‘അമ്മ എന്നെ ചേർത്തുപിടിച്ചു പറഞ്ഞു: ‘അച്ഛൻ കാത്തോളും നമ്മളെ..’ ആ വാക്കുകൾ സത്യമായി’: അനന്തപത്മനാഭൻ
മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ സ്മരണകൾ പങ്കുവെക്കുകയാണ് മകൻ അനന്തപത്മനാഭൻ. അച്ഛന്റെ പഴയകാല സമ്മാനങ്ങളും സിനിമാസെറ്റുകളിലെ അനുഭവങ്ങളും മാതാപിതാക്കളുടെ പ്രണയകഥയും അദ്ദേഹം ഹൃദ്യമായി വിവരിക്കുന്നു. അച്ചടക്കത്തോടെയുള്ള അച്ഛന്റെ എഴുത്തുശീലങ്ങളും മകനെന്ന നിലയിലുള്ള അനുഭവങ്ങളും ഒപ്പം അപ്രതീക്ഷിതമായി കടന്നുവന്ന വേർപാടിന്റെ നോവുകളും ഈ ഓർമക്കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന്റെ സാന്നിധ്യവും കരുതലും തങ്ങൾക്ക് തുണയായിരുന്നെന്നും അനന്തപത്മനാഭൻ വ്യക്തമാക്കുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ സ്മരണകൾ പങ്കുവെക്കുകയാണ് മകൻ അനന്തപത്മനാഭൻ. അച്ഛന്റെ പഴയകാല സമ്മാനങ്ങളും സിനിമാസെറ്റുകളിലെ അനുഭവങ്ങളും മാതാപിതാക്കളുടെ പ്രണയകഥയും അദ്ദേഹം ഹൃദ്യമായി വിവരിക്കുന്നു. അച്ചടക്കത്തോടെയുള്ള അച്ഛന്റെ എഴുത്തുശീലങ്ങളും മകനെന്ന നിലയിലുള്ള അനുഭവങ്ങളും ഒപ്പം അപ്രതീക്ഷിതമായി കടന്നുവന്ന വേർപാടിന്റെ നോവുകളും ഈ ഓർമക്കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന്റെ സാന്നിധ്യവും കരുതലും തങ്ങൾക്ക് തുണയായിരുന്നെന്നും അനന്തപത്മനാഭൻ വ്യക്തമാക്കുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ സ്മരണകൾ പങ്കുവെക്കുകയാണ് മകൻ അനന്തപത്മനാഭൻ. അച്ഛന്റെ പഴയകാല സമ്മാനങ്ങളും സിനിമാസെറ്റുകളിലെ അനുഭവങ്ങളും മാതാപിതാക്കളുടെ പ്രണയകഥയും അദ്ദേഹം ഹൃദ്യമായി വിവരിക്കുന്നു. അച്ചടക്കത്തോടെയുള്ള അച്ഛന്റെ എഴുത്തുശീലങ്ങളും മകനെന്ന നിലയിലുള്ള അനുഭവങ്ങളും ഒപ്പം അപ്രതീക്ഷിതമായി കടന്നുവന്ന വേർപാടിന്റെ നോവുകളും ഈ ഓർമക്കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന്റെ സാന്നിധ്യവും കരുതലും തങ്ങൾക്ക് തുണയായിരുന്നെന്നും അനന്തപത്മനാഭൻ വ്യക്തമാക്കുന്നു.
ചലച്ചിത്രകാരൻ പത്മരാജന്റെ സ്മരണകളെ ഹൃദയത്തോടു ചേർത്തുവച്ച് മകൻ അനന്തപത്മനാഭൻ.
