Tuesday 04 December 2018 04:59 PM IST

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും; കല്യാണച്ചെലവിനുള്ള രണ്ട് ലക്ഷം ആശുപത്രിക്ക്; ‘സന്ദേശം’ ഈ വിവാഹം–ചിത്രങ്ങൾ

Binsha Muhammed

prasanth

‘കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. ലളിതമായൊരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും. കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂർ നേരം ഞങ്ങളുടെ പാർട്ടി പ്രവർത്തകർ പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം. ചടങ്ങ് തീർന്നു.’

ഈ ചെറുക്കനിത് ഇതെന്ത് ഭാവിച്ചാ... അച്ഛൻ പുഷ്പാകരൻ പ്രശാന്തിനെ ഒന്നിരുത്തി നോക്കി. ‘നീയിതെന്താ സന്ദേശത്തിലെ ശ്രീനിവാസന് പഠിക്കുവാണോ, ഇങ്ങനെ പോയാൽ എന്റെ മോന് പെണ്ണുകിട്ടിയത് തന്നെ.’– ഇരുന്നിരുന്ന് വന്ന കല്യാണാലോചന കേട്ടമാത്രയിൽ തന്നെ അച്ഛൻ നെഗറ്റീവ് അടിച്ചു.

‘അയ്യോ പേടിക്കേണ്ട കല്യാണം ലളിതമായിരിക്കണമെന്ന് ഞാൻ താത്വികമായി പറഞ്ഞെന്നേ ഉള്ളൂ. പിന്നെ ഇമ്മാതിരി സിമ്പിൾ കല്യാണങ്ങൾ വീട്ടിൽ അവതരിപ്പിക്കുമ്പോൾ, പറഞ്ഞ് ഫലിപ്പിക്കാൻ ശ്രീനിവാസന്റെ ഡയലോഗ് ഇല്ലാതെ എങ്ങനെ.’– പ്രശാന്തിന്റെ മുഖത്ത് കള്ളച്ചിരി.

‘പോകാൻ വരട്ടെ, കല്യാണം ലളിമതായി നടത്തമെന്ന് പാർട്ടിക്കാരനായ നീ പറയുന്നതൊക്കെ ശരി തന്നെ. പക്ഷേ നീന്റെയീ ശ്രീനിവാസൻ ടൈപ്പ് കല്യാണമൊക്കെ ലാളിത്യവുമൊക്കെ പെണ്ണിന്റെ വീട്ടുകാർക്ക് പിടിക്കോ– ഇക്കുറി ചോദ്യമെറിഞ്ഞത് അമ്മ ബേബിയാണ്.

‘അച്ഛനും അമ്മയും ഒന്നും പേടിക്കേണ്ട, അതൊക്കെ എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്. എന്നെ അറിയുന്ന എന്നിലെ രാഷ്ട്രീയക്കാരനെ അറിയുന്ന നല്ല ഒന്നാന്തരമൊരു പെൺകുട്ടിയാണ് രമ്യ. അവൾക്ക് ഈ കല്യാണത്തിന് നൂറുവട്ടം സമ്മതം. ബാക്കി കാര്യങ്ങളൊക്കെ നിങ്ങൾ കാരണവൻമാരുടെ കൈയ്യില്‍. പിന്നെ ആകെ ഉള്ള ഒരേയൊരു ഡിമാന്റ് ഇതാണ്. കല്യാണ ചെലവിനായി കണ്ടെത്തി വച്ചിരിക്കുന്ന തുക, ഓരോ ലക്ഷം രൂപ വീതം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ വികസന ഫണ്ടിലേക്ക് നൽകും.’– പ്രശാന്ത് എല്ലാം ഉറപ്പിച്ച മട്ടായിരുന്നു.

