോസിയെന്ന ഇരുപതുകാരനെ ഒരുവൃദ്ധനാക്കി മാറ്റിയിരുന്നു. ഒരുപക്ഷേ ഇന്ന് അഡ്വാന്‍സഡായ ട്രീറ്റ്‌മെന്റുകള്‍ വന്നതുകാരണം കാന്‍സര്‍ ചികിത്സ രോഗികളില്‍ അത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവില്ല. എങ്കിലും എഴുപത്തിയഞ്ച് വയസുകാരനായ ഒരാള്‍ കാന്‍സര്‍ രോഗബാധിതനായിക്കഴിയുമ്പോള്‍ അത് അദ്ദേഹത്തെ എത്രത്തോളം ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാവും എന്ന് മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു.

പക്ഷേ, പപ്പ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. നാളെത്തേയ്ക്ക് നീട്ടിവച്ചാല്‍ ഒരു കണ്ടുമുട്ടല്‍ അസാധ്യമാവുമോയെന്ന പേടിയുള്ളതുകൊണ്ട് തൊട്ടടുത്തദിവസം തന്നെ പപ്പയെ കാണാന്‍പോയി. എന്നെ അത്ഭുതപ്പെടുത്തിയത് പപ്പയുടെ മുഖത്തെ പ്രസന്നതയും ശാന്തതയുമായിരുന്നു. കിടപ്പിലാണ് എന്നതൊഴിച്ചാല്‍ കാന്‍സര്‍രോഗത്തിന്റെ രൂക്ഷതയൊന്നും അനുഭവപ്പെട്ടില്ല. മരണം എപ്പോള്‍ വേണമെങ്കിലും കടന്നുവരാം എന്ന് ഉറപ്പുണ്ടായിരുന്നിട്ടും അതിനെയെല്ലാം നിസ്സാരമാക്കിയ ഒരു ഭാവമായിരുന്നു ആ മുഖത്ത്.

‘‘സ്‌നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും വായ് തോരാതെ എഴുതിയിട്ടും അതൊന്നും പ്രവൃത്തിയില്‍ കാണുന്നില്ലല്ലോ’’ എന്ന കുറ്റപ്പെടുത്തല്‍എനിക്കു നേരെ നടത്താന്‍ ആ നിമിഷവും പപ്പ മടിച്ചില്ല എന്ന് പ്രത്യേകം പറയണം. സ്‌നേഹിക്കുന്നവരില്‍ നിന്നുള്ള പ്രതികരണം താനുദ്ദേശിച്ചതുപോലെയാകാത്തപ്പോള്‍ ഏതൊരാള്‍ക്കും അനുഭവപ്പെടുന്ന ഇച്ഛാഭംഗം പോലെ തോന്നിയതിനാല്‍ എനിക്കതില്‍ ഖേദമോ പരിഭവമോ കുറ്റബോധമോ തോന്നിയില്ല. ‘‘അല്ലെങ്കിലും എഴുത്തുകാരൊക്കെ എഴുതിയതു മുഴുവന്‍ സത്യമാണെന്ന് വിശ്വസിക്കുന്ന വായനക്കാരാ വിഡ്ഢികള്‍’’ എന്നുകൂടി പറയാനും പപ്പ മടിച്ചില്ല.

രണ്ടും പറഞ്ഞതിനു ശേഷം പപ്പയുടെ അടുത്ത ചോദ്യം: ‘‘നിനക്ക് ഞാന്‍ പറഞ്ഞത് വിഷമമൊന്നും ആയില്ലല്ലോ അല്ലേ ?’’. ഇല്ലായെന്ന് ഞാന്‍ ചിരിച്ചു. അപ്പോള്‍ പപ്പയുടെ ചുണ്ടിലും ചിരിവന്നു. കൈനീട്ടി എന്റെ കൈത്തണ്ടയില്‍ പിടിമുറുക്കിക്കൊണ്ട് പപ്പ പറഞ്ഞു ‘‘ഉള്ളതും ഇല്ലാത്തതുമൊക്കെ എഴുതുന്ന ആളല്ലേ നീയ്. അതുകൊണ്ട് നിന്നോട് ഞാനൊരു കഥപറയാം. നീയെവിടെവേണമെങ്കിലും എങ്ങനെ വേണമെങ്കിലും എഴുതിക്കോ. അതുപറയാന്‍ വേണ്ടിയാ നിന്നെ ഞാന്‍ വിളിച്ചുവരുത്തിയെ’’.

എന്നിട്ട് പപ്പ എന്റെ കൂട്ടുകാരനോട് പറഞ്ഞു – ‘‘നീ പുറത്തോട്ടിറങ്ങിനിൽക്ക് ഞങ്ങള്‍ ഇത്തിരി സംസാരിക്കട്ടെ...’’.
‘ഉവ്വവ്വ’എന്ന തലയാട്ടിക്കൊണ്ട് സുഹൃത്ത് മുറിയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ പപ്പ അവനോട് വിളിച്ചുപറഞ്ഞു – ‘‘നീയാ വാതില്‍ അടച്ചിട്ടേക്ക്’’.
പിന്നെ പപ്പ എന്നോടു പറഞ്ഞു ‘‘എന്നാ നമുക്ക് തുടങ്ങാം അല്ലേ ?’’