ഇന്നലെയും ഞാൻ ആ പഴയ സോപ്പുപെട്ടി തുറന്ന് ഇളംപിങ്ക് നിറമുള്ള ആ സോപ്പ് വാസനിച്ചു നോക്കി. പനിനീർപ്പൂക്കളുടെ നേർത്ത സുഗന്ധം. വർഷങ്ങൾ ദൂരേക്കു പറന്നു പോയിട്ടും മായാത്ത ഓർമകളുടെ സുഗന്ധമാണ് എനിക്കത്. 1982 ലെ ഒരു പ്രഭാതത്തിൽ പാരീസ് യാത്രയ്ക്കു ശേഷം മടങ്ങി വന്നപ്പോൾ അച്ഛൻ എനിക്കും അനിയത്തി മാതുവിനും ആ വിശേഷപ്പെട്ട സോപ്പുകൾ സമ്മാനിച്ചത് ഇന്നലെയെന്ന പോലെ ഓർമയുണ്ട്. വല്ലപ്പോഴും വിശേഷാവസരങ്ങളിൽ മാത്രമേ ഞാൻ ആ സോപ്പ് ഉപയോഗിച്ചിട്ടുള്ളൂ.. അതിന്റെ സുഗന്ധവും നിറവും രൂപവുമൊക്കെ ഏറെ മാറ്റം വരാതെ പഴയപോലെ നിൽക്കുന്നു. അച്ഛന്റെ കൈവിരൽത്തുമ്പുകൾ തൊട്ട ആ കുഞ്ഞു സമ്മാനം എനിക്കിന്നും ഒരു നിധി പോലെ തോന്നുന്നു..
അച്ഛന്റെ സിനിമാസെറ്റുകളിലൂടെ
കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ പുറത്തു പോകുമ്പോൾ ആളുകളുടെ സ്നേഹബഹുമാനം നിറഞ്ഞ പെരുമാറ്റം കണ്ടു പതിയെ ഞാൻ മനസ്സിലാക്കിയിരുന്നു, അച്ഛൻ അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന്. അച്ഛൻ വായിച്ചു കേട്ട് എന്റെ ഓർമയിൽ പതിഞ്ഞ ആദ്യ തിരക്കഥ ‘പെരുവഴിയമ്പല’ത്തിന്റെയാണ്. ആ സിനിമയുടെ ഷൂട്ടിങ്ങിന് നെയ്യാർ ഡാമിന്റെ പരിസരത്തും ബാലരാമപുരത്തെ കുന്നുകളിലും പോയതോർക്കുന്നു. അതിൽ കുട്ടികളുടെ കൂട്ടത്തിൽ ഞാനും ചില സീനുകളിൽ വന്നു പോകുന്നുണ്ട്.
എനിക്ക് ആറു വയസ്സുള്ളപ്പോൾ നക്ഷത്രങ്ങളേ കാവൽ സിനിമയിൽ പ്രഭുവിൻെറ കുട്ടിക്കാലം വരുന്ന ചില മൊണ്ടാഷ് സീനുകളിൽ അഭിനയിച്ചിരുന്നു. പിന്നീട് ‘ഒരിടത്തൊരു ഫയൽവാന്റെ’ സെറ്റിൽ കോട്ടയത്തു കുമരകത്ത് അമ്മയ്ക്കും അനിയ ത്തി മാതുവിനും ഒപ്പം കുറച്ചു ദിവസം തങ്ങിയതോർമയുണ്ട്. ഞാൻ പത്താം ക്ലാസ് ജയിച്ച സമയത്തായിരുന്നു ‘തൂവാനത്തുമ്പികളു’ടെ ഷൂട്ടിങ്. പത്താ ക്ലാസിലെ റിസൽറ്റ് വന്നപ്പോൾ എനിക്ക് 70 ശതമാനമായിരുന്നു മാർക്ക്. അത് തിരുവനന്തപുരത്തെ സ്റ്റാൻഡേർഡിൽ വലിയ മാർക്കല്ലെങ്കിലും അച്ഛൻ ഹാപ്പിയായി. ആ സന്തോഷത്തിനു പകരമായി ‘തൂവാനത്തുമ്പികളു’ടെ സെറ്റിൽ കുറച്ച് ദിവസം വന്ന് നിൽക്കാൻ അച്ഛൻ എന്നെ വിളിച്ചു.