നാടകാന്തം ട്വിസ്റ്റ് ഇങ്ങനെ, വെടിയുണ്ടകൾക്ക് മേൽ വിരിമാറ് കാട്ടാൻ പെണ്ണിനോട് പറഞ്ഞ സന്ദേശത്തിലെ ശ്രീനിവാസന്റെ കോട്ടപ്പള്ളി പ്രഭാകരനെ പെണ്ണിന്റെയച്ഛൻ കണ്ടം വഴി ഓടിക്കുന്നു. കെട്ടുന്നെങ്കിൽ ലളിതമായി തന്നെ കെട്ടുമെന്ന് അസന്നിഗ്ധം പ്രഖ്യാപിച്ച പ്രശാന്തും രമ്യയും ഒരേ മനസോടെ, ഇരുകൂട്ടരും നൽകിയ നൂറുവട്ടം സമ്മതത്തിന്റേയും നൂറായിരം അനുഗ്രഹാശിസുകളുടേയും അകമ്പടിയോടെ ഒന്നാകുന്നു. ഇരുവരും ആഗ്രഹിച്ചുറപ്പിച്ച പോലെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ വികസന ഫണ്ടിലേക്ക് നവദമ്പതികളുടെ വക രണ്ടു ലക്ഷം രൂപ.

pra-5

ആഢംബരകല്യാണങ്ങളുടെ ലോകത്ത് ഇങ്ങനേയും ചിലകൂടിച്ചേരലുകള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനും സർവ്വോപരി സിനിമയിൽ സഹസംവിധായകനായ പ്രശാന്തും ത്രീഡി അനിമേറ്ററായ രമ്യയും ആ വിപ്ലവ കല്യാണത്തിന്റെ കഥ വനിത ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ്. എതിർപ്പുകളെ അവഗണിച്ച്, ആചാരങ്ങളെ പടിക്കു പുറത്ത് വച്ച് ഇരുമനസുകൾ ഒരുനദിയായി ഒഴുകിയ കഥ...

തികഞ്ഞ ദൈവവിശ്വാസി, ഏകാന്തതയും പാട്ടും ഇഷ്ടം; നിത്യ മേനോൻ ഇങ്ങനെയാണ് ഭായ്! (വിഡിയോ)


റെഡ് കാർപ്പറ്റിനെ വെല്ലുന്ന പ്രഭയിൽ താരസുന്ദരികൾ; ദീപിക- രൺവീർ വിവാഹസൽക്കാരം പൊടിപൊടിച്ചു

ജനിച്ചയുടൻ രണ്ടര കിലോയിൽ താഴെ ‌ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ?

prasanth-4

ഒരു മാട്രിമോണിയൽ പ്രണയം

‘കോട്ടപ്പള്ളി പ്രഭാകരൻ സ്റ്റൈലിൽ പെണ്ണു ചോദിച്ചിറങ്ങിയാൽ കിട്ടുമോ ഇല്ലയോ എന്ന പേടിയുണ്ടോ എന്നൊന്നും ചോദിച്ചേക്കരുത്. പാർട്ടി പ്രവർത്തനം അമ്മാതിരി, അസ്ഥിക്കു പിടിച്ച കഥാപാത്രമൊന്നുമല്ല കേട്ടോ ഞാൻ. എന്റെ ആദർശവും ആശയവും എന്റെ മനസിലാണ്. അത് മറ്റുള്ളർക്ക് കൂടി സ്വീകാര്യമാകുമ്പോഴാണ് എന്റെ പ്രവർത്തിയിൽ ഞാൻ സംതൃപ്തനാകുന്നത്’– പ്രശാന്ത് തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കുകയാണ്.

പലരും വിചാരിക്കുന്നത് ഞങ്ങളുടേത് സിനിമാ സ്റ്റൈൽ കോളേജ്–സ്കൂൾ പ്രണയമാണെന്നാണ്. മറ്റ് പലരുടേയും ധാരണ ഞങ്ങൾ പാർട്ടി സഹയാത്രികരാണെന്നും. ദേ ഇവളെ എനിക്കു തന്നതിന് മാട്രിമോണിയൽ സൈറ്റുകാർക്കാണ് ഞാൻ നന്ദി പറയേണ്ടത്. പിന്നെ പ്രേമിച്ചില്ല എന്നൊന്നും പറ‍ഞ്ഞേക്കരുതേ. ആളെ കണ്ട് പിടിച്ചതിനു ശേഷം, ഏകദേശം രണ്ട് കൊല്ലത്തോളം ഞങ്ങൾ പ്രണയിച്ചു. നല്ല ഒന്നാന്തരമായി തന്നെ. അപ്പോ ഞങ്ങൾ ലൗ ബേർഡ്സ് ആണേ– പ്രശാന്തിന്റെ മുഖത്ത് കള്ളച്ചിരി.

