വിലക്കയറ്റം രൂക്ഷമാകുന്ന പുതിയ കാലത്ത് വിപണിയെ മാത്രം ആശ്രയിക്കാതെ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന നാടൻ ഭക്ഷ്യവിഭവങ്ങളെ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്. അരിയുടെ വിലവർധനയ്ക്ക് ബദലായി മരച്ചീനി, ചക്ക, ചേന, റാഗി തുടങ്ങിയ അന്നജവിഭവങ്ങളും തദ്ദേശീയമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീട്ടുവളപ്പിലെ കൃഷിയിലൂടെയും പരമ്പരാഗത ഭക്ഷണശീലങ്ങളിലൂടെയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

വിലക്കയറ്റം രൂക്ഷമാകുന്ന പുതിയ കാലത്ത് വിപണിയെ മാത്രം ആശ്രയിക്കാതെ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന നാടൻ ഭക്ഷ്യവിഭവങ്ങളെ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്. അരിയുടെ വിലവർധനയ്ക്ക് ബദലായി മരച്ചീനി, ചക്ക, ചേന, റാഗി തുടങ്ങിയ അന്നജവിഭവങ്ങളും തദ്ദേശീയമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീട്ടുവളപ്പിലെ കൃഷിയിലൂടെയും പരമ്പരാഗത ഭക്ഷണശീലങ്ങളിലൂടെയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

വിലക്കയറ്റം രൂക്ഷമാകുന്ന പുതിയ കാലത്ത് വിപണിയെ മാത്രം ആശ്രയിക്കാതെ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന നാടൻ ഭക്ഷ്യവിഭവങ്ങളെ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്. അരിയുടെ വിലവർധനയ്ക്ക് ബദലായി മരച്ചീനി, ചക്ക, ചേന, റാഗി തുടങ്ങിയ അന്നജവിഭവങ്ങളും തദ്ദേശീയമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീട്ടുവളപ്പിലെ കൃഷിയിലൂടെയും പരമ്പരാഗത ഭക്ഷണശീലങ്ങളിലൂടെയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

‘താളും തകരേം മുമ്മാസം

ചക്കേം മാങ്ങേം മുമ്മാസം

ADVERTISEMENT

ചേനേം കൂർക്കേം മുമ്മാസം

അങ്ങനേം ഇങ്ങനേം മുമ്മാസം’

ADVERTISEMENT

മലയാളിയുടെ ഭക്ഷ്യസംസ്കൃതിയുടെ ഭാഗമായി മാറിയ ഒരു മുത്തശ്ശിപ്പാട്ടാണിത്. ഭക്ഷ്യവസ്തുക്കൾക്ക് കൈ പെള്ളുന്ന വില നൽകാതെ, അവയെ ചുറ്റുപാടുകളിൽ നിന്നു തന്നെ ശേഖരിച്ച് ഉപയോഗിച്ചിരുന്ന നമ്മുടെ പഴയകാലത്തിന്റെ നേർചിത്രം ഈ പാട്ടിലുണ്ട്. ഇന്ന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നമ്മുടെ കൈയും മനസ്സും ഒരു പോലെ പൊള്ളിക്കുന്നു. ഈ ഘട്ടത്തിൽ ചെലവു ചുരുക്കുന്നതിനുള്ള പ്രായോഗികമായ ചില വഴികൾ നമുക്കു പ്രകൃതിയിൽ നിന്നു തന്നെ കണ്ടെത്താം.

വില കുറഞ്ഞതെന്നു കരുതി നാം ഉപേക്ഷിക്കുന്ന, അവഗണിക്കുന്ന പോഷകപ്രദമായ ഒട്ടേറെ പഴങ്ങളും പച്ചക്കറികളും ഭക്ഷ്യവിഭവങ്ങളും നമ്മുടെ ചുറ്റുപാടുമുണ്ട്. നമ്മുടെ പുരയിടങ്ങളിൽ സുലഭമായി ലഭിക്കുന്ന ഈ നാടൻ വിഭവങ്ങളെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാകം ചെയ്ത് ദിനചര്യയുടെ ഭാഗമാക്കുന്നത് ഭക്ഷ്യസുരക്ഷാരംഗത്തെ പ്രധാനപ്പെട്ട തദ്ദേശീയ നവീകരണമാണ് (Grass-root Innovation). ആധുനിക ആഹാരശീലങ്ങളിലൂടെ ഒട്ടേറെ ജീവിതശൈലീരോഗങ്ങൾ നമ്മെ വലയം ചെയ്യുന്ന ഈ കാലത്ത് പരമ്പരാഗത ആഹാരങ്ങളുടെ പോഷക ക്കലവറകൾ കൺമുൻപിലുണ്ടായിട്ടും നാം കാണാതെ പോകുന്നത് എന്തു കൊണ്ടാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു,

ADVERTISEMENT

അരിക്കൊപ്പം അന്നജവിഭവങ്ങൾ

കേരളീയരുടെ മുഖ്യാഹാരമാണ് അരി. അരിയുടെ വിലവർധന ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ദിവസം ഒരു നേരം നമുക്ക് ചോറിനു പകരം പോഷകസമൃദ്ധമായ മറ്റു ചില ഭക്ഷ്യവിഭവങ്ങൾ ഉപയോഗിക്കാം. അതിലൂടെ ചെലവു കുറയ്ക്കുന്നതിനൊപ്പം ഭക്ഷണത്തിലെ വൈവിധ്യവും വർധിപ്പിക്കാം.