പപ്പയെന്താണ് പറയുന്നതെന്നോ പറഞ്ഞുതുടങ്ങുന്നതെന്നോ അറിയാതെ ഞാന്‍ ആശങ്കാഭരിതനായപ്പോള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി. സ്വന്തം ജീവിതകഥ. അതില്‍ ചിലഭാഗങ്ങളില്‍ ചില കൂട്ടലുകളും മിഴിവുപകര്‍ത്തലുകളും നല്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പപ്പയുടെ വാക്കുകള്‍ തന്നെയാണ് മുഴുവന്‍. ആ കഥ ഇങ്ങനെയാണ് –
‘‘ഏഴാമനായിരുന്നു ഞാന്‍. അപ്പനെ കണ്ടതിന്റെ ഓര്‍മ്മ ഒരു മങ്ങലുപോലെയേയുള്ളൂ. പിന്നെ അമ്മയും ചേട്ടന്മാരും മാത്രമായിരുന്നു ലോകം. ഞാന്‍ രണ്ടിലോ മൂന്നിലോ പഠിപ്പിക്കുമ്പോഴാണെന്ന് തോന്നുന്നു മൂത്ത ചേട്ടന്റെ കല്യാണം. പിന്നെ രണ്ടാമത്തെ ചേട്ടന്റെ കല്യാണം. അങ്ങനെ കൂടപ്പിറപ്പുകള്‍ ഓരോരുത്തരായി അവനവരുടെ ജീവിതത്തിന്റെ ഭാഗം പിരിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ഞാന്‍ എട്ടില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. അതോടെ സ്വന്തം കുടുംബത്തില്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയവനെപോലെയായി. അതോ അതെന്റെ തോന്നലായിരുന്നുവോ എന്ന് എനിക്കിപ്പോഴും അറിയില്ല. അപ്പനും അമ്മയും ഇല്ലാതാകുകയും കൂടപ്പിറപ്പുകള്‍ക്ക് സ്വന്തം കുടുംബമാവുകയും ചെയ്തു കഴിയുമ്പോള്‍ ഏതൊരു വ്യക്തിക്കും സ്വാഭാവികമായി വന്നുചേരുന്ന അപകടമായതുകൊണ്ട് അത് അങ്ങനെതന്നെയായിരിക്കും.

കൂടപ്പിറപ്പുകള്‍ക്കൊക്കെ ഞാനൊരു ഭാരമായി മാറുന്നുണ്ടോയെന്നൊരു ചിന്ത അക്കാലത്ത് എന്നില്‍ ശക്തമായിരുന്നു. പാടത്തും പറമ്പിലുമൊക്കെ പണിയെടുത്ത് വളരെ കഷ്ടപ്പെട്ടാണ് അവര്‍ ജീവിച്ചിരുന്നത്. എനിക്കാണെങ്കില്‍ പാടത്തിറങ്ങാനോ പണിയെടുക്കാനോ ഉള്ള ആരോഗ്യവുമില്ല, പ്രായവുമില്ല, അതിനെക്കാളെല്ലാം അപ്പുറമായി മനസ്സുമില്ല. അതുകൊണ്ടുതന്നെ ചേട്ടന്മാരുടെ അധ്വാനഫലം കൈപ്പറ്റിജീവിക്കുന്ന ഒരുഇത്തിള്‍ക്കണ്ണിയാണ് ഞാനെന്ന് സ്വയം വിശേഷിപ്പിച്ചു. എനിക്കെന്നോടുതന്നെ ആത്മനിന്ദ അനുഭവപ്പെട്ടു...

മക്കള്‍ എത്ര മുതിര്‍ന്നാലും മാതാപിതാക്കളെ ആശ്രയിക്കുന്നതില്‍ അവര്‍ക്ക് അഭിമാനക്ഷതം ഉണ്ടാകാറില്ലെന്ന് തോന്നുന്നു. എന്തുവന്നാലും പേരന്റസാണല്ലോ. പക്ഷേ, അങ്ങനെയല്ല സ്വന്തമായി കുടുംബം രൂപപ്പെടുത്തിയ കൂടപ്പിറപ്പുകളെ ആശ്രയിച്ചു ജീവിക്കുന്നത്...’’

പപ്പയുടെ സാഹചര്യത്തിന് മറ്റേതൊക്കെയോ തരത്തില്‍ എന്റെ ജീവിതവുമായി ഛായയുള്ളതുകൊണ്ട് ആ വാക്കുകളും അന്നത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥയും എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു.

