Tuesday 27 November 2018 05:04 PM IST : By സ്വന്തം ലേഖകൻ

‘പാമ്പ് പിണഞ്ഞ് കയറില്ല, ചെടി കരിയില്ല’; ആർത്തവവും അന്ധവിശ്വാസങ്ങളും; മിഥ്യാധാരണകളെ തിരുത്തി കുറിപ്പ്

periods-note

സ്ത്രീ സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പേറ്റന്റ് മൊത്തമായും ചില്ലറായായും ഏറ്റെടുക്കുന്ന ആങ്ങളമാരുടെ കാലമാണിത്. പക്ഷേ ഇക്കണ്ട വീരവാദങ്ങൾക്കിടയിലും ആർത്തവ അശുദ്ധിയുടെ പേരു പറഞ്ഞ് പെണ്ണിനെ ഓരം ചേർത്ത് നിർത്തുന്ന ‘അപരിഷ്കൃതര്‍’ കുറവല്ലെന്നു വേണം കരുതാൻ. ആർത്തവനാളിൽ പുറത്തിറങ്ങരുത്, അത്തരക്കാരെ തൊടരുത്, വെള്ളം കോരരുത് തുടങ്ങി പുറ്റുപോലെ പറ്റിപ്പടിച്ച ഇത്തരം മിഥ്യാധാരണകള്‍ കാലഘട്ടത്തിന്റെ ശാപമാണ്.

ആർത്തവം അശുദ്ധിയാണെന്ന പേരിൽ ഓല ഷെഡിൽ താമസിക്കേണ്ടി വന്ന ബാലിക തെങ്ങ്‍വീണ് മരിച്ച സംഭവം രാജ്യത്തിനു തന്നെ നാണക്കേടാകുമ്പോൾ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി എത്തുകയാണ് ഇൻഫോക്ലിനിക്ക്. ആർത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക  ജൈവിക പ്രക്രീയ ആണന്നും അതിൽ അശുദ്ധിയില്ലെന്നും ഉൗന്നിപ്പറയുകയാണ് ലേഖനത്തിലൂടെ. ആർത്തവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം എന്ന പേരിലാണ് ലേഖനം ഇൻഫോക്ലിനിക്ക് ലേഖനമെഴുതിയിരിക്കുന്നത്. 

ആർത്തവത്തെ ചുറ്റിപ്പറ്റി പലരും വച്ചുപുലർത്തുന്ന മിഥ്യാധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ് ഇൗ ലേഖനത്തിൽ. ആർത്തവമുള്ളവരെ തൊടുന്നതിനോ, ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്നതിനോ, ആർത്തവമുള്ളവർ നമ്മളെ തൊടുന്നതിനോ, ചോറ്‌ വാർക്കുന്നതിനോ, വെള്ളം കോരുന്നതിനോ യാതൊരു ദോഷവുമില്ല. ആർത്തവരക്‌തം പോലെ തന്നെയാണ്‌ ശരീരത്തിൽ നിന്ന്‌ പുറത്ത്‌ പോകുന്ന ഓരോ സ്രവവും. ഈ ഒന്നിന്‌ മാത്രം കൽപ്പിച്ച്‌ നൽകുന്ന തൊട്ടുകൂടായ്‌മ അർത്ഥരഹിതമാണ്‌.

ചെടി നനച്ചാൽ ചെടി കരിഞ്ഞു പോകുമെന്ന്‌ പറയുന്നതിന്‌ യാതൊരു അടിസ്‌ഥാനവുമില്ല. അതുപോലെ തന്നെയാണ്‌ ആർത്തവസമയത്ത്‌ പാമ്പും ചേരയുമൊക്കെ ദേഹത്തേക്ക്‌ വലിഞ്ഞു കയറും, സാനിറ്ററി പാഡ്‌ പുറത്ത്‌ വലിച്ചെറിഞ്ഞാൽ അതിലേക്ക്‌ ആകൃഷ്‌ടരായി വരുമെന്നൊക്കെ പറയുന്നതും. തികച്ചും അസംബന്ധമാണ്‌ ഇത്തരം ധാരണകൾ. നിങ്ങളുടെ ആർത്തവം നിങ്ങളുടെ ശരീരത്തിന്റെ മാത്രം കാര്യമാണ് .