അരി പോലെ അന്നജത്താൽ സമ്പന്നമായ ഭക്ഷ്യവിഭവങ്ങളാണ് മരച്ചീനി (കപ്പ), ചക്ക, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ. പക്ഷേ ഇവ ഓരോന്നും ലഭിക്കുന്ന സീസണുകൾ വ്യത്യസ്തമാണ്. എങ്കിലും ഇവ ലഭിക്കുന്ന സമയങ്ങളിൽ അവയെ പൂർണമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കാം. ഇവ കൊണ്ടു തയാറാക്കുന്ന വിഭവങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കാം. എന്നാൽ അന്നജവിഭവങ്ങൾ മാത്രം കഴിക്കുന്നതിനു പകരം പയർവർഗങ്ങൾ, പച്ചക്കറികൾ, മുട്ട, മത്സ്യം തുടങ്ങിയവയും ലഭ്യതയ്ക്കനുസരിച്ച് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ അനിവാര്യമാണ്.

അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കാവുന്ന ചെറുധാന്യമാണ് റാഗി എന്ന കൂവരക്. ഇതിൽ കാൽസ്യവും നാരുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. റാഗിയുടെ ഏറ്റവും വലിയ സവിശേഷത അതിലെ ഉയർന്ന കാത്സ്യമാണ്. റാഗി തമിഴ്നാട്ടിലും കർണാടകയിലും ഉൾപ്പെടെ പല പ്രദേശങ്ങളിലും പരമ്പരാഗതമായി പ്രധാന ഭക്ഷണത്തിന്റെ ഭാഗമാണ്.

കേരളത്തിൽ ശിശുക്കൾക്ക് കുറുക്ക് എന്ന അർധഖരാവസ്ഥയിലുള്ള ആഹാരമായി റാഗി നൽകുന്നുണ്ട്. ഇന്ന് റാഗിയെ ആഹാരശീലങ്ങളുടെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങൾ മലയാളിയുടെ അടുക്കളയിലും ആരംഭിച്ചുകഴിഞ്ഞു. റാഗി മുളപ്പിച്ച് ഉണക്കി പൊടിച്ച് കുറുക്കായും മറ്റു വിഭവങ്ങളായും ഉപയോഗിക്കാം. പാലിനൊപ്പം ചേർത്തും കഴിക്കാം. 'പാവപ്പെട്ടവന്റെ പാൽ' എന്ന വിശേഷണം റാഗിക്ക് പഴമക്കാർ നൽകിയിട്ടുണ്ടെങ്കിലും പാലിനു പകരം എല്ലാ പോഷകങ്ങളും നൽകുന്ന ഭക്ഷണമാണ് റാഗി എന്ന് അതിനർഥമില്ല. വില കുറഞ്ഞ മറ്റൊരു ധാന്യമാണ് ചോളം. അരിക്കു പകരം ഇടയ്ക്കൊക്കെ ചോളവും ഉപയോഗിക്കാം. അളവിൽ ശ്രദ്ധിച്ചുകൊണ്ട് ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉചിതം. ചേമ്പ്, ചേന, കാച്ചിൽ എന്നിവയുടെ സീസണിൽ ഒരു നേരം അരിയാഹാരത്തിനു പകരം ഇവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാം. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണത്തിൽ ആവശ്യമായ പ്രോട്ടീനും മറ്റു പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

കാണുന്നുണ്ടോ നാടൻ ഫലസമൃദ്ധി?

നമ്മുടെ ചുറ്റുവട്ടത്ത് എത്ര തരം പഴങ്ങളാണുള്ളത്! വാഴപ്പഴം, മാമ്പഴം, ചക്കപ്പഴം, പേരയ്ക്ക, ചാമ്പയ്ക്ക, ആത്തയ്ക്ക, സപ്പോട്ട, ഞാവൽപ്പഴം എന്നിങ്ങനെ ഓരോ ഋതുവിലും മാറിമാറി അവ സമൃദ്ധമായി ലഭിക്കുന്നു. എന്നിട്ടും അവയെ കണ്ടില്ലെന്നു നടിച്ച് സ്റ്റിക്കർ പതിപ്പിച്ച വിദേശിപ്പഴങ്ങളുടെ പിന്നാലെയാണു നമ്മുടെ യാത്ര.

ബുള്ളക്ക് ഹാർട്ട് എന്നറിയപ്പെടുന്ന വലിയ ആത്തയ്ക്ക, സപ്പോട്ട, ഞാവൽപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങൾ വീട്ടുപരിസരങ്ങളിൽ നട്ടുവളർത്തുന്നവർ ധാരാളമുണ്ട്. പേരയ്ക്കയും ഞാവൽപ്പഴവും ഉൾപ്പെടെ പല നാടൻ പഴങ്ങളിലും നാരുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഴങ്ങളുടെ പോഷകഘടന വ്യത്യസ്തമായതിനാൽ ഒരേ പഴം മാത്രം കഴിക്കുന്നതിനുപകരം സീസണനുസരിച്ച് ലഭിക്കുന്ന പലതരം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സുരക്ഷിതമായ കൃഷിരീതികളും ശുദ്ധജലത്തിൽ നന്നായി കഴുകിയുള്ള ഉപയോഗവും പ്രധാനമാണ്. സീസണൽ പഴങ്ങൾ ബാക്കി വരുമ്പോൾ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ലളിതമായ രീതികൾ , ഉദാഹരണത്തിന് പഴുത്ത മാങ്ങ, ചക്ക എന്നിവയുടെ പ്രാദേശിക സംസ്കരണം ഭക്ഷ്യനഷ്ടം കുറയ്ക്കാൻ സഹായിക്കും.