തൃശൂരിനു പോകാൻ ഇറങ്ങും മുൻപ് അച്ഛൻ പറഞ്ഞു: “നീ അമ്മയുടെ കാലിൽ തൊട്ട് തൊഴുത് അനുഗ്രഹം വാങ്ങ്.. പുതിയൊരു കാര്യത്തിനു പോകുകയല്ലേ..” ഞാൻ അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടാണ് ഇറങ്ങിയത്. ആ സിനിമയുടെ സെറ്റിലെ ദിനങ്ങൾ പുതിയൊരനുവമായിരുന്നു. പിന്നെ ഒരിക്കലും അച്ഛന്റെ ഒരു സെറ്റിലും ഞാൻ അത്രയും ദിവസങ്ങൾ അങ്ങനെ തങ്ങിയിട്ടില്ല.
എഴുത്തിന്റെ വഴിയേ നടത്തിയ അച്ഛൻ
എനിക്ക് എഴുത്തിനോട് ആഭിമുഖ്യമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചിരുന്നു. എന്റെ 11ാം പിറന്നാളിന് അച്ഛൻ സമ്മാനിച്ചത് ‘ഐതിഹ്യമാല’യാണ്. ‘പപ്പന് പതിനൊന്നാം പിറന്നാളിനു സ്നേഹത്തോടെ അച്ഛൻ’ എന്ന് ആദ്യപേജിൽ എഴുതിയിരുന്നു. പിന്നീടു ഞാൻ കുറേശ്ശേ കഥകളൊക്കെ എഴുതിത്തുടങ്ങി. ചിലതൊക്കെ അച്ഛനെ കാണിക്കുമായിരുന്നു.. അച്ഛൻ അതു വലിയ കാര്യമായി എടുത്തിരുന്നെന്ന് അന്നൊന്നും അറിയില്ലായിരുന്നു. എന്നാൽ, പിൽക്കാലത്ത് അച്ഛന്റെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞറിഞ്ഞു, അച്ഛൻ ആ കഥകളെപ്പറ്റി വലിയ അഭിമാനത്തോടെ പറഞ്ഞിരുന്നെന്ന്. കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി.
കത്തുകളിൽ ഉറങ്ങുന്ന പ്രണയം
ഇപ്പോഴും വീട്ടിൽ പഴയൊരു പെട്ടിയിൽ അമ്മ സൂക്ഷിച്ചു വച്ചിട്ടുണ്ട് അമ്മയും അച്ഛനും അവരുടെ പ്രണയകാലത്തെഴുതിയ നൂറുകണക്കിനു കത്തുകൾ. ‘എന്റെ തങ്കത്തിന് ഹൃദയവായ്പ്പോടെ പപ്പു’ എന്ന് അച്ഛൻ എഴുതിയ തീവ്രപ്രണയവും വിരഹവും നിറയുന്ന ആ കത്തുകളിൽ, നിറംമങ്ങാത്ത ഒരു കാലം ഉറങ്ങിക്കിടക്കുന്നു. ആ പ്രണയത്തിന്റെ വിശദാംശങ്ങളെല്ലാം അമ്മ അച്ഛനെക്കുറിച്ചെഴുതിയ ഓർമപ്പുസ്തകത്തിൽ പകർത്തിയിട്ടുണ്ട്.