‘‘സീരിയൽ കൊണ്ട് ജീവിക്കാൻ പറ്റില്ല’’! സെക്രട്ടേറിയറ്റിൽ നിന്നുള്ള മിനി സ്ക്രീൻ സൂപ്പർ സ്റ്റാർ പറയുന്നു


സന്ധിവേദന മുതല്‍ നട്ടെല്ലു വളഞ്ഞു കൂനുവരെ; എടുത്താൽ പൊങ്ങാത്ത ബാഗുകൾ നിങ്ങളുടെ കുട്ടികൾക്ക് നൽകുന്നത്

കുറിപ്പ് വായിക്കാം

ആർത്തവം - അറിയേണ്ടതെല്ലാം.

ഉടുപ്പിൽ എന്നോ വീണ ചുവപ്പും, കൂടെ ചുവന്ന കണ്ണുകളുമെല്ലാം ഓരോ സ്‌ത്രീയുടേയും സ്വകാര്യ ഓർമ്മകളുടെ ശേഖരത്തിലുണ്ടാകും. മുൻപേ ഇതേക്കുറിച്ച്‌ അറിയുന്നവരും ഒന്നുമറിയാതെ അന്ധാളിച്ചവരുമെല്ലാം കൂട്ടത്തിൽ കാണും. ആദ്യാർത്തവത്തിന്റെ ആശങ്കയകറ്റാനോ ഒരു ചടങ്ങെന്നോണമോ കുറേ നിറമുള്ളതും നിറമറ്റതുമായ ചിത്രങ്ങളും കാണും. ഇതെഴുതിയ രണ്ടു പേരും ആർത്തവ സമയത്ത്‌

പ്രാർത്‌ഥനകളിൽ നിന്നും വിട്ടു നിൽക്കണമെന്ന വിലക്ക് പാലിക്കേണ്ടി വന്നവരാണ്.

പക്ഷേ, ആർത്തവം അശുദ്ധിയാണെന്ന പേരിൽ തമിഴ്‌നാട്ടിലെ ഒരു ബാലിക ഗജ ചുഴലിക്കാറ്റിൽ ഷെഡ്‌ പൊളിഞ്ഞ്‌ വീണ്‌ മരിച്ചത്‌ ഇതേ ആർത്തവത്താൽ വീടിന്‌ പുറത്തേക്ക്‌ മാറ്റി കിടത്തിയതിനാലാണ്‌. ഗർഭനിരോധനഗുളികകൾ നിരന്തരം കഴിച്ച്‌ ആർത്തവമേ ഇല്ലാതാക്കി ഈ മാറ്റികിടത്തൽ ഒഴിവാക്കി ശീലിച്ച ആദിവാസികളെക്കുറിച്ചും വായിച്ചു. ഇത്രയൊക്കെ അകറ്റി നിർത്താൻ മാത്രം, ഇത്രയേറെ അറയ്‌ക്കാനും അകറ്റാനും മാത്രം എന്താണ്‌ ഈ രക്‌തത്തുള്ളികളിലുള്ളത്‌ ?

✔എന്താണ് ആർത്തവം ?

ആർത്തവം ഒരു സ്വാഭാവിക ജൈവിക പ്രക്രിയ മാത്രമാണ്. ബീജസങ്കലനം നടക്കാത്തതിനാൽ ഉപയോഗിക്കപ്പെടാത്ത അണ്‌ഢവും, ഭ്രൂണത്തെ സ്വീകരിക്കാൻ തയ്യാറായിരുന്ന ഗർഭപാത്രത്തിനകത്തെ പാളിയായ എൻഡോമെട്രിയവും അതിന്റെ രക്‌തക്കുഴലുകളും മാസത്തിലൊരിക്കൽ യോനിയിലൂടെ പുറത്ത്‌ പോകുന്ന പ്രക്രിയയാണ്‌ ആർത്തവം. ഇതിൽ 'അശുദ്ധി' എന്ന്‌ വിളിക്കപ്പെടേണ്ട യാതൊന്നുമില്ല. അശുദ്ധരക്‌തം എന്ന്‌ വിളിക്കപ്പെടേണ്ട യാതൊരു പ്രത്യേകതകളും ഈ രക്‌തത്തിന്‌ ഇല്ല താനും.