‘‘...അല്ലെങ്കില്‍ ആ കുടപ്പിറപ്പുകള്‍ അത്രത്തോളം നന്മയുള്ളവരും സഹോദരസ്‌നേഹമുള്ളവരുമായിരിക്കണം. എന്റെ നിര്‍ഭാഗ്യത്തിന് എനിക്ക് അത്തരമൊരു കൂടപ്പിറപ്പുകളെയല്ലായിരുന്നു കിട്ടിയിരുന്നത്. ഞാന്‍ അവര്‍ക്കൊരു ഭാരമാണെന്നും ബാധ്യതയാണെന്നും ഞാന്‍ സ്വയം വിശ്വസിച്ചു. ഒരുപക്ഷേ അറിഞ്ഞോ അറിയാതെയോയുളള അവരുടെ ചില പ്രതികരണങ്ങള്‍ തന്നെയാവാം എന്നെ അത്തരമൊരു നിഗമനത്തിലെത്തിച്ചത്. വീട് വല്ലാത്ത അരക്ഷിതാവസ്ഥയാണെനിക്കു സമ്മാനിച്ചത്. ഏതോ ചങ്ങലയില്‍ എന്നെ വീടു ബന്ധിച്ചുനിര്‍ത്തിയിരിക്കുന്നതു പോലെ. അറുത്തുമാറ്റാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ കാലുകളോട് ചേര്‍ന്ന് അത് ശരീരത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നതിനാല്‍ എനിക്കതിനും സാധിച്ചില്ല. പത്താം ക്ലാസ് മികച്ച നിലയില്‍ പാസായെങ്കിലും എന്നെ തുടര്‍ന്നുപഠിപ്പിക്കാന്‍ ചേട്ടന്മാരാരും താല്പര്യം കാണിച്ചില്ല. പഠിച്ചിട്ട് എന്താകാന്‍. ഇത്രയും നാള്‍ സുഖിച്ച് ജീവിച്ചതല്ലേ ഇനി ഞങ്ങടെ കൂടെ കൂടിക്കോ. ചേട്ടന്മാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ സങ്കടം വന്നെന്നെ പൊതിഞ്ഞു.

ആയിടയ്ക്കാണ് ഞങ്ങളുടെ അയല്‍വക്കത്തുള്ള വീട്ടിലെ ഒരാള്‍ ബോംബെയില്‍ നിന്ന് അവധിക്ക് വീട്ടിലെത്തിയത്. ആള്‍ ഒരു വൈദികനായിരുന്നു. അവധികഴിഞ്ഞ് അച്ചന്‍ തിരികെപോകുമ്പോള്‍ നാട്ടില്‍ നിന്ന് ഏതെങ്കിലും ആണ്‍കുട്ടികളെ തന്റെ സഭയിലെ അംഗമാക്കാന്‍ കൊണ്ടുപോകാറുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞു വീടിനും വീട്ടുകാര്‍ക്കും ബാധ്യതയായി നില്ക്കുന്ന എന്നില്‍ അച്ചനൊരു സാധ്യത കണ്ടു.

‘‘നല്ല വിനയവും ദൈവവഭയവുമുള്ള, കാണാന്‍ മിടുക്കനായ പയ്യന്‍’’

അതായിരുന്നു അച്ചന്റെ നിഗമനം.

‘‘നീ എന്റെ കൂടെ പോരുന്നോടാ...’’

വീടു സന്ദര്‍ശനത്തിനെത്തിയ അച്ചന് മറുപടി നല്കിയത് ഞാനായിരുന്നില്ല ചേട്ടനായിരുന്നു – ‘‘അതിനെന്താ അച്ചാ അത് നല്ലകാര്യമല്ലേ. പണ്ടുമുതല്‍ക്കേ ഞങ്ങടെ അമ്മച്ചീടെ ആഗ്രഹോം അതുതന്നെയായിരുന്നു, ഇവനെയൊരു അച്ചനാക്കണമെന്ന്... അമ്മച്ചി നേര്‍ച്ചപോലും നേര്‍ന്നിട്ടുണ്ട്...’’.

അതുകേട്ട് ഞാന്‍ വായ് പിളര്‍ത്തി ചേട്ടനെ നോക്കി. ശരിയാണോ ? എനിക്ക് ഇന്നും അതറിയില്ല. അമ്മച്ചിയെന്തായാലും എന്നോട് അത്തരമൊരു ആഗ്രഹം പറഞ്ഞിട്ടുള്ളതായി ഓര്‍മ്മയിലുമില്ല.

ഉടനെ വന്നു ചേട്ടന്റെ ഭാര്യയുടെ പ്രതികരണം – ‘‘കുടുംബത്തിലൊരു അച്ചനുണ്ടെന്ന് പറയുന്നത് തന്നെ അഭിമാനമല്ലേ...’’
‘‘നിങ്ങളൊന്നും അറിയണ്ട ഞങ്ങളിവനെ പഠിപ്പിച്ചോളാം.’’ അച്ചന്‍ വാക്കുനല്കി.

വീട്ടുകാര്‍ക്കു സന്തോഷമായി. ഇനി എന്നെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് ഒന്നിനും ടെന്‍ഷന്‍ വേണ്ട. ഞാന്‍സെമിനാരിയില്‍ പോകും. അച്ചനാകും. കുടുംബത്തിന്റെ യശസുയര്‍ത്തും. അതില്‍ക്കൂടുതല്‍ അവര്‍ക്കെന്തുവേണം ?

അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു പ്രതികരണവും എന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിലും എന്റെ അന്നത്തെ അവസ്ഥയില്‍ അതൊരു മോചനമായിരുന്നു. തടവറയില്‍ നിന്ന്, ആശങ്കാകുലമായ ഭാവിയില്‍ നിന്നുള്ള മോചനം. അച്ചനായില്ലെങ്കിലും പഠിക്കാമല്ലോ എന്നതായിരുന്നു എന്റെ മനസ്സിലെ ചിന്ത.