തൃശൂരിൽ ആകാശവാണിയിൽ ജോലി ചെയ്യുന്ന സമയത്താണ് അച്ഛനും അമ്മയും കണ്ടുമുട്ടിയതും തുടക്കത്തിലെ സൗഹൃദം പതിയെ പ്രണയമായി മാറിയതും അമ്മയുടെ വീട്ടിൽ കടുത്ത എതിർപ്പായതുമൊക്കെ... അമ്മയെക്കൊണ്ട് വീട്ടുകാർ ജോലി രാജി വയ്പ്പിച്ചു. വീട്ടുതടങ്കലിൽ ആയ അവസ്ഥയിലായിരുന്നു അമ്മ. പിന്നെ ചില ബന്ധുവീടുകളിൽ മാറ്റിത്താമസിപ്പിച്ചു. അങ്ങനെ മദിരാശിയിൽ താമസിക്കുന്ന കാലത്ത് അച്ഛനൊരിക്കൽ കാണാൻ വന്നതും ഒരു മഞ്ചാടിമാല സമ്മാനിച്ചതും.. ആ നേരത്ത് അടുത്തുള്ള കോവിലിൽ നിന്നു നാദസ്വരത്തിന്റെ മേളം ഒഴുകി വന്നതും... ഒക്കെ അമ്മ എഴുതിയിട്ടുണ്ട്.
നാലു വർഷത്തെ വിരഹനൊമ്പരങ്ങൾക്കു ശേഷമാണ് അവർ വിവാഹിതരായത്. ദാമ്പത്യത്തിന്റെ തുടക്കത്തിലേ അച്ഛനും അമ്മയും ഒരു തീരുമാനം എടുത്തിരുന്നതിനെപ്പറ്റി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കലും പരസ്പരം വിഷമിപ്പിക്കുകയില്ല എന്ന്. അവരുടെ ജീവിതത്തിൽ ഒരിക്കലും പരസ്പരം വിഷമിപ്പിക്കുന്ന വഴക്കോ പിണക്കമോ ഞാൻ കണ്ടിട്ടില്ല. അച്ഛൻ അമ്മയെ ബഹുമാനത്തോടെ ‘നിങ്ങൾ’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. തിരക്കഥാസമാഹാരം സമർപ്പിച്ചിരിക്കുന്നത് ‘രാധാലക്ഷ്മിക്ക്’ എന്നാണ്. അലങ്കാരവാക്കുകളില്ലാതെ..
അച്ഛൻ തന്റെ കഥാസമാഹാരം സമർപ്പിച്ചിരിക്കുന്നത് തന്റെ അമ്മയ്ക്കാണ്. ‘കഥ പറഞ്ഞു തന്നു കഥ പറഞ്ഞു തന്ന് എന്നെ ഒരു കഥപറച്ചിലുകാരനാക്കി മാറ്റിയ എന്റെ അമ്മയ്ക്ക്’ എന്ന കുറിപ്പോടെ. കുട്ടിക്കാലത്ത് വേനലവധികളിലൊക്കെ ഞവരയ്ക്കലെ തറവാട്ടിൽ താമസിക്കുമ്പോൾ രാത്രിയിൽ ഞങ്ങൾ കൊച്ചുകുട്ടികൾക്ക് അ മ്മൂമ്മ കഥകൾ പറഞ്ഞുതരുമായിരുന്നു. ചിലപ്പോഴൊക്കെ അച്ഛനും ആ മനോഹരമായ കഥകൾക്ക് കാതോർത്തു ജനാലയ്ക്കൽ നിന്നതു ഞാൻ ഓർക്കുന്നു.
കഥകളോടുള്ള സ്നേഹം പോലെ, പൂക്കളോടും ചെടികളോടുമുള്ള സ്നേഹവും അച്ഛന് അമ്മൂമ്മയിൽ നിന്ന് പകർന്നു കിട്ടിയതാണെന്നു തോന്നിയിട്ടുണ്ട്. അക്കാലത്ത് ഞവരയ്ക്കലെ കിഴക്കേ മുറ്റത്ത് ഒരുപാട് പൂച്ചെടികളുണ്ടായിരുന്നു. നീലക്കോളാമ്പിയും ഗന്ധരാജനും നന്ത്യാർവട്ടവും മന്ദാരവും പവിഴമല്ലിയും അരിമുല്ലയും മോഹിനിയെന്ന് അമ്മൂമ്മ പേരിട്ട സുഗന്ധമുള്ള പൂക്കൾ വിരിയിച്ച മരവും.. തിരുവനന്തപുരത്തെ വീട്ടിലും അച്ഛൻ ഞവരയ്ക്കൽ വീട്ടിൽ നിന്നു കൊണ്ടുവന്ന ഒരുപാടു ചെടികൾ വച്ചു പിടിപ്പിച്ചിരുന്നു. അവയിൽ ചിലത് ഇന്നും മായാത്ത പച്ചപ്പും തണലും പൂക്കളും സുഗന്ധവും വിരിച്ച് നിൽപ്പുണ്ട്.