അതൊരു സാംക്രമിക രോഗമോ, പൊട്ടാൻ നിൽക്കുന്ന ബോംബോ അല്ല. അത് കൊണ്ട് തന്നെ ആർത്തവമുള്ളവരെ തൊടുന്നതിനോ, ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്നതിനോ, ആർത്തവമുള്ളവർ നമ്മളെ തൊടുന്നതിനോ, ചോറ്‌ വാർക്കുന്നതിനോ, വെള്ളം കോരുന്നതിനോ യാതൊരു ദോഷവുമില്ല. ആർത്തവരക്‌തം പോലെ തന്നെയാണ്‌ ശരീരത്തിൽ നിന്ന്‌ പുറത്ത്‌ പോകുന്ന ഓരോ സ്രവവും. ഈ ഒന്നിന്‌ മാത്രം കൽപ്പിച്ച്‌ നൽകുന്ന തൊട്ടുകൂടായ്‌മ അർത്‌ഥരഹിതമാണ്‌.

ചെടി നനച്ചാൽ ചെടി കരിഞ്ഞു പോകുമെന്ന്‌ പറയുന്നതിന്‌ യാതൊരു അടിസ്‌ഥാനവുമില്ല. അതുപോലെ തന്നെയാണ്‌ ആർത്തവസമയത്ത്‌ പാമ്പും ചേരയുമൊക്കെ ദേഹത്തേക്ക്‌ വലിഞ്ഞു കയറും, സാനിറ്ററി പാഡ്‌ പുറത്ത്‌ വലിച്ചെറിഞ്ഞാൽ അതിലേക്ക്‌ ആകൃഷ്‌ടരായി വരുമെന്നൊക്കെ പറയുന്നതും. തികച്ചും അസംബന്ധമാണ്‌ ഇത്തരം ധാരണകൾ. നിങ്ങളുടെ ആർത്തവം നിങ്ങളുടെ ശരീരത്തിന്റെ മാത്രം കാര്യമാണ് .

✔ എന്തൊക്കെ ശ്രദ്ധിക്കണം ?

ആവശ്യത്തിനു വെള്ളവും, പോഷക ഗുണമുള്ള ഭക്ഷണവും, ഇത്തിരി വിശ്രമവും, മാനസിക സമ്മർദങ്ങൾ ഇല്ലാതിരിക്കുകയുമാണ് വേണ്ട കാര്യങ്ങൾ. മഞ്ഞളിൽ കുളിക്കണമെന്നോ, ഗോതമ്പ് തിന്നരുതെന്നോ, വെളിച്ചെണ്ണ കുടിക്കണമെന്നോ ഒരു നിബന്ധനയുമില്ല. അത്യാവശ്യമെങ്കിൽ മാത്രം വിശ്രമം വേണ്ട സ്വാഭാവിക ദിവസങ്ങൾ മാത്രമാണത്.

യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത അകറ്റി നിർത്തലുകൾ പലപ്പോഴും ജീവന് തന്നെ ഭീഷണിയാവുന്ന കാഴ്ചകളാണ്‌ 2018 വർഷം പുതിയൊരു വർഷത്തെ പെറ്റിടാൻ ഒരുങ്ങുന്ന നേരത്ത്‌ പോലും നമ്മൾ കാണുന്നത്‌.

വാലായ്‌മപുരകളും, പുറം മുറികളും, സത്രങ്ങളും ഇന്നും കേരളത്തിൽ ഉണ്ട്. പല ആദിവാസി ഊരുകളിലും ഇന്നും വളരെ കാർക്കശ്യ മനോഭാവത്തോടെ ആർത്തവമുള്ള 

സ്ത്രീകളെ ഇവിടങ്ങളിലേക്ക് പറഞ്ഞയക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം ഇടങ്ങളിലേക്കുള്ള പോക്കും, ഒറ്റപ്പെടലും ഭയപ്പെട്ട് പല സ്ത്രീകളും മറ്റു മാർഗങ്ങൾ ഉപയോഗിച്ചു ആർത്തവം മാറ്റി നിർത്തുന്ന സംഭവങ്ങളും വർധിച്ചു വരികയാണ്. അതിലൊന്നാണ് നേരത്തേ സൂചിപ്പിച്ച നിരോധിച്ച മാല ഡി ഗുളികയുടെ ഉപയോഗം. അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിക്കേണ്ട ഇത്തരം ഗുളികയുടെ അനാവശ്യവും അനിയന്ത്രിതവുമായ ഉപയോഗം പലപ്പോഴും വന്ധ്യത പോലുള്ള പ്രശങ്ങൾക്ക് പോലും കാരണമാകുന്നു.

പെൺകുട്ടി 'വിവാഹത്തിന്‌ ശാരീരികമായി സജ്ജയാണ്‌' എന്ന്‌ ചുറ്റുപാടുമുള്ളവരെ അറിയിക്കാനാകണം പണ്ടുള്ളവർ 'തിരണ്ടുകല്യാണം' കൂടി ആചാരങ്ങളിലേക്ക്‌ ചേർത്തുവെച്ചത്‌. മടിയിൽ ചുവപ്പ്‌ വീണാൽ മാത്രം പെണ്ണ്‌ വിവാഹജീവിതത്തിന്‌ തയ്യാറല്ലെന്ന്‌ ഇന്ന്‌ ശാസ്‌ത്രബോധമുള്ള സമൂഹത്തിനറിയാം. എന്നിട്ടും വിചിത്രമായ ഇത്തരം ചടങ്ങുകൾ നടന്നുപോരുന്നത്‌ ആ ദിവസത്തിന്റെ നിറം ആഘോഷിക്കാനാവാം. അപ്പോഴും അതിന്‌ മുന്നേ അത്രയും കാലം അമ്മയോടും സഹോദരങ്ങളോടും ചേർന്ന്‌ കിടന്ന കുഞ്ഞിനെ മാറ്റികിടത്തിയ ശേഷമാണ്‌ ആഘോഷദിനം എന്നത്‌ ആർത്തവത്തെ ഒരു സ്വാഭാവികതയെന്നതിന്‌ പകരം ഒരു സ്വൈര്യക്കേടായി ഏറ്റെടുക്കുന്നതിന്‌ വിത്തുകൾ പാകിയേക്കാം. അവൾ തൊടുന്നതെല്ലാം അശുദ്ധമാകുന്നു എന്നു പലരാലും തെറ്റായ മുദ്രകുത്തപ്പെട്ട ആ കാലത്തെ സ്‌നേഹത്തോടെയറിയാൻ വ്യാപ്‌തിയും അവളുടെ മനസ്സിന്‌ എന്നെന്നേക്കുമായി ഇല്ലാതാവാം.

✔ നമുക്ക് കുഞ്ഞുങ്ങളോട് പറയാനുള്ളത് ..

➖ആർത്തവം ഒരു സ്വാഭാവിക ജൈവിക പ്രക്രിയ മാത്രമാണ്.

➖ഏതാണ്ട് 12 _ 15 വയസ്സോടെ ആദ്യമായി ആർത്തവം സംഭവിക്കുന്നു.

➖ബ്ലീഡിങ് ഉണ്ടായാൽ പേടിക്കണ്ടതില്ലെന്നും, 

➖പാഡ് / തുണി എന്നിവ എങ്ങനെ കൃത്യമായി

ഉപയോഗിക്കണമെന്നും

പറഞ്ഞു കൊടുക്കുക.

➖പുതിയ കാലത്ത് മെൻസ്ട്രുവൽ കപ്പ്

വളരെ നല്ലൊരു ഓപ്‌ഷൻ ആണ്. അതേപ്പറ്റി കൂടുതലറിയാനുള്ള സ്ത്രോതസ്സുകൾ കുട്ടികൾക്ക് ലഭ്യമാക്കുക. 

➖നന്നായി വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നിർദേശിക്കുക. 

➖വ്യക്‌തിശുചിത്വം പാലിക്കുക.

➖അനുബന്ധമായി വയറു വേദന, കാലു വേദന, ശർധി പോലുള്ള അസ്വസ്ഥതകൾ പലർക്കും ഉണ്ടാകുമെന്നും കൂടുതലായുണ്ടെങ്കിൽ വൈദ്യ സഹായം തേടാമെന്നും ഉറപ്പു നൽകുക. 

➖വിശ്രമം വേണമെന്ന് തോന്നുകയാണെങ്കിൽ ഒരു മടിയും കൂടാതെ മറ്റുള്ളവരോട് പറയാമെന്നും, ആവശ്യത്തിന് വിശ്രമിക്കാം എന്നും പറഞ്ഞു കൊടുക്കുക.

➖ആർത്തവം എന്നത് ഒരു ശിക്ഷയോ, തെറ്റോ അല്ലെന്നും മറിച്ചു അത് സ്വാഭാവിക ദിവസങ്ങൾ മാത്രമാണെന്നും പറയുക. 

➖ആണെന്നോ പെണ്ണേന്നോ വ്യത്യാസമില്ലാതെ, പ്രിയപ്പെട്ടവരെല്ലാം ആർത്തവ സമയത്ത് നിങ്ങളെ സ്നേഹിക്കാനും സംരക്ഷിക്കാനും കൂടെയുണ്ടാകും എന്നു ഉറപ്പു നൽകുക.

✔ ആർത്തവത്തെ കുറിച്ചു ആരോഗ്യപരമായ

കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും ഒരു പോലെ പങ്കുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആർത്തവത്തെ കുറിച്ചു പെണ്കുട്ടികൾക്കും

ആണ്കുട്ടികൾക്കും പറഞ്ഞു കൊടുക്കണം എന്നുള്ളതാണ്. പെൺകുട്ടികൾക്ക്

മാത്രം ഒളിച്ചിരുത്തി പറഞ്ഞു കൊടുക്കേണ്ട ഒരു ക്ലാസ് അല്ല ആർത്തവം എന്നത്.

ചുരുക്കം ചിലരുടെ കാര്യമൊഴികെ, മറ്റെല്ലാവർക്കും 

ആർത്തവം ആരംഭിച്ചു ആദ്യ മാസങ്ങളിൽ ഇതൊരു ഒളിച്ചു കളിയായിട്ടായിരിക്കും തോന്നിയിരിക്കുക. ക്ലാസ് മുറികളിൽ കാരണം പറയാതെ വയറു വേദന കടിച്ചു പിടിച്ചിരിക്കുക, വീട്ടിൽ വന്നാൽ തുണികൾ കഴുകി ആരും കാണാത്തിടത്ത് വിരിച്ചിടുക, നോമ്പു കാലത്ത് ആരും കാണാതെ ഒളിച്ചു ഭക്ഷണം കഴിക്കുക. പലരുടെയും ആർത്തവ ഓർമ്മകൾ ഇങ്ങനെ ആയിരിക്കും.

'ആണുങ്ങളറിയെ പുറത്ത് പറയാൻ പറ്റാത്ത വൃത്തികേടാണ് ആർത്തവം' - മനസ്സിൽ സമൂഹം ഉറപ്പിച്ചു തന്ന ആദ്യത്തെ അശുദ്ധി ഇതാണ്.

കാറിന്റെ പുറകിൽ സീറ്റിനു മുകളിലായി, കണ്ണാടിക്കടുത്ത്, പൊതിയാതെ വച്ച സാനിറ്ററി നാപ്കിൻ കണ്ട്, 'ശ്രദ്ധയില്ലാത്തവൾ' 'ബോധമില്ലാത്തവൾ' എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തിയ കൂട്ടുകാരനും, ബന്ധുക്കളുമുണ്ട്. ഒളിച്ചു വയ്‌ക്കേണ്ട, മറച്ചു വയ്‌ക്കേണ്ട ഒരു ഭീകരനായി ഈ സാനിറ്ററി നാപ്കിനും, ആർത്തവവും ഒക്കെ മാറിയത് എന്നാണ് ?