‘‘പോകുന്നതൊക്കെ കൊള്ളാം. പാതിവഴിക്ക് ഇങ്ങോട്ട് പോന്നേക്കരുത്’’

മറ്റൊരു ചേട്ടന്റെ വക താക്കീത്. സെമിനാരിയില്‍ ചേര്‍ന്നിട്ടു തിരികെവരുന്നത് കുടുംബത്തിന് നാണക്കേടാണത്രെ. അങ്ങനെയാണ് ഞാന്‍ ബോംബെയിലേക്ക് ട്രെയിന്‍ കയറിയത്. മെയ്യനങ്ങാതിരിക്കുന്നതായിരുന്നു എന്റെ ഇഷ്ടമെങ്കിലും സെമിനാരിയില്‍ അത്യാവശ്യം ജോലികളൊക്കെയുണ്ടായിരുന്നു. എങ്കിലും അതൊന്നും എന്നെ മടുപ്പിച്ചില്ല. സമപ്രായക്കാരായ കുട്ടുകാര്‍. രാവിലെ പ്രാര്‍ത്ഥന.. പഠനം.. വൈകുന്നേരങ്ങളില്‍ പലതരം കളികള്‍... ചിട്ടയോടെയുള്ള ജീവിതം. നല്ല ഭക്ഷണം. ഇംഗ്ലീഷും ഹിന്ദിയും വശത്താക്കിയതായിരുന്നു മറ്റൊരു നേട്ടം. അതിനിടയില്‍ ഡ്രൈവിംങ് പഠിച്ചു. റെക്ടറച്ചന്റെയും സഹവൈദികരുടെയും പ്രിയപ്പെട്ടവനുമായിത്തീരുകയും ചെയ്തു.

ഒരു അച്ചനാകാനുള്ള എല്ലാവിധ യോഗ്യതയും ഉണ്ടെന്ന് എന്നെക്കുറിച്ചു മറ്റുള്ളവര്‍ക്കെല്ലാം തോന്നി. എനിക്കും അങ്ങനെയൊരു വിചാരം തുടക്കത്തിലുണ്ടായിരുന്നു. ദൈവവിളിയെന്ന വാക്കിന്റെ പൊരുള്‍തന്നെ അങ്ങനെയാണല്ലോ. നാം ആഗ്രഹിക്കാതിരുന്നിട്ടും അല്ലെങ്കില്‍ കൃത്യമായി പ്ലാന്‍ ചെയ്യാതിരുന്നിട്ടും ദൈവം നമ്മെ അത്തരമൊരു ജീവിതം തിരഞ്ഞെടുക്കാന്‍ വിളിക്കുന്നു. നമ്മുടെ യോഗ്യതയോ കഴിവോ നോക്കിയിട്ടല്ല ദൈവത്തിന്റെ ഇഷ്ടം മാത്രമാണ് അതിനു പിന്നിലുള്ളത്.

എന്നാല്‍ വര്‍ഷം കഴിയുംതോറും എനിക്ക് എന്റെ ദൈവവിളിയില്‍ ശങ്കതോന്നിത്തുടങ്ങി. എന്റെ പ്രാര്‍ത്ഥനകള്‍ വിരസമായി. എന്റെ പ്രാര്‍ത്ഥനകള്‍ക്ക് തീക്ഷ്ണത കുറഞ്ഞു, ഏതൊക്കെയോ തരത്തിലുള്ള ശൂന്യത ഉള്ളില്‍ വന്നുനിറഞ്ഞു. ഇതല്ല ഇതല്ല ഇതല്ല... ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും ഞാന്‍ സെമിനാരിയിലെത്തിയിട്ട് എട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. മൂന്നുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഞാന്‍ പുരോഹിതനാകും..

ഞാന്‍ എന്റെ ജീവിതത്തിന് വെളിയിലായതുപോലെ എനിക്ക് തോന്നി. എന്റെ വേഷം മറ്റാരോ ജീവിക്കുന്നു. മറ്റാരുടെയോ റോള്‍ ഞാന്‍ അഭിനയിക്കുന്നു. വച്ചുമാറിയ ജീവിതങ്ങള്‍. എന്റെ അത്തരം അസ്വസ്ഥഭരിതമായ ദിവസങ്ങളിലേക്കായിരുന്നു സിസ്റ്റര്‍ ആഗ്നസിന്റെ കടന്നുവരവ്,. ഞങ്ങളുടെ സെമിനാരിയുടെ തൊട്ടടുത്തായിരുന്നു സിസ്റ്റര്‍ ആഗ്നസിന്റെ കോണ്‍വെൻറ്. മാര്‍വാഡിക്കാരിയായ സിസ്റ്റര്‍ കോണ്‍വെന്റിലേക്ക് പുതുതായി എത്തിയ മെംബറായിരുന്നു. ആദ്യമാത്രയില്‍ ആഗ്നസിനെ കണ്ടതേ എന്റെയുള്ളില്‍ എന്തോ പാഞ്ഞു. തീ കൊളുത്തിയ ഒരു അമ്പുകണക്കെ എന്തോ ഒന്ന്്.