prasanth-3

താലിച്ചരടിലല്ല മനസിലാണു കാര്യം

‘ഇതെന്താ താലിയില്ലാ കല്യാണമോ...താലിച്ചരടിന്റെ പവിത്രയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?’ പ്രശാന്ത് വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയിടത്ത് ഞാനും കുടുംബവും കേട്ട കുത്തുവാക്കുകളായിരുന്നു അത്. കല്യാണം കഴിക്കണമെങ്കിൽ താലി കൂടിയേ തീരൂ എന്ന് ശഠിക്കുന്നവരെ അടക്കി നിർത്താന്‍ അച്ഛനും അമ്മയും നന്നേ പണിപ്പെട്ടു. പക്ഷേ എന്റെ നല്ല തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവർ എനിക്കൊപ്പം നിന്നു, അല്ല ഞങ്ങളുടെ ഇഷ്ടങ്ങൾക്കൊപ്പം നിന്നും’– രമ്യയുടെ തിരുത്ത്.‌

ദാമ്പത്യ ജീവിതം താലിയിലാണ് കുടികൊള്ളുന്നതെന്ന് വിശ്വസിക്കുന്നവരേ. എന്റേയും പ്രശാന്തിനേയും സ്നേഹവും കരുതലും സുരക്ഷിതത്വവുമെല്ലാം കുടികൊള്ളുന്നത് ഞങ്ങളുടെ മനസിലാണ്, അല്ലാതെ താലിയിലല്ല. ആ വിശ്വാസം ശരിയാണെന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് എന്റെ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നത്. പിന്നെ ഇതൊക്കെ കണ്ണും പൂട്ടി സമ്മതിക്കാൻ ഞാനും പ്രശാന്തിനെപ്പോലെ പാർട്ടിക്കാരിയാണോ എന്നാണ് പലരും ചോദിക്കുന്നത്. ബേസിക്കലി ഞാനൊരു ത്രീഡി വിഷ്വലൈസർ ആണ്, ഇപ്പോൾ ത്രീഡി അനിമേഷൻ അവസരങ്ങൾക്കായി പരിശ്രമിക്കുന്നു. അങ്ങനെയുള്ള എനിക്ക് ഇത്തരം ചിന്താഗതികൾ വന്നെന്നു എന്നാണ് പിന്നെയുള്ള ചോദ്യം. രാഷ്ട്രീയം, മതം, സമൂഹം ഇത്തരം സംഗതികൾ അന്ധമായി തലയിലേറ്റിയാലാണ് കുഴപ്പം. അവയ്ക്കുള്ളിലെ നന്മയുള്ള കാര്യങ്ങളെയെടുത്തു നോക്കൂ. ഈ ലോകം എത്ര സുന്ദരമായേനെ...ഞങ്ങളുടെ ലോകം സുന്ദരമായതു പോലെ, അതു കൊണ്ട് ആചാരങ്ങൾക്കും അബദ്ധ ചിന്താഗതികൾക്കും ഞങ്ങടെ കല്യാണത്തിൽ നോ എൻട്രി– രമ്യയുടെ തന്റേടമുള്ള വാക്കുകൾ.

prasanth-2

ആഷിഖും റിമയും റോൾ മോഡലുകൾ

ചില നന്മയുള്ള അനുകരണങ്ങളുണ്ട്. അങ്ങനെ നോക്കിയാൽ ഞങ്ങൾക്ക് മുന്നിൽ സ്നേഹത്തിന്റെ ലാളിത്യത്തിന്റെ ഉദാത്ത മാതൃകയുമായി ഞങ്ങൾക്ക് മുന്നിലുള്ളത് ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ്. ഒന്നോർത്തൂ നോക്കൂ, ഒരാൾ സംവിധായകൻ മറ്റൊരാൾ മലയാള സിനിമയിലെ മുൻനിര നായിക. അവർക്കു വേണമെങ്കിൽ കൊട്ടുപാട്ടും കുരവയും ആഢംബരവുമൊക്കെയായി അവരുടെ കല്യാണം കെങ്കേമമായി നടത്താമായിരുന്നു. എന്തേ അവരത് ചെയ്തില്ല, അവിടെയാണ് ഞങ്ങളുടെ ചിന്ത ജനിക്കുന്നത്.

