ചർമം വെളുപ്പിക്കും ക്രീമുകൾ വൃക്ക കളയുന്നതെങ്ങനെ? അമിത അളവിലുള്ള മെർക്കുറിയും ലെഡും മറ്റു വിഷങ്ങളും ഉള്ളിലെത്തുമ്പോൾ ...സൗന്ദര്യവർധകങ്ങളുടെ അപകടങ്ങൾ
സമൂഹത്തിൽ നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപങ്ങളുടെ പുറകെ പോയി പെട്ടെന്ന് വെളുക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്ലൂട്ടത്തയോൺ കുത്തിവയ്പുകളും ഓൺലൈൻ വഴി വ്യാപകമായി വിൽക്കപ്പെടുന്ന ഫെയർനെസ് ക്രീമുകളും ഉപയോഗിക്കുന്നവരിൽ വൃക്ക തകരാറുകളും ചർമ്മ രോഗങ്ങളും വർധിച്ചുവരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന മെർക്കുറി, ലെഡ്, ആർസെനിക് തുടങ്ങിയ ഘനലോഹങ്ങളും സ്റ്റിറോയിഡുകളും ശരീരത്തിന് മാരകമായ ദോഷം ചെയ്യുമെന്നും കാൻസർ സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളിൽ വീണ് ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ തേടുന്നത് ജീവന് തന്നെ ആപത്തായേക്കാം.
സമൂഹത്തിൽ നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപങ്ങളുടെ പുറകെ പോയി പെട്ടെന്ന് വെളുക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്ലൂട്ടത്തയോൺ കുത്തിവയ്പുകളും ഓൺലൈൻ വഴി വ്യാപകമായി വിൽക്കപ്പെടുന്ന ഫെയർനെസ് ക്രീമുകളും ഉപയോഗിക്കുന്നവരിൽ വൃക്ക തകരാറുകളും ചർമ്മ രോഗങ്ങളും വർധിച്ചുവരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന മെർക്കുറി, ലെഡ്, ആർസെനിക് തുടങ്ങിയ ഘനലോഹങ്ങളും സ്റ്റിറോയിഡുകളും ശരീരത്തിന് മാരകമായ ദോഷം ചെയ്യുമെന്നും കാൻസർ സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളിൽ വീണ് ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ തേടുന്നത് ജീവന് തന്നെ ആപത്തായേക്കാം.
സമൂഹത്തിൽ നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപങ്ങളുടെ പുറകെ പോയി പെട്ടെന്ന് വെളുക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്ലൂട്ടത്തയോൺ കുത്തിവയ്പുകളും ഓൺലൈൻ വഴി വ്യാപകമായി വിൽക്കപ്പെടുന്ന ഫെയർനെസ് ക്രീമുകളും ഉപയോഗിക്കുന്നവരിൽ വൃക്ക തകരാറുകളും ചർമ്മ രോഗങ്ങളും വർധിച്ചുവരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന മെർക്കുറി, ലെഡ്, ആർസെനിക് തുടങ്ങിയ ഘനലോഹങ്ങളും സ്റ്റിറോയിഡുകളും ശരീരത്തിന് മാരകമായ ദോഷം ചെയ്യുമെന്നും കാൻസർ സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളിൽ വീണ് ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ തേടുന്നത് ജീവന് തന്നെ ആപത്തായേക്കാം.
ഒരു കല്യാണച്ചടങ്ങിൽ വച്ചു കണ്ടുമുട്ടിയതാണ് ആ രണ്ടു പഴയ പെൺസുഹൃത്തുക്കൾ...
‘‘നീ അങ്ങു വെളുത്തുപോയല്ലൊ...ഇതെങ്ങനെ സാധിച്ചെടാ...?
പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെടാ..ഒരു ഗ്ലോ ഡ്രിപ് എടുത്തു. ഗ്ലോ ഡ്രിപ്പോ...അതെന്താ?