സത്യത്തിൽ എന്തിനാണ് ഈ ഒളിച്ചു കളി ? ആരോഗ്യപരമായും, സാമൂഹിക പരമായും നോക്കുകയാണെങ്കിൽ ഈ ഒളിച്ചു കളി കൊണ്ട് ദോഷമല്ലേ ഉള്ളു. ആർത്തവ തുണികൾ നല്ല വെയിലിൽ കിടന്നു ഉണങ്ങുന്നതല്ലേ രോഗാണുക്കളെ നശിപ്പിക്കാനൊക്കെ നല്ലത്. നോമ്പു കാലത്താണെങ്കിൽ, രക്തം പോയി ക്ഷീണിച്ചിരിക്കുന്ന ശരീരത്തിന് മറ്റുള്ളവരെ പേടിക്കാതെ, ആവശ്യത്തിനു വെള്ളവും ഭക്ഷണവും കഴിക്കാൻ സാധിക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത് ? സഹപാഠിക്കു അല്ലെങ്കിൽ കൂടെ ജോലി ചെയ്യുന്ന ആൾക്ക്, ശാരീരികമായി ചെറിയ 

ബുദ്ധിമുട്ടുകൾ ഉള്ള ദിവസമാണ് അത് കൊണ്ട് അവൾ വേണമെങ്കിൽ ഇന്ന് നിൽക്കുന്നത് ഒഴിവാക്കി കുറച്ചു കൂടുതൽ സമയം ഇരുന്നോട്ടെ, അല്ലെങ്കിൽ അവളിന്നു കുറച്ചു നേരത്തെ വീട്ടിൽ പൊയ്ക്കോട്ടെ എന്നൊക്കെ ഉള്ള പരസ്പര സഹകരണങ്ങൾ രണ്ടു വ്യക്തികൾക്കും നന്മ മാത്രമല്ലേ ഉണ്ടാകുകയുള്ളൂ.

ആർക്കുവേണ്ടിയാണ് ഈ ഒളിച്ചു കളി ? കുട്ടികൾക്ക് വേണ്ടിയോ ? തിരിച്ചറിവ് വന്ന സമയങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾ പൂവിലെ പരാഗണവും, ബീജ സങ്കലനവും ഒക്കെ പഠിക്കുന്നില്ലേ ? പിന്നെന്തു കൊണ്ട് സ്വന്തം ശരീരത്തെ പറ്റി ശാസ്ത്രീയമായും ആരോഗ്യപരമായും മനസ്സിലാക്കിക്കൂടാ ?

അടുത്തത് അച്ഛൻ, ഭർത്താവ്‌, സഹോദരങ്ങൾ എന്നിവരടങ്ങുന്ന പുരുഷന്മാരാണ്. അവർക്ക് വേണ്ടിയാണോ ഒളിച്ചു കളി ? ഒരിക്കലും അതിന്റെ ആവശ്യമില്ല. തന്റെ ഒപ്പം, തന്റെ വീട്ടിൽ കഴിയുന്ന സ്ത്രീയുടെ പ്രശനങ്ങൾ പുരുഷനും അറിഞ്ഞിരിക്കണം. മറ്റുള്ളവരിൽ നിന്നും കിട്ടുന്ന സ്നേഹത്തിനും, പരിഗണനയ്ക്കും, ശാരീരികവും മാനസികവുമായ സപ്പോർട്ടിനും ഒരു പാട് വിലയുള്ള സമയമാണ് ആർത്തവ കാലം. പ്രത്യേകിച്ചു ആർത്തവ സമയത്തെ ഹോര്മോണ് മാറ്റങ്ങൾ കൊണ്ടും മറ്റും മാനസിക അവശതകൾ ഉണ്ടാകുന്ന സ്ത്രീകൾക്ക്.

ഈ അടുത്ത ദിവസങ്ങളിൽ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ, അവരുടെ പത്ത് വയസ്സുള്ള മകനെ കണ്ടു . ഞങ്ങളവിടെ ചെന്ന സമയത്ത്, ദൂര യാത്ര കഴിഞ്ഞെത്തിയ കുടുംബത്തിന്റെ ബാഗ് തുറന്നു അടുക്കി വയ്ക്കുകയായിരുന്നു അവൻ.

"ഉമ്മയുടെ പാംപേഴ്‌സ് (pampers ) ആണത് " എന്നു പറഞ്ഞു കൊണ്ട്, അമ്മയുടെ സാനിറ്ററി നാപ്കിൻ എടുത്ത് വളരെ സ്വാഭാവികമായി അവൻ അലമാരയിൽ അടുക്കി വയ്ച്ചു. ഇന്നത്തെ അന്തരീക്ഷത്തിൽ വളരെ സന്തോഷം തോന്നിയ ഒരു കാര്യമാണത്.

സോഷ്യൽ മീഡിയയിൽ ഒരു സുഹൃത്ത്‌ എഴുതിയത് വായിക്കുകയുണ്ടായി. പേരക്കുട്ടി ഋതുമതി ആയ വിവരം അറിഞ്ഞ സുഹൃത്തിന്റെ അച്ഛൻ വളരെ രസകരമായി ചിരിച്ചു കൊണ്ട് പറഞ്ഞത്രേ "ഇത് വരെ ഭാര്യയ്ക്കും രണ്ടു പെണ്മക്കൾക്കും ചേർത്ത് മൂന്നു പേർക്കുള്ള പാഡ് വാങ്ങിച്ചാൽ മതിയായിരുന്നു, ഇനി മുതൽ നാലു പേർക്കുള്ളത് വാങ്ങണമല്ലോ" എന്ന്.

കടയിലേക്ക് പോകുന്ന അച്ഛനോടോ, സഹോദരനോടോ പാഡ് വാങ്ങാൻ പറയാൻ പോലും മടിക്കുന്ന വീടുകൾ ഉള്ളപ്പോൾ മേൽപ്പറഞ്ഞ സംഭവങ്ങളൊക്കെ വളരെ ആരോഗ്യപരമായ പ്രശംസിക്കപ്പെടേണ്ട മാറ്റങ്ങൾ തന്നെയാണ്.

ആർത്തവം ഒളിച്ചു വയ്ക്കപ്പെടേണ്ട പ്രക്രിയ ആവുമ്പോൾ സംഭവിക്കുന്നത് -

ഒളിച്ചു വയ്ക്കപ്പെടുന്ന ഒന്നിനോടുള്ള ആകാംക്ഷയും, അവിടെ നിന്നും കൊച്ചുപുസ്തകങ്ങളിലേക്കും പോൺ സൈറ്റുകളിലേക്കും നീളുന്ന തിരച്ചിലുകളും,

അത് കൊണ്ടെത്തിക്കുന്ന അബദ്ധ ധാരണകളുമാണ് പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകുന്നതും.

ഹൈസ്കൂൾ ക്ലാസ്സുകളിൽ വച്ചു നടന്നൊരു സംഭവം-

ചുറുചുറുക്കുള്ള,ആരെയും കൂസാത്ത ഒരു കൂട്ടുകാരിയുണ്ടായിരുന്നു ക്ലാസ്സിൽ, വഴക്കിനിടയിൽ ഒരു ആൺസുഹൃത്ത് ദേഷ്യത്തോടെ "നിനക്കൊക്കെ 'സ്റ്റേഫ്രീ' വാങ്ങിത്തരാമെടീ" എന്ന് പറയുന്നു. ചൂളിപ്പിടിച്ചു, ചുവന്ന മുഖത്തോടെ മിണ്ടാതെ സീറ്റിൽ തിരികെ വന്നിരുന്ന കൂട്ടുകാരിയുടെ മുഖം ഇന്നും ഓർമ്മയുണ്ട്. വിജയിച്ച മുഖത്തോടെ ക്രൂരമായി ചിരിച്ചു നിൽക്കുന്ന ആണ്സുഹൃത്തിനെയും. ആർത്തവത്തെ കുറിച്ചു പറയുന്നത് പെണ്ണിനെ അപമാനിക്കാൻ ഉള്ള വഴിയാണ് എന്നു തോന്നുന്നത് കുറെയൊക്കെ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യ സാഹചര്യങ്ങളുടെയും വൈകല്യങ്ങൾ കാരണമാണ്.