വാഴ അടിമുടി സൂപ്പർഫുഡ്

വാഴയെ അടി മുടി ഉപയോഗിക്കുന്നത് ഭക്ഷണച്ചെലവു കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ്. പാളയംകോടൻ, ഞാലിപ്പൂവൻ തുടങ്ങി വാഴപ്പഴങ്ങൾ നമുക്കു ധാരാളമായി ലഭിക്കുന്നു. നേന്ത്രപ്പഴവും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.

വാഴക്കുടപ്പൻ അഥവാ വാഴച്ചുണ്ട് കുറച്ചു പേരെങ്കിലും ഉപേക്ഷിക്കുകയാണു ചെയ്യുന്നത്.ഇതു കൊണ്ടു തോരനും കട്‌ലറ്റ് പോലുള്ള വിഭവങ്ങളും തയാറാക്കാം. അതു പോലെ വാഴപ്പൂവിൽ നാരുകളും മറ്റു പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

വാഴപ്പിണ്ടി മിക്കവരും ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. എന്നാൽ ഇതുകൊണ്ട് തോരൻ, മെഴുക്കുപുരട്ടി, പുളിങ്കറി, അച്ചാർ എന്നിവയൊക്കെ തയാറാക്കാം. വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞ് നാരുകൾ നീക്കി കൊത്തിയരിഞ്ഞു തോരൻ വയ്ക്കാം.അൽപം വലുതായി അരിഞ്ഞാൽ പുളിങ്കറിയും തയാറാക്കാം. ഏത്തവാഴ, പാളയംകോടൻ തുടങ്ങിയവയുടെ പിണ്ടി ഉപയോഗിച്ചും വിഭവങ്ങൾ ഉണ്ടാക്കാം.

വാഴപ്പിണ്ടിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു. വാഴക്കായ കൊണ്ടു തോരൻ വയ്ക്കാം. നേന്ത്രക്കായ കറികളിലും പുഴുക്കിലും ഉപയോഗിക്കാം. നേന്ത്രപ്പഴകാളൻ മലയാളിയുടെ പ്രിയ വിഭവങ്ങളിൽ ഒന്നാണല്ലോ. വാഴക്കൂമ്പും വാഴയുടെ ഭക്ഷ്യയോഗ്യമായ മറ്റു ഭാഗങ്ങളുംഅനുയോജ്യമായ രീതിയിൽ പാകം ചെയ്ത് ഉപയോഗിക്കാം.വാഴയുടെ മണ്ണിനടിയിലെ കാണ്ഡഭാഗം ജൈവമാലിന്യ സംസ്കരണത്തിന് പ്രയോജനപ്പെടുത്താം. അവ അരിഞ്ഞ് അനുയോജ്യമായ അളവിൽ ബയോഗ്യാസ് പ്ലാന്റിലും നിക്ഷേപിക്കാം.

നമ്മുടെ നാട്ടുപച്ചക്കറികൾ

‘വെജിറ്റബിൾ എക്സ്പ്രസ്’ എന്ന ബോർഡും വച്ച് പച്ചക്കറികളുമായി അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു പാഞ്ഞെത്തുന്ന വാഹനങ്ങൾ ഇന്ന് പതിവുകാഴ്ചയാണ്. ഭൂമി ഒഴിഞ്ഞുകിടന്നാലും അൽപം പച്ചക്കറി കൃഷി ചെയ്യാൻ മടിക്കുന്ന മലയാളി തീവില നൽകി തക്കാളിയും ബീൻസും കാരറ്റും കോളിഫ്ളവറുമൊക്കെ വാങ്ങിക്കൂട്ടുന്നു. ചുണ്ടങ്ങ, നിത്യവഴുതന, കോവൽ, പാവൽ, ചേമ്പ്, ചീര, സാമ്പാർചീര, കുടകൻ, മുരിങ്ങ, തഴുതാമ, തകര, മത്തൻ, വെള്ളരി, കുമ്പളം, ചേന, കാച്ചിൽ എന്നിവയെല്ലാം നമ്മുടെ പരിസരങ്ങളിൽ വളർത്താം.

വീട്ടുവളപ്പിലെ കൃഷി ഭക്ഷണച്ചെലവു കുറയ്ക്കുന്നതിനൊപ്പം കീടനാശിനി ഉപയോഗം നിയന്ത്രിക്കാനും വിളവെടുപ്പിലെ പുതുമ ഉറപ്പാക്കാനും സഹായിക്കും. എന്നാൽ ജൈവകൃഷിയാണെങ്കിലും കീടനിയന്ത്രണം, വളപ്രയോഗം, ശുചിത്വം എന്നിവയിൽ ശ്രദ്ധിക്കണം. അഞ്ചുസെന്റ് ഭൂമിയുള്ളവർക്കു പോലും സ്ഥലവും സൂര്യപ്രകാശവും ജലലഭ്യതയും കണക്കാക്കി വാഴ, കാന്താരിമുളക്, കോവൽ, വഴുതന, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യാം. വാഴകൾക്കിടയിലെ ഒഴിഞ്ഞ സ്ഥലവും ചുറ്റുപാടും പ്രയോജനപ്പെടുത്താം. ഇഞ്ചിയും മഞ്ഞളും ഉൾപ്പെടെയുള്ള വിളകൾ വീട്ടുവളപ്പിൽ

കൃഷി ചെയ്യുന്നതു കുടുംബത്തിന്റെ സുരക്ഷിതമായ ഭക്ഷ്യലഭ്യതയ്ക്കു സഹായകരമാണ്. ഫ്ലാറ്റുകളിലും വാടകവീടുകളിലുമൊക്കെ താമസിക്കുന്നവർക്ക് ഗ്രോ ബാഗ് , ടെറസ് ഗാർഡനിങ്, വെർട്ടിക്കൽ ഗാർഡനിങ് എന്നിവയിലൂടെ ചീര, പുതിന, മുളക് , തക്കാളി എന്നിവയ‌ൊക്കെ വളർത്താം.

മത്തങ്ങയിൽ ജലാംശവും നാരുകളും കരോട്ടിനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ പൂവും ഇലയും ഭക്ഷ്യയോഗ്യമായ രീതിയിൽ പാകം ചെയ്ത് ഉപയോഗിക്കാം. കോളിഫ്ളവറിനും മത്തങ്ങയ്ക്കും വ്യത്യസ്ത പോഷകഘടനയാണുള്ളത്.

വൈറ്റമിൻ എയുടെ മുൻഗാമികളായ കരോട്ടിനോയ്ഡുകൾ, കാൽസ്യം, ഇരുമ്പ്, നാരുകൾ തുടങ്ങിയ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണവൈവിധ്യത്തിന്റെ ഭാഗമായി മുരിങ്ങയില ഉപയോഗിക്കാം.

നാടൻ പുതുരുചികൾ

നമ്മുടെ ചുറ്റുമുള്ള കാർഷികവിളകളിൽനിന്നും പുതുമയുള്ള വിഭവങ്ങൾ കണ്ടെത്താം.

∙മത്തന്റെ പൂവും ഇളം ഇലകളും ഉപയോഗിച്ച് തോരൻ തയാറാക്കാം. പൂവ് മാവിൽ മുക്കി വറുത്തും ഉപയോഗിക്കാം.

∙മുരിങ്ങപ്പൂവ് മാവിൽ മുക്കി വറുത്ത് ഉപ്പേരി തയാറാക്കാം.

∙ചാക്കിലും ചട്ടിയിലും തഴുതാമ വളർത്താം.തഴുതാമയില കൊണ്ട് രുചികരമായ തോരൻ വയ്ക്കാം.

∙നിത്യവഴുതന കൊണ്ട് സ്വാദിഷ്ഠമായ മെഴുക്കുപുരട്ടി തയാറാക്കാം.

∙ചുണ്ടങ്ങയുടെ കയ്പ് കുറയ്ക്കാൻ അനുയോജ്യമായ രീതിയിൽ പാകം ചെയ്ത് മെഴുക്കുപുരട്ടി വയ്ക്കാം. ഉപ്പിട്ടു വാട്ടി വെയിലത്തുണക്കി സൂക്ഷിച്ചും കൊണ്ടാട്ടം തയാറാക്കാം.

∙തകരയില ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കി നന്നായി വേവിച്ചശേഷം തോരൻ വയ്ക്കാം.

∙ ഇഞ്ചി ഉപയോഗിച്ച് അച്ചാറും ചമ്മന്തിയും തയാറാക്കാം. ഇഞ്ചി, പച്ചമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേർത്തരച്ച് തൈരിൽ കലക്കി കടുകും വറ്റൽമുളകും വറുത്തിടാം.

∙വാളൻപുളി കുരുവും നാരും കളഞ്ഞ് കുതിർത്തു പിഴിഞ്ഞെടുക്കുക. ഈ സത്തിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, അൽപം മഞ്ഞൾ എന്നിവ ചേർത്തു തിളപ്പിക്കുക. കടുകും വറ്റൽമുളകും വറുത്തിട്ട് അൽപം ശർക്കരയും ചേർത്താൽ പുളിയിഞ്ചി തയാർ. ഇതു തയാറാക്കുമ്പോൾ വൃത്തിയുള്ള പാത്രങ്ങളും ഈർപ്പമില്ലാത്ത സ്പൂണുകളും ഉപയോഗിക്കാം. ഇത് ശുചിത്വത്തോടെ തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

∙കോവലിന്റെ ഇളം ഇലകളും പയറിലയും ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കി തോരൻ വയ്ക്കാം.

∙ കോവയ്ക്ക കൊണ്ട് അച്ചാറുണ്ടാക്കാം. കോവയ്ക്ക ഉണക്കി വറുത്തു വിഭവങ്ങളും തയാറാക്കാം. ഇരുമ്പൻപുളി അഥവാ ഇലുമ്പിക്ക കൊണ്ടും രുചികരമായ അച്ചാർ തയാറാക്കാം.

∙പച്ചപ്പപ്പായ കൊണ്ട് തോരനും കറികളും ഉണ്ടാക്കാം. പഴുത്ത പപ്പായ പഴമായും ഉപയോഗിക്കാം.

പാവങ്ങളുടെ മാംസാഹാരം ഏതാണ്?

ചിക്കനും മട്ടനും ബീഫിനുമൊക്കെ പൊതുവെ വില കൂടുതലാണ്. ഈ സമയത്ത് അവയോടു കിടപിടിക്കുന്ന പയർ വിഭാഗങ്ങളുണ്ട്. സോയാബീൻ, ഗ്രീൻപീസ്, രാജ്മ, ചെറുപയർ, വൻപയർ തുടങ്ങിയവയാണവ. സോയാബീൻ സസ്യപ്രോട്ടീന്റെ നല്ല ഉറവിടമാണ്. സോയാബീൻ ഇറച്ചിക്കറിക്ക് സമാനമായ രീതിയിൽ മസാല ചേർത്ത് വിഭവങ്ങളാക്കാം.ഗ്രീൻപീസ്, കിഡ്നിബീൻസ് എന്നറിയപ്പെടുന്ന രാജ്മ, ചെറുപയർ, വൻപയർ എന്നിവയിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചെറുപയർ മുളപ്പിച്ചും ഉപയോഗിക്കാം. പയറിനൊപ്പം ധാന്യങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള ഭക്ഷണം പോഷകവൈവിധ്യം ഉറപ്പാക്കും. സസ്യാധിഷ്ഠിത പ്രോട്ടീനുകൾ കഴിക്കുമ്പേൾ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുന്നതിന് വൈറ്റമിൻ സി അടങ്ങിയ ആഹാരം കൂടെ കഴിക്കാവുന്നതാണ്.

നാടൻപയർ, അച്ചിങ്ങാപ്പയർ, അമരപ്പയർ എന്നിവയും പ്രോട്ടീൻ ലഭ്യമാക്കുന്ന നല്ല ഭക്ഷ്യവിഭവങ്ങളാണ്. ഇവ വീട്ടുവളപ്പിൽ വളർത്തിയാൽ ദിവസേന കറികൾക്കുള്ള പയർ ലഭിക്കും. മാംസാഹാരം പൂർണമായി ഒഴിവാക്കുന്നവർക്ക് പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ പ്രയോജനം ചെയ്യും

വേറിട്ട പോഷകരുചികൾ കുറഞ്ഞ ചെലവിൽ

ഒരു ചെലവുമില്ലാതെ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളെ പഴമക്കാർ വിവിധ രൂപങ്ങളിൽ സമൃദ്ധമായി ഉപയോഗിച്ചിരുന്നു. സംസ്കരിച്ചു സൂക്ഷിച്ചിരുന്നു. ആ രുചിവൈവിധ്യം നമുക്കും പിന്തുടരാം.

∙ ചക്ക

ചക്കച്ചുള അരിഞ്ഞ് വെയിലത്തുണക്കി ജലാംശം നീക്കുക. ഇതു നന്നായി ഉണക്കി ഈർപ്പം കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കണം. പൂപ്പലോ ദുർഗന്ധമോ കണ്ടാൽ ഉപയോഗിക്കരുത്. ഇനി ആവശ്യമുള്ളപ്പോൾ ഇവ വെള്ളത്തിലിട്ട് കുതിർത്ത് അവിയൽ, ഉപ്പേരി, മെഴുക്കുപുരട്ടി യുമൊക്കെ തയാറാക്കാം.ചക്കയുടെ കുരുവും കളയേണ്ടതില്ല. ചക്കക്കുരു തോരൻ, മെഴുക്കുപുരട്ടി, ചക്കക്കുരുമാങ്ങ തുടങ്ങിയ വിഭവങ്ങൾക്കു പുറമേ ചക്ക കൊണ്ട് രുചികരമായ കറികളും ഉണ്ടാക്കാം. ചക്കക്കുരു പുഴുങ്ങിയോ ചുട്ടോ കഴിക്കാം. ചക്കയുടെ ചുളയും കുരുവും ചേർത്തുള്ള വിഭവങ്ങളും പോഷകപ്രദമാണ്.

ഇടിച്ചക്ക അഥവാ ഇളംപ്രായത്തിലുള്ള ചക്ക കറിവയ്ക്കാൻ ഉത്തമമാണ്. ഇടിച്ചക്കത്തോരൻ, ചക്കമുളകോഷ്യം, ചക്കഎരിശ്ശേരി എന്നിവയ്ക്കു പുറമേ ചക്കയുടെ ചകിണിയും അനുയോജ്യമായി വൃത്തിയാക്കി പാകം ചെയ്ത് ഉപയോഗിക്കാം. ചക്ക വറുത്തത്, ചക്കവരട്ടി, ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ എന്നിവയും നാടൻ രുചികളുടെ ഭാഗമാണ്.

ചക്കക്കുരു പൊടിച്ചതു ചില വിഭവങ്ങളിൽ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇത് ഈർപ്പം കയറാതെ ശ്രദ്ധിക്കണം. ചക്കക്കുരു ഉണക്കിപ്പെടിക്കുമ്പോൾ നന്നായി ഉണങ്ങിയെന്ന് ഉറപ്പാക്കണം. പൂപ്പൽ വന്നാൽ അഫ്ലാടോക്സിൻ പേലുള്ള വിഷാംശങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചക്കക്കുരുവിന്റെ പുറംതൊലി നീക്കുമ്പോൾ ലഭിക്കുന്ന തവിട്ടുനിറമുള്ള നേർത്ത പാളി ഭക്ഷ്യയോഗ്യമായ രീതിയിൽ പാകം ചെയ്ത് വിഭവങ്ങളിൽ ചേർക്കാം.

∙ കപ്പ

പഴമക്കാരുടെ പ്രധാന ആഹാരങ്ങളിലൊന്നായിരുന്ന കപ്പ ഇന്നും പ്രിയമേറെയുള്ള വിഭവമാണ്. ക്ഷാമകാലങ്ങളിലെക്കെ സാധാരണക്കാർക്ക് കപ്പ വലിയ ആശ്രയമായിരുന്നു. വെള്ളുകപ്പ, വാട്ടുകപ്പ, അവിലുകപ്പ, ഉപ്പേരിക്കപ്പ എന്നിങ്ങനെ വൈവിധ്യമാർന്ന രീതികളിൽ കപ്പ ഉപയോഗിച്ചിരുന്നു. കപ്പ ഉണക്കിപ്പൊടിച്ച് പുട്ടും പലഹാരങ്ങളും തയാറാക്കാം.

എന്നാൽ മരച്ചീനിയിൽ സ്വാഭാവികമായി സയനോജെനിക് സംയുക്തങ്ങൾ അടങ്ങിയിരിക്കാം. അതിനാൽ തൊലി നീക്കി വെള്ളത്തിലിട്ടു കുതിർക്കുകയോ ധാരാളം വെള്ളത്തിൽ നന്നായി വേവിച്ച് ആ വെള്ളം ഉൗറ്റിക്കളയുകയോ വേണം.

പച്ചയായോ പാകം ചെയ്യാതെയോ മരച്ചീനി കഴിക്കരുത്.

∙ മാങ്ങ

മാങ്ങാച്ചമ്മന്തി, കണ്ണിമാങ്ങാ അച്ചാർ, കണ്ണിക്കടുമാങ്ങ തുടങ്ങി വിവിധതരം അച്ചാറുകളും മാമ്പഴക്കറികളും മാങ്ങ നൽകുന്ന രുചിവിഭവങ്ങളാണ്. പച്ചമാങ്ങ നുറുക്കി വെയിലത്തുണക്കി സൂക്ഷിക്കാം. എരമാങ്ങ എന്നറിയപ്പെടുന്ന ഈ വിഭവം ആവശ്യാനുസരണം ഉപയോഗിക്കാം. പഴുത്ത മാങ്ങയുടെ മാംസളഭാഗം പായിലോ ഓലപ്പായിലോ നിരത്തിയൊഴിച്ച് വെയിലത്തുണക്കി മാമ്പഴത്തിര തയാറാക്കുന്ന രീതിയും പഴമക്കാർക്കുണ്ടായിരുന്നു. പല ദിവസങ്ങളിലായി ഇങ്ങനെ ഒഴിച്ച് ഉണക്കുമ്പോൾ അതു കട്ടിയുള്ള പാളിയായി മാറും. ഇത് അടർത്തിയെടുത്ത് ഈർപ്പം കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. മാങ്ങാണ്ടിപ്പരിപ്പ് ചില പ്രദേശങ്ങളിൽ പഴയകാലത്ത് ഭക്ഷണമായി ഉപയോഗിച്ചിരുന്നു.

∙ ചേമ്പ്

ചേമ്പിലയും ചേമ്പിലക്കൂമ്പും ചില പരമ്പരാഗത വിഭവങ്ങളിൽ ഉപയോഗിക്കുന്നു. ചേമ്പിന്റെ ഇലകളിലും തണ്ടുകളിലും കാൽസ്യം ഓക്സലേറ്റ് പരലുകൾ ഉള്ളതിനാൽ പാകം ചെയ്യാതെ കഴിക്കുന്നത് വായിലും തൊണ്ടയിലും അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കാം. അതിനാൽ ശരിയായി വേവിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ. ചേമ്പിലയിൽ അട തയാറാക്കുന്ന രീതിയും പഴമക്കാർക്കുണ്ടായിരുന്നു.

ചേമ്പ് അസ്ത്രം, തിരുവാതിരപ്പുഴുക്ക് തുടങ്ങിയവ മലയാളിയുടെ പരമ്പരാഗത ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളാണ്. ചേന, കാച്ചിൽ, വൻപയർ, ചേമ്പ്, കായ, കപ്പ, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾ, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു വേവിച്ചും പുഴുക്ക് തയാറാക്കാം.

∙ കൂവ

കൂവയുടെ കിഴങ്ങ് വൃത്തിയാക്കി അരച്ച് വെള്ളത്തിൽ കലക്കി അരിച്ചെടുക്കുന്നു. കുറച്ചുനേരം വച്ചിരുന്നാൽ അന്നജം പാത്രത്തിന്റെ അടിയിൽ ഊറും. മുകളിലെ വെള്ളം ഒഴിച്ചുകളഞ്ഞ് വീണ്ടും ശുദ്ധജലം ചേർത്ത് കഴുകി ഊറ്റിയെടുക്കാം. ഇങ്ങനെ പലതവണ കഴുകി കൂവപ്പൊടി ഉണക്കി സൂക്ഷിക്കാം. കൂവപ്പൊടി ഉപയോഗിച്ച് കൂവയടയും കുറുക്കും മറ്റു പലഹാരങ്ങളും തയാറാക്കാം. വെള്ളത്തിൽ കലക്കി തിളപ്പിച്ച് പാനീയമായി ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്.

∙ കാച്ചിലും ചേനയും

നമുക്കു സമൃദ്ധമായി ലഭിക്കുന്ന കിഴങ്ങുവർഗങ്ങളാണ് കാച്ചിലും ചേനയും. അനുയോജ്യമായ സമയത്ത് നട്ടുപരിപാലിച്ചാൽ വീട്ടാവശ്യത്തിനുള്ള വിളവ് ലഭിക്കും. ചേനയും കാച്ചിലും പുഴുങ്ങിയത് തേങ്ങ ചിരകിയോ മുളകോ ചേർത്തു കഴിക്കാം. ചേനകൊണ്ട് വ്യത്യസ്തങ്ങളായ കറികളും തയാറാക്കാം.

ഇത്തരം കിഴങ്ങുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ പയർവർഗങ്ങളും പച്ചക്കറികളും ചേർത്ത് സമീകൃതമായ ഭക്ഷണം ഉറപ്പാക്കണം.

പൊക്കാളി അവിൽ കോൺഫ്ളേക്സ് പോലെ

പൊക്കാളി എന്ന സവിശേഷ നെല്ലിനം ഉപയോഗിച്ചു തയാറാക്കുന്ന പൊക്കാളി അവിൽ വളരെ രുചികരമാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളത്തോടും വെള്ളപ്പൊക്കത്തോടും പൊരുത്തപ്പെട്ട് വളരുന്ന പരമ്പരാഗത നെൽകൃഷിരീതിയാണ് പൊക്കാളി. കൃഷിരീതിയും നെല്ലിനവും പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകളുമായി ബന്ധപ്പെട്ടതാണ്.

പൊക്കാളി നെല്ല് ഉപയോഗിച്ച് അവിലിനും വിവിധ പലഹാരങ്ങൾക്കും പുറമേ മറ്റു ഭക്ഷ്യവിഭവങ്ങളും തയാറാക്കാം. കോൺഫ്ളേക്സിനേക്കാൾ മികച്ചതാണെന്ന പൊതുവായ താരതമ്യത്തിന് പകരം, നമ്മുടെ തനത് നെല്ലിനങ്ങളെ ഭക്ഷ്യവൈവിധ്യത്തിന്റെയും കാർഷിക പൈതൃകത്തിന്റെയും ഭാഗമായി പ്രയോജനപ്പെടുത്തുകയാണ് പ്രധാനം.

വിലക്കയറ്റം കാരണം മത്സ്യം സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന സാഹചര്യവുമുണ്ട്. ഇത് ഒഴിവാക്കാൻ ലഭ്യമായ ചെറുമീനുകളും പയർവർഗങ്ങളും മുട്ടയും ഉൾപ്പെടെ വിവിധ പ്രോട്ടീൻ ഉറവിടങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീട്ടിൽ മത്സ്യകൃഷി ആരംഭിക്കുന്നതും ഒരു സാധ്യതയാണ്.

നേരിടാൻ പ്രകൃതിവഴി

പ്രകൃതി നമുക്ക് ഒട്ടേറെ ഭക്ഷ്യവിഭവങ്ങൾ നൽകുന്നുണ്ട്. എന്നാൽ അവയെല്ലാം സൗജന്യമായോ ചെലവില്ലാതെയോ ലഭിക്കുന്നവയല്ല. കൃഷി, വിളവെടുപ്പ്, സംഭരണം, ഗതാഗതം, സംസ്കരണം തുടങ്ങിയവയ്ക്കെല്ലാം ചെലവുണ്ട്. അതേസമയം, പ്രാദേശികമായി ലഭിക്കുന്ന സീസണൽ ഭക്ഷ്യവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നത് വിപണിയെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കും.

ഭക്ഷണശീലങ്ങളെ പുനഃപരിശോധിക്കാനുള്ള അവസരം കൂടിയാണിത്. പഴങ്കഞ്ഞിയും ചമ്മന്തിയും കഴിച്ച് അധ്വാനിച്ചിരുന്ന പൂർവികരുടെ ഭക്ഷണശീലങ്ങളിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. എന്നാൽ പഴയകാലത്തെ ഭക്ഷണരീതികൾ അതേപടി പകർത്തുന്നതിനു പകരം ഇന്നത്തെ പോഷകാവശ്യങ്ങൾക്കനുസരിച്ച് മാറ്റണം.

മൂന്നുനേരം ഭക്ഷണം കഴിക്കണമോ നാലുനേരം കഴിക്കണമോ എന്നത് എല്ലാവർക്കും ഒരുപോലെ ബാധകമായ നിയമമല്ല. പ്രായം, ജോലി, ആരോഗ്യസ്ഥിതി, പോഷകാവശ്യങ്ങൾ എന്നിവ അനുസരിച്ചാണ് ഭക്ഷണത്തിന്റെ സമയവും അളവും തീരുമാനിക്കേണ്ടത്. ചെലവു കുറയ്ക്കുന്നതിന്റെ പേരിൽ ഭക്ഷണം ഒഴിവാക്കുകയോ പോഷകക്കുറവുണ്ടാക്കുകയോ ചെയ്യരുത്. കുട്ടികൾ , ഗർഭിണികൾ, പ്രായമായവർ , ദീർഘകാല രോഗമുള്ളവർ എന്നിവരുടെ ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ അവരുടെ ആരോഗ്യസ്ഥിതിക്കും പോഷകാഹാരവിദഗ്ധയുടെ നിർദേശങ്ങൾക്കും പ്രാധാന്യം നൽകണം.

ചക്കയും മാങ്ങയും പേരയ്ക്കയുമെല്ലാം നിറഞ്ഞ നമ്മുടെ ഫലസമൃദ്ധമായ ചുറ്റുപാടിനെ വിലക്കയറ്റത്തിന്റെ കാലത്ത് കൂടുതൽ ആശ്രയിക്കാം. വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യയോഗ്യമായ ഇലകളും പൂക്കളും തണ്ടുകളും കിഴങ്ങുകളും പരമ്പരാഗതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭക്ഷണരീതികളിലും പലതരം ഇലകളും സസ്യഭാഗങ്ങളും ഉപയോഗിക്കുന്നു.

മാന്തളിര്, കശുമാന്തളിര്, തുളസിയില തുടങ്ങിയവ ചില വിഭവങ്ങളിൽ ചേർക്കാറുണ്ട്. എന്നാൽ ചുറ്റുമുള്ള എല്ലാ ഇലകളും പൂക്കളും ഭക്ഷ്യയോഗ്യമാണെന്നും കരുതരുത്. സസ്യത്തെക്കുറിച്ചുള്ള ശരിയായ തിരിച്ചറിയലും ഭക്ഷ്യയോഗ്യതയും ഉറപ്പാക്കണം. ചേനത്തണ്ട്, വാഴയുടെ ചില ഭാഗങ്ങൾ, ഭക്ഷ്യയോഗ്യമായ പൂക്കൾ തുടങ്ങിയവ അനുയോജ്യമായ രീതിയിൽ പാകം ചെയ്ത് ഉപയോഗിക്കാം.

വിലക്കയറ്റത്തിന്റെ കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന്റെ ഭാഗമായെങ്കിലും പഴങ്ങൾ ഉൾപ്പെടുത്താം. പഴങ്ങൾ മുഴുവനായി കഴിക്കുന്നത് ജ്യൂസ് കുടിക്കുന്നതിനെക്കാൾ നാരുകൾ ലഭിക്കാൻ സഹായിക്കും. പ്രകൃതിയോടടുക്കുമ്പോൾ ചെലവു ചുരുക്കലിന്റെ പാഠങ്ങൾക്കൊപ്പം ഭക്ഷണത്തിലെ വൈവിധ്യവും നാം തിരിച്ചറിയുന്നു.

ഗുണമേറും നാട്ടുപഴങ്ങൾ

വിപണിയിലെ പഴങ്ങൾക്കു പകരം നിൽക്കുന്ന നമ്മുടെ നാടൻ പഴങ്ങളെ അറിയാം. ഓരോ പഴത്തിനും വ്യത്യസ്തമായ പോഷകഘടനയാണുള്ളത്. അതിനാൽ ഒന്നിനെ മറ്റൊന്നിന്റെ തുല്യമായ പകരക്കാരനായി കാണുന്നതിനു പകരം പലതരം പഴങ്ങൾ മാറിമാറി കഴിക്കുന്നതാണ് നല്ലത്.

പേരയ്ക്ക: വൈറ്റമിൻ സി, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് പേരയ്ക്ക. ആപ്പിളിനും പേരയ്ക്കയ്ക്കും വ്യത്യസ്തമായ പോഷകഘടനയാണുള്ളത്. വിലയും ലഭ്യതയും കണക്കിലെടുത്തു പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പപ്പായ: വൈറ്റമിൻ സി, കരോട്ടിനോയ്ഡുകൾ, നാരുകൾ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പഴുത്ത പപ്പായയും പച്ചപ്പപ്പായയും വ്യത്യസ്ത വിഭവങ്ങളായി ഉപയോഗിക്കാം. ഓറഞ്ചിന് തുല്യമായ പഴമാണെന്നതിലുപരി, സ്വന്തം പോഷകഗുണങ്ങളുള്ള നാടൻ പഴമായി പപ്പായയെ കാണാം.

ആത്തയ്ക്കയും പാഷൻഫ്രൂട്ടും: ഇവയിലും നാരുകളും വിവിധ വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. മുന്തിരിയുമായി നേരിട്ട് താരതമ്യം ചെയ്യുന്നതിനു പകരം സീസണനുസരിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പഴങ്ങളായി ഇവയെ പരിഗണിക്കാം.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും വെല്ലുവിളിയാകുന്ന ഈ കാലത്ത് ഇത്തരം പാരമ്പര്യ ഭക്ഷണശീലങ്ങളിലേക്ക് തിരികെ നടക്കുന്നതും തദ്ദേശീയ മുന്നേറ്റങ്ങളുടെ ഭാഗമാകുന്നതും സുസ്ഥിരമായ ഭക്ഷ്യസുരക്ഷയ്ക്ക് (Sustainable Food Security) അനിവാര്യമാണ്. ഭക്ഷ്യസുരക്ഷ എന്നത് ഭക്ഷണം ലഭ്യമാകുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണം എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാകുകയും വേണം. പ്രാദേശികമായി ലഭിക്കുന്ന ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നത് ഇതിന് സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് തദ്ദേശീയ വിളകളും പരമ്പരാഗത കൃഷിരീതികളും സംരക്ഷിക്കുന്നതും പ്രധാനമാണ്.

ഡോ. എം.എസ്. സ്വാമിനാഥൻ വിഭാവനം ചെയ്തതുപോലെ ഗ്രാമീണ സ്ത്രീകളുടെ നേതൃത്വത്തിലുള്ള കാർഷിക–പോഷകാഹാര നവീകരണങ്ങൾക്ക് ഭക്ഷ്യസുരക്ഷയിൽ വലിയ പങ്കുവഹിക്കാനാകും. വീട്ടുവളപ്പിലെ കൃഷി, വിത്തുസംരക്ഷണം, പ്രാദേശിക ഭക്ഷ്യസംസ്കരണം, ഭക്ഷ്യനഷ്ടം കുറയ്ക്കൽ എന്നിവയിൽ സ്ത്രീകളുടെ അറിവും ഇടപെടലും വിലപ്പെട്ടതാണ്. വൻകിട വിപണികളെ മാത്രം ആശ്രയിക്കാതെ സ്വന്തം പരിസരത്തെ ഭക്ഷ്യസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വവും പോഷകവൈവിധ്യവും ഒരുപോലെ മെച്ചപ്പെടുത്താം.

ADVERTISEMENT