ആദ്യം ‘ഓം’ എന്ന് എഴുതി തുടക്കം
എഴുത്തിൽ അച്ഛൻ ഏറ്റവും ഡിസിപ്ലിൻഡ് ആയിരുന്നു. വളരെ വേഗത്തിലായിരുന്നു അച്ഛന്റെ എഴുത്ത്. ആകാശവാണിയിലെ ലീവിന് ഒപ്പിച്ച് എഴുതിത്തീർക്കാനാവണം അങ്ങനെ വേഗത്തിൽ എഴുതിയിരുന്നത്. വേളി ബോട്ട് ഹൗസും ടൂറിസ്റ്റ് ബംഗ്ലാവുകളും ഒക്കെയായിരുന്നു അ ച്ഛന്റെ എഴുത്തുതാവളങ്ങൾ. എഴുതാനായി തങ്ങുന്നയിടങ്ങളിലൊക്കെ അടുത്ത സുഹൃത്തുക്കളിലാരെങ്കിലും കൂട്ടിനുണ്ടാവുക പതിവായിരുന്നു. തനിയെ ഉറങ്ങാൻ ഭയമായിരുന്നു അച്ഛന്. എഴുതാനുള്ളപ്പോൾ രാവിലെ നാലുമണിക്ക് എണീക്കും. എന്തെഴുതുന്നതിനും മുൻപ് ‘ഓം’ എന്ന് എഴുതിയിട്ടായിരുന്നു തുടങ്ങുന്നത്. അത് ഒരു ഉൾദീപം തെളിയിക്കൽ പോലെയായിരുന്നു.
അനിയത്തി മാതു (മാധവിക്കുട്ടി) ജനിച്ച ദിവസമായിരുന്നു അച്ഛന്റെ ആദ്യ സിനിമയായ ‘പ്രയാണ’ത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയത്. ജീവിതത്തിൽ ഭാഗ്യം കൊണ്ടു വന്ന മകളാണു മാതുവെന്ന് അച്ഛനു വലിയ വിശ്വാസം ആയിരുന്നു. മാതുവിനോട് ഇത്തിരി വാൽസല്യക്കൂടുതലായിരുന്നു. വീട്ടിലുള്ള സമയത്തു ഞങ്ങളുടെ കൂടെ കളിക്കാനൊക്കെ കൂടുമായിരുന്നു അച്ഛൻ. സ്നേഹം കൂടുമ്പോൾ മാതു അച്ഛനെ വിളിക്കുന്നത് അച്ഛൻകുട്ടി എന്നായിരുന്നു. പക്ഷേ, 16 വയസ്സു വരെ മാത്രമേ അച്ഛന്റെ വാൽസല്യം അനുഭവിക്കാൻ മാതുവിന് ഭാഗ്യം ഉണ്ടായുള്ളൂ..
ദുഃസൂചനകൾ പോലെ
‘ഞാൻ ഗന്ധർവ്വ’ൻെറ റിലീസിനു മുൻപുള്ള സമയത്തു മാതുവിന് കോളജിൽ കവിതാ പാരായണമത്സരത്തിനു ചൊല്ലാൻ അച്ഛൻ തിരഞ്ഞെടുത്തു കൊടുത്തത് വയലാറിന്റെ ‘ആത്മാവിൽ ഒരു ചിത’യാണ്. “അതു വേണ്ട അച്ഛാ. കുറച്ചു കൂടി പ്രസന്നമായൊരു കവിത മതി” എന്നു ഞാൻ പറഞ്ഞു നോക്കിയെങ്കിലും “മാതു നന്നായി ചൊല്ലുന്നുണ്ട്, അതു മതി”യെന്ന് അച്ഛൻ പറഞ്ഞു.
ആ സമയത്തു ഞാൻ വായിച്ചിരുന്നത് എ. ജെ. ക്രോണിന്റെ ‘എ സോങ് ഓഫ് സിക്സ്പെൻസ്’ എന്ന നോവലായിരുന്നു. നായകൻ ലോറൻസ് കരോൾ എന്ന ബാലന് അവന്റെ അച്ഛനെ നഷ്ടപ്പെടുന്നത് നോവലിൽ വായിച്ച് രാത്രിയിൽ ഞാൻ കരഞ്ഞു. പിറ്റേന്ന് ഞാൻ കോളജിലായിരുന്ന സമയത്ത് എം. ജി. രാധാകൃഷ്ണൻ അങ്കിളും സുഹൃത്തും വന്ന് എന്നെ കൂട്ടിക്കൊണ്ട് പോയി. മാതു പഠിക്കുന്ന കോളജിൽ ചെല്ലുമ്പോൾ അവൾ ‘ആത്മാവിൽ ഒരു ചിത’ പാടുകയായിരുന്നു.. ഞങ്ങളെ കാറിൽ കയറ്റി കൊണ്ടു പോയി. കാറിൽ വച്ചാണ് രാധാകൃഷ്ണനങ്കിൾ പറഞ്ഞത്, ‘അച്ഛൻ പോയി’ എന്ന്.
എന്നും താങ്ങായി അച്ഛൻ
അച്ഛന്റെ വേർപാടിനു ശേഷം ഞവരയ്ക്കൽ തറവാട്ടിൽ കരഞ്ഞ് ഇരിക്കുന്ന ഒരു സന്ധ്യയ്ക്ക് അമ്മ എന്നെ ചേർത്തുപിടിച്ചു പറഞ്ഞു: “അച്ഛൻ കാത്തോളും നമ്മളെ.” ആ വാക്കുകൾ സത്യമായി. അച്ഛന്റെ ഫാമിലി പെൻഷൻ ആണ് ഞങ്ങളെ വീണ്ടും മുന്നോട്ടു കൊണ്ടു പോയത്. അച്ഛൻ വാങ്ങിയ ഫ്ലാറ്റ് വാടകയ്ക്കു കൊടുത്തു. അ ച്ഛൻ വാങ്ങിയ എസ്റ്റേറ്റ് വിറ്റു. മാതുവിന്റെ കല്യാണസമയത്തും അച്ഛനെ സ്നേഹിച്ചിരുന്നവരുടെ സഹായത്താൽ എല്ലാം ഭംഗിയായി നടത്താനായി. ചിലതൊക്കെ നമ്മുടെ വിശദീകരണങ്ങൾക്കപ്പുറത്താണ്. എനിക്കു പണത്തിനു ബുദ്ധിമുട്ട് വരുന്ന നേരത്തൊക്കെ അച്ഛന്റെ പുസ്തകങ്ങളുടെ തുക റോയൽറ്റിയായി കിട്ടാറുണ്ട്. അച്ഛന്റെ താങ്ങു പോലെ.
എനിക്കും ഭാര്യ പാറുവിനും (ദീപാലക്ഷ്മി) മൂത്ത മകൻ ഋതുപർണനു ശേഷം രണ്ടാമത്തെ മകൻ പിറന്നപ്പോൾ അവനു പത്മരാജൻ എന്നു പേരിടാനാണു തോന്നിയത്. പക്ഷേ, ഒന്നര വയസ്സിൽ അവൻ അർബുദം ബാധിച്ച് ഞങ്ങളെ വിട്ടു പോയി. അതൊക്കെയും വിശദീകരണങ്ങൾക്കപ്പുറത്തുള്ള അനുഭവങ്ങളാണ്. കൃത്യം ഒരു വർഷം കഴിഞ്ഞ് പാറു വീണ്ടും ഒരു കുഞ്ഞിനു ജന്മം നൽകി. അവന്റെ അതേ ഛായയിൽ കുഞ്ഞുണ്ണി (ശന്തനു) ഞങ്ങൾക്കരികിലേക്കു വന്നു.
ആ വിരൽസ്പർശം ഞാനറിഞ്ഞു
ഞാനും ഞവരയ്ക്കലെ രാത്രിയുടെ ഏകാന്തതയിലിരുന്ന് ചില കഥകൾ എഴുതിയിട്ടുണ്ട്. അച്ഛനിൽ നിന്നു കിട്ടിയ ശീലം പോലെ ഞാനും ലാപ്‌ടോപ്പിലായാലും ഫോണിൽ ആയാലും ‘ഓം’ എന്ന് എഴുതിയിട്ടാണ് എന്തും എഴുതിത്തുടങ്ങുക. അപ്പോൾ അച്ഛൻ എന്റെ ഉള്ളിൽ നിറയും.
മരിക്കുന്നതിനു രണ്ടാഴ്ച മുൻപ് അച്ഛൻ പറഞ്ഞിരുന്നു: “ഒരിക്കലും നീ സിനിമ സംവിധാനം ചെയ്യാൻ പോകരുത്.” സിനിമ ഉപജീവനമാക്കരുതെന്നാണു പറഞ്ഞത്.‘ ഞാൻ ഗന്ധർവ്വ’ന്റെ റിലീസിനു ശേഷം ഉണ്ടായ സമ്മർദങ്ങളാവാം അച്ഛനെക്കൊണ്ട് അതു പറയിച്ചത്. പിന്നീടു പലപ്പോഴും സംവിധാനം ചെയ്യാനുള്ള ഓഫറുകള്‍ വന്നപ്പോൾ ഞാൻ അച്ഛന്റെ ആ വാക്കുകൾ ഓർമിച്ചു പിന്തിരിഞ്ഞു.
അച്ഛന്റെ വേർപാടിനു ശേഷം ഒരിക്കൽ ഒരു മഴക്കാലത്തു ഞാൻ ഒറ്റയ്ക്കു മുതുകുളത്തെ വീട്ടിൽ രാത്രിയിൽ താമസിച്ചു. ഓടിൻെറ മേലേ മഴയുടെ താളം.. ജനാലയ്ക്കപ്പുറം ഉലയുന്ന നനഞ്ഞ മരച്ചില്ലകൾ.. അഭൗമമായൊരു അ ന്തരീക്ഷം. അച്ഛൻ അവസാനമായി വായിക്കാൻ വാങ്ങിയ പുസ്തകം ‘ലവ് ഇൻ ദി ടൈം ഓഫ് കോളറ’ എന്റെ കയ്യിലുണ്ടായിരുന്നു..
അച്ഛനതു മുഴുവനും വായിക്കാൻ സാധിച്ചിരുന്നില്ല. ആ രാത്രിയിൽ, അച്ഛൻ വായിച്ചു നിർത്തി അടയാളം വച്ചിരുന്നയിടത്തു നിന്നു ബാക്കിവരുന്ന ഭാഗം ഞാൻ ഉറക്കെ വായിച്ചു.. തെക്കേപ്പറമ്പിൽ നിന്ന് വീശിയെത്തിയ രാത്രിമഴയുടെ നനവും തണുപ്പും നന്ത്യാർവട്ടപ്പൂക്കളുടെ സുഗന്ധവുമുള്ള കാറ്റ് മെല്ലെ എന്നെ തഴുകി കടന്നു പോയി. അപ്പോൾ അച്ഛന്റെ മൃദുവായ വിരലുകളുടെ സ്പർശം ഞാൻ അറിഞ്ഞു..