നീ കേട്ടിട്ടില്ലേ? ഗ്ലൂട്ടത്തയോൺ കുത്തിവയ്പ്....ഈസിയാണ്. രാവിലെ എടുത്ത് ഉച്ചകഴിഞ്ഞു തിരിച്ചുവരാം...
എന്തെങ്കിലും ചടങ്ങുകൾക്കു തൊട്ടുമുൻപു വെളുക്കാനായി ഗ്ലോ ഡ്രിപ് എടുക്കൽ ഇന്നത്തെ കത്തുന്ന യാഥാർഥ്യമാണ്. പണ്ടൊക്കെ ക്രീം പുരട്ടി വെളുക്കാൻ ശ്രമിച്ചവരൊക്കെ കുത്തിവയ്പിന്റെ പുറകെയാണിപ്പോൾ. ഒന്നു വെളുത്തുകിട്ടാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാൻ ആളുള്ളതു കൊണ്ടു വെളുപ്പിക്കൽ ഉൽപന്നങ്ങളുടെ വിപണി വൻ കുതിപ്പിലാണ്. ക്രീമുകൾ മാത്രമല്ല ലോഷനുകളും സോപ്പുകളുമൊക്കെ നിറം വയ്ക്കാനായി വ്യാപകമായി ഉപയോഗിക്കുന്നു. ക്രീമും സോപ്പും ഉപയോഗിക്കുന്നതിനേക്കാൾ പെട്ടെന്നു വെളുക്കാമെന്ന ധാരണയാണ് ഗ്ലൂട്ടത്തയോൺ കുത്തിവയ്പുകളുടെ വൻ പ്രചാരത്തിനു പിന്നിൽ. ക്രീമൊക്കെയാണെങ്കിൽ പുരട്ടുന്ന ഭാഗം മാത്രമേ വെളുക്കുകയുള്ളൂ, കുത്തിവയ്പ്് ആകുമ്പോൾ ശരീരം മുഴുവൻ നിറം വയ്ക്കും എന്നതു വലിയ പ്രലോഭനമാണ്. പ്രായം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനായും ഒക്കെ ഗ്ലൂട്ടത്തയോൺ എടുക്കുന്നവരുണ്ടെങ്കിലും പ്രധാന ഉദ്ദേശം ചർമം വെളുക്കുക തന്നെ.
സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും നൽകുന്ന പോസിറ്റീവ് പ്രതികരണങ്ങൾ കണ്ടു മയങ്ങിയാണു കൂടുതലൊന്നും ചിന്തിക്കാതെ പലരും കുത്തിവയ്പെടുക്കാൻ പോകുന്നത്. ഇവരിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരുമുണ്ട്.
മാരകമായ പാർശ്വഫലങ്ങൾ
വെളുപ്പാണു ഭംഗി എന്ന ചിന്ത സമൂഹം കുട്ടിക്കാലം മുതലേ മനസ്സിലേക്കിട്ടു കൊടുക്കുന്നു. മാധ്യമങ്ങളിലും എടുത്തുകാട്ടുന്നതും വെളുത്ത സുന്ദരികളെയും സുന്ദരന്മാരെയുമാണ്. അങ്ങനെ, വെളുപ്പാണു സൗന്ദര്യം എന്ന ചിന്ത മനസ്സിൽ പതിയുന്നു. എങ്ങനെയും വെളുക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ കാത്തിരിക്കുന്നതെന്താണ്?
വെറും 19 വയസ്സു പ്രായമുള്ള ആ പെൺകുട്ടി വൃക്കരോഗവിദഗ്ധന്റെ അടുത്തുവന്നതു മൂത്രത്തിൽ പത കണ്ടു പേടിച്ചാണ്. കാലിൽ ചെറിയൊരു നീരുമുണ്ട്. ‘‘ മൂത്രത്തിൽ പത പ്രോട്ടീൻ മൂത്രത്തിലൂടെ പോകുന്നതിന്റെ ലക്ഷണമാണ്. വൃക്ക തകരാറിന്റെ സൂചനയും. പരിശോധനയിൽ പരമാവധി 150 മില്ലി ഗ്രാം പോകേണ്ട സ്ഥാനത്ത് 23 ഗ്രാം പ്രോട്ടീൻ പോകുന്നുണ്ട്.’’ പെൺകുട്ടിയെ ചികിത്സിച്ച പുഷ്പഗിരി മെഡിക്കൽ കോളജിലെ വൃക്കരോഗവിദഗ്ധൻ ഡോ. ജിത്തു കുര്യൻ പറയുന്നു.
“പരിശോധനയിൽ സാധാരണ വൃക്കപ്രശ്നത്തിനിടയാക്കുന്ന കാരണങ്ങളൊന്നും കണ്ടില്ല. അമിതമായി മെർക്കുറി അടങ്ങിയ വെളുക്കാനുള്ള ക്രീമുകൾ വൃക്കപ്രശ്നം ഉണ്ടാക്കുന്ന സാഹചര്യം മുൻപു കണ്ടിട്ടുണ്ട്. അതുകൊണ്ടു കുട്ടിയോടു ക്രീം ഉപയോഗത്തെക്കുറിച്ച് എടുത്തു ചോദിച്ചു. ഇൻസ്റ്റഗ്രാമിൽ കണ്ട ഒരു ഫെയർനെസ് ക്രീം അവരുടെ 9–ഡേ ചലഞ്ചു പ്രകാരം ഉപയോഗിച്ചതായി പെൺകുട്ടി സമ്മതിച്ചു. ക്രീമിന്റെ ബോട്ടിലിനു പുറത്തു ചേരുവകളെക്കുറിച്ചു നൽകിയിട്ടില്ല. എന്തായാലും ആ ക്രീം നിർത്തിയതോടെ നീരും പ്രശ്നങ്ങളും കുറഞ്ഞു. ക്രീം കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.”
മറഞ്ഞിരിക്കുന്ന അപായഘടകങ്ങൾ
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചർമം വെളുപ്പിക്കൽ ക്രീമുകളും വൃക്കതകരാറും സമ്പന്ധിച്ച് കിഡ്നി ഇന്റർനാഷനൽ ജേണലിൽ ഒരു പഠനം തന്നെ പ്രസിദ്ധീകരിച്ച കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ വൃക്കരോഗ ചികിത്സകൻ ഡോ. സജീഷ് ശിവദാസ് പറയുന്നതിങ്ങനെ–‘‘2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മെംബ്രയ്നിയസ് നെഫ്രോപ്പതി രോഗം ഉള്ളവരിൽ 13 പേരിൽ അതിനുള്ള കാരണം വെളുക്കാനുള്ള ക്രീമുകളാണെന്നു കണ്ടെത്തി. ഇവരിൽ പക്ഷേ, പ്രകടമായ ലക്ഷണങ്ങൾ കുറവായിരുന്നു. മുഖത്തോ കാലിലോ ചെറിയൊരു നീർവീക്കം, ക്ഷീണം, മൂത്രത്തിൽ പത എന്നിവയാണു കണ്ടത്. ഇവരിൽ മൂത്രം/രക്തം പരിശോധന നടത്തിയപ്പോൾ ഘനലോഹങ്ങളുടെ അളവു പരിധിയിലും കൂടുതൽ കണ്ടു. ക്രീമുകൾ പരിശോധിച്ചപ്പോൾ അതിൽ ഘനലോഹങ്ങളുടെ സാന്നിധ്യം അനുവദനീയമായ പരിധിയിലും പതിന്മടങ്ങ് ആയിരുന്നു.
ക്രീമുകളിൽ മെർക്കുറി ചേർക്കാനേ പാടില്ല. ഇനി മാലിന്യങ്ങൾ വഴി വന്നാൽ തന്നെ 1 പാർട്സ് പെർ മില്യണേ ആകാവൂ. എന്നാൽ, ഇവർ ഉപയോഗിച്ച ക്രീമുകളിൽ മെർക്കുറിയുടെ നിരക്ക് അനുവദനീയമായതിലും 10,000 മുതൽ 21,900 ഇരട്ടി ആയിരുന്നു!!! അമിതമായ അളവിൽ കാഡ്മിയവും ലെഡും ഉണ്ടായിരുന്നു.
ക്രീമുകൾ നിർത്തിയപ്പോൾ തന്നെ നീരും മറ്റു പ്രശ്നങ്ങളും കുറഞ്ഞു തുടങ്ങി. പൂർണമായി ഒഴിവാക്കിയപ്പോൾ പ്രോട്ടീൻ നിരക്കു സാധാരണമായി. ഇത്തരം ക്രീം ഉപയോഗിക്കുന്ന എല്ലാവർക്കും പ്രശ്നം വരാറില്ല. പക്ഷേ, വൃക്കരോഗത്തിനു ജനിതക സാധ്യതയുള്ളവരിൽ ഇവയുടെ ഉപയോഗം അപകടസാധ്യത വർധിപ്പിക്കാം’’ ഡോ. സജീഷ് പറയുന്നു.
അർബുദം വരുത്തും മെർക്കുറി
മെർക്കുറി, പുരാതനകാലം മുതലേ ചർമം വെളുപ്പിക്കാൻ ഉ പയോഗിച്ചിരുന്നതാണ്. മാരകമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നു പരിധി നിശ്ചയിക്കുകയായിരുന്നു. മെർക്കുറി മാത്രമല്ല അപകടകാരികളായ മറ്റ് ഒട്ടേറെ ഘടകങ്ങൾ ഫെയർനെസ് ക്രീമുകളിൽ ഉണ്ട്.
‘‘ വെളുക്കാൻ നാം പുരട്ടുന്ന ക്രീമുകൾ പലവിധത്തിൽ ചർമത്തെ ദോഷകരമായി ബാധിക്കാം. ’’ 20 വർഷത്തിലേറെയായി സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന, ത്വക് രോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ IADVL ന്റെ കേരള ഘടകം വൈസ് പ്രസിഡന്റായ ഡോ. സരിൻ പറയുന്നു.
‘‘സ്റ്റിറോയിഡ് അടങ്ങിയ ക്രീമുകളാണെങ്കിൽ അവ ചർമത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്നു. അമിത ഉപയോഗം ചർമത്തിന്റെ കട്ടി കുറയാനും (Skin atrophy), സ്ട്രെച്ച് മാർക്കു പോലെ ചുവന്ന വരകൾ വീഴാനും ചർമത്തിലെ ചെറുരക്തനാളികളുടെ വികസനം (Telengiectasia), റൊസെയ്ക, അമിത രോമവളർച്ച എന്നിവയ്ക്കും കാരണമാകുന്നു. ചർമത്തിന്റെ സ്വാഭാവികമായ ആ രോഗ്യമുള്ള നിറം നഷ്ടപ്പെടുത്തുന്നു.
ഹൈഡ്രോക്വിനോൺ അടങ്ങിയ ക്രീമുകളുടെ ദീർഘകാല ഉപയോഗം ഡിഎൻഎ തകരാറുണ്ടാക്കാം. ഹൈഡ്രോക്വിനോൺ കാരണം ചർമം കറുപ്പ്/നീല നിറമാകുക (എക്സോജെനസ് ഓക്രോനോസിസ്), തൊലിപ്പുറത്തുള്ള അലർജിക് പ്രതികരണം എന്നിവയും വരാം.
വെളുക്കാനുള്ള ക്രീമുകളിലെ മെർക്കുറി, ആർസെനിക് തുടങ്ങിയവ കാൻസർ സാധ്യത വർധിപ്പിക്കുന്നു. മെർക്കുറി, വൃക്ക തകരാറ്, നാഡീവ്യൂഹ പ്രശ്നങ്ങൾ, ത്വക്കിലെ അലർജിക് പ്രതികരണം എന്നിവയ്ക്കും ഇടയാക്കുന്നു. ലെഡ്, നാഡീവ്യൂഹ പ്രശ്നങ്ങൾ, വിളർച്ച, അവയവങ്ങളിൽ ലെഡ് അ ടിഞ്ഞു കൂടൽ തുടങ്ങിയവയ്ക്കു കാരണമാകുന്നു. ആർസെനിക് ത്വക്കിലെ കാൻസർ, കരളിന്റെ തകരാറുകൾ എന്നിവ വരുത്താം. ഇവ അമിതമായി ശരീരത്തിലെത്തിയാൽ മരണം പോലും സംഭവിക്കാം.
ക്രീമുകൾ പൊടുന്നനെ നിർത്തിയാലും പ്രശ്നമാണ്. പ്രത്യേകിച്ച് സ്റ്റിറോയ്ഡ് ക്രീമുകൾ. ചർമം കൂടുതൽ കറുത്തതായി തോന്നും. ഇതിനു റീബൗണ്ട് മെലനിൻ ഹൈപ്പർപിഗ്മെന്റേഷൻ എന്നു പറയുന്നു. ചർമത്തിനു ചുവപ്പും വീക്കവും വരാം. മുൻപത്തേക്കാളും ഇരുളാം (പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ). ’’ ഡോ. സരിൻ പറയുന്നു.
തട്ടിപ്പിനു സോഷ്യൽ മീഡിയയും ഒാൺലൈനും
വ്യാജ ഫെയർനെസ് ക്രീമുകളും ഗ്ലൂട്ടത്തയോൺ ഗുളികകളും കുത്തിവയ്പുകളും വാഴുന്നതു സോഷ്യൽ മീഡിയയിലും (പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം) ഒാൺലൈൻ സൈറ്റുകളിലുമാണ്. 7– ഡേ ചലഞ്ച്, 9–ഡേ ചലഞ്ചുകൾ പോലെ പെട്ടെന്നു വെളുക്കാനുള്ള ചലഞ്ചുകളും വ്യാപകം. സ്കൂൾ കുട്ടികൾ പോലും ഇതു വാങ്ങി പതിവായി ഉപയോഗിക്കുന്നു. പെട്ടെന്നു ഫലം കിട്ടുമ്പോൾ ആവേശമായി, പതിയെ ലഹരി ഉപയോഗം പോലെയുള്ള ഒരു ആസക്തിയിലേക്ക് എത്തുന്നു. ഇതിൽ നിന്നും തിരികെ നടക്കുക പ്രയാസമാണ്. ഇറക്കുമതി ചെയ്യുന്ന ഇത്തരം ക്രീമുകളുടെ കവറിൽ ഉള്ളടക്കം, നിർമാതാക്കളുടെ വിവരങ്ങൾ ഒന്നും ഉണ്ടാകില്ല. സർക്കാരിന്റെ ‘ഒാപ്പറേഷൻ സൗന്ദര്യ’യിൽ പിടിച്ചെടുത്ത ക്രീമുകൾ പോലും ഒാൺലൈനിൽ ലഭ്യം. 750 രൂപ മുതൽ 15,000 രൂപയ്ക്കു വരെ ഗ്ലൂട്ടത്തയോൺ കുത്തിവയ്പും ലഭിക്കും.
‘‘സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് ഡ്രഗ് കൺട്രോൾ ബോർഡിന്റെ ലൈസൻസ് വേണ്ട. ഒാൺലൈനിൽ വിൽക്കുന്നതു തടയാനും സാധിക്കുകയില്ല. ’’സംസ്ഥാന ഡ്രഗ് കൺട്രോളർ– ഇൻ ചാർജ് ഡോ. കെ. സുജിത് കുമാർ പറയുന്നു. ‘‘പക്ഷേ, വിൽപനാ റെക്കോർഡ്സ് കൃത്യമല്ലെങ്കിലോ ബിഐഎസ് മാനദണ്ഡം തെറ്റിച്ചിട്ടുണ്ടെങ്കിലോ ദോഷകരമായ ഘടകങ്ങൾ കണ്ടാലോ നടപടിയെടുക്കാറുണ്ട്. ഗ്ലൂട്ടത്തയോൺ കുത്തിവയ്പു ദുരുപയോഗത്തിനു പരാതി കിട്ടിയാൽ നടപടി എടുക്കാൻ സാധിക്കും. ’’ ഡോ. സുജിത് പറയുന്നു.
വെളുക്കാൻ പായുന്നവർ ശ്രദ്ധിക്കേണ്ടത്
മെലനിൻ നമ്മുടെ ചർമത്തിനു സംരക്ഷണം നൽകുന്ന പ്രകൃതിദത്ത ഘടകമാണ്. ഇതു സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നു സംരക്ഷണം നൽകുന്നു. ചർമത്തിനു വരാവുന്ന കാൻസറിൽ നിന്നു പ്രതിരോധിക്കുന്നു. ചർമകോശങ്ങളെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നു സംരക്ഷിക്കുന്നു.
ഗ്ലൂട്ടത്തയോൺ ചർമത്തിനു സംരക്ഷണം നൽകുന്ന യൂമെലനിന്റെ (eumelanin) ഉൽപാദനം കുറച്ച് കുറച്ചുകൂടി ഇളംനിറം നൽകുന്ന ഫിയോമെലനിന്റെ (Phaeomelanin) ഉൽപാദനം വർധിപ്പിച്ചാണു വെളുപ്പിക്കുന്നത്. (ഗ്ലൂട്ടത്തയോൺ കുത്തിവയ്പുകളുടെ അപകടങ്ങളെക്കുറിച്ചു വായിക്കാം)
വെളുക്കാനുള്ള മരുന്നുകളും പ്രധാനമായും പ്രവർത്തിക്കുന്നതു മെലനിൻ ഉൽപാദനം തടഞ്ഞാണ്. അതുകൊണ്ട്, വെളുക്കുന്നതോടെ ചർമത്തിന്റെ പ്രതിരോധമെല്ലാം തകർന്നു വീഴുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണവും കുറയുന്നതിനാൽ ചർമാർബുദ സാധ്യത വർധിക്കാം. ക്രീമുകൾ പുരട്ടി ചർമം ലോലമായിപ്പോകുന്നതിനാൽ വെയിലേറ്റാൽ പഴയതിലും കറുക്കാം.
മെർക്കുറിയൊക്കെ വ്യാജ ക്രീമുകളുടെ മാത്രം പ്രശ്നമല്ലേ, ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു പ്രശ്നമില്ല എന്നു തോന്നാം. കാരണം, കർശനമായ ഗുണമേന്മ പരിശോധനകൾ കഴിഞ്ഞിട്ടാണല്ലൊ അവ വിപണിയിലെത്തുന്നത്. എങ്കിലും മെഡിക്ക ൽ ഷോപ്പിൽ നിന്നും മറ്റും വെറുതെ ക്രീം വാങ്ങി ഉപയോഗിക്കാതിരിക്കുക. നിറം വയ്ക്കാനായി, കരിമംഗല്യമുള്ള (Mel asma) ഭാഗത്തു മാത്രം പുരട്ടേണ്ട സ്റ്റിറോയ്ഡ് ക്രീം വാങ്ങി മുഖം മുഴുവൻ പുരട്ടി ഉള്ള നിറം പോയ സംഭവങ്ങളുണ്ട്.
പരിഹാരത്തിനു യോഗ്യതയുള്ള ചികിത്സകരെ മാത്രം സമീപിക്കുക. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ, പറഞ്ഞ രീതിയിൽ, നിർദേശിച്ച കാലയളവു മാത്രം ഉപയോഗിക്കുക. ഒന്ന് ഇരുട്ടിവെളുക്കുമ്പോഴേക്കും നിറം വർധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ‘അത്ഭുത മരുന്നുകളുടെ’ പിന്നാലെ പോയാൽ നഷ്ടമാകുന്നത് നമ്മുടെ ആരോഗ്യവും ജീവൻ തന്നെയുമായിരിക്കും, ജാഗ്രത !!!