prasanth-1

അന്ന് അവർ വിവാഹത്തിനു ചെലവാക്കേണ്ടിയിരുന്ന തുക ഏകദേശം പത്ത് ലക്ഷം രൂപ എറണാകുളം ജില്ല ആശുപത്രിയുടെ വികസന ഫണ്ടിലേക്ക് നൽകി. ഞങ്ങൾ പിന്നെ വലിയ സെലിബ്രിറ്റിയൊന്നുമല്ലല്ലോ, എങ്കിലും അണ്ണാറക്കണ്ണനും തന്നാലായത് എന്ന കണക്കിൽ ഒരു ലക്ഷം രൂപ വീതം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ വികസന ഫണ്ടിലേക്ക് നൽകുന്നു. പേരിനും പ്രശസ്തിക്കും ഒന്നും വേണ്ടിയല്ല ആ ഉദ്യമം. ആഢംബര കല്യാണങ്ങൾ അരങ്ങുവാഴുന്ന നാട്ടില്‍ നന്മയുടെ ഇത്തരം ഇത്തിരിവെട്ടം തെളിയാൻ ഞങ്ങളും കാരണമാകണേ എന്ന ആഗ്രഹം മാത്രമാണുള്ളത്.– പ്രശാന്തിന്റെ മുഖത്ത് നിറഞ്ഞ ചാരിതാർത്ഥ്യം

ആഢംബര കല്യാണങ്ങൾക്ക് ഞങ്ങളെതിരല്ല

കല്യാണം മോടിയോടെയും ആഢംബരത്തോടെയും ചെയ്യാനേ പാടില്ല എന്ന പ്രഖ്യാപനമല്ല ഞങ്ങളുടെ ഈ ഒത്തു ചേരൽ. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്, കാത്തു കാത്തിരുന്നുള്ള സ്വപ്നമാണ്. പക്ഷേ കടം വാങ്ങിയും പലിശയ്ക്കെടുത്തും മകളെ അല്ലെങ്കിൽ സഹോദരിയെ കെട്ടിച്ചയക്കാൻ പാടു പെടുന്ന എത്രയോ പേരുണ്ട്, അവരെപ്പറ്റി മാത്രം ആലോചിച്ചാൽ മതി. അതും പോട്ടെ, ഇക്കണ്ട ആഢംബരങ്ങൾക്കിടയ്ക്ക് ഒരു പാവപ്പെട്ട പെൺകൊടിയുടെയെങ്കിലും മംഗല്യ സ്വപ്നം പൂവണിയാൻ നമ്മൾ പരിശ്രമിക്കാറുണ്ടോ, എങ്കിൽ ഈ കണ്ടതിനൊക്കെ ഒരു പൂർണതയുണ്ടായേനെ. നേരിൽക്കണ്ട അങ്ങനത്തെ എത്രയോ അനുഭവങ്ങൾ, ജീവിതയാഥാർത്ഥ്യങ്ങൾ അതൊക്കെ ഇന്നും മനസിലുണ്ട്. അങ്ങനെയുള്ളപ്പോൾ അനാവശ്യ ചെലവുകളുടെ തരിമ്പു പോലും ഞങ്ങളുടെ മനസിലേ വരില്ല.– രമ്യയുടെ ഉറച്ച വാക്കുകൾ.