എന്നു വച്ചു എല്ലാം തുറന്നു കാണിക്കലോ, സ്വകാര്യതയെ പൊതു പ്രദർശനമാക്കലോ ഒന്നുമല്ല ഉദ്ദേശിച്ചത്. സ്വകാര്യത വേറെ, അതിനെ മാനിച്ചു കൊണ്ട്, സ്വന്തം ശരീരത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ ശാസ്ത്രീയമായ അടിത്തറയോടെ നമ്മുടെ കുട്ടികളിലേക്ക് എത്തണം. ഇവിടെയാണ് ജൻഡർ എഡ്യൂക്കേഷന്റെയും, സെക്സ് എഡ്യൂക്കേഷന്റെയും ഒക്കെ പ്രാധ്യാന്യം.

പ്രളയം മഹാദുരിതങ്ങൾ വിതച്ചെങ്കിലും, മറു വശത്ത് അത് നമ്മളെ മാനവികതയുടെയും തുല്യതയുടെയും തിരിച്ചറിവിന്റെയും പാഠങ്ങളാണ് പഠിപ്പിച്ചത്. അതിലൊന്നാണ് യാതൊരു വിധ തീണ്ടലോ ജാള്യതയോ ഇല്ലാതെ സാനിറ്ററി നാപ്കിനുകളെ കുറിച്ചു സംസാരിച്ചതും, വിതരണം നടത്തിയതും. ഒരു സ്വാഭാവിക ജൈവിക ആവശ്യം എന്ന നിലയിലേക്ക് അന്നത് 

മാറിയിരുന്നു.

ശാസ്ത്രം വളർന്നിട്ടും, മനുഷ്യൻ വളർന്നിട്ടും നമ്മളെ പുറകോട്ട് നടത്തുന്ന ചില കാര്യങ്ങളുണ്ട്. 

പുറത്തറിയുന്നതും അറിയാത്തതുമായ ആചാരങ്ങൾ ഇനിയുമുണ്ടാകാം. വിശ്വാസസംബന്ധമായ കാര്യങ്ങളെന്ന്‌ മുറവിളി കൂട്ടുമ്പോഴും 'ഈ ഒരൊറ്റ കാരണം കൊണ്ടാണല്ലോ ഇത്രയും അനുഭവിക്കേണ്ടി വരുന്നത്‌ ' എന്ന്‌ അവൾ ആർത്തവത്തെ ചൊല്ലി ചിന്തിക്കാൻ കാരണമാകുന്ന സകലതും ശരികേടുകൾ തന്നെയെന്ന്‌ നിസ്സംശയം പറയേണ്ടി വരും. ഭക്ഷണം കഴിക്കുന്നത്‌ പോലെ, ഉറക്കവും ഉണർവും പോലെയുള്ള ഒന്നാണ്‌ ആർത്തവവും എന്നു നമ്മൾ മനസ്സിൽ ഊട്ടിയുറപ്പിക്കാത്തതിന്റെ പേരിൽ ഇനിയൊരു പെണ്ണും അനുഭവിച്ചു കൂടാ. ഗജയോളമോ അതിലേറെയോ ഭയപ്പെടേണ്ടത്‌ അവയെയാണ്‌, അനാചാരങ്ങളെ !

എഴുതിയത്: Dr. Sabna S & Dr. Shimna Azeez

വിദ്യാഭ്യാസം സൗജന്യം, പരീക്ഷയില്ല, ഹോംവർക്കുകൾ വീട്ടിൽ ഓടിക്കളിക്കാൻ! ലോകത്തിനു മാതൃകയായി ഫിന്നിഷ് വിദ്യാഭ്യാസം

ചേതനയറ്റ ആ ശരീരം, നോവു പടർത്തുന്ന ഫ്ലാഷ് ബാക്ക്; ഈ മോണോ ആക്റ്റിൽ ചിരിയില്ല, കണ്ണീർമാത്രം

മനുഷ്യക്കുരങ്ങിനെ ലൈംഗിക അടിമയാക്കി, പോണിയുടെ രാവുകൾക്ക് ‘മാഡം’ ഇട്ട വില രണ്ടു ഡോളർ! കരളലിയിക്കും ഈ ക്രൂരതയുടെ കഥ

‘‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ, എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും’’; ചുട്ട മറുപടിയുമായി ‘ജോസഫ്’ നായിക: വിഡിയോ