ഇതാ ഞാന്‍ എന്റെ ഹൃദയം കണ്ടെത്തിയിരിക്കുന്നുവെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. എവിടെ വച്ചോ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുപോയതോ ആയ ഹൃദയംഇതാ വളരെ

അപ്രതീക്ഷിതമായി കണ്ടുകിട്ടിയിരിക്കുന്നു. എന്നെ കണ്ടതും ആഗ്നസിലും ഒരുഭാവപ്പകര്‍ച്ചയുണ്ടായി എന്നത് എന്നെയും അത്ഭുതപ്പെടുത്തി. പുഴ കടലിനെ തൊട്ടതുപോലെ. അന്നു രാത്രിമുഴുവന്‍ ഞാന്‍ ആലോചിച്ചത് ആഗ്നസിനെക്കുറിച്ചായിരുന്നു.
എന്റെ ഹൃദയം അസ്വസ്ഥമായത് ആഗ്നസിനെ കണ്ടുമുട്ടാന്‍ വേണ്ടിയായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും സാത്താനും മാലാഖയും എനിക്കു വേണ്ടി വാതുവയ്ക്കുകയാണെന്ന് ഞാന്‍ ഭയന്നു. ഒരു സെമിനാരിവിദ്യാര്‍ത്ഥിയുടെ മനസ്സിലേക്ക് ആരാണ് ഇത്തരത്തിലുള്ള ചിന്തകള്‍ കടത്തിവിടുന്നത്... കൈക്കുടന്നയില്‍ കോരിയെടുത്ത തീര്‍ത്ഥകണം കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്നതുപോലെ.. ഞാനെന്തോ മഹാഅപരാധം ചെയ്തുവെന്ന തോന്നലില്‍ കുമ്പസാരക്കൂട്ടിലേക്കോടി. ഇതൊന്നും പ്രോത്സാഹിപ്പിക്കേണ്ടവയല്ലെന്ന് എനിക്കറിയാമായിരുന്നു.. സാത്താന്‍ വിശുദ്ധഭാവം ചമഞ്ഞ് വിശുദ്ധരുടെ അടുക്കല്‍ കുമ്പസാരിക്കാന്‍ പോലും വന്നിട്ടുണ്ട്. ഇതും അതുപോലെയുളള പരീക്ഷണമാണെങ്കിലോ....മനസ്സിന്റെ ചാഞ്ചാട്ടങ്ങള്‍ അണപ്പൊട്ടിയൊഴുകുന്ന വെള്ളം കണക്കെ കുമ്പസാരക്കാരനോടു പറഞ്ഞു. അദ്ദേഹം വളരെ ശാന്തനും നിര്‍മ്മനുമായിരുന്നു.

‘‘പ്രലോഭനങ്ങള്‍ ആര്‍ക്കാണ് കുഞ്ഞേ ഉണ്ടാകാത്തത്. നീ നന്നായി പ്രാര്‍ത്ഥിക്ക്’’.

എത്ര മുട്ടുകുത്തിപ്രാര്‍ത്ഥിച്ചിട്ടും പ്രലോഭനങ്ങള്‍ എന്നെവിട്ടുപോയില്ല. എല്ലാ മെഴുകുതിരികളും ഊതിയണയ്ക്കപ്പെട്ട ഒരു ഇരുട്ടുമുറിയില്‍ അടയ്ക്കപ്പെട്ടതുപോലെയായിരുന്നു ഞാന്‍. പക്ഷേ ആ ഇരുട്ടിലും ആഗ്നസ് തെളിഞ്ഞുനിന്നപ്പോഴാണ് അതൊരു മായയോ മന്ത്രമോ അല്ലെന്ന് എനിക്കു കൂടുതല്‍ വ്യക്തമായതും ആ വെളിച്ചത്തിന് പിന്നാലെ പായാന്‍ ഞാന്‍ തീരുമാനിച്ചതും. എനിക്ക് എന്റെ പ്രണയം അവളോട് പറയണമെന്നായി. ഞാന്‍ ഇവിടെ ആഗ്നസിനെയോര്‍ത്ത് ഉരുകുന്നു. അവളോ... ഞാന്‍ അങ്ങനെയും ആലോചിച്ചു. കര്‍ത്താവിന്റെ മണവാട്ടിയായി അവള്‍ കര്‍ത്തൃശുശ്രൂഷയില്‍ ആത്മാര്‍ത്ഥമായി വ്യാപരിക്കുകയാവും.. പക്ഷേ, എന്റെ ഈ തുറന്നുപറച്ചില്‍ അവള്‍ക്ക് വഴിതെറ്റലാകുമോ... പ്രലോഭനങ്ങളെക്കാള്‍ പേടിക്കേണ്ടത് പ്രലോഭനഹേതുവാകുന്നതാണ്. ഏതൊരാളുടെ ഇടര്‍ച്ചയ്ക്കു കാരണക്കാരനാകുന്നുവോ , അവനു ദുരിതം.!!! ചാപ്പലിലെ വേദപുസ്തകത്തിന് തീപിടിക്കുന്നതു പോലെ...ഞാന്‍ അവിടെനിന്നു ഇറങ്ങിയോടി.