ഇനിയങ്ങോട്ട് കംപ്ലീറ്റ് പോസിറ്റീവാ

രണ്ടു പേരിലും പൊതുവായ...എന്നാൽ രണ്ടു പേരെയും ആകർഷിച്ച സ്വാഭാവഗുണമെന്തെന്ന് ചോദിച്ചപ്പോൾ ഇരുവരും പരസ്പരം ഒരു കള്ളനോട്ടമെറിഞ്ഞു.‘

final

‘അതോ അവിടെപ്പറയും, ലേഡീസ് ഫസ്റ്റ് അതാണല്ലോ അതിന്റെ ഒരു മര്യാദ...’–പ്രശാന്ത് ചോദ്യം പാസ് ചെയ്തു. നന്മയുള്ളൊരു മനുഷ്യൻ. കൃത്യമായ നിലപാടുകൾ, എല്ലാം തുറന്നു പറയാനുള്ള മനസ്...ഇത്രയും പോരെ ഇനിയും പൊക്കിപ്പറഞ്ഞാൽ ഈ മനുഷ്യന്റെ തല ഉത്തരത്തിൽ തട്ടും.’– രമ്യ കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി.

പുള്ളിക്കാരിയെ അറിയാല്ലോ, ഉഗ്രന്‍ ത്രീഡി അനിമേറ്ററാണ്. പിന്നെ എജ്ജാതി ക്രിയേറ്റിവിറ്റിയാണ്.  എന്നെ കണ്ണുംപൂട്ടി വിശ്വസിച്ചിറങ്ങി വരുവല്ലേ ഇതിൽപ്പരം വേറെന്തു വേണം.– പ്രശാന്ത് അതു പറയുമ്പോൾ രമ്യയുടെ മുഖത്ത് ചെറിയ നാണം.

ഈ പറയുന്ന ആളും മോശമല്ല കേട്ടോ, സംഗതി ആള് എഐഎസ്എഫ് മുൻ ജില്ലാ പ്രഡിഡന്റ് ആണെങ്കിലും സിനിമയിലൊക്കെ വലിയ പിടിയാ. സിനിമയിൽ‌ അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് കക്ഷി. അടുത്തിടെ ഇറങ്ങിയ ചാക്കോച്ചൻ ചിത്രം ജോണി ജോണി യെസ് അപ്പാ, ഞാൻ മേരിക്കുട്ടി ഉൾപ്പെടെ ഒരുപിടി ചിത്രങ്ങളിൽ സഹകരിച്ചിരുന്നു. സിനിമാക്കാരനെ കെട്ടുമ്പോ ഒരു ഗുമ്മൊക്കെ ഇല്ലേ....–പ്രശാന്തിന്റെ കോംപ്ലിമെന്റിന് രമ്യയുടെ കൗണ്ടർ.

പരസ്പരം പുകഴ്‍ത്തി ഇനിയും ബോറാക്കാനില്ലെന്ന് പറഞ്ഞ് പ്രശാന്തിന്റേയും രമ്യയുടേയും ഫുൾസ്റ്റോപ്പ്. കല്യാണക്കുറിമാനം കൈയ്യോടെ പിന്നാലെ. സ്വന്തം ഇഷ്ടങ്ങളെ അപ്പാടെ കല്യാണത്തിലും കൊണ്ടുവന്ന ഈ നവദമ്പതികൾ വീട്ടുകാരുടെ ഒരാഗ്രഹം കൂടി സാക്ഷാത്ക്കരിച്ചു കൊടുക്കുകയാണ്. ഈ വരുന്ന ഡിസംബർ 30ന് നടക്കുന്ന ധന്യമുഹൂർത്തത്തിൽ ഇരുവരുടേയും വീട്ടുകാർ ഹാരം കൈമാറും. തുടർന്ന് ലളിതമായ ചായ സത്കാരം. ഞങ്ങളുടെ എല്ലാ ആഗ്രഹത്തിനും കൂടെ നിന്നവരാണ് വീട്ടുകാർ. ഇതവരുടെ ആഗ്രഹമാണ്. ഹാരം ഞങ്ങൾക്ക് കൈമാറണം എന്നുള്ളത്. ഇത്രയും ആയ സ്ഥിതിക്ക് അവർക്കു വേണ്ടി ഞങ്ങള്‍ ഇതെങ്കിലും ചെയ്യണ്ടേ...–പ്രശാന്ത് പറഞ്ഞു നിർത്തി.

ചോർന്നൊലിക്കുന്ന കൂരയല്ല, കിഴക്കമ്പലത്തുകാർ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വലേക്ക്

116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം