Wednesday 02 January 2019 05:05 PM IST

എൺപത്തിയഞ്ചിൽ താരമായി ടിക് ടോക് അമ്മാമ്മ; കൊച്ചുമകനുമൊത്ത് തീർക്കുന്നത് ചിരിയുടെ വസന്തം–വിഡിയോ

Binsha Muhammed

ammamma-1

‘റിമോട്ടിനൊരു ബാറ്ററി വാങ്ങിക്കണം എനിക്കിപ്പോ...സീരിയല് കാണാനാണ്. പിന്നേയ് ബാറ്ററിയേ..ആ ഒമ്പതിൽ കൂടി പൂച്ച ചാടണതായിക്കണം കേട്ടാ...’

‘ഒമ്പതീക്കുടി പൂച്ച ചാടണതാ അതേത് ബാറ്ററി?’– അമ്മാമ്മയുടെ വർത്താനം കേട്ട് കൊച്ചുമകനങ്ങനെ അന്തിച്ച് നിൽക്കുകയാണ്. പുള്ളിക്കാരി ഉദ്ദേശിച്ചത് എവറെഡിയുടെ ബാറ്ററിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സോഷ്യൽമീഡിയയിൽ ചിരിപൊട്ടുകയാണ്.

പ്രണയവും വിരഹവും കണ്ണീരും പഴക്കിപ്പൊളിഞ്ഞ തമാശയും മാത്രമാണ് സോഷ്യൽ മീഡിയയുടെ വൈറൽ ഫോർമുല എന്ന് വാദിക്കുന്നവരുടെ കാലത്ത് ഒരു അമ്മാമ്മയും കൊച്ചു മകനും. അവരങ്ങനെ സോഷ്യൽമീഡിയയിൽ ലൈക്കിന്റേയും ഷെയറിന്റേയും വസന്തം തീർക്കുകയാണ്. കണ്ണുംപൂട്ടി പറഞ്ഞാൽ കോളേജ്കുമാരൻമാരും കുമാരിമാരും ആടിത്തിമിർക്കുന്ന ടിക്ടോകിലെ സൂപ്പർ സ്റ്റാറുകളാണ് അവരിന്ന്.

tik-tok-1

സംശയിക്കേണ്ട, ഇവിടുത്തെ വൈറൽ കഥയിലെ നായിക ഒരു എൺപത്തിയഞ്ചുകാരി അമ്മാമ്മ തന്നെയാണ്. പേര് മേരി ജോസഫ് മാമ്പിള്ളി, എറണാകുളം നോർത്ത് പറവൂരിലെ ചിറ്റാറ്റുകരക്കാരി, ഒരു സാധാരണക്കാരി അച്ചായത്തി. അമ്മാമ്മയെ വൈറലാക്കിയ കൊച്ചുമകന്റെ പേര് ജിൻസൺ.

ടിക് ടോക്കിന്റെ എബിസിഡി അറിയാത്ത, സക്കർബർഗ് ഫെയ്സ്ബുക്കിനെക്കുറിച്ച് ചിന്തിക്കുന്നതിനും അമ്പത് കൊല്ലം മുമ്പ് ജനിച്ച ഒരു മുത്തശ്ശി സോഷ്യൽമീഡിയയിൽ അങ്ങനെ ‘പൂണ്ട് വിളയാടുകയാണ്.’ അവരുടെ ഓരോ പ്രകടനത്തിനും സോഷ്യൽമീഡിയ തങ്ങളുടെ കണ്ണും കാതും ഹൃദയവും നൽകുകയാണ്. ചിലപ്പോൾ ഉപദേശങ്ങളായി, ചിലപ്പോൾ ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നിഷ്ക്കളങ്കമായ നർമ്മ മുഹൂർത്തങ്ങളുമായി, ചിലപ്പോൾ നന്മയുള്ള പ്രവൃത്തികളുമായി. സംഭവം എന്തായാലും പുള്ളിക്കാരിയും കൊച്ചുമോനും സോഷ്യൽമീഡിയയിലെത്തിയാൽ ആകെ മൊത്തം കളറാണ്.

tiktok-4

സോഷ്യൽ മീഡിയയുടെ സൂപ്പർസ്റ്റാറുകളെ തേടിയുള്ള യാത്രയവസാനിക്കുമ്പോൾ ആ വൈറൽ നായകനും നായികയും പുതിയ ടിക് ടോക് വിഡിയോയുടെ പണിപ്പുരയിലാണ്. തിരക്ക് മാറ്റിവച്ച് അവർ ‘വനിത ഓൺലൈനോട് മനസു തുറന്നു.’ ആ വൈറൽ വിഡിയോകൾ പിറന്ന വഴിയെക്കുറിച്ച്.

പാറക്കെട്ടിൽ നിന്നും വീണു; ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം–വിഡിയോ

‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, നകുൽ സുഹൃത്ത് മാത്രം’; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ

tik-tok-5

ചെക്കനേയും പെണ്ണിനേയും വഴിയിൽ തടഞ്ഞ് ബസിൽ കയറ്റിവിട്ടു; അതിരുകടന്ന് ഈ ‘അലമ്പാക്കൽ’–വിഡിയോ

മുപ്പതുകഴിഞ്ഞവരേയും മുട്ടുവേദന പിടികൂടും; കാൽമുട്ടുവേദന വഷളാകാതിരിക്കാൻ അഞ്ച് വ്യായാമങ്ങൾ

‘ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയില്ല’; കുടുംബപ്രേക്ഷകരുടെ ചാരുലത പറയുന്നു

tik-tok-8

അമ്മാമ്മ ചങ്കാണ്

tiktok-3

‘അമ്മാമ്മ ഞങ്ങടെ ചങ്കാണ് ചേട്ടാ...സുഖത്തിലും ദുഖത്തിലും കളിതമാശകളിലുമൊക്കെ അവർ ഞങ്ങടെ കൂടെയുണ്ടാകും. പലരും അവരവരുടെ കൂട്ടുകാരെയൊക്കെ കൂട്ടിയല്ലേ ടിക് ടോക് വിഡിയോകൾ ചെയ്യുന്നത്. ഇവിടെ ഞാനും അതേ ചെയ്യുന്നുള്ളൂ. പുള്ളിക്കാരി എന്റെ ചങ്കാണ്...കട്ട ചങ്ക്’– ഒരു കള്ളച്ചിരിയോടെ ജിൻസൺ അമ്മാമ്മയെ പരിചയപ്പെടുത്തി.

സാധാരണ എല്ലാവരും സിനിമാ ഡയലോഗുകളും ഗാനങ്ങളുമൊക്കെ കോർത്തിണക്കിയല്ലേ ടിക് ടോക് ചെയ്യുന്നത്. ഞങ്ങളും അങ്ങനെ തന്നെയായിരുന്നു. ഇടയ്ക്കെപ്പെഴോ മുത്തശ്ശി ഫ്രെയിമിലേക്ക് വന്നപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ തലയിൽ മിന്നിയത്. ‘ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ’ എന്ന പാട്ടിലൂടെ ഞങ്ങൾ അമ്മാമ്മയുടെ ടിക് ടോക് അരങ്ങേറ്റം നടത്തി. അമ്മാമ്മയുടെ കള്ളച്ചിരിയും ഭാവങ്ങളുമൊക്കെയായപ്പോൾ സംഗതി അടിപൊളിയായി. വിഡിയോ വലിയ ഓളമൊന്നും ഉണ്ടാക്കിയില്ലെങ്കിലും സംഗതി അത്യാവശ്യം കളറായെന്നു വേണം കരുതാൻ. പിന്നീടങ്ങോട്ട് പൊളിക്കാൻ അതു തന്നെ ധാരാളമായിരുന്നു.

tiktok-7

വെറൈറ്റിയോടു വെറൈറ്റി

tiktok-2

സാധാരണ എല്ലാവരും അമ്മാമ്മമാരേയും അച്ഛനമ്മമാരേയും ഉൾപ്പെടുത്തി വിഡിയോകൾ ചെയ്യാറുള്ളതല്ലേ. അൽപമൊരു വെറൈറ്റി പരീക്ഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതും അതേ ചിന്തയാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്ന കുഞ്ഞ് കുഞ്ഞ് രസകരമായ മുഹൂർത്തങ്ങൾ, മുതിർന്നവരുടെ നിഷ്ക്കളങ്കമായ മറുപടികൾ, അമ്മാമ്മയുടെ കുഞ്ഞ് ഉപദേശങ്ങൾ എന്നിവ ലൈവായി അവതരിപ്പിച്ചു തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ട്രാക്കിലായി. സംഭവം വേറെ ലെവലായി മാറി തുടങ്ങിയത് അവിടെ നിന്നാണ്.

സൂചിയിൽ നൂലുകോർക്കുന്ന വിഡിയോയും, ടിവി റിമോട്ടിന് ഒമ്പതിൽക്കൂടി പൂച്ച ചാടുന്ന ബാറ്ററി വേണമെന്നു പറഞ്ഞ രംഗവും, ഖത്തർ കുഴിമന്തിയെ അമ്മാമ്മ ക്വാർട്ടർ കുഴിമന്തിയാക്കിയതുമെല്ലാം അതിൽ ചിലത് മാത്രം. കടംകൊള്ളുന്ന വിഡിയോയെക്കാളും ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം മുഹൂർത്തങ്ങൾക്ക് ടിക് ടോക് രൂപം നൽകുന്നതോടു കൂടിയാണ് ഞാനും അമ്മാമ്മയും വൈറലായി തുടങ്ങുന്നത്. വൈറലാകണം എന്ന ഉദ്ദേശ്യത്തോടെ ഞങ്ങൾ ഒന്നും പങ്കുവച്ചിട്ടില്ല. പക്ഷേ പല പ്രകടനങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും വാട്സ്ആപ്പിലുമെല്ലാം പറന്നു നടന്നു. ഞാനും അമ്മാമ്മയും വൈറലാകാൻ ഇതൊക്കെ തന്നെ പോരേ.

അമ്മാമ്മയെ തേടിയെത്തിയ ആ സമ്മാനം

വൈറലായതിനു പിന്നാലെ ഇരിക്കപ്പൊറുതിയില്ലാത്ത വിധം അഭിനന്ദന കോളുകൾ എത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍ വേറെയും. സായ എന്നു പേരുള്ളൊരു ചേട്ടൻ അമ്മാമ്മയ്ക്ക് ക്രിസ്മസിന് കേക്ക് അയച്ചു തന്നിരുന്നു. എബി എന്നൊരു ചേട്ടൻ അമ്മാമ്മയെക്കുറിച്ച് അറിഞ്ഞ് കാണാൻ നേരിട്ടെത്തിയിരുന്നു. അങ്ങനെ മനസിന് സന്തോഷം നൽകുന്ന എത്രയോ സന്ദർശനങ്ങൾ. ഫോൺകോളുകൾ...എല്ലാവരോടും സ്നേഹം മാത്രം.  

ഇതിനിടെ കുറ്റംപറച്ചിലുകാരും വിമർശകരും അങ്ങിങ്ങായി തലപൊക്കിയിട്ടൊക്കെയുണ്ട്. ചട്ടയും മുണ്ടും മാത്രം ഉടുക്കുന്ന എന്റെ അമ്മാമ്മയ്ക്ക് നല്ല ഡ്രസ് വാങ്ങിക്കൊടുക്കില്ലേയെന്നും എനിക്ക് അമ്മാമ്മയോട് സ്നേഹമില്ലെന്നുമാണ് ഒരു മച്ചാൻ ഒരിക്കൽ പറഞ്ഞത്. ശ്ശെടാ..നസ്രാണിയായ എന്റെ അമ്മാമ്മയ്ക്ക് ചുരിദാർ വാങ്ങിക്കൊടുക്കാനൊക്കോ...ഇത് അവരുടെ പാരമ്പര്യ വേഷമാണെന്ന് പറഞ്ഞതോടെ അദ്ദേഹം കണ്ടം വഴി ഓടി. പിന്നെ ഈ പ്രവൃത്തികളെ നല്ലൊരു മാതൃകായായി എടുത്തുകൂടെ. അമ്മാമ്മയും കൊച്ചുമക്കളും തമ്മിൽ സൗഹൃദത്തോടെ പോകുന്ന എത്രവീട് നിങ്ങൾക്ക് കാട്ടിത്തരാനാകും. കുറേ പേരെ പലരും വൃദ്ധസദനത്തിലാക്കും. അതൊക്കെ വച്ചു നോക്കുമ്പോൾ ഞാനും അമ്മാമ്മയും പൊളിയല്ലേ...

ഒൺലി കമന്റ്സ്

വിഡിയോ വൈറലായോ എത്ര ലൈക്ക് കിട്ടി. സംഭവം എഫ്ബിയിൽ ഷെയറായോ, വാട്സ്ആപ്പിൽ ഫോർവേഡ് ആയോ എന്നൊന്നും അമ്മാമ്മ തിരക്കാറില്ല. പിന്നെ വിഡിയോയെക്കുറിച്ച് ആളുകൾ എന്തൊക്കെ പറഞ്ഞുവെന്ന് അമ്മാമ്മ ആകാംക്ഷയോടെ തിരക്കാറുണ്ട്. ഓരോ വിഡിയോക്കും ലഭിക്കുന്ന കമന്റുകളും ഞാൻ അമ്മാമ്മയെ വായിച്ചു കേൾപ്പിക്കും. അപ്പോ ആ മുഖത്ത് വിരിയുന്നൊരു സന്തോഷമുണ്ട്. എന്റെ സാറേ....– ജിൻസൺ ചിരിച്ചു.

സംഭാഷണത്തിനിടയ്ക്ക് അമ്മാമ്മയും ഇടിച്ചു കയറുകയാണ്. എന്റെ കൊച്ചുമോൻ പറഞ്ഞു, ഞാൻ അഭിനയിച്ചു അത്ര തന്നെ. അല്ലാതെ ഈ പിള്ളേർ കുത്തുന്ന കുന്ത്രാണ്ടമൊന്നും (മൊബൈൽഫോൺ) എനിക്ക് വശമില്ല മോനേ...ഇനിയും മൂന്നാലെണ്ണം കൂടി പിടിക്കാനുണ്ടെന്നാണ് ഈ ചെറുക്കൻ പറയുന്നത്. എന്താണോ എന്തോ– മേരി അമ്മാമ്മ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.

വയസാം കാലത്ത് നമ്മുടെ അമ്മാമ്മമാർക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ എന്താണ് ചേട്ടാ...പൊന്നോ പണമോ, കാറോ വീടോ ഒന്നുമല്ല. അവരെ സന്തോഷിപ്പിക്കുക...പൊന്നു പോലെ നോക്കുക എന്നതൊക്കെയാണ്. അങ്ങനെ നോക്കുമ്പോൾ എന്റെ അമ്മാമ്മ ഭാഗ്യം ചെയ്തയാളാണ്. ഇങ്ങനെയൊക്കെ അവരെ സന്തോഷിപ്പിക്കാനാകുന്ന ഞാൻ ഭാഗ്യം ചെയ്ത കൊച്ചുമോനും. ഞങ്ങളിനിയും വരും...ചിരിപ്പിക്കുന്ന രസിപ്പിക്കുന്ന വിഡിയോയുമായി.– ജിൻസൺ പറഞ്ഞു നിർത്തി.