എത്രനാളുകളാണ് ഞാന്‍ അങ്ങനെ ഉള്ളില്‍ തീവഹിച്ചു ജീവിച്ചതെന്നോ അതെത്രമാത്രം സംഘര്‍ഷങ്ങളാണ് എനിക്ക് സമ്മാനിച്ചതെന്നോ എനിക്കുപറയാനറിയില്ല. ഒടുവില്‍ ഞാനൊരു തീരുമാനമെടുത്തു. ആഗ്നസിനോട് ഇക്കാര്യം പറയുകതന്നെ. അതിനുശേഷം എന്തുംസംഭവിച്ചുകൊള്ളട്ടെ. ദേവാലയസങ്കീര്‍ത്തിയുടെ ഒഴിഞ്ഞകോണില്‍വച്ച് എനിക്കൊരു നാള്‍ അതു തുറന്നുപറയാനുള്ള അവസരവും ധൈര്യവും കിട്ടി.
‘‘എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല എങ്ങനെയാണ് പറയേണ്ടതെന്നും എനിക്കറിയില്ല. സിസ്റ്റര്‍, എന്റെ മനസ്സില്‍ ഇപ്പോള്‍ നിങ്ങള്‍ മാത്രമാണ്. നിങ്ങളെക്കൂടാതെ എനിക്കു ജീവിക്കാനാവില്ല'’’.
പ്രതികരണം എന്താണ് എന്നുപോലും നോക്കാനുള്ള കരുത്തെനിക്കുണ്ടായിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്കുശേഷമാണ് സിസ്റ്ററെ കാണാനുള്ള അവസരം ലഭിച്ചത്. ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. പകരം സിസ്റ്റര്‍ ചെറിയൊരു തുണ്ടുപേപ്പര്‍ ആരും കാണാതെ എനിക്കു നല്കി. അതിലെഴുതിയിരിക്കുന്നത് ഞാന്‍ ഇപ്രകാരം വായിച്ചു.
ഗിലെദായ് എനിക്കുള്ളതാണ്; മനാസെയും എന്റേതാണ്. എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്. മൊവാബ് എന്റെ ക്ഷാളനപാത്രം. ഏദോമില്‍ ഞാന്‍ എന്റെ പാദുകം വയ്ക്കുന്നു. ഫിലിസ്ത്യദേശത്ത് ഞാന്‍ ജയഭേരി മുഴക്കും. സുരക്ഷിതനഗരത്തിലേക്ക് ആരെന്നെ നയിക്കും. ഏദോമിലേക്ക് ആരെന്നെ കൊണ്ടുപോകും? സങ്കീ 108:8-10)

ആ വരികളില്‍ ഞാന്‍ ആഗ്നസിന്റെ മനസു വായിച്ചെടുത്തു; പ്രണയവും.. ആ രാത്രിയില്‍ ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരു തീരുമാനമെടുത്തു. ദൈവത്തോടു വിശ്വസ്തനായിരിക്കുക. അതാണ് പ്രധാനം. ഉചിതമാകാത്ത, പാകമാകാത്ത ഒരു കുപ്പായം ധരിച്ചുജീവിക്കാന്‍ എനിക്കാവില്ല. അത് ചിലര്‍ക്കു ഉചിതമാണ്. അവര്‍ അതിനോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കുന്നുമുണ്ട്. അവര്‍ക്ക് സ്തുതിയായിരിക്കട്ടെ. പക്ഷേ ഇത് തനിക്കു പാകമാവില്ല. അത്തരമൊരു തീരുമാനമെടുത്തതോടെ മനസ്സ് ശാന്തമാകുന്നതായി ഞാന്‍ അറിഞ്ഞു. ക്രിസ്തുവിന്റെ ചുവപ്പുമേലങ്കിയുടെ വസ്ത്രാഞ്ചലം എന്നെ തൊട്ടുരുമ്മിക്കടന്നു പോയി.

സംഭവിക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു. കുടുംബത്തില്‍ ഞാന്‍ അവഹേളിതനാകും. അച്ചനാകാന്‍പോയവന്‍ അച്ചനായില്ലെന്ന് മാത്രമല്ല ഒരു കന്യാസ്ത്രീയെ കൂടെക്കൂട്ടുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല എനിക്ക് ജോലിയില്ല. വിദ്യാഭ്യാസം ഉണ്ട് എന്നതുമാത്രമാണ് ഏകആശ്വാസം. ഇരുപത്തിമൂന്നു വയസില്‍ ഒരുവന്‍ വിവാഹിതനാകുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നിട്ടും വരാനുള്ളതിനെയെല്ലാം നേരിടാനുള്ള കരുത്ത് ആര്‍ജ്ജിച്ചെടുത്തുകൊണ്ട് ഞാന്‍ ആദ്യം സ്പിരിച്വല്‍ ഫാദറിനോട് കാര്യങ്ങളെല്ലാം പറഞ്ഞു.

അദ്ദേഹം അക്ഷോഭ്യനായില്ല. ശാന്തതയോടെ എല്ലാം കേട്ടു, ആലോചിക്കാന്‍ സമയം നല്കി. പ്രാര്‍ത്ഥനാപൂര്‍വം തീരുമാനമെടുക്കാനും. ഇനി അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അടുത്തപടിയായി കൗണ്‍സലിംങ് നല്കി. അവിടെയും എനിക്ക് മാറ്റമുണ്ടായില്ല. അദ്ദേഹം തന്നെ സുപ്പീരിയേഴ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെ മെത്രാനെ വിവരമറിയിച്ചു. വൈദികജീവിതം വേണ്ടെന്നു തീരുമാനിക്കുന്ന ഒരാളെയും ഒരു സഭാധികാരിയും പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പിടിച്ചുനിര്‍ത്താറില്ല. തിരുത്താന്‍ അവസരം നല്കും. അതും വേണ്ടാത്തവര്‍ക്ക് വേദനയോടെയാണെങ്കിലും പോകാന്‍ അനുവാദം നല്കും. അതുതന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. എട്ടുവര്‍ഷത്തോളം എന്നെ വളര്‍ത്തിവലുതാക്കിയ സന്യാസസഭയില്‍ നിന്ന് എനിക്ക് ഔദ്യോഗികമായി അവര്‍ വിടുതല്‍ നല്കി.

പക്ഷേ അപ്പോഴും സിസ്‌ററര്‍ ആഗ്നസിനെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നോ ഞങ്ങള്‍ ഒരുമിച്ചാണ് കേരളത്തിലേക്ക് പോകുന്നതെന്നോ ഞാന്‍ അധികാരികളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല, ഞാനും ആഗ്നസും ദൈവവുമല്ലാതെ ആര്‍ക്കും ഞങ്ങള്‍ക്കിടയിലെ പ്രണയം അറിവുണ്ടായിരുന്നില്ല. വൈദികജീവിതം നയിക്കുന്നത് ദുഷ്‌ക്കരമായിത്തോന്നുന്നതുകൊണ്ട് സെമിനാരിപഠനം അവസാനിപ്പിക്കുന്നുവെന്നുമാത്രമാണ് ഞാന്‍ അറിയിച്ചിരുന്നത്. ആഗ്നസും അതുപോലെ തന്നെ ഞാനുമായി അടുപ്പത്തിലാണെന്ന കാര്യം മഠത്തില്‍ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് കേരളത്തിലേക്കു ഞാന്‍ പോകുന്ന ദിവസം എന്തെങ്കിലും കാരണം പറഞ്ഞ് മഠത്തില്‍ നിന്ന് ഇറങ്ങിപ്പോന്നുകൊള്ളാം എന്നും റെയില്‍വേ സ്റ്റേഷനില്‍വച്ചു കണ്ടുമുട്ടാം എന്നുമായിരുന്നു ആഗ്നസ് വാക്കുനല്കിയിരുന്നത്.

നിറകണ്ണുകളോടെയാണ് കൂട്ടുകാര്‍ എന്നെ സെമിനാരിയില്‍ നിന്ന് യാത്രയാക്കിയത്. എന്നെ എട്ടുവര്‍ഷം പരിപാലിച്ച അധികാരികളോട് എല്ലാം തുറന്നുപറയാതെയാണല്ലോ പോകുന്നതെന്ന കുറ്റബോധം എന്നില്‍ ശക്തമായിരുന്നു. ഇന്നും അതെന്നെ വിട്ടുപോയിട്ടില്ല. തുള്ളിത്തെറിക്കുന്ന ഹൃദയത്തോടെയാണ് ഞാന്‍ ആഗ്ര റെയില്‍വേ സ്‌റ്റേഷനിലെത്തിലെത്തിയത്. നാട്ടിലേക്കുള്ള ട്രെയിന്‍ വരുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പുതന്നെ. പക്ഷേ ആഗ്നസ് എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. പതിവുപോലെ പതിവു നേരവും തെറ്റി ട്രെയിന്‍ വന്നിട്ടും ആഗ്നസ് വന്നില്ല. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തളര്‍ന്നു. ആഗ്നസ് എവിടെ ? ആഗ്നസ്... ഇതാ ട്രെയിന്‍, മുന്നോട്ടുള്ള യാത്രയ്ക്ക് തിടുക്കം കൂട്ടുന്നു. പ്ലാറ്റ്‌ഫോമില്‍ തിരക്കൊഴിഞ്ഞിരിക്കുന്നു. ആഗ്നസ് വരുന്നുണ്ടോ ഞാന്‍ പ്രതീക്ഷയോടെ വീണ്ടും നോക്കി. ഇല്ല... ട്രെയിന് അനക്കം വച്ചുതുടങ്ങിയിരിക്കുന്നു. ഞാന്‍ ഇരുവശങ്ങളിലേക്കും നോക്കി. ഇല്ല ഇപ്പോഴും ആഗ്നസ് വന്നിട്ടില്ല.. ട്രെയിന്‍ പുറപ്പെട്ടുതുടങ്ങി. എന്തുചെയ്യണമെന്ന് എനിക്കൊരു എത്തുംപിടിയും കിട്ടിയിരുന്നില്ല. യാത്രാവണ്ടികളൊന്നും ആരെയും കാത്തുനില്ക്കുന്നില്ല. ആ വണ്ടികള്‍ക്കൊപ്പം ജീവിതം ക്രമീകരിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. ഒടുവിന്‍ മുന്‍പിന്‍ നോക്കാതെ, ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ഞാന്‍ ഓടിച്ചെന്നുകയറി. വാതില്‍ക്കല്‍ നിന്നും പുറത്തേക്ക് തലയിട്ട് ഞാന്‍ പ്രതീക്ഷയോടെ ആഗ്നസിനെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ആഗ്നസ് അവിടെയൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി....’’

ഇപ്പോള്‍ ആ പൊട്ടിക്കരച്ചില്‍ എന്റെ തൊട്ടടുത്തുനിന്നായിരുന്നു. പപ്പ എനിക്കുമുമ്പില്‍ കരയുകയായിരുന്നു. നാല്പത്തിയഞ്ചോളം വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന സംഭവത്തെ ഇനിയും ഹൃദയത്തില്‍ നിന്നിറക്കിവിടാന്‍ കഴിയാത്തതിന്റെ സങ്കടവും കുറ്റബോധവും നിരാശതയും ഒക്കെയായി... എന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.

‘‘ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ ചെയ്തതിലെ ശരിതെറ്റുകള്‍ എനിക്കു വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നില്ല. ഞാന്‍ അവിടെത്തന്നെ നില്ക്കണമായിരുന്നോ...ആഗ്നസിനെ അന്വേഷിച്ചു പോകണമായിരുന്നോ.. അവള്‍ വരാത്തത്തിന്റെ കാരണം തിരക്കണമായിരുന്നോ.. എനിക്കറിയില്ല’’.

പപ്പ പറഞ്ഞവസാനിപ്പിച്ചു.
ഞാനും അതുതന്നെയായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്. ആഗ്നസിന് എന്തുകൊണ്ടാവാം കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയാതെപോയത് ? ഇനി വൈകിയാണ് എത്തിച്ചേരാന്‍ സാധിച്ചതെങ്കില്‍ പിന്നീട് ആ ജീവിതത്തില്‍ എന്തുസംഭവിച്ചു ? സിസ്റ്റര്‍ ആഗ്നസ് ജീവിച്ചിരിപ്പുണ്ടാവുമോ ... പപ്പയെ പോലെ ഒരു കുടുംബജീവിതം നയിച്ചിരുന്നോ അതോ കോണ്‍വെൻറ് ജീവിതം തുടര്‍ന്നോ ? അറിയില്ല. പപ്പയ്ക്കുപോലും അറിയാത്ത കാര്യങ്ങള്‍.

സുഹൃത്തിനോടും പപ്പയോടും യാത്രപറഞ്ഞുപിരിയുമ്പോഴും മനസ്സില്‍ ഒരു ചിത്രം അവശേഷിക്കുന്നുണ്ടായിരുന്നു. റെയില്‍വേസ്‌റ്റേഷനില്‍ സിസ്റ്റര്‍ ആഗ്നസിനെ കാത്തുനില്ക്കുന്ന ക്ലീന്‍ ഷേവുകാരനായ കറുത്തപാന്റും ഷര്‍ട്ടും ധരിച്ച ഒരു ഇരുപത്തിമൂന്നുകാരന്‍. ആഗ്രയിലെ ആ റെയില്‍വേസ്റ്റേഷനില്‍ നിന്ന് അന്ന് പപ്പ പോന്നുവെങ്കിലും വര്‍ഷമിത്ര കഴിഞ്ഞിട്ടും കുടുംബവും മക്കളും പേരക്കുട്ടികളുമൊക്കെയായിട്ടും ആ മനസ്സ് ഇപ്പോഴും അവിടെത്തന്നെയാണെന്ന് തോന്നുന്നു. മനുഷ്യമനസ്സ്... അതെന്തൊരു സംഭവമാണ് അല്ലേ ?

Unspoken Secrets of a Cancer Patient:

Nothing in life is ever as simple or as clearly understood as it appears on the surface, since every person carries profound hidden secrets. Vinayak Nirmal shares a poignant real-life encounter in his column Ullam, featuring a cancer patient who summons him to narrate a forgotten past. Despite the approaching end of his life, the elderly man remains surprisingly serene and eager to share his dramatic youth. He recounts his lonely childhood after losing his parents and feeling like a burden to his elder siblings in the village. Seeking a way out from his suffocating domestic life, he readily agreed when a visiting priest offered to take him to a seminary in Bombay. For eight long years, he lived a disciplined life of studies, prayer, and preparing to become a devoted clergyman in the church. However, everything changed completely when he unexpectedly crossed paths with Sister Agnes, a newly arrived nun from Marwar. That single fleeting glance ignited an intense, forbidden romance that deeply shook his spiritual convictions and inner peace. Torn between his sacred vows and overwhelming love, he eventually chose to leave the seminary to pursue a life with her. On the day of departure, he waited anxiously at the Agra railway station for Agnes, but she tragically never arrived. Boarding the train alone in absolute despair, he spent decades wondering about her fate while building a normal family. As the author bids farewell to the dying man, he realizes that a part of the old man's heart forever remains waiting